Sorry, you need to enable JavaScript to visit this website.
Sunday , May   31, 2020
Sunday , May   31, 2020

പുതിയ ബാന്റ് - പഴയ ഈണം

ആലാപന ഭംഗിയിൽ നിറസൗരഭ്യമായ യേശുദാസും കിഷോർ കുമാറും ഉദിത്ത് നാരായണനും കുമാർ സാനുവും അഭിജിത്തുമെല്ലാം പഴയ തലമുറക്ക് 'വൈറൽ' സമ്മാനിച്ച ഗാനശകലങ്ങൾ വീണ്ടും ഒഴുകിയെത്തുമ്പോൾ അത് സംഗീതാസ്വാദകരുടെ മനസ്സകങ്ങളിൽ കുളിര് കോരിയിടുമെന്നതു തന്നെയാണ് '80-90'സ് ബാൻഡിനെ വ്യത്യസ്തമാക്കുന്നത്.

ആലാപന ചാരുതയുടെ പുതുശൈലിയുമായി ഇതാ രണ്ട് ഇളംപ്രതിഭകൾ. ഹൃദയ വികാരങ്ങളെ തൊട്ടുണർത്തി ഓർമയുടെ അന്തരാളങ്ങളിൽ മറഞ്ഞ പാടിപ്പതിഞ്ഞ ഗാനങ്ങളെ പുനർജനിപ്പിക്കുകയാണ് കൊച്ചി ആസ്ഥാനമായ '80-90'സ് ബാൻഡ്. യുവഗായകരായ ഫലാഹ് അലിയും അഫ്‌സലും നേതൃത്വം നൽകുന്ന '80-90' ആസ്വാദക മനസ്സുകളിൽനൊസ്റ്റാൾജിയയുടെ പെരുമഴക്കാലംതീർത്തുകൊണ്ടാണ് വേദികളിൽ നിന്ന് വേദികളിലേക്ക് പ്രയാണം നടത്തുന്നത്. ആലാപന ഭംഗിയിൽ നിറസൗരഭ്യമായ യേശുദാസും കിഷോർ കുമാറും ഉദിത്ത് നാരായണനും കുമാർ സാനുവും അഭിജിത്തുമെല്ലാം പഴയ തലമുറക്ക് 'വൈറൽ' സമ്മാനിച്ച ഗാനശകലങ്ങൾ വീണ്ടും ഒഴുകിയെത്തുമ്പോൾ അത് സംഗീതാസ്വാദകരുടെ മനസ്സകങ്ങളിൽ കുളിര് കോരിയിടുമെന്നതു തന്നെയാണ് '80-90'സ് ബാൻഡിനെ വ്യത്യസ്തമാക്കുന്നത്. യേശുദാസിന്റെ മലയാളം ഗാനങ്ങൾ മാത്രമല്ല, തമിഴ്, ഹിന്ദി ഗാനങ്ങളും അതേ ശബദ്ത്തിലും അതേ ട്യൂണിലും ആലപിച്ച് പഴമക്കാരിലെന്ന പോലെ പുതു തലമുറയിലും പഴമയുടെ പെരുമ എത്തിക്കുകയാണ് '80-90'സിന്റെ ലക്ഷ്യം. 
സ്‌കൂൾ, കേളേജ് വേദികളിലൂടെ കടന്നുവന്ന് റിയാലിറ്റി ഷോകൾക്ക് ആരംഭം കുറിച്ച് ഏഷ്യാനെറ്റ് തുടങ്ങിയ പ്രഥമ ഐഡിയ സ്റ്റാർ സിംഗറിലെ സെമി ഫൈനലിസ്റ്റായ ഫലാഹ് അലിക്ക് ഗാനന്ധർവൻ യേശുദാസിന്റെ സ്വരമാധുരി ആസ്വാദകർക്കു പകർന്നു നൽകാൻ കഴിയുമ്പോൾ കിഷോർ കുമാറിനെയും ഉദിത് നാരായണെയുമെല്ലാം നേഞ്ചിലേറ്റി നടക്കുന്നവരുടെ ആഗ്രഹ സഫലീകരണത്തിന് മുഹമ്മദ് അഫ്‌സലിനും കഴിയുന്നുവെന്നതാണ് '80-90'സിന് കുറഞ്ഞൊരു സമയം കൊണ്ട് മ്യൂസിക് ബാൻഡുകൾക്കിടയിൽ സ്ഥാനം നേടിക്കൊടുത്തത്. മലയാളികൾ എവിടെയെല്ലാം ഉണ്ടോ അവിടങ്ങളിൽ എത്തി നൊസ്റ്റാൾജിയയുടെ ഗാനാമൃതം തീർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുന്നു. 
ഐഡിയ സ്റ്റാർ സിംഗറിലൂടെ ലഭിച്ച സ്റ്റാർ പദവി നിലനിർത്തി ഏറെക്കാലം വേദികളിൽ നിറഞ്ഞു നിൽക്കാൻ ഫലാഹ് അലിക്കു കഴിഞ്ഞുവെങ്കിലും പഠനാർഥം കുറച്ചുകാലം സംഗീത രംഗത്തുനിന്ന് മാറി നിന്നുവെങ്കിലും തന്റെ സംഗീത സപര്യ തുടർന്നിരുന്നു. പഠനം പൂർത്തിയാക്കി മൂവാറ്റുപുഴ എൽദോ മാർ ബസേലിയോസ് കോളേജിൽ അധ്യാപകനായി ജോലിക്കു കയറിയ ശേഷം കോളേജ് മാനേജ്‌മെന്റിന്റെ കൂടി പിന്തുണയോടെ വീണ്ടും സംഗീത രംഗത്ത് സജീവമാവുകയായിരുന്നു. യേശുദാസിന്റെ ശബ്ദ സാമ്യം വേദികളിലും സാമൂഹിക മാധ്യമങ്ങളിലും ഫലാഹിന് വലിലൊരു ആരാധക വൃന്ദത്തെ എളുപ്പം സൃഷ്ടിക്കാൻ കഴിഞ്ഞു. ജോലിയോടൊപ്പം സംഗീത സപര്യ തുടർന്ന് നാട്ടിലും മറുനാട്ടിലുമുള്ള വേദികളിലെത്തി ഫലാഹിന് തന്റെ സാന്നിധ്യം അറിയിക്കാൻ സാധിച്ചു. 


ഇതിനിടെ മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ ലഭിച്ച അവസരം കൂടിയായപ്പോൾ ഫലാഹിന് വേദികളും  ആരാധകരും വർധിക്കുകയായിരുന്നു. 80-90 കളിൽ യേശുദാസ് പാടിയ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഏതാണ്ട് എല്ലാ ഗാനങ്ങളും അദ്ദേഹത്തിന്റെ തന്നെ പഴയ തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ മാപ്പിള ഗാനങ്ങളും അതേ ഗൃഹാതുരതയുടെ ഭാവത്തോടെ അനായാസം പാടാനാവുമെന്നത് ഗൃഹാതുരതയുടെ ഗായകൻ എന്ന പട്ടം ഇഷ്ടക്കാർ ഫലാഹിന് ചാർത്തിക്കൊടുത്തു. ഇതിനിടെ അനശ്വരം, ജിപ്‌സി തുടങ്ങി ചില സിനിമകളിലും പാടാൻ ഫലാഹിന് അവസരം ലഭിച്ചു. ആലുവ ചൊവ്വര സ്വദേശി പരേതനായ അലിയുടെയും ലൈലയുടെയും മകനാണ് ഫലാഹ് അലി. 
നാട്ടിൽ കല്യാണ പാർട്ടികളിലൂടെയും ചെറു വേദികളിലൂടെയുമായിരുന്നു മുഹമ്മദ് അഫ്‌സലിന്റെ സംഗീത രംഗത്തേക്കുള്ള പ്രവേശനം. നാട്ടിലെ കൊച്ചു വേദികളിലെ ഇഷ്ട ഗായകനായിരിക്കുമ്പോൾ തന്നെ വിദേശത്തെ വിലിയ വേദികളിലെത്തി ആസ്വാദകരുടെ മനം കവരണമെന്നതായിരുന്നു അഫ്‌സലിന്റെ സ്വപ്‌നം. അതിനായുള്ള പരിശ്രമം വിജയിപ്പിക്കാൻ അഫ്‌സലിനായി. നാട്ടിലെ സംഗീത പരിപാടികളിൽ മാത്രം ഒതുങ്ങിയാൽ പോരെന്ന തോന്നൽ അഫ്‌സലിനെ സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകളും ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ യൂട്യൂബ് ചാനൽ തുടങ്ങി ലൈവ് സംഗീത വീഡിയോകൾ അപലോഡ് ചെയ്തതോടെ അഫ്‌സലിന്റെ ആരാധക വൃന്ദം വളർന്നു. അത് ഹിന്ദി പാട്ടുകൾ ഇഷ്ടപ്പെടുന്ന ലോക തലത്തിലേക്കു വ്യാപിച്ചു. 90 കളിലെ സൂപ്പർ ഹിന്ദി ഗാനങ്ങൾ ആലപിച്ചാണ് ആരാധകരെ കൈയിലെടുത്തത്. യു ട്യൂബിൽ 80,000 ഓളം സബ്‌സ്‌ക്രൈബേഴ്‌സ് ഇന്നു അഫ്‌സലിനുണ്ട്. അഫ്‌സൽ ആലപിച്ച ചില ഗാനങ്ങൾ 30 ലക്ഷത്തിലേറെ ആളുകൾ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഇന്ത്യക്കാർ മാത്രമല്ല, പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമെല്ലാം ഉണ്ട്. ഇതിനിടയിലും വിദേശ വേദികളിൽ പാടണമെന്ന സ്വപ്‌ന സാക്ഷാൽക്കാരത്തിനായാണ് 2014 ൽ ദുബായിൽ വിസിറ്റിംഗ് വിസയിലെത്തിയത്. ഒട്ടേറെ വേദികൾ ലഭിക്കാൻ അതു സഹായിച്ചു. ആയിരത്തോളം പാട്ടുകൾ കാണാതെ പാടാൻ അഫ്‌സലിനാവും. തുടർച്ചയായി മണിക്കൂറുകളോം പാടാനും അഫ്‌സലിനു മടിയില്ല. യു.എ.ഇയിൽ മാത്രമല്ല, പിന്നീട് മറ്റു ഗൾഫ് രാജ്യങ്ങളിലും ഓസ്‌ട്രേലിയലും ക്ഷണം ലഭിച്ച് പരിപാടികൾ അവതരിപ്പിക്കാൻ അഫ്‌സലിന് അവസരം കൈവന്നു. ഇതിനിടെ ഫഌവേഴ്‌സ് ടി.വിയിൽ കോമഡി ഉത്സവത്തിൽ പാടാൻ ലഭിച്ച അവസരം കൂടിയായപ്പോൾ ആലുവ വെളിയത്തുനാട് സ്വദേശിയായ അഫ്‌സലിന്റെ പ്രശസ്തിയുടെ ഗ്രാഫ് ഉയർത്തി. 
ഒരുമിച്ച് ഒട്ടേറെ വേദികളിൽ സംഗീതാസ്വാദകരിൽ ആരവം സൃഷ്ടിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ടെന്നതാണ് ഇരുവരെയും ബാൻഡുമായി രംഗത്തു വരാൻ പ്രേരിപ്പിച്ചത്. ഇവരോടൊപ്പം അറിയപ്പെടുന്ന ഒട്ടേറെ മറ്റു കാലാകാരന്മാരും '80-90'സ് ബാൻഡിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. 
അടുത്ത ആഴ്ച നടക്കുന്ന അഹ്‌ലൻ കേരള പരിപാടിയിൽ പങ്കെടുക്കാൻ ഇവർ ഇരുവരും റിയാദിൽ എത്തുന്നുണ്ട്.

Latest News