Sorry, you need to enable JavaScript to visit this website.

രാജ്‌കോട്ട് മത്സരത്തിന് 'മഹാ' ഭീഷണി

ന്യൂദൽഹി- രാജ്‌കോട്ടിൽ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യാ-ബംഗ്ലാദേശ് രണ്ടാം ട്വന്റി20 മത്സരത്തിന് ഭീഷണിയായി ചുഴലിക്കാറ്റ്. അറബിക്കടലിൽ ശക്തി പ്രാപിക്കുന്ന മഹാ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ (നവംബർ ആറ്) ഗുജറാത്ത് തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്നും പിറ്റേന്നും സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ ശക്തി കൂടി വരുന്ന ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോ ആയിരിക്കും ഗുജറാത്ത് തീരത്തെത്തുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലാവും കാറ്റ് വീശുക. തീരത്തിന് 100 കിലോമീറ്റർ മാത്രം അകലെയാണ് മത്സരം നടക്കുന്ന രാജ്‌കോട്ട്.
ഇതോടെ പരമ്പരയിലെ രണ്ടാം മത്സരവും പ്രകൃതി പ്രതിഭാസങ്ങളാൽ ഭീഷണി നേരിടുകയാണ്. കടുത്ത വായു മലിനീകരണം മൂലം പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ദൽഹിയിൽ കഴിഞ്ഞ ദിവസം ആദ്യ ട്വന്റി20 മത്സരം നടന്നത്. ഭീഷണി കണക്കിലെടുത്ത് രാജ്‌കോട്ട് മത്സരത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന കാര്യം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല.
ഇന്നലെ രാവിലെ ഗുജറാത്ത് തീരത്തുനിന്ന് 600 കിലോമീറ്റർ മാറി അറബിക്കടലിന്റെ ഏതാണ്ട് മധ്യഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ് മഹാ ചുഴലിക്കാറ്റെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി കേരള തീരത്തിനടുത്തുനിന്ന് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയായിരുന്ന ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തേക്ക് തിരിയും. ഒമാൻ തീരത്തേക്ക് നീങ്ങുന്ന കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. തീരത്തെത്തിക്കഴിഞ്ഞാൽ കാറ്റിന് വേഗം കുറയുമെങ്കിലും രണ്ട് ദിവസം അതിശക്തമായ മഴ പെയ്യും. രാജ്‌കോട്ട് ഉൾപ്പെടുന്ന സൗരാഷ്ട്ര മേഖലയിൽ മുഴുവൻ ബുധൻ, വ്യാഴം ദിനങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. അങ്ങനെയെങ്കിൽ മത്സരം നടത്തുക അസാധ്യമാവും.

 

Latest News