Sorry, you need to enable JavaScript to visit this website.

ഉത്തപ്പ പരാജയം, കേരളം തോറ്റു

തിരുവനന്തപുരം - സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തമിഴ്‌നാടിനോട് കേരളം 37 റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് അഞ്ചിന് 174 റണ്‍സെടുത്തപ്പോള്‍ കേരളത്തിന്റെ മറുപടി എട്ടിന് 137 ല്‍ അവസാനിച്ചു. കേരളത്തിന്റെ അതിഥി താരങ്ങളായ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയും (9) ജലജ് സക്‌സേനയും (2) പരാജയപ്പെട്ടു. 
ഓപണര്‍മാരെ 12 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടപ്പെട്ട ശേഷമാണ് തമിഴ്‌നാട് കരകയറിയത്. മുരളി വിജയിയെ (1) തന്റെ ആദ്യ ഓവറില്‍ ബെയ്‌സില്‍ തമ്പി പുറത്താക്കിയപ്പോള്‍ എന്‍. ജഗദീഷിനെ കെ.എം ആസിഫ് സ്വന്തം ബൗളിംഗില്‍ പിടിച്ചു. ബെയ്‌സില്‍ മൂന്നു വിക്കറ്റെടുത്തു (4-0-49-3). ബാബാ അപരാജിതും (26 പന്തില്‍ 35) ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും (31 പന്തില്‍ 33) ചേര്‍ന്നാണ് തമിഴ്‌നാട് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്. വിജയ്ശങ്കര്‍ (18 പന്തില്‍ 25), ശാറൂഖ് ഖാന്‍ (18 പന്തില്‍ 28), എം. മുഹമ്മദ് (11 പന്തില്‍ 34 നോട്ടൗട്ട്) എന്നിവര്‍ ഒടുക്കം ഗംഭീരമാക്കി. 
ഉത്തപ്പയെ തുടക്കത്തില്‍ നഷ്ടപ്പെട്ടെങ്കിലും വിഷ്ണു വിനോദും (18 പന്തില്‍ 24) രോഹന്‍ കുന്നുമ്മലും (27 പന്തില്‍ 34) സചിന്‍ ബേബിയും (32 പന്തില്‍ 32) മുഹമ്മദ് അസ്ഹറുദ്ദീനും (11 പന്തില്‍ 17) പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കുതിച്ചുയര്‍ന്ന റണ്‍നിരക്കിനൊപ്പമെത്താനാവാതെ തുടര്‍ന്നുവന്നവര്‍ കൂപ്പുകുത്തി. ടി. നടരാജനും (4-0-25-3) ജി. പെരിയസ്വാമിയും (4-0-36-3) ആറു വിക്കറ്റ് പങ്കുവെച്ചു. 

Latest News