Sorry, you need to enable JavaScript to visit this website.
Saturday , August   08, 2020
Saturday , August   08, 2020

സംസ്‌കൃതിയുടെ ജ്ഞാന ഗോപുരം  

ചരിത്രസന്ധികളിലെ പഴമയും പുതുമയും സംഗമിക്കുന്നതും ഇന്തോ-അറബ് സംസ്‌കാരങ്ങളുടെ കുലീന ചിഹ്നങ്ങൾ വീണ്ടെടുക്കുന്നതുമായ, രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ തലയെടുപ്പോടെ ഉയർന്നു വരുന്നു. പൈതൃകങ്ങളുടെ വീണ്ടെടുപ്പ്, ജ്ഞാന തൃഷ്ണയുടെ ശമന താളങ്ങൾ, ചാരുശോഭ പകരും വാസ്തു ശിൽപങ്ങളിൽ തിളങ്ങി നിൽക്കുന്ന വിജ്ഞാന സൗധം, ആരാധനാലയം, പഠന-ഗവേഷണ കേന്ദ്രങ്ങൾ, ഒപ്പം അറബ് - മൊറോക്കൻ മാതൃകയിലുള്ള സൂഖുകൾ.. കോഴിക്കോട് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ വയനാട് ദേശീയ പാതയിൽ കൈതപ്പൊയിൽ ഗ്രാമത്തിലാണ് അറിവിന്റെ ഈ മഹാഗോപുരം ശിരസ്സുയർത്തി നിൽക്കുന്നത്. 

പുതിയ കാലത്തിന്റെ മുഖമുദ്രയായ, പഴമയും പുതുമയും കൈകോർക്കുന്ന അതിവിപുലമായ കൾച്ചറൽ സെന്ററാണ് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ പ്രസിദ്ധമായ മർകസ് നോളജ് സിറ്റിയിൽ ഉയർന്നു വരുന്നത്. കലയും സംസ്‌കാരവും വിജ്ഞാനവും വിനോദവും ഒപ്പം ഷോപ്പിംഗും സമന്വയിപ്പിക്കുന്നു എന്നതാണ് ഈ കൾച്ചറൽ സെന്ററിന്റെ സവിശേഷത. പൈതൃക മ്യൂസിയം, സ്പിരിച്വൽ എൻക്ലേവ്, ഗവേഷണ കേന്ദ്രം, ലോകോത്തര ലൈബ്രറി, സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഇന്റർനാഷനൽ ഇവന്റ് സെന്റർ തുടങ്ങിയവയാണിവിടെ ഉയർന്നു വരുന്നത്. 72,000 ചതുരശ്രയടി വിസ്തീർണമുള്ള മനോഹരമായ ഉദ്യാനം ഈ കേന്ദ്രത്തെ പ്രകൃതിയോട് ഇണക്കിച്ചേർക്കും. പരിസ്ഥിതി സൗഹൃദത്തിന്റെ പ്രാധാന്യം കൂടിയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.
ഒരേസമയം പതിനായിരം പേരെ ഉൾക്കൊള്ളുവാനുള്ള സൗകര്യമുണ്ട് സെന്ററിൽ. നൂറ്റമ്പതോളം വരുന്ന വ്യാപാര ശാലകൾ ഉൾക്കൊള്ളുന്ന സൂഖാണ് മറ്റൊരു പ്രത്യേകത.
സാംസ്‌കാരിക ഈടുവെപ്പുകളിൽ നിന്ന് കൾച്ചറൽ സെന്ററിനെ ജനകീയമാക്കുന്ന ഒരു ഘടകം അതിന്റെ വാണിജ്യ മുഖമാണെന്ന് തോന്നുന്നു. വലിയൊരു മാർക്കറ്റ് സ്പേസ് കൂടി ഇതോടൊപ്പം തുറക്കപ്പെടുന്നു. ചരിത്രത്തിലെ സാംസ്‌കാരിക കൈമാറ്റങ്ങളെല്ലാം നടന്നത് വണിജ്യ സംഘങ്ങളിലൂടെയാണല്ലോ. പൗരാണിക കാലം മുതലേ അറബികളുമായി അഭേദ്യബന്ധമാണ് മലബാറിനുള്ളത്. സഞ്ചാരികളെയും കച്ചവടക്കാരെയും ആകർഷിക്കാൻ പ്രാചീന കാലം തൊട്ടേ കേരളത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു. ആ വൈഭവമാണ് പുതിയ കാലത്ത് കൾച്ചറൽ സെന്ററിലൂടെ കൂടുതൽ പ്രകടമാകുന്നത്. സാംസ്‌കാരിക കൈമാറ്റങ്ങൾക്കൊപ്പം വലിയ ബിസിനസ് സാധ്യതകൾ കൂടിയാണ് നോളജ് സിറ്റിയിൽ വരുന്ന കൾച്ചറൽ സെന്റർ കൊണ്ടുവരുന്നത്. 
ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ഭാവനാശാലികളായ യുവ എൻജിനീയർമാരുടെ സ്വപ്‌ന സ്ഥാപനമായ ടാലൻമാർക് ഡെവലപ്പേഴ്‌സ്, കൾച്ചറൽ സെന്ററിന്റെ നിർമാതാക്കൾ എന്ന നിലയിൽ പ്രശസ്തി കൈവരിച്ചിരിക്കുന്നു.
നിരന്തരമുള്ള നവീകരണങ്ങളാണ് കാലത്തിനാവശ്യം. സർഗാത്മകമായ നവീകരണങ്ങളെ സ്വീകരിക്കാൻ എക്കാലത്തും വിപണി സന്നദ്ധമായിട്ടുണ്ട്. വാസ്തു ശിൽപത്തിലെ ആധുനീകരണത്തെ ഒരു പാഷനായി കാണുന്നു എന്നതാണ് കൾച്ചറൽ സെന്ററിന്റെ സവിശേഷതയെന്ന്  ടാലൻമാർകിന്റെ ശിൽപികളായ എം. ഹബീബുറഹ്മാൻ, ഹിബത്തുല്ല, എൻ.എ. മുഹമ്മദ് ഷക്കീൽ എന്നിവർ അവകാശപ്പെടുന്നു. ലക്ഷ്യം നേടുന്നത് വരെ കഠിനമായി പരിശ്രമിക്കുന്ന ഒരു കൂട്ടം പ്രൊഫഷണലുകളുടെ മുന്നേറ്റത്തിന്റെ പേര് കൂടിയാണ് ടാലൻമാർക്. വിവിധ മേഖലകളിൽ പ്രഗത്ഭരായ പ്രൊഫഷനലുകളുടെ വലിയൊരു നിര തന്നെ കൂടെയുണ്ട് എന്നതാണ് തങ്ങളുടെ കരുത്ത് എന്നും ഇവർ പറയുന്നു.
ദിശാബോധമുള്ള നേതൃത്വവും കൃത്യമായ ആസൂത്രണവും മികച്ച നിർവഹണവുമാണ് ടാലൻമാർകിന്റെ വിജയ രഹസ്യം. 
രാജ്യത്തെ ഏറ്റവും വലിയ കൾച്ചറൽ സെന്റർ നിർമിക്കുന്നു എന്ന സമ്പന്ന അനുഭവവുമായാണ് ടാലൻമാർക് ഭാവിയെ സമീപിക്കുന്നത്. 


രൂപകൽപനയിലും ആസൂത്രണത്തിലും അതിനൂതനമായ പരീക്ഷണങ്ങളാണ് ടാലൻമാർക് പദ്ധതികളുടെ പ്രത്യേകത. ഓൺ ലൈവ് പ്രോജക്റ്റുകളായ കൾച്ചറൽ സെന്ററും ചിൽഗ്രോവും അതിന് ഉദാഹരണമാണ്. പുതിയ പദ്ധതികൾ മനസ്സിൽ താലോലിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. മികച്ചൊരു ടീമിനെയാണ് അവരെല്ലാം തേടുന്നത്. അവരുടെ സ്വപ്ന പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിൽ പങ്കുവഹിക്കാൻ ടാലൻമാർകിന് കഴിയുമെന്നും ഇവർ അടിവരയിടുന്നു.
നോളജ് സിറ്റിയുടെ ന്യൂക്ലിയസാണ് ഈ കൾച്ചറൽ സെന്റർ.
4,35,600 ചതുരശ്ര അടിയിൽ 6,55,000 സ്‌ക്വയർ ഫീറ്റ് സൂപ്പർ ബിൽറ്റ് അപ് ഏരിയയിൽ നൂറോളം മരങ്ങൾ ഉൾക്കൊള്ളുന്ന 72,000 സ്‌ക്വയർ ഫീറ്റ് റൂഫ് ടോപ് ഗാർഡൻ, പ്രകൃതിദത്തമായ ജലസംഭരണി, ഹരിതാഭമായ അന്തരീക്ഷം എന്നിവ സാംസ്‌കാരിക നിലയത്തിന് അനുഗ്രഹമാണ്. 
10,000 പേർക്ക് ഒരേ സമയം ഒത്തുകൂടാവുന്ന സാംസ്‌കാരിക സമുച്ചയമാണ് സ്പിരിച്വൽ എൻക്ലൈവ്. 
ലോക പ്രസിദ്ധമായ ആറ് ആർകിടെക്ചറൽ വിസ്മയങ്ങളുടെ സങ്കലനമാണിത്. 46 മീറ്റർ നീളമുള്ള മിനാരറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമിത താഴികക്കുടം. ആർകിടെക്ചറൽ വിസ്മയമാണിത്.  
അന്താരാഷ്ട്ര ഹെറിറ്റേജ് മ്യൂസിയമാണ് മറ്റൊരു പ്രത്യേകത. 
മലബാറിന്റെ ചരിത്ര മ്യൂസിയമായി മാറുന്ന ഹെറിറ്റേജ് പ്രോജക്ട് അപൂർവമായ ചരിത്ര രേഖകളുടെയും കയ്യെഴുത്തു പ്രതികളുടെയും സംരക്ഷണം, ഹെറിറ്റേജ് എക്‌സിബിഷൻ, ഹെറിറ്റേജ് സൈറ്റുകളുടെ പരിപാലനം, ആർക്കൈവുകളുടെ ഡിജിറ്റലൈസേഷൻ എന്നിവ ഇത് ലക്ഷ്യം വെക്കുന്നു.
നിർമാണ പാതയിലെത്തിയ വേൾഡ് ക്ലാസ് ലൈബ്രറിയിൽ ഒരേ സമയം 500 പേരെ  ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനമുണ്ട്. സമകാലികവും പുരാതനവുമായ ക്ലാസിക്കുകളുടേയും റഫറൻസ് പുസ്തകങ്ങളുടെയും വിപുലമായ ശേഖരമാണിവിടെ ഉയരുന്നത്.
കേരളത്തിലെ ആദ്യത്തെ ത്രീഡി ഡിജിറ്റൽ ലൈബ്രറിക്ക് 42,000 സ്‌ക്വയർ ഫീറ്റ് ലേണിംഗ് സ്‌പേസുണ്ട്. വിവിധ ദേശീയ അന്തർദേശീയ യൂനണിവേഴ്‌സിറ്റികളുമായി ഇതിനകം ധാരണകളായിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ആഗോള റിസർച്ച് നെറ്റ്‌വർക്കായി പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രത്തിന് നിലവിൽ ഏഴ് അന്താരാഷ്്ട്ര യൂനിവേഴ്‌സിറ്റികളുമായി അക്കാദമിക ധാരണയുണ്ട്. 46,000 സ്‌ക്വയർ ഫീറ്റിൽ നിർമിക്കുന്ന ശരീഅ സിറ്റിയാണ് മറ്റൊരു ഹൈലൈറ്റ്. 
21 വിജ്ഞാന ശാഖകളിലായി 10 സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളാണ് നൽകുന്നത്. ആധുനികവൽക്കരിച്ച സ്മാർട്ട് കാമ്പസിൽ 500 ലേറെ വിദ്യാർത്ഥികൾക്കുള്ള പഠന, താമസ സൗകര്യങ്ങളും ഒരുക്കുന്നു. സാംസ്‌കാരിക സംഗമങ്ങളുടെ ഇടം 1,30,680 സ്‌ക്വയർ ഫീറ്റ് വ്യാപ്തിയുള്ള ജലസംഭരണിയുടെ ചാരത്താണ് കൾച്ചറൽ സെന്റർ നിർമിക്കുന്നത്. സാംസ്‌കാരിക സംഗമങ്ങൾക്കും കൈമാറ്റങ്ങൾക്കും വേദിയാവുന്ന ഈ പ്രോജക്ട് ഭാവിയിലെ സാംസ്‌കാരിക സംഗമ കേന്ദ്രമായി ഉയരുമെന്നുറപ്പ്. 
ഇന്ത്യയിലെ ആദ്യത്തെ അറബ് മാതൃകയിലുള്ള ടാലൻമാർക് സൂഖ്് ആണ് കൾച്ചറൽ സെന്ററിന്റെ മറ്റൊരു ആകർഷണങ്ങളിലൊന്ന്. വിവിധ സംസ്‌കാരങ്ങളുടെയും മനുഷ്യരുടെയും സംഗമ ഭൂമികയും കൈമാറ്റ കേന്ദ്രവുമായിരുന്നല്ലോ സൂഖുകൾ.
സൂഖ് എന്ന അറബി പദം നിഷ്പന്നമായിരിക്കുന്നത് അറാഹ്മിക് ഭാഷയിൽ നിന്നാണ്. തെരുവ്, ഇടുങ്ങിയത് എന്നൊക്കെയാണ് അർത്ഥം. ഫ്രഞ്ചിലൂടെയാണ് സൂഖ് യൂറോപ്യൻ ഭാഷകളിലെത്തുന്നത്. സ്പാനിഷ് രൂപമായ സോക്കോ സൂഖിന്റെ ഭാഷാന്തരമാണ്. മിഡിൽ ഈസ്റ്റിലെ മാർക്കറ്റുകൾക്കാണ് സൂഖ് എന്ന് വിളിച്ചിരുന്നത്. പിൽക്കാലത്ത് സാംസ്‌കാരിക വിനിമയങ്ങളുടെയും കൊടുക്കൽ വാങ്ങലുകളുടെയും ഫലമായി സൂഖ് അറബ് സാംസ്‌കാരിക ഭിത്തികൾ ഭേദിച്ച് ദേശാടനം ചെയ്തു. പല ഏഷ്യൻ രാജ്യങ്ങളിലും സൂഖിന് പകരം ചൗക്ക് എന്നും പറയാറുണ്ട്. പേർഷ്യൻ ഭാഷയിൽ ബസാർ എന്നാണ് വിളിക്കാറുള്ളത്. 


തുടക്കത്തിൽ നഗര മതിലുകൾക്ക് പുറത്തായിരുന്നു സൂഖുകളുടെ ഇടം. യാത്രാ സംഘം പതിവായി ചരക്ക് ഇറക്കിവെക്കാറുള്ള നഗര പ്രാന്തപ്രദേശങ്ങളിൽ തന്നെയായിരുന്നു അക്കാലത്തെ വിപണന കേന്ദ്രങ്ങളും. പിൽക്കാലത്ത് നഗരം ജനനിബിഢമായപ്പോഴാണ് സൂഖുകൾ നഗരങ്ങളുടെ ഉള്ളിൽ ഇടം കണ്ടെത്താൻ തുടങ്ങിയത്. വഴിയോരങ്ങളിൽ നിരയായി സംവിധാനം ചെയ്യുന്ന കച്ചവട കേന്ദ്രങ്ങളാണ് സൂഖിലെ ഏറ്റവും മനോഹരമായ കാഴ്ച. 
കവിസദസ്സുകളും കഥ പറച്ചിലുകളും കച്ചവടത്തെയും ഇടപാടുകളെയും ആസ്വാദ്യകരമാക്കി. പുരാതന അറബ് നാഗരിക ജീവിതത്തിന് ഊർജം പകർന്നിരുന്ന സൂഖ് ഉക്കാദ് സൗദി അറേബ്യയിൽ ഇന്നും സാംസ്‌കാരികമായ ഓർമയും അലങ്കാരവുമാണ്. സൂഖ് ഉക്കാദിലെ കാവ്യ മത്സരം അക്കാലത്തെ ഏറ്റവും വലിയ സാഹിത്യ ഒത്തുകൂടൽ കൂടിയായിരുന്നു. അറബ് സാഹിത്യത്തിലെ മുടിചൂടാമന്നന്മാരായിരുന്ന നാബിഅ, ഖൻസാഅ് അടക്കമുള്ള പ്രമുഖരായിരുന്നു വിധികർത്താക്കൾ. വാർത്താവിനിമയ സംവിധാനങ്ങൾ വളരെ ദുർലഭമായിരുന്ന കാലങ്ങളിൽ പരസ്പരം സന്ധിക്കാനും ആശയവിനിമയം നടത്താനും ജനങ്ങൾ സൂഖുകളെയാണ് ആശ്രയിച്ചിരുന്നത്. അത്തരത്തിലുള്ള സൂഖ് മാതൃകയാണ് ഇവിടെ ഉയർന്നു വരുന്നത് എന്ന വസ്തുത, അറേബ്യൻ പ്രാചീന സംസ്‌കൃതിയുടെ പുതിയൊരു പുനരാവിഷ്‌കാരം കൂടിയാണ്. 
55 ഓളം ബിസിനസ് വൈവിധ്യങ്ങളുമായി 150 ൽ കൂടുതൽ ഷോപ്പുകളാണ് സൂഖിൽ ഇടംപിടിക്കുക. ഒറ്റ നിലയിൽ 1,23,000 സ്‌ക്വയർ ഫീറ്റ് വാണിജ്യ സ്‌പേസുള്ള പ്രോജക്ടിന് മികച്ച ബിസിനസ് സാധ്യതകളാണുള്ളത്. 710 മീറ്റർ കൊമേഴ്‌സ്യൽ ഇടനാഴി രാജ്യത്തെ ആദ്യ അറബ് സൂഖിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നവീനവും അതോടൊപ്പം പ്രാചീന ചിഹ്നങ്ങളുടെ പാരമ്പര്യവും സമന്വയിക്കപ്പെടുന്ന യുഗപ്പിറവിയുടെ സിഗ്‌നേച്ചർ സിംബൽ എന്ന് പറയാവുന്നതായിരിക്കും മർകസ് നോളജ് സിറ്റിയിലെ നിർദിഷ്ട സാംസ്‌കാരിക കേന്ദ്രം. ഇതോടെ രാജ്യത്തിന്റെ ആർകിടെക്ചറൽ വിസ്മയങ്ങളിൽ കൾച്ചറൽ സെന്ററും ഇടം പിടിക്കുകയാണ്. 2020 മാർച്ച്് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്രം സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകളുടെ സമ്പന്നമായ സിരാകേന്ദ്രമാവും. മലബാറിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ വിശിഷ്ട പൈതൃകത്തിന്റെ വീണ്ടെടുപ്പിന് ഇതൊരു നിമിത്തമാകുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം.

Latest News