ജയിലില്‍ പോകാന്‍ സഹപ്രവര്‍ത്തകനെ കൊല്ലുമോ? അങ്ങനെയും സംഭവിച്ചു ദുബായില്‍

ദുബായ്- സഹപ്രവര്‍ത്തകനായ ഇന്ത്യന്‍ തൊഴിലാളിയെ കഴുത്തില്‍ തുണി വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചുകൊന്ന 27 കാരനായ നിര്‍മാണ തൊഴിലാളിക്ക് ജീവപര്യന്തം. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. പാക്കിസ്ഥാനി പൗരനാണ് പ്രതി.
എങ്ങനെയും ജയിലില്‍ പോകാന്‍ ആഗ്രഹിച്ച പ്രതി എന്ത് കുറ്റകൃത്യം ചെയ്യണം എന്ന് ആലോചിച്ചു നടക്കുകയായിരുന്നത്രെ. അങ്ങനെയാണ് ഉറങ്ങിക്കിടന്ന കൂട്ടുകാരനെ കൊല്ലാന്‍ തീരുമാനിച്ചത്. നാട്ടിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് ഇയാള്‍ ജയിലില്‍ പോകാന്‍ ആഗ്രഹിച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. സ്വദേശത്ത് സഹോദരനുമായുള്ള പ്രശ്‌നമാണ് ഇയാളെ നാട്ടില്‍ പോകുന്നതില്‍നിന്ന് തടഞ്ഞിരുന്നത്.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം നിഷേധിക്കാനൊന്നും പ്രതി മുതിര്‍ന്നില്ല. 25 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചു.
അല്‍ റാഷിദിയ പോലീസ് സ്റ്റേഷനില്‍ ഫെബ്രുവരിയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ കഴുത്തില്‍ തുണി മുറുക്കുന്നത് കണ്ടതായി ഈജിപ്ഷ്യന്‍ തൊഴിലാളി സാക്ഷി മൊഴി നല്‍കിയിരുന്നു.

 

Latest News