Sorry, you need to enable JavaScript to visit this website.
Friday , April   03, 2020
Friday , April   03, 2020

തോൽക്കാൻ മനസ്സില്ലാത്ത ജോൺസൺ 

തോറ്റുകൊടുക്കാൻ തയ്യാറല്ലാതിരുന്ന ജോൺസൺ കരിയാത്തുംപാറയിലെ പള്ളിയിൽ വെച്ച് ഉഷയെ മണവാട്ടിയാക്കി. കൈകാലുകൾ തളർന്ന വരനെ സ്വന്തം കൈകളിൽ വാരിയെടുത്തുകൊണ്ടാണ് ഉഷ അൾത്താരയ്ക്കു പുറത്തേയ്ക്കു വന്നത്. അന്നുമുതൽ ഉഷയുടെ കൈകളിലാണ് ജോൺസന്റെ സഞ്ചാരം.

ശരീരഭംഗിയ്ക്കപ്പുറം മനസ്സിന്റെ കരുത്തും നിശ്ചയദാർഢ്യവുമാണ് ജീവിതവിജയത്തിന്റെ കാതൽ എന്ന പാഠമാണ് ജോൺസൺ പഠിപ്പിച്ചുതരുന്നത്. വൈകല്യങ്ങളിൽ നീറിയൊടുങ്ങി വീടിന്റെ അകത്തളങ്ങളിൽ തളച്ചിടപ്പെട്ട ജീവിതമല്ല ഇദ്ദേഹത്തിന്റേത്. എഴുപത്തഞ്ചു ശതമാനത്തിലധികം വൈകല്യം ശരീരത്തെ കീഴടക്കിയെങ്കിലും അവയോടെല്ലാം പോരാടി വിജയം വരിക്കുകയായിരുന്നു ഈ അൻപതുകാരൻ. പരസഹായമില്ലാതെ ചലിക്കാൻപോലും കഴിയില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ പ്രകാശം ചൊരിഞ്ഞാണ് ഇദ്ദേഹത്തിന്റെ ജീവിതം. മനക്കരുത്ത് കൊണ്ട് ഒരു നാടിന്റെ തന്നെ  പ്രകാശമായി മാറുകയായിരുന്നു ഈ മനുഷ്യസ്‌നേഹി. എംടെക് ഇലക്‌ട്രോ ഡിജിറ്റൽ ഇൻഡസ്ട്രി ട്രെയിനിംഗ് ആന്റ് റിസർച്ച് സെന്റർ എന്ന സ്ഥാപനത്തിന്റെ അമരക്കാരനാണ് ജോൺസൺ. കുറഞ്ഞ ചെലവിൽ എൽ.ഇ.ഡി ബൾബുകളും വാട്ടർ ഹീറ്ററുകളും എമർജൻസികളും സ്‌റ്റെബിലൈസറുകളും സോളാർ പാനലുകളുമെല്ലാം നിർമ്മിച്ചുനൽകുകയെന്നതാണ് എംടെക് ലക്ഷ്യമിടുന്നത്.


കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ പെരുവണ്ണാമൂഴിക്കടുത്ത് മഠത്തിനകത്ത് എബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളിൽ അഞ്ചാമനായിട്ടായിരുന്നു ജോൺസന്റെ ജനനം. ആറാം മാസം പോളിയോ പിടിപെട്ട ആ കുരുന്നിന്റെ ശരീരം പിന്നീട് വളർന്നില്ല. പനിയായിരുന്നു തുടക്കം. നൂതന ചികിത്സാമാർഗങ്ങളൊന്നും സാധ്യമല്ലാതിരുന്ന ആ ഗ്രാമത്തിൽ കുഞ്ഞുജോൺസൻ പനിച്ചുകിടന്നു. പല വൈദ്യന്മാരെയും ആ കർഷക കുടുംബം മാറിമാറി കാണിച്ചെങ്കിലും ഫലം കണ്ടില്ല. വൈദ്യശാസ്ത്രംപോലും ആ ശരീരത്തോട് വിമുഖത കാണിച്ചു. ജോൺസനെ നഷ്ടപ്പെടുമെന്നുവരെ ആ മാതാപിതാക്കൾ ഭയപ്പെട്ടു.
ജോൺസന്റെ അതിജീവനകഥ അവിടെ തുടങ്ങുകയായിരുന്നു. മരണത്തിന്റെ നിശ്ശബ്ദമായ തണുപ്പിൽനിന്നും ജീവിതത്തിന്റെ ഉച്ചച്ചൂടിലേയ്ക്കു അവൻ മടങ്ങിയെത്തി. എങ്കിലും രോഗം ആ ശരീരത്തെ ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. രണ്ടു കാലുകളും ഒരു കൈയും പൂർണമായി തളർന്നുപോയിരുന്നു. ആറുമാസം മാത്രം വളർച്ചയും ചലനക്ഷമതയുമുണ്ടായിരുന്ന ആ കൈകാലുകളെ പോളിയോ നിശ്ചലമാക്കുകയായിരുന്നു.


എന്നാൽ തോറ്റുകൊടുക്കാൻ ആ മനസ്സ് ഒരുക്കമായിരുന്നില്ല. ശിരസ്സുയർത്തി ലോകത്തെ തന്റേതായ വീക്ഷണ കോണിൽ കാണാൻ അദ്ദേഹം പരിശീലിച്ചു. സഹോദരന്മാർ സ്‌കൂളിൽ പോയി പഠിച്ചുവരുമ്പോൾ അവരുടെ പുസ്തകങ്ങൾ മറിച്ചുനോക്കും. ഒന്നുമറിയില്ലെങ്കിലും ഇതെല്ലാം തനിക്കും പഠിക്കണമെന്ന ചിന്ത ആ കുരുന്നുമനസ്സിൽ മുളപൊട്ടി. അമ്മയായിരുന്നു ആദ്യഗുരു. സ്വന്തമായാണ് എഴുതാനും വായിക്കാനും പഠിച്ചത്. സംശയങ്ങളുണ്ടാകുമ്പോൾ സഹോദരങ്ങളോടും പറമ്പിലെ ജോലിക്കാരോടുമെല്ലാം ചോദിച്ചുമനസ്സിലാക്കി. പിന്നീട് പത്രവായന ശീലമാക്കിയതോടെ ആനുകാലിക സംഭവങ്ങളെക്കുറിച്ച് കൃത്യമായ ധാരണയും ലഭിച്ചു. അതോടൊപ്പം സാങ്കേതികവിദ്യകളെക്കുറിച്ചും വായിച്ചുതുടങ്ങി. കുട്ടിക്കാലത്ത് ചില കളിപ്പാട്ടങ്ങൾ ഉണ്ടാക്കിനോക്കിയെങ്കിലും ഇലക്‌ട്രോണിക്‌സിനോടായിരുന്നു ജോൺസണ് കമ്പം.
വീട്ടിൽ കേടായിക്കിടന്ന റേഡിയോ അഴിച്ചുനോക്കിക്കൊണ്ടായിരുന്നു തുടക്കം. ഇലക്‌ട്രോണിക് ബോർഡും ഡയോഡുകളുമെല്ലം ആ മനസ്സിൽ അത്ഭുതം ജനിപ്പിച്ചു. ഓരോന്നിന്റെയും ഉപയോഗവും പഠിച്ചു. റേഡിയോയിൽ തെളിയാതെ കത്തിനിൽക്കുന്ന എൽ.ഇ.ഡി ബൾബ് ആദ്യമായി കാണുകയായിരുന്നു. എൽ.ഇ.ഡികളുടെ പ്രകാശത്തിന് എന്തോ പ്രത്യേകത ഉള്ളതായി തോന്നി. ചെറിയ എൽ.ഇ.ഡികൾ സംഘടിപ്പിച്ച് മാലയുണ്ടാക്കിയപ്പോൾ കൂടുതൽ വെളിച്ചമുണ്ടായി. എൽ.ഇ.ഡികൊണ്ട് എന്തുകൊണ്ട് വൈദ്യുതി വിളക്കുകൾ നിർമ്മിച്ചുകൂടാ എന്ന് ചിന്തിച്ചുതുടങ്ങി.
വീടുകളിൽ വൈദ്യുതി വന്നുതുടങ്ങിയ കാലമായിരുന്നു അത്. എങ്കിലും വേണ്ടത്ര വോൾട്ടേജ് ഇല്ലാത്തതിനാൽ സന്ധ്യയായാൽ ട്യൂബുകൾ കണ്ണടയ്ക്കും. അപ്പോഴും പഴയ മണ്ണെണ്ണ വിളക്കുതന്നെ ശരണം. ആദ്യമേറ്റെടുത്ത വെല്ലുവിളി ട്യൂബ് ലൈറ്റ് കത്താനുള്ള ചോക്ക് നിർമ്മിക്കുക എന്നതായിരുന്നു. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ വിജയം കണ്ടെത്തി. അഞ്ചു വോൾട്ടിൽ പ്രവർത്തിക്കുന്ന ചോക്ക് വികസിപ്പിച്ചെടുത്തു. കുറഞ്ഞ വോൾട്ടേജിലും ട്യൂബ് ലൈറ്റുകൾ കത്തിത്തുടങ്ങിയതോടെ ജോൺസണ് ആത്മവിശ്വാസമായി. വീടിനോടു ചേർന്ന് ഒരു  ഷെഡുണ്ടാക്കി ട്യൂബ് ലൈറ്റുകൾ നിർമ്മിച്ചുതുടങ്ങി. കുറഞ്ഞ വിലയ്ക്ക് ഗ്യാരണ്ടിയും ഗുണമേന്മയുമുള്ള ലൈറ്റുകൾ ഗ്രാമത്തിന്റെ പ്രകാശമായി. പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു. മുപ്പത് വോൾട്ടിൽ പ്രവർത്തിക്കുന്ന സ്‌റ്റെബിലൈസറും സി.എഫ്.എൽ കൊണ്ടുള്ള എമർജൻസി വിളക്കുകളുമെല്ലാം നിർമ്മിച്ചുതുടങ്ങി. ആവശ്യക്കാരേറിയപ്പോൾ ഉൽപാദനം വർധിപ്പിക്കാനായി പത്തോളം ജോലിക്കാരുമായി അതൊരു വലിയ സംരംഭമായി മാറുകയായിരുന്നു.


ബാങ്ക് വായ്പയിൽ പുതിയൊരു സി.എഫ്.എൽ യൂണിറ്റായിരുന്നു ജോൺസന്റെ അടുത്ത ലക്ഷ്യം. സാമ്പത്തിക സഹായം നൽകാമെന്നേറ്റ ബാങ്ക് അവസാനനിമിഷം പിൻമാറിയെങ്കിലും അദ്ദേഹം പരിശ്രമം തുടർന്നു. സാധനസാമഗ്രികളും ഉപകരണങ്ങളുമെല്ലാം തയ്യാറാക്കി ഉദ്ഘാടനത്തിനുള്ള ദിവസം കുറിച്ചെങ്കിലും അതിനുമുൻപേ ആ യൂണിറ്റ് കത്തിനശിച്ചു. വിധിയുടെ ക്രൂരതയിൽ മനസ്സുരുകിനിൽക്കാൻ തയ്യാറല്ലാത്ത ജോൺസൺ അവിടെയും അതിജീവിക്കുകയായിരുന്നു. ചാരത്തിൽനിന്നുള്ള ഉയർത്തെഴുന്നേൽപാണ് പിന്നീട് കണ്ടത്. പൂജ്യത്തിൽനിന്നും വീണ്ടും തുടങ്ങി. കൂട്ടിന് ഫാ. സെബാസ്റ്റ്യൻ വടക്കേലിന്റെ സഹായവുമുണ്ടായിരുന്നു. മെച്ചപ്പെട്ട സി.എഫ്.എൽ, എമർജൻസി ലൈറ്റുകളുടെ നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞു. ഇതിനിടയിലാണ് തനിക്ക് താങ്ങും തണലുമായിരുന്നു അമ്മയുടെ മരണം. അതോടെ ജീവിതചര്യയുടെ താളം തെറ്റി.
നാളുകൾക്കുശേഷമാണ് വീണ്ടും വർക്ക്‌ഷോപ്പിലെത്തിയത്. താങ്ങായി ആരെങ്കിലും കൂടെയില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന ചിന്തയുണ്ടായി. പലപ്പോഴും ആശ്വാസവാക്കുകളുമായി കൂടെനിന്നത് വർക്ക്‌ഷോപ്പിൽ പരിശീലനത്തിനെത്തിയ ഉഷയായിരുന്നു. ഉഷയുടെ കരുതലും സ്‌നേഹവും ജോൺസണും ഇഷ്ടപ്പെട്ടു. അടുപ്പം പ്രണയത്തിലേയ്ക്കു വഴിമാറി. പൂർണ ആരോഗ്യവതിയായ ഉഷയ്ക്ക് ജോൺസന്റെ വൈകല്യം പ്രശ്‌നമായിരുന്നില്ല. ജോൺസൺ തന്നെയാണ് തന്റെ ഇഷ്ടം ഉഷയോടു പറഞ്ഞത്. ഉഷയ്ക്കാകട്ടെ വൈകല്യത്തിലല്ല, മറിച്ച് കഠിനപ്രയത്‌നത്തിലും അറിവിലുമായിരുന്നു ആരാധന തോന്നിയത്. രണ്ടു മതങ്ങളിൽപ്പെട്ടവരും ജോൺസന്റെ ശാരീരികാവസ്ഥകളും കാരണം ഇരുവീട്ടുകാരും വിവാഹത്തിന് പച്ചക്കൊടി കാണിച്ചില്ല.
തോറ്റുകൊടുക്കാൻ തയ്യാറല്ലാതിരുന്ന ജോൺസൺ കരിയാത്തുംപാറയിലെ പള്ളിയിൽ വെച്ച് ഉഷയെ മണവാട്ടിയാക്കി. കൈകാലുകൾ തളർന്ന വരനെ സ്വന്തം കൈകളിൽ വാരിയെടുത്തുകൊണ്ടാണ് ഉഷ അൾത്താരയ്ക്കു പുറത്തേയ്ക്കു വന്നത്. അന്നുമുതൽ ഉഷയുടെ കൈകളിലാണ് ജോൺസന്റെ സഞ്ചാരം.
വിവാഹത്തോടെ വീട്ടിൽനിന്നും പടിയിറങ്ങേണ്ടിവന്ന ജോൺസണും ഉഷയും മുക്കത്തെ ഒരു വാടകവീട്ടിലാണ് കഴിഞ്ഞത്. രണ്ടു വർഷം പിന്നിട്ടപ്പോൾ കുടുംബസ്വത്തിൽനിന്നും ലഭിച്ച ഓഹരിയിൽ ചെറിയൊരു വീട് പണിയുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലെത്തിനിൽക്കുന്ന ആ ദാമ്പത്യത്തിൽ രണ്ടു മക്കളും പിറന്നു. എൻജിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായ ജയൂണും പത്താം ക്ലാസുകാരനായ ജഷൂണും.


സി.എഫ്.എൽ ബൾബുകൾ ഭാവിയിൽ വലിയ അപകടം വരുത്തിവെക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ജോൺസൺ മനസ്സിലാക്കുകയായിരുന്നു. 
എംടെക് ഇലക്‌ട്രോണിക്‌സിന്റെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് വിപുലമായ പരിപാടികളാണ് ജോൺസൺ ആസൂത്രണം ചെയ്തത്. 
വൈകല്യങ്ങളോട് പടപൊരുതിയും പ്രതിസന്ധികളെ നേരിട്ടും സ്വയം പ്രകാശമായി മാറിയതാണ് ജോൺസന്റെ ജീവിതം. സ്‌കൂളിൽപോയില്ലെങ്കിലും നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ജോൺസൺ നിരവധി സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാറുണ്ട്. നിലവിലുള്ളതിനു പിറകെ പോയാൽ ജീവിതം നിശ്ചലമാകുമെന്നു വിശ്വസിക്കുന്ന ഈ മനുഷ്യൻ വേറിട്ട വഴികളിലൂടെയുള്ള സഞ്ചാരമാണ് ഇഷ്ടപ്പെടുന്നത്. പുതുമ തേടിയുള്ളതാകണം മനുഷ്യന്റെ സഞ്ചാരമെന്നും അദ്ദേഹം കരുതുന്നു.
പുതിയ തലമുറ സ്മാർട്ട് ഫോണുകൾക്ക് പിറകെയാണ്. വിനോദത്തിനായി നീക്കി വെക്കുന്ന സമയം ഉപകാരപ്രദം കൂടിയാക്കണം. സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുന്ന രീതിയിലാണ് സമയം ചെലവഴിക്കേണ്ടത്. വിനോദത്തിനായി സമയം ചെലവഴിക്കരുതെന്നല്ല ഇതിനർത്ഥം. എല്ലാറ്റിനും ഒരു ബാലൻസുണ്ടാകണം. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും തിരിച്ചുകിട്ടില്ലെന്ന ബോധമുണ്ടാകണം. പുതിയ തലമുറയോട് ജോൺസണ് പറയാനുള്ളത് ഇതുമാത്രം. ജോൺസന്റെ ഫോൺ നമ്പർ: 9744525892.

Latest News