Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

കടലിന്നഗാധമാം നീലിമയിൽ... 

സൗദി അറേബ്യ മാറ്റത്തിന്റെ പാതയിലാണ്. വനിതകൾ വാഹനങ്ങൾ ഓടിച്ചു തുടങ്ങിയതിന്റെ വാർഷികമാണ് കടന്നു പോയത്. ധാരാളം യുവതികൾ പുതുതായി വാഹനങ്ങൾ ഓടിക്കാനുള്ള തയാറെടുപ്പിലാണ്. തിരക്ക് കുറഞ്ഞ വെള്ളിയാഴ്ചകളിലെ പ്രഭാതങ്ങളിൽ പരിശീലനത്തിലേർപ്പെടുന്നവരെ എങ്ങും കാണാനുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയിലും സാമൂഹ്യ അന്തരീക്ഷത്തിലും മാറ്റത്തിന്റെ പ്രതിഫലനം കാണാനുണ്ട്. റിയാദിൽ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ മൾട്ടിപ്ലക്‌സിന്റെ സീറ്റിംഗ് കപ്പാസിറ്റി 1500 ആണ്. ജിദ്ദയിലെ മൾട്ടിപ്ലക്‌സുകളിൽ ബോളിവുഡ്, കോളിവുഡ് ചിത്രങ്ങൾ നാട്ടിലെ പ്രദർശനശാലകൾക്കൊപ്പം റിലീസ് ചെയ്തു തുടങ്ങി. റിയാദിൽ ആദ്യമായി സംഘടിപ്പിച്ച വനിതാ ഗുസ്തിക്കും  ജിദ്ദ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ഫുട്‌ബോൾ മേളക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹൃദയസ്പർശിയായ ചില നല്ല കാര്യങ്ങളും സൗദി അറേബ്യയിൽ നടക്കുന്നുണ്ട്. അംഗ പരിമിതർ എന്നു പറഞ്ഞ് ഒതുങ്ങിക്കഴിയുന്ന വിഭാഗത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പരിഗണനയാണ് ശ്രദ്ധേയം. ഇപ്പോൾ വലിയ കെട്ടിടങ്ങളുടെയെല്ലാം പ്രവേശന കവാടത്തോട് ചേർന്ന് ഒരു ബോർഡ് കാണാം. ഈ വിഭാഗത്തിൽ പെട്ടവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമാണതെന്ന് കാണിക്കുന്നതാണ് ബോർഡുകൾ. ഏതാനും മാസങ്ങൾക്കിടെ നടപ്പാക്കിയ പരിഷ്‌കാരമാണ്. സ്വാധീനക്കുറവുള്ള അറബ് യുവാക്കൾ ഓടിക്കുന്ന ഓൺലൈൻ ടാക്‌സികളും അപൂർവ കാഴ്ചയല്ലാതായി.   
***      ***      ***

മലയാളം ചാനലുകളിൽ വരുന്ന രാഷ്ട്രീയക്കാരുമായുള്ള അഭിമുഖ പരിപാടി പലപ്പോഴും കണ്ടിരിക്കുന്നവർക്ക് അരോചകമായാണ് അനുഭവപ്പെടാറുള്ളത്. അവതാരകന്റെ അഭിപ്രായങ്ങൾ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ അപൂർവമല്ല. ലീഗ് നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ ഉണ്ണി ബാലകൃഷ്ണൻ (മാതൃഭൂമി ന്യൂസ്) ഇന്റർവ്യൂ ചെയ്തത് കാണികൾക്ക് വ്യത്യസ്ത അനുഭവമാണ് പ്രദാനം ചെയ്തത്. 
ചോദ്യം ഉത്തരത്തിൽ പാലാ, കോന്നി, വട്ടിയൂർകാവ് പരാജയങ്ങൾ പരാമർശിക്കപ്പെട്ടു. യു.ഡി.എഫിലെ അനൈക്യം, കോൺഗ്രസിന്റെ പിടിപ്പുകേട് എന്നൊക്കെ ഉത്തരം ലഭിക്കാവുന്ന ചോദ്യങ്ങളിൽ നിന്നെല്ലാം കുഞ്ഞാപ്പ ഒഴിഞ്ഞു മാറി. സഹകരിച്ചു മുന്നേറിയാലേ യു.ഡി.എഫിന് ഗുണമുണ്ടാവൂ എന്നെല്ലാവരും മനസ്സിലാക്കണമെന്ന കമന്റിന് കോൺഗ്രസിലെ ചേരിപ്പോരിനെയാണോ ഉദ്ദേശിച്ചതെന്ന ചോദ്യമുയർന്നു. അങ്ങനെ താൻ പറയില്ല, അത് മുന്നണി മര്യാദയ്ക്ക് ചേർന്നതല്ല. കോൺഗ്രസാണ് ഞങ്ങളുടെ മുന്നണിയെ നയിക്കുന്നത്. വളരെ ഡിപ്ലോമാറ്റിക്കായി മറുപടി അദ്ദേഹം നൽകി. പുതിയ നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ അടുത്തിരുന്ന ലീഗ് അംഗത്തിന് ബാഗിൽ നിന്ന് മിഠായി എടുത്തു നൽകി. സഭാ നടപടികൾക്കിടെ കൊച്ചു കുട്ടികളെ പോലെ ആരും കാണാതെ രണ്ട് പേരും മിഠായി കഴിച്ചു. ഈ നിമിഷങ്ങളിലെ ഭാവങ്ങൾ ക്യാമറ കൊണ്ട് കൃത്യമായി ഒപ്പിയെടുത്താണ് കോക്ക് ടെയിലിൽ (കൈരളി ടി.വി) ഉൾപ്പെടുത്തിയത്. സെക്കന്റുകൾക്കകം ഇത് ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾക്കിടയിൽ പ്രചരിച്ചു.   

***      ***      ***

സ്ത്രീകൾ തുറന്നു പറയാൻ മടിക്കാറുള്ള ആർത്തവ വിരാമമെന്ന വിഷയത്തിൽ സൗഹാർദപരമായ നയവുമായി യു.കെയിലെ ചാനൽ 4. ഇതിനായി ആർത്തവ വിരാമ നയം ആരംഭിച്ചിരിക്കുകയാണ് ചാനൽ. ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങളായ ഹോട്ട് ഫ്‌ളാഷുകൾ, ഉൽക്കണ്ഠ, ക്ഷീണം എന്നിവ അനുഭവിക്കുന്ന ജീവനക്കാരെ ഈ നയം സഹായിക്കും, പ്രായമാകുന്നതിന്റെ പാർശ്വഫലങ്ങൾ കാരണം അവർക്ക് അസുഖം തോന്നുന്നുവെങ്കിൽ സൗകര്യപ്രദമായ ജോലി ക്രമീകരണങ്ങളും ശമ്പളത്തോടു കൂടിയ അവധിയും ലഭിക്കും.
യു.കെയിലെ മാധ്യമ കമ്പനികളിൽ ഇത്തരം ഒരു നയം ആദ്യമായിട്ടാണിത്. 
നയത്തിന്റെ ഭാഗമായി, ചാനൽ 4 അതിന്റെ നേതൃത്വ ടീമുകൾക്ക് ആർത്തവ വിരാമ ബോധവൽക്കരണ ലഘുലേഖകൾ  നൽകി.  എച്ച്.ആർ ടീമിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മേൽനോട്ടം നൽകുന്നതിന് പ്രത്യേക വ്യക്തിയെ നിയോഗിക്കുകയും ചെയ്തു. 
ജീവനക്കാർക്ക് സ്വകാര്യവും ശാന്തവുമായ ജോലി സ്ഥലം, അവരുടെ തൊഴിൽ ഇടം അവരുടെ ശാരീരിക ലക്ഷണങ്ങളെ വഷളാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള തൊഴിൽ പരിതഃസ്ഥിതി വിലയിരുത്തൽ, പിന്തുണയും മാർഗനിർദേശവും വാഗ്ദാനം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും ഉറപ്പു വരുത്തുന്നു. ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.   

***      ***      ***

സജീവ രാഷ്ട്രീയ പ്രവർത്തനം വിട്ട് മുൻ എം.പിയും കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ അധ്യക്ഷയുമായിരുന്ന നടി ദിവ്യ സ്പന്ദന സിനിമാ ലോകത്ത് വീണ്ടും സജീവമാകുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദിൽ കാ രാജ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ദിവ്യ സ്പന്ദന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. സോഷ്യൽ മീഡിയ വിഭാഗത്തിന്റെ അധ്യക്ഷ എന്ന വിശേഷണം ട്വിറ്ററിൽ നിന്ന് ദിവ്യ സ്പന്ദന തന്നെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 2003 ൽ സിനിമാ ലോകത്ത് സജീവമായ ദിവ്യ 39 സിനിമകളിലാണ് അഭിനയിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലാണ് അഭിനയിച്ചത്. 2016 ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്. സിനിമയിൽ സജീവമായിരിക്കവേയാണ് 2012 ൽ ദിവ്യ യൂത്ത് കോൺഗ്രസിൽ ചേരുന്നത്. 2013 ൽ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പിയായി. 2014 ൽ ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിൽ സജീവമായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമർശകയായിരുന്ന ദിവ്യയെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം നിരാശയാക്കിയിരുന്നു.  

***      ***      ***

അഡാർ ലൗ സിനിമയിലെ നായികമാരുടെ കഷ്ടകാലം തീരുന്നില്ല. സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് പ്രിയ വാരിയർ. പ്രിയ സൈബർ ലോകത്ത് കത്തിപ്പടർന്ന കാലം മുതൽ തുടങ്ങിയതാണ് അസൂയാധിഷ്ഠിതമായ ഈ പരിപാടി. ഇതിലെ മറ്റൊരു നടിയായ നൂറിൻ ഷെരീഫാണ് കഴിഞ്ഞ വാരത്തിൽ വാർത്തകളിൽ നിറഞ്ഞത്. മഞ്ചേരിയിൽ ഒരു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നൂറിൻ ഷെരീഫിന് നേരെ ജനക്കൂട്ടത്തിന്റെ കൈയേറ്റ ശ്രമമുണ്ടായെന്നും ബഹളത്തിൽ നൂറിന്റെ മൂക്കിന് ഇടിയേറ്റുവെന്നുമായിരുന്നു വാർത്ത പ്രചരിച്ചത്. വേദന കടിച്ചുപിടിച്ചാണ് നൂറിൻ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്. വൈകിട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകർ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലിൽ എത്തി. എന്നാൽ ആളുകൾ കൂടുതൽ വരട്ടെ എന്നു പറഞ്ഞ് സംഘാടകർ തങ്ങളോട് വൈകിട്ട് ആറു മണിവരെ ഹോട്ടലിൽ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. പിന്നീട് ആറു മണിക്ക് നൂറിൻ ഉദ്ഘാടന സ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിച്ചു.
എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആൾക്കൂട്ടം അവർ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആൾക്കൂട്ടത്തിൽ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേറ്റു. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ ഉൾവശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറഞ്ഞു. നൂറിൻ വേദിയിലെത്തിയതോടെ എത്താൻ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാര വർഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിൻ തന്നെ മൈക്കെടുത്ത് സംസാരിച്ചു തുടങ്ങി. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിൻ മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ചിലർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. കോളേജുകളിലും വിവിധ ഉദ്ഘാടനങ്ങളിലും സജീവ സാന്നിധ്യമാണ് നൂറിൻ. പ്രേക്ഷകരെ കൈയിലെടുക്കാനും അവരിലൊരാളായി മാറാനുമുള്ള കഴിവാണ് നൂറിനെ ഉദ്ഘാടനങ്ങളുടെ താരമാക്കിയത്. അതിനിടെയാണ് തന്റേതല്ലാത്ത കാരണം കൊണ്ട് ഇത്തരമൊരു കയ്‌പേറിയ അനുഭവം നേരിടേണ്ടിവന്നത്. ഇതിനൊരു മറുവശവും പ്രചരിക്കുന്നുണ്ട്. അംഗരക്ഷകരുടെ ഒപ്പം നീങ്ങുന്ന നൂറിന്റെ മൂക്ക് ആരും പഞ്ചറാക്കിയില്ലെന്നാണ് അതിൽ പറയുന്നത്. യാഥാർഥ്യം നടന്നെത്തുമ്പോഴേക്ക് കിംവദന്തി റോക്കറ്റിലേറി വരുമെന്നാണല്ലോ പഴമൊഴി.  

***      ***      ***

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിന്യൂനമർദമായി ലക്ഷദ്വീപിലും കേരളക്കരയിലും ഒമാനിലും പ്രയാസങ്ങളുണ്ടാക്കി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതിനാൽ അപകടങ്ങൾ കുറക്കാനായി. ഇംപീച്ച്‌മെന്റ് നേരിടാനിരിക്കേ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ പത്രക്കാരോട് ഒരു കാര്യം പറഞ്ഞു. സ്വയം പ്രഖ്യാപിത ഖലീഫയായ ആഗോള ഭീകരൻ അബൂബക്കർ അൽ ബഗ്ദാദിയെ യു.എസ് സേന ശരിപ്പെടുത്തിയെന്ന്. ഇതിന് മുമ്പ് മൂന്ന് നാല് മരണം കഴിഞ്ഞ ആളായതിനാൽ വിശ്വസിക്കണോ എന്ന് ശങ്കിച്ചവരുണ്ടായിരുന്നു. അപ്പോഴതാ ഇറാഖി ടെലിവിഷൻ കണ്ടെത്തിയ പ്രദേശവും കടലിൽ ഖബറടക്കിയത് സംബന്ധിച്ച റിപ്പോർട്ടും സംപ്രേഷണം ചെയ്യുന്നു. ഒറ്റുകാരന് അമേരിക്ക 25 ലക്ഷം യു.എസ് ഡോളറാണ് പാരിതോഷികം നൽകുക. അതും വാങ്ങി പാരഗണിലെ ഡിഷും തട്ടി അപ്‌സരയിലെ ഫസ്റ്റ് ഷോയും കണ്ട് വിലസുന്ന ഓനെ പടച്ചോൻ കാത്തോട്ടെ.
 

Latest News