Sorry, you need to enable JavaScript to visit this website.

ഏഴ് റണ്‍സിന് ആറ് വിക്കറ്റ്, ഹാട്രിക്; ഇന്ത്യക്ക് പുതിയ ഹീറോ

നാഗ്പൂര്‍ - ഹാട്രിക് നേടിയ ദീപക് ചഹര്‍ ഉള്‍പ്പെടെ യുവ താരങ്ങളുടെ മികവില്‍ മൂന്നാം ട്വന്റി20 അനായാസം ജയിച്ച ഇന്ത്യ ബംഗ്ലാദേശിനെതിരായ മൂന്നു മത്സര പരമ്പര 2-1 ന് സ്വന്തമാക്കി. ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടെയും യുവ പെയ്‌സ്ബൗളര്‍ ദീപക് ചഹറുടെയും യുവ ഓള്‍റൗണ്ടര്‍ ശിവം ദൂബെയുടെയും മിന്നുന്ന പ്രകടനമാണ് ആദ്യ മത്സരം തോറ്റ ശേഷം തിരിച്ചുവരാന്‍ ഇന്ത്യയെ സഹായിച്ചത്. കെ.എല്‍ രാഹുലിന്റെയും (35 പന്തില്‍ 52) ശ്രേയസിന്റെയും (33 പന്തില്‍ 62) അര്‍ധ സെഞ്ചുറികളില്‍ അഞ്ചിന് 174 റണ്‍സടിച്ച ഇന്ത്യക്കെതിരെ ഒരു ഘട്ടത്തിലും ബംഗ്ലാദേശിന് മേല്‍ക്കോയ്മ നേടാനായില്ല. ഓപണര്‍ മുഹമ്മദ് നഈമും (48 പന്തില്‍ 81) മുഹമ്മദ് മിഥുനും (29 പന്തില്‍ 27) ക്രീസിലുണ്ടായ ഘട്ടത്തില്‍ മാത്രമാണ് അവര്‍ വെല്ലുവിളിയുയര്‍ത്തിയത്. മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ രണ്ടക്കത്തിലെത്താനായില്ല. അവരുടെ ഇന്നിംഗ്‌സ് 19.2 ഓവറില്‍ 144 ല്‍ അവസാനിച്ചു. ദീപക് ചഹര്‍ 20 പന്തില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്തു (3.2-0-7-6). ട്വന്റി20 യില്‍ ഇന്ത്യക്കാരന്റെ മികച്ച ബൗളിംഗാണ് ഇത്. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ ശഫീഉല്‍ ഇസ്‌ലാമിനെയും ഇരുപതാം ഓവറിലെ ആദ്യ രണ്ട് പന്തില്‍ മുസ്തഫിസുറഹ്മാന്‍, അമീനുല്‍ ഇസ്‌ലാം എന്നിവരെയും പുറത്താക്കിയാണ് ദീപക് ഹാട്രിക് പൂര്‍ത്തിയാക്കിയത്. ദീപക്കും ശിവം ദൂബെയും (4-0-30-3) ഒമ്പത് വിക്കറ്റ് പങ്കുവെച്ചു.
മൂന്ന് ഘട്ടങ്ങളിലായി തുടരെ വീണ വിക്കറ്റുകള്‍ ബംഗ്ലാദേശിന്റെ ചെയ്‌സ് താളം തെറ്റിച്ചു. മൂന്നാം ഓവറില്‍ ലിറ്റന്‍ ദാസിനെയും (9) സൗമ്യ സര്‍ക്കാരിനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ ദീപക് ചഹര്‍ പുറത്താക്കി. രണ്ടിന് 13 ല്‍ നിന്ന് മുഹമ്മദ് നഈമും മുഹമ്മദ് മിഥുനും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ചഹലിന്റെ തുടര്‍ച്ചയായ മൂന്നു പന്തുകളും ശിവം ദൂബെയുടെയും തുടര്‍ച്ചയായ രണ്ടു പന്തുകളും നഈം ബൗണ്ടറി കടത്തി. വാഷിംഗ്ടണ്‍ സുന്ദറിനെ നഈം സിക്‌സറിന് പറത്തിയതോടെ കൂട്ടുകെട്ട് 50 പിന്നിട്ടു. എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ മിഥിനും (29 പന്തില്‍ 27) മുശ്ഫിഖുറഹീമും (0) പുറത്തായതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ മിഥുനെ ചഹറും അടുത്ത ഓവറിലെ ആദ്യ പന്തില്‍ മുശ്ഫിഖിനെ ദൂബെയും മടക്കി. 
എങ്കിലും നഈം ക്രീസിലുള്ളേടത്തോളം ബംഗ്ലാദേശിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ നഈമിനെയും അഫീഫ് ഹുസൈനെയും (0) ദൂബെ പുറത്താക്കി. ക്യാപ്റ്റന്‍ മഹ്മൂദുല്ലയെ (8) യുസ്‌വേന്ദ്ര ചഹല്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ വിജയം പിടിച്ചു.  


 

Latest News