Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

നീല യമുനേ  സ്‌നേഹ യമുനേ...

പ്രണയ സ്മാരകമായ താജ്മഹൽ ആഗ്രയിലാണ്. ദൽഹിയെ പോലെ ആഗ്രയും യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ്. ചെങ്കോട്ടയിലും ചെങ്കൊടി നാട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത് ദൽഹിയിലെ ചരിത്ര സ്മാരകമായ റെഡ് ഫോർട്ടിനെ ഉദ്ദേശിച്ചാണ്. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ തലസ്ഥാന നഗരത്തിന് അഭിമാനിക്കാൻ കാര്യങ്ങളേറെ. യമുനയിലെ മലിനീകരണം തടയാൻ സർക്കാർ കോടികൾ വാരിക്കോരി ചെലവഴിച്ചെങ്കിലും മഹാ നഗരത്തിലെ മലിനീകരണം അസഹനീയമാണെന്നാണ് സുപ്രീം കോടതി പറയുന്നത്. ദൽഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിൽ ആശങ്ക പങ്കുവെച്ചു നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തി. എയർ പ്യൂരിഫയർ ഘടിപ്പിച്ച മാസ്‌ക് ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചു കൊണ്ടാണ് താരം ആശങ്ക അറിയിച്ചത്.'ദ വൈറ്റ് ടൈഗർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലാണ്. ഇവിടെ ചിത്രീകരണം ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ഇവിടെ കഴിയുന്നതിനെ പറ്റി എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. മാസ്‌കുകളും എയർ പ്യൂരിഫയറും ഉള്ളതു കൊണ്ട് ഞങ്ങൾ ഭാഗ്യവാൻമാരാണ്. വീടു പോലുമില്ലാത്തവർക്കു വേണ്ടി പ്രാർഥിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക.' എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്.
ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ വായുമലിനീകരണ തോത് എമർജൻസി പ്ലസ് ആയാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ദൽഹി വായു മലിനീകരണം സ്ഥാനം പിടിച്ചു. ഗ്യാസ് ചേമ്പറിനോടാണ് പല പത്രങ്ങളും ഇതിനെ ഉപമിച്ചത്. 

*** *** ***

രാഹുൽ ഗാന്ധി സ്ഥിരമായി ലണ്ടനിലേക്ക് താമസം മാറ്റാൻ ഒരുങ്ങുകയാണ് എന്ന തരത്തിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉപയോഗിച്ചാണ് പ്രചാരണം.  ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യവ്യാപകമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്. അക്കൂട്ടത്തിൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ 11 സെക്കൻഡ് മാത്രമുളള വീഡിയോ ആണിത്. ഞാൻ ലണ്ടനിലേക്ക് പോകും ഈ വീഡിയോയിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെയാണ്: 'ഇവിടെ ഒന്നും ശരിയാകാൻ പോകുന്നില്ല. ഞാൻ ലണ്ടനിലേക്ക് പോകും. എന്റെ മക്കൾ അമേരിക്കയിൽ പോയി പഠിക്കും. എനിക്ക് ഹിന്ദുസ്ഥാനുമായി ഒരു ബന്ധവും ഇല്ല. എന്റെ കയ്യിൽ ആയിരക്കണക്കിന് കോടി പണമുണ്ട്. ഞാനങ്ങ് പോകും''  ശ്രീവാസ്തവ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലുമായി ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. രാഹുൽ ഗാന്ധി ഇന്ത്യ വിടുന്നു എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. മഹിളാ മോർച്ച നേതാവും ബിജെപിയുടെ സോഷ്യൽ മീഡിയ ചുമതലക്കാരിയുമായ പ്രീതി ഗാന്ധി അടക്കമുളളവർ ഈ വീഡിയോ പ്രചരിപ്പിച്ചു. താൻ ലണ്ടനിലേക്ക് താമസം മാറ്റുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നതാണ് സത്യം.  രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി മാറ്റിയും എഡിറ്റ് ചെയ്തുമാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പ്രസംഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നത് വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോഡി, മെഹുൽ ചോസ്‌കി എന്നിവരെ കുറിച്ചാണ്. 'നീരവ് മോഡിയും മെഹുൽ ചോസ്‌കിയും ഒരു പേടിയും കൂടാതെ ഉറങ്ങുകയാണ്. അവർക്ക് ഒരു പേടിയുമില്ല. ഒന്നും സംഭവിക്കില്ലെന്ന് അവർക്കറിയാം. നരേന്ദ്ര മോഡിയുടെ സുഹൃത്തായത് കൊണ്ട് തനിക്ക് ലണ്ടനിൽ പോകാമെന്നും കയ്യിൽ കോടിക്കണക്കിന് പണമുണ്ടെന്നും ഇതാണ് ഇന്ത്യയുടെ സത്യാവസ്ഥ' എന്നുമാണ് രാഹുൽ പ്രസംഗിച്ചത്.  ഈ പ്രസംഗമാണ് വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഇതുവരെ ഈ വീഡിയോ കണ്ട് കഴിഞ്ഞിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ ഈ വ്യാജ വീഡിയോ ഷെയർ ചെയ്യുകയുമുണ്ടായി. 

*** *** ***
മലയാളികളുടെ പ്രിയതാരമാണ് ഭാവന. വിവാഹശേഷം സിനിമകളിൽ സജീവമല്ലെങ്കിലും നൃത്തരംഗത്തും പൊതു പരിപാടികളിലുമൊക്കെ താരം സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോൾ ഭാവന പങ്കെടുത്ത ഒരു റിയാലിറ്റി ഷോയുടെ പ്രൊമോ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന റിയാലിറ്റി ഷോയിലാണ് ഭാവന അതിഥിയായി എത്തിയത്. ഒരു മത്സരാർത്ഥിയെ കാണാനുള്ള വരവാണ് തന്റേതെന്നായിരുന്നു ഭാവന പറയുന്നത്. പുണ്യയെക്കുറിച്ച് കേൾക്കാനും അറിയാനും വേണ്ടിയാണ് താൻ വന്നതെന്നും ഇതേക്കുറിച്ച് താൻ ആരോടും പറഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് പുണ്യ കരയുമ്പോൾ ആശ്വസിപ്പിക്കാനായി ഭാവനയും വേദിയിലേക്ക് എത്തുന്നതാണ് പ്രൊമോ വിഡിയോയിലുള്ളത്. പുണ്യയുടെ സംസാരം കേട്ട് ഭാവന മാത്രമല്ല മറ്റുള്ളവരും കരയുന്നുണ്ട്. നമ്മൾ ജീവിച്ചുകാണിച്ചു കൊടുക്കുവല്ലാതെ വേറൊന്നും..എന്ന് പറഞ്ഞ് ഭാവനയും വികാരധീനയാകുന്നത് കാണാം. പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. 

*** *** ***

മിമിക്രി കലാകാരന്മാരോട് സർക്കാരിനും കേരള സംഗീത നാടക അക്കാദമിക്കും അയിത്തമാണെന്ന് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. മിമിക്രി കലാകാരന്മാരെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും നസീർ പറഞ്ഞു. നടൻ മുകേഷ് കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്തായിരുന്നു മിമിക്രിയെ സർക്കാർ അംഗീകരിച്ചതെന്നും മുകേഷ് സ്ഥാനമൊഴിഞ്ഞതോടെ മിമിക്രി കലാകാരന്മാർ വീണ്ടും സർക്കാരിന്റെ പരിഗണനയിൽ നിന്നും പുറത്താക്കപ്പെട്ടെന്നും നസീർ പറഞ്ഞു. 'മിമിക്രിയെ സർക്കാർ അംഗീകരിച്ച ചെറിയ കാലയളവിൽ മികച്ച മിമിക്രി കലാകാരനുള്ള അക്കാദമി അവാർഡ് കിട്ടിയ ആളാണ് ഞാൻ. മുകേഷ് ചേട്ടൻ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്തായിരുന്നു അത്. എന്നാൽ അതിനു ശേഷം മിമിക്രി വീണ്ടും അക്കാദമിയിൽ നിന്നു പുറത്താക്കപ്പെട്ടു. ഇത് ദുഃഖകരമാണ്.' കോട്ടയം നസീർ പറഞ്ഞു. 'എല്ലാ കലാരൂപങ്ങളെയും ബഹുമാനിക്കുന്നവരാണ് മിമിക്രി കലാകാരൻമാർ. പക്ഷേ, ഞങ്ങളെ അംഗീകരിക്കാൻ ആരും തയാറല്ലെന്ന്' ഒരഭിമുഖത്തിൽ കോട്ടയം നസീർ പറയുന്നു. സർക്കാർ പരിപാടികളിൽ പോലും മിമിക്രി ഉണ്ടാവുമെന്നും രാഷ്ട്രീയവുമായി അടുത്തു നിൽക്കുന്ന കലാരൂപമായിട്ടും എന്തുകൊണ്ടാണ് അവഗണനയെന്നു മനസ്സിലാകുന്നില്ലെന്നും നസീർ പറഞ്ഞു.
'മിമിക്രി വളരെ പെട്ടെന്നാണ് ജനപ്രീതി സ്വന്തമാക്കിയത്. നാട്ടിലായാലും വിദേശത്തായാലും കൂടുതൽ പരിപാടികൾ അവതരിപ്പിക്കുന്നതു മിമിക്രിക്കാരാണ്. ഇപ്പോൾ മിക്ക പരിപാടികളിലും മിമിക്രിയും അതുമായി ബന്ധപ്പെട്ട കലാരൂപങ്ങളും പ്രധാന ഇനമാണ്.' സർക്കാർ പരിപാടികളിൽ പോലും ഞങ്ങളുടെ പ്രോഗ്രാം ഉണ്ടാകും. രാഷ്ട്രീയവുമായി അടുത്തു നിൽക്കുന്നവരും ഞങ്ങളാണ്. മൺമറഞ്ഞ എത്രയോ പ്രതിഭകൾ പുതുതലമുറയുടെ മനസ്സിൽ ജീവിക്കുന്നതിന് പ്രധാന കാരണം മിമിക്രിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ അവഗണന എന്നു മനസ്സിലാകുന്നില്ല. ഞങ്ങൾ അയിത്തം കൽപ്പിക്കപ്പെട്ടവരായി പുറത്തു നിൽക്കുന്നതിന്റെ കാരണവും അറിയില്ല.', കോട്ടയം നസീർ പറഞ്ഞു. ഞാനടക്കം ഭൂരിപക്ഷം മിമിക്രി കലാകാരൻമാരും വലിയ തുക ടാക്‌സ് അടയ്ക്കുന്നവരാണ്. ചാനൽ പരിപാടികൾക്കൊക്കെ ടാക്‌സ് കഴിച്ചുള്ള തുകയാണ് പ്രതിഫലമായി കിട്ടുക. ഞങ്ങൾ തനിയെ പഠിച്ച കല, സ്വന്തമായി അവതരിപ്പിക്കുന്നതിന്റെ പങ്കാണ് സർക്കാരിന് കൊടുക്കുന്നത്. എന്നിട്ടും ഞങ്ങൾ സർക്കാർ രേഖകൾക്കു പുറത്താണ്-നസീർ പറഞ്ഞു. ഒറിജിനൽ ഉമ്മൻചാണ്ടിയേക്കാൾ ഭംഗിയായി കുഞ്ഞൂഞ്ഞിനെ അവതരിപ്പിക്കുന്ന ഒരു കലാകാരൻ ഇങ്ങിനെ പറയേണ്ടി വരുന്നത് കഷ്ടമാണ്. അതും മിമിക്രിക്കാരൻ സൂപ്പർ സ്റ്റാറായി ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്ന നാട്ടിൽ. 

*** *** ***

പ്രണയം വന്നാലെന്ത് ചെയ്യും? പണ്ടാണെങ്കിൽ പാടില്ല, പാടില്ല നമ്മെ നമ്മൾ പാടി ചങ്ങമ്പുഴയുടെ രമണനെ പോലെ ഒഴിഞ്ഞു മാറും. കുറച്ചു കാലം മുമ്പാണെങ്കിൽ പത്ത് രൂപയ്ക്ക് ലഭിക്കുന്ന നട്ടീസ് മിഠായി പായ്ക്കറ്റ് വാങ്ങിക്കൊടുത്ത് വികാരം പ്രകടിപ്പിക്കും. പൂക്കൾ കൈമാറിയും മറ്റും കാര്യം സാധിക്കുന്നവരുമുണ്ടായിരുന്നു. എന്നാൽ പാക്കിസ്ഥാനിലെ ഗായിക റാബി പിർസദ കാമുകന് കൊടുത്തയച്ച സമ്മാനത്തിന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം. ഏതായാലും ട്വിറ്ററിലൂടേയും മറ്റും ഗായിക ലോക പ്രശസ്തയായെന്ന് പറഞ്ഞാൽ മതിയല്ലോ. 


 

Latest News