Sorry, you need to enable JavaScript to visit this website.

വികാരം കൊള്ളരുത്, ചിത്രക്ക് നിലവാരമില്ല -ഉഷ

കോഴിക്കോട് - രാജ്യാന്തര നിലവാരമില്ലാത്തതിനാലാണ് ഏഷ്യൻ ചാമ്പ്യൻ പി.യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപെടുത്താതിരുന്നതെന്ന് പി.ടി. ഉഷ. ഉഷ കൂടി പങ്കെടുത്ത യോഗത്തിലാണ് ചിത്രയെ മാറ്റിനിർത്താൻ തീരുമാനമായത്. എന്നാൽ നിരീക്ഷക എന്ന നിലയിലാണ് മീറ്റിൽ പങ്കെടുത്തതെന്നും താൻ സെലക്ടറല്ലെന്നും ഉഷ വിശദീകരിച്ചു. കാര്യങ്ങൾ പരിശോധിക്കാതെ സ്‌പോർട്‌സ് മന്ത്രി ഉൾപ്പെടെ വിമർശിച്ചപ്പോൾ വേദന തോന്നി -ഉഷ പറഞ്ഞു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നുവെങ്കിലും ചിത്രയുടെ സമയം ലോക നിലവാരത്തിനടുത്തൊന്നുമായിരുന്നില്ല. ഏഷ്യൻ മീറ്റിൽ സ്വർണം നേടിയവരെയൊക്കെ ലോക മീറ്റിന് അയക്കണമെന്നില്ല. ആരെ അയക്കണമെന്ന് ഫെഡറേഷന് തീരുമാനിക്കാം. ചിത്രയെ മാത്രമല്ല സുധാ സിംഗിനെയും മാറ്റിനിർത്തിയത് ഇതേ കാരണം കൊണ്ടാണ്. ചിത്ര സ്ഥിരത പുലർത്തിയിരുന്നുമില്ല. ഏഷ്യൻ മീറ്റിനുശേഷം നടന്ന അന്തർ സംസ്ഥാന മീറ്റിൽ ചിത്രക്ക് സ്വർണം നേടാനായില്ല. സ്ഥിരതയാണ് സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ചർച്ചയായത്. സെലക്ടർമാരുടെ വാദം ചോദ്യം ചെയ്യാൻ പറ്റുമായിരുന്നില്ല. അതാണ് യാഥാർഥ്യം. വെറുതെ വികാരം കൊണ്ടിട്ട് കാര്യമില്ല. പാവപ്പെട്ട പെൺകുട്ടിയാണ് ചിത്രയെന്നാണ് ആളുകൾ പറയുന്നത്. ദേശീയ ചാമ്പ്യന് എല്ലാ സൗകര്യങ്ങളും ഫെഡറേഷൻ ഒരുക്കുന്നുണ്ട്. ചിത്രക്കും അതു ലഭിക്കും. ഈ ചർച്ചകളൊന്നും അവളുടെ കരിയറിനെ ബാധിക്കാതിരിക്കട്ടെ. സെലക്ഷൻ കമ്മിറ്റി തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത് നല്ല രീതിയല്ലെന്നും ഉഷ ചൂണ്ടിക്കാട്ടി. 
1983-നുശേഷം താൻ ഒരു കമ്മിറ്റിയിലും അംഗമല്ല. നിരീക്ഷക എന്ന നിലയിൽ പോകുന്നുണ്ടെങ്കിലും തീരുമാനത്തിൽ പങ്കില്ല. ഞാൻ പോലും അറിയാതെയാണ് ഇത്തരം വിവാദവാർത്തകൾ വന്നത്. ചിത്രയുടെ കാര്യത്തിൽ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ചിത്രക്ക് പരിശീലനത്തിനും മറ്റും ദേശീയ ക്യാമ്പിൽ പോകാവുന്നതാണ്. അവിടെ വിദേശ കോച്ചുകളുടെ ഉൾപ്പെടെ സേവനം ലഭിക്കും. റെയിൽവേയിൽ ചിത്രക്ക് ജോലി ലഭിക്കാൻ ഏറെ പരിശ്രമിച്ച ആളാണ് താൻ. ചിത്രക്കുവേണ്ടി ഇനിയും താൻ മുൻകൈയെടുക്കും. ചിത്രക്ക് നല്ല ഭാവിയുണ്ട്. അതിന് ഹാനി വരുത്തുന്ന കാര്യങ്ങളാണ് മാധ്യമങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചിത്രയെ സ്‌നേഹിച്ച് കൊല്ലരുത്. കോടതിയുടെയും മറ്റും കാര്യം പറഞ്ഞ് ചിത്രയെ ഹരം പിടിപ്പിക്കുന്നവർ ആ കുട്ടിയെ രക്ഷിക്കുകയാണെന്ന് കരുതാനാവില്ല. അത്‌ലറ്റിക് അസോസിയേഷന്റെ അപ്രീതിക്ക് കാരണമാവുന്ന വിധത്തിലുള്ള പ്രവൃത്തികൾ ഉണ്ടായാൽ ചിത്രയുടെ ഭാവിയെ വരുംകാലത്തും അത് ദോഷകരമായി ബാധിക്കുമെന്നും ഉഷ പറഞ്ഞു.

സെലക്ഷൻ കമ്മിറ്റിയിലെ മലയാളികൾ മിണ്ടിയില്ല -ദാസൻ
ചിത്രയെ ലോക മീറ്റിൽ പങ്കെടുപ്പിക്കാത്തതിൽ ഗൂഢാലോചനയുണ്ടെന്ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സെലക്ഷൻ കമ്മിറ്റിയിലെ മൂന്ന് മലയാളികൾ ചിത്രക്ക് അവസരം നിഷേധിച്ച കാര്യം അറിയിച്ചില്ല. 20 ന് തീരുമാനിച്ച ലിസ്റ്റ് 23 ന് ആണ് പ്രസിദ്ധീകരിച്ചത്. 24 ന് തന്നെ അപ്പീലും നൽകി. എന്നാൽ പഞ്ചാബിലെ താരങ്ങൾക്ക് 21 ന് തന്നെ അറിയിപ്പ് ലഭിച്ചു. അവർക്ക് മുന്നൊരുക്കങ്ങളോടെ അപ്പീൽ നൽകാൻ സാധിച്ചു. ചിത്രക്ക് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ കഴിയില്ലെന്ന് നിശ്ചയിക്കാനുള്ള അളവുകോൽ എന്താണെന്ന് അറിയില്ല. സ്‌പോർട്‌സ് കൗൺസിലിന്റെ എലൈറ്റ് അക്കാഡമിയിലുള്ള മുഹമ്മദ് അനസ്, ആർ. അനു, അനിൽഡ തോമസ് എന്നിവർ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇവരുടെ പരിശീലകനായ ജയകുമാറിന് കൂടെ പോകാനുള്ള അനുമതി നൽകിയില്ല. ഒരാളെ പരിശീലിപ്പിക്കുന്നവർക്കു വരെ അവസരം നൽകിയപ്പോഴാണ് ഈ വിവേചനം. ചിത്രയുടെ അത്രയും യോഗ്യതയില്ലാത്ത സർവീസസ് താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. കൂലിപ്പണിക്കാരുടെ മകളായ ചിത്രയെ സ്‌പോർട്‌സ് കൗൺസിൽ ദത്തെടുക്കുമെന്നും ദാസൻ പറഞ്ഞു. 

സ്വർണം നേടിയാൽ ടീമിലെന്ന് വാക്കു നൽകി -സുധാ സിംഗ്
ഏഷ്യൻ മീറ്റിൽ സ്വർണം നേടിയാൽ ലോക മീറ്റിനയക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ വാക്കു തന്നിരുന്നതായി ചിത്രയോടൊപ്പം തഴയപ്പെട്ട സുധാ സിംഗ് (സ്റ്റീപ്പിൾചെയ്‌സ്) വെളിപ്പെടുത്തി. യോഗ്യതാ മാർക്കുണ്ടെങ്കിൽ അത് അറിയിക്കണ്ടേ? സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ഗുർബച്ചൻ സിംഗ് രന്ധാവ വിളിച്ച് എന്റെ വയസ്സ് ചോദിച്ചു. 1986 ലാണ് ജനിച്ചതെന്ന് മറുപടി നൽകിയപ്പോൾ എന്റെ സമയം കഴിഞ്ഞെന്ന് പറഞ്ഞു. എങ്കിൽ എന്തിനാണ് എന്നെ ദേശീയ ക്യാമ്പിലുൾപെടുത്തിയത് -സുധ ചോദിച്ചു. 
അന്തർ സംസ്ഥാന മീറ്റിൽ 400 മീറ്ററിൽ ഏഴാം സ്ഥാനത്തെത്തിയ സചിൻ ബേബിയെ എങ്ങനെയാണ് റിലേ ടീമിൽ ഉൾപെടുത്തിയതെന്ന് ഫെഡറേഷന്റെ മുൻ ഭാരവാഹി ചോദിച്ചു. അനു രാഘവനെയും അനിൽഡ തോമസിനെയും മുഹമ്മദ് അനസിനെയും പരിശീലിപ്പിക്കുന്ന ജയകുമാറിനെ തഴഞ്ഞു. എന്നാൽ വെറും നിരീക്ഷകരായ ബഹാദൂർ സിംഗിനെയും രാധാകൃഷ്ണൻ നായരെയും സംഘത്തിലുൾപെടുത്തി. പ്രശ്‌നം പഠിക്കുമെന്നും കളിക്കാരുടെയും കോച്ചുമാരുടെയും ചെലവ് മാത്രമേ സർക്കാർ വഹിക്കൂ എന്നുമായിരുന്നു വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ സായ് മേധാവി ഇൻജേറ്റി ശ്രീനിവാസിന്റെ പ്രതികരണം. 
 

Latest News