Sorry, you need to enable JavaScript to visit this website.
Friday , April   03, 2020
Friday , April   03, 2020

അക്ഷര സുകൃതം, പുസ്തകങ്ങളുടെ പുണ്യാമൃതം

ആയിരത്തിഅഞ്ഞൂറിലധികം എഴുത്തുകാർ സ്വന്തം പുസ്തകങ്ങളിൽ കൈയൊപ്പിട്ട് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഷാർജ രാജ്യാന്തര പുസ്തകമേള നാളെ സമാപിക്കുന്നു 

ലോകമെമ്പാടുമുള്ള അക്ഷര പ്രേമികളുടെ മനസ്സിന് കുളിർമയേകി മുപ്പത്തി എട്ടാമത് രാജ്യാന്തര പുസ്തകമേളക്ക് ഷാർജയിൽ പ്രൗഢോജ്വലമായ തുടക്കം കുറിക്കുകയായിരുന്നു പ്രവാസ ലോകത്തെ അക്ഷര നഗരിയിൽ. 'തുറന്ന പുസ്തകങ്ങൾ തുറന്ന ചിന്തകൾ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുള്ള പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന പുസ്തക മേള 
ഷാർജ അൽ താവൂൻ എക്‌സ്‌പോ സെന്ററിൽ യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കദ് അൽ ആമിരി ചടങ്ങിൽ മുഖ്യാതിഥിയായി. 
നൊബേൽ സമ്മാന ജേതാവ്, പ്രമുഖ ടർക്കിഷ് എഴുത്തുകാരൻ, ഒർഹൻ പാമുക്ക് തുടങ്ങി 173 വിദേശ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ വിശിഷ്ടാതിഥികളായി ഈ മഹാമേളയിൽ സംബന്ധിച്ചു. യുനെസ്‌കോ, ഷാർജയെ ആഗോള പുസ്തക തലസ്ഥാനമായി തെരഞ്ഞെടുത്തതോടെ അധികൃതർ അതിവിപുലമായ പരിപാടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എൺപത്തി അഞ്ചു രാജ്യങ്ങളിൽനിന്നായി രണ്ടായിരം പ്രസാധകർ പങ്കെടുക്കുന്ന ഈ മേളയിൽ മലയാളത്തിൽ നിന്നും നിരവധി എഴുത്തുകാരും സംബന്ധിച്ചു. റിപ്പബ്ലിക്ക് ഓഫ് മെക്‌സിക്കോയാണ് ഇത്തവണത്തെ വിശിഷ്ടാതിഥി രാജ്യം. നിരവധി എഴുത്തുകാരാണ് ഇവിടെ നിന്നും ഷാർജയിൽ എത്തിയത്. 
അമേരിക്കയിലെ ജനകീയ അവതാരകൻ സ്റ്റീവ് ഹാർവി, അന്താരാഷ്ട്ര അതിഥി പട്ടികയിൽ ഇറ്റലിയിൽ നിന്നുള്ള ബാല സാഹിത്യ രചയിതാവ് എലിസബത്ത് ഡാമി, ദി ബുക്ക് ഓഫ് ഹർലാൻ ഉൾപ്പടെ പത്തോളം നോവലുകളുടെ രചയിതാവ് അമേരിക്കൻ എഴുത്തുകാരൻ ബെർണൈയ്‌സ് എൽ മക്ഫാണ്ടൻ, ഇന്ത്യയിൽ നിന്നുള്ള നോവലിസ്റ്റ് ഷൊർണൂർ മുണ്ടക്കോട്ടുകുർശ്ശി സ്വദേശി അനിതാ നായർ എന്നിവരും വിശിഷ്ടാതിഥികളായി ഇവിടെ എത്തിയിരുന്നു.
 
ഇമാറാത്തി സംസ്‌കാരത്തെ സാഹിത്യത്തിന്റെ പരഭാഗശോഭ പകർന്ന് ലോകത്തിന്റെ നെറുകെയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ അംഗീകാരം കൂടിയാണ് ഷാർജ വേൾഡ് ബുക്ക് ക്യാപിറ്റൽ എന്ന യുനസ്‌കോ നൽകിയ അംഗീകാരം. വായനയിലൂടെ മാനവരാശിക്ക്്് സമാധാനവും സഹിഷ്ണുതയും പ്രദാനം ചെയ്യാമെന്ന ആശയം പ്രചരിപ്പിക്കുകയും അതിനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്യുന്നതിന് യുനെസ്‌കോ ഒരുക്കിയ ഈ അംഗീകാരം യു. എ. ഇ യിലെ ജനതയുടെ സാംസ്‌കാരിക നിലവാരം കൂടുതൽ സമ്പുഷ്ടമാക്കുകയും ലോകത്തിലെ മൂന്ന് പുസ്തക മേളയിൽ ഒന്നായ ഷാർജ ബുക്ക്്് ഫെയർ ഗൾഫ്്് മേഖലയുടെ സാംസ്‌കാരിക പൊൻവെളിച്ചം എന്ന ഖ്യാതിയും ഇതിനകം നേടിക്കഴിഞ്ഞു. സംസ്‌കാരം, സർഗാത്മകത എന്നിവക്കുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയിൽ യു. എ. ഇ യുടെ സുപ്രധാന 
നേട്ടങ്ങൾക്ക് ചൂണ്ടുപലകയാകുന്നതോടൊപ്പം അറബ് സ്വത്വത്തിന്റെയും സംസ്‌കൃതിയുടേയും അഭേദ്യ ഘടകമായി മേള മാറിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 
വിജ്ഞാനത്തിന്റെ വികാസത്തിന് വായനയുടെ പങ്ക് ഒഴിച്ച് കൂടാത്തതാണെന്നുള്ള തിരിച്ചറിവാണ് വായനയെ കൂടുതൽ സ്വീകരിക്കാനുള്ള കാരണം. വായനയെ കൂടുതൽ സർഗാത്മകവും സക്രിയവുമാക്കാൻ ഷാർജ പുസ്തകോത്സവം പ്രചോദനമാകുന്നുവെന്നതും ശ്രദ്ധേയമാണ്.
 
ഏതൊരു എഴുത്തുകാരനെയും വായനക്കാരനെയും അനുഭൂതിയുടെ ഉത്തുംഗപദത്തിൽ എത്തിച്ചു ധന്യമാക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയിൽ തന്റെ ഇഷ്ട എഴുത്തുകാരന്റെ പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് ഒരു നിമിഷം വികാരഭരിതരാവുന്നതും നമുക്ക്്്് ദർശിക്കാനാവും. മനസ്സിൽ താലോലിച്ച പുസ്തകങ്ങൾ കാണുമ്പോൾ വൃന്ദാവനത്തിൽ എത്തിയ ഔൽസുക്യമാണ് സന്ദർശകർക്ക്്്. പുസ്തകങ്ങളെ തൊട്ടും തലോടിയും പൂരപ്പറമ്പിലെത്തിയ പ്രതീതിയുണർത്തി മനസ്സു നിറഞ്ഞ സന്തോഷത്തോടെ ഈ അക്ഷര ലോകത്തിന്റെ അധിപർ തങ്ങളാണെന്ന അഭിമാനത്തോടെ ഒഴുകി നടക്കുകയാണ് പുസ്തക ലോകത്തെ ഭക്തജനങ്ങൾ. 
പുസ്തക മേളയുടെ തുടക്ക കാലത്ത് വളരെ കുറഞ്ഞ പ്രസാധകർ മാത്രമേ കേരളത്തിൽനിന്നും ഇവിടെ എത്തിയിരുന്നുള്ളൂ. അക്കാലത്തു ഗൾഫ് മലയാളികളുടെ സൃഷ്ടികളെ ഏറെ സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. നവീന ഭാവുകത്വം പ്രദാനം ചെയ്യുന്ന കൃതികൾ പ്രവാസി എഴുത്തുകാരിൽ ഉണ്ടെന്നു കണ്ടെത്തിയതും ഷാർജ പുസ്തകമേള ജനകീയമാവുകയും ചെയ്തതോടെ കേരളത്തിൽ നിന്നും പ്രസാധകരുടെ ഒഴുക്ക് കൂടിയെന്നതാണ് സവിശേഷത. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കാൻ കേരളത്തിലെ മുഴുവൻ പ്രസാധകരും ഏറെ ഉൽസാഹമാണ് പ്രകടിപ്പിക്കുന്നത്. പുസ്തക മേളയിലേക്ക് വൻ തോതിൽ മലയാളികളുടെ ഒഴുക്ക് ഉണ്ടാകുമെന്ന്് തിരിച്ചറിഞ്ഞതോടെയാണിത്. 


കഴിഞ്ഞ വർഷം 15 ലക്ഷത്തിലധികം ആളുകളാണ് പുസ്തക മേളക്ക്്് എത്തിയത്. ഇതിൽ നാൽപ്പതു ശതമാനവും മലയാളികൾ ആയിരുന്നു. ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ മലയാളത്തിലുള്ളവ ഉൾപ്പെട്ടതോടെ കേരളത്തിന്റെ മഹിമ വർധിക്കുകയായിരുന്നു. ഗൾഫനുഭവങ്ങൾ ഉൾക്കൊള്ളുന്ന സൃഷ്ടികൾക്കാണ്്് ഏറ്റവും വലിയ സ്വീകാര്യത. അനുഭവങ്ങളുടെ വൈവിധ്യങ്ങൾ കൊണ്ട്്് സമ്പുഷ്ടമായ ഇത്തരം കൃതികൾ ഓരോ വർഷം കഴിയുമ്പോഴും കൂടി വരുന്നതായും അതു കൊണ്ട്്് തന്നെ പ്രവാസി എഴുത്ത്്്കാരുടെ വരവ്്് വർദ്ധിക്കുന്നതായാണ്് കണക്കുകൾ സൂചിപ്പിക്കുന്നത്്്. മലയാളത്തിൽ നിന്ന്് തന്നെ ഇരുനൂറോളം പുസ്തകങ്ങളുടെ പ്രകാശനം ഈ വർഷം ഇവിടെ നടക്കുന്നുണ്ട്. എഴുത്തും വായനയും മരിക്കുന്നു എന്ന്്് ഭയപ്പെടുന്ന കാലത്താണ്്് ഇത്തരം ഒരു പുസ്തകമേളയും ഇതിന്റെ സംഘാടനവും ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്് എന്നത്്് ശ്രദ്ധേയമാണ്. ഈ പുസ്തകമേളയിൽ എത്തുന്നവരിൽ എൺപത്്് ശതമാനം ആളുകളും ഒരു പുസ്തകമെങ്കിലും വാങ്ങാതെ മടങ്ങുന്നില്ല.  

മലയാളികളുടെ പുസ്തകങ്ങൾ മിക്കതും പ്രകാശനം ചെയ്യുന്നത് ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്‌സ് ഫോറം ഹാളിലാണ്. മലയാളി എഴുത്തുകാരുടെ ബാഹുല്യം തന്നെയാണ് ഇങ്ങനെ പ്രത്യേക വേദി സംഘാടകർ ഒരുക്കാൻ കാരണം. പ്രമുഖ എഴുത്തുകാരായ ടി. പത്മനാഭൻ, ഡോ. പി. കെ പോക്കർ, കെ. വി മോഹൻ കുമാർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, താഹ മാടായി, അനൂപ് ചന്ദ്രൻ തുടങ്ങി നിരവധി പേർ ഷാർജയിൽ എത്തിയിട്ടുണ്ട്. കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രചിച്ച 'നവോത്ഥാനം, നവ ജനാധിപത്യം, നവ കേരളം' എന്ന ലേഖന സമാഹാരം, രാജു മാത്യു രചിച്ച യൂസഫലി- ഒരു സ്വപ്നയാത്രയുടെ കഥ, കെ. എം. അബ്ബാസിന്റെ 'ബറഹയിലേക്കുള്ള ബസ്' എന്ന കഥാ സമാഹാരം, ഗായിക കെ. എസ് ചിത്ര രചിച്ച ഓർമ്മ, അനുഭവം, യാത്ര, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ രചിച്ച 'മൈ ബിലവ്ഡ് ബാപ്പ', പി. ശിവപ്രസാദ് രചിച്ച കവിതാ സമാഹാരം 'മരിക്കാത്ത കോശങ്ങളുടെ സംഗീതം', കലാ സാവിത്രിയുടെ കലയുടെ കവിതകൾ, വീരാൻകുട്ടിയുടെ ലോക കവിത, വൈ.എ സാജിദയുടെ ഇലത്തണുപ്പിലെ മഴത്താളങ്ങൾ, സൗദിയിലെ എഴുത്തുകാരായ  ഡോ. ടെസ്സി റോണിയുടെ കെട്ടുകഥകളില്ലാത്ത ജീവിതം, ആർ. ഷഹിനയുടെ പതിച്ചി, ജോസഫ് അതിരുങ്കലിന്റെ പാപികളുടെ പട്ടണം, പ്രമുഖ സംവിധായകൻ എം.എ നിഷാദ് രചിച്ച ഒരു സിനിമാപ്രാന്തന്റെ ചിന്തകൾ എന്നിവ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ ചിലതാണ്. 

Latest News