ടീമിന് സമനില, മഞ്ഞപ്പടക്ക് സമനില തെറ്റുന്നു

കൊച്ചി - പരിക്കുകള്‍ നിറംകെടുത്തിയ മത്സരത്തില്‍ ഒഡിഷ എഫ്.സിയോട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ആരാധകരുടെ ക്ഷമ നശിക്കുകയാണ്. നാലു കളികളില്‍ നാലു പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. അത്രയും പോയന്റുള്ള ഒഡിഷ ഗോള്‍വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്തും. 
അപൂര്‍വം അവസരങ്ങള്‍ മാത്രം പിറന്ന കളി തീര്‍ത്തും വിരസമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ മൂന്നു കളിക്കാര്‍ക്ക് പരിക്കേറ്റു. പ്രധാന കളിക്കാരായ ജയ്‌റോ റോഡ്രിഗസും മെസ്സി ബൗളിയും അരിദാന്‍ സന്താനയും പരിക്കേറ്റ് പിന്മാറിയത് കളി തടസ്സപ്പെടുത്തുകയും മത്സരം മന്ദഗതിയിലാക്കുകയും ചെയ്തു. ഇരുപത്തിമൂന്നാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനായി ഒരുമിച്ചു ചാടിയ ബൗളിയുടെയും സന്താനയുടെയും തലകള്‍ കൂട്ടിയിടിച്ചു. സന്താനയെ സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോയി. മെസ്സിയെയും സ്‌കാനിംഗിനായി ഉടന്‍ ആശുപത്രിയിലേക്കു നീക്കി. 
ഭക്ഷ്യ വിഷബാധ കാരണം തളര്‍ന്ന ക്യാപ്റ്റന്‍ ബര്‍തലോമിയൊ ഒഗ്‌ബെച്ചെ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പകരം ജയ്‌റോ ടീമിനെ നയിച്ചു. എന്നാല്‍ അഞ്ചാം മിനിറ്റില്‍ ജയ്‌റോക്ക് പരിക്കേല്‍ക്കുകയും പകരം അബ്ദുല്‍ ഹക്കുവിന് കളത്തിലിറങ്ങേണ്ടി വരികയും ചെയ്തു. 


 

Latest News