ഹുറൂബ് നിസ്സാരമല്ല; നാടുകടത്തിയാല്‍ സൗദിയിലേക്ക് മടങ്ങാനാവില്ല

റിയാദ്- സൗദിയില്‍ തൊഴിലുടമ ഒളിച്ചോടിയതായി (ഹുറൂബ്) രേഖപ്പെടുത്തുന്ന വിദേശ തൊഴിലാളി പിടിയിലായി നാടുകടത്തപ്പെട്ടാല്‍ പിഴ ശിക്ഷക്കു പുറമെ, ആജീവനാന്ത വിലക്കും നേരിടേണ്ടി വരുമെന്ന് ജവാസാത്ത് ആവര്‍ത്തിച്ചു. 50,000 റിയാല്‍ വരെ പിഴയും ആറുമാസം തടവുമാണ് ശിക്ഷ.

നാടുകടത്തപ്പെട്ടാലും പുതിയ വിസയില്‍ സൗദിയിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍ ഹുറൂബിനെ ലാഘവത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ എംബസി വഴി തര്‍ഹീലില്‍ എത്തിയാല്‍ ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നവരും ആജീവനാന്ത വിലക്ക് കണക്കിലെടുക്കുന്നില്ല. തൊഴിലുടമകളില്‍നിന്ന് പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസികള്‍ രക്ഷപ്പെടാന്‍ ഹുറൂബ് ഒരു മാര്‍ഗമായി കരുതുന്നുണ്ട്. പുതിയ വിസയില്‍ വരാനാകുമെന്ന പ്രതീക്ഷയിലാണ് വിദൂര പ്രദേശങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ഒളിച്ചോടി എംബസിയേയും കോണ്‍സുലേറ്റിനേയും സമീപിക്കുന്നത്. തര്‍ഹീല്‍ അധികൃതരുടെ സന്മനസ്സ് കാരണം പിഴയും തടവും ഒഴിവാക്കിയാലും ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ഇളവും പ്രതീക്ഷിക്കരുത്.


നിയമലംഘകരില്ലാത്ത രാജ്യം എന്ന മുദ്രാവാക്യവുമായി തിരുഗേഹങ്ങളുട സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവരെ ശിക്ഷാര്‍ഹരായ നിയമലംഘകരായാണ് കണക്കാക്കുന്നത്. ഇവരെ പിടികൂടുന്നതിനുള്ള റെയ്ഡുകള്‍ തുടരുകയും ചെയ്യുന്നു.

തൊഴിലുടമക്ക് എളുപ്പം ഒരു തൊഴിലാളിയുടെ ഹുറൂബ് ഒഴിവാക്കാന്‍ കഴിയില്ലെന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി സാധ്യമല്ലെന്ന് മാത്രമല്ല, ഹുറൂബ് രേഖപ്പെടുത്തുകയാണെങ്കില്‍ അത് നീക്കുന്നതിന് 15 ദിവസത്തിനുള്ളില്‍ തൊഴിലുടമ ജവാസാത്തിനെ നേരിട്ട് സമീപിക്കണം.  

 

Latest News