Sorry, you need to enable JavaScript to visit this website.

ചൈത്ര നിലാവിന്റെ നീലപ്പീലി

പാട്ടുകളെഴുതാൻ പദങ്ങൾക്കായി ദൂരെ ദൂരെ സാഗരം തേടുന്ന പോക്കുവെയിൽ പൊൻനാളം കണക്കെ അലയേണ്ടി വന്നില്ല. വാക്കുകളുടെ പൂത്താലം വലംകൈയിലേന്തി മധുമാരിയിൽ സുമരാജിയായി കാറ്റിൻ തൂവൽ തഴുകി കൈതപ്രം ദാമോദരൻ നമ്പൂതിരി പാട്ടിന്റെ വനമിളക്കി. മൗനം പോലും സുഖസാന്ദ്രമായ സ്വരരാജികളുതിരുന്ന വാക്കുകളിലൂടെ, വരികളിലൂടെ വാൽക്കണ്ണെഴുതിയ മകര നിലാവിലെ മാമ്പൂമണമായി പരന്നൊഴുകി.

 
ശ്രോതാക്കളുടെ കാതുകളിൽ പുതുമഴ പോലെ പെയ്തിറങ്ങുന്ന മധുമയമായ പാട്ടുകളുടെ പൊന്നിൽ കുളിച്ചു നിൽക്കുന്ന ചന്ദ്രികാ വസന്തം തീർത്ത പ്രതിഭാധനനായ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചൈത്ര നിലാവിന്റെ പൊൻപീലിയായി മാറിയ ആ ഗാനങ്ങൾ മഴവില്ലിൻ നി റമേഴും ചാലിച്ച് ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി തിളങ്ങി നിൽക്കുന്നവയാണ്. പൊൻമുരളി ഊതും കാറ്റിൽ ഈണമലിയും പോലെ അവ മലയാളികളുടെ മനസ്സിൽ ആഴത്തിൽ അലിഞ്ഞു ചേർന്ന് അവരുടെ ആത്മാവിന്റെ പുസ്തകത്താളുകളിൽ മയിൽപീലിയായി മാറി. 
1985 ലാണ് കൈതപ്രം സിനിമക്കായി ആദ്യമായി ഗാനങ്ങളെഴുതിയത്. ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഈ മൂകവീണയിൽ ഒരു ദേവഗീതമായ് നിറയുമോ എന്നെഴുതിയ ഗാന രചയിതാവിന് നേർക്ക് കാലം കനിവോടെ, കരുതലോടെ കൺതുറന്ന് അനുഗ്രഹം ചൊരിഞ്ഞു. എഴുതിയ പാട്ടുകളിൽ മിക്കതും ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായി. 
മലയാളികൾക്കായി ഭാവ വൈവിധ്യങ്ങളുടെ സമൃദ്ധിയിൽ ഗാനങ്ങളുടെ ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് തീർത്ത് മായാമയൂരമായി പീലിനീർത്തി നിൽക്കുന്ന ഈ ഗന്ധർവ രചയിതാവ് ഇന്നിപ്പോൾ സപ്തതിയുടെ നിറവിലാണ്. പക്ഷേ, പ്രത്യേകിച്ച് അതിന്റെ ആഘോഷങ്ങളൊന്നുമില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് പിടിപെട്ട പക്ഷാഘാതത്തിന്റെ തളർച്ചയിൽ നിന്നും പതുക്കെ അദ്ദേഹം മോചനം നേടിവരികയാണിപ്പോൾ. കോഴിക്കോട് തിരൂവണ്ണൂരിലെ കാരുണ്യം എന്ന ഭവനത്തിലിരുന്ന് കൈതപ്രം മലയാളം ന്യൂസിനു വേണ്ടി മനസ്സ് തുറക്കുന്നു:-

ബാല്യം സുഖകരമായ ഓർമകളല്ല താങ്കൾക്ക് തരുന്നത് എന്നറിയാം. എങ്കിലും അക്കാലത്തിന് താങ്കളെ ഇന്നത്തെ കരുത്തനായ കൈതപ്രമാക്കിത്തീർക്കുന്നതിൽ ഒരു വലിയ പങ്കുണ്ടല്ലോ?

കരുത്തനോ, ഞാനോ? (തളർച്ചയിൽ നിന്നും കരുത്തു വീണ്ടെടുക്കാൻ ശ്രമിക്കുന്ന ശരീരത്തിന്റെ ഇടതുഭാഗം ചൂണ്ടിക്കാട്ടി അദ്ദേഹം സ്വയം പൊട്ടിച്ചിരിച്ചു) എന്തായാലും താങ്കൾ പറഞ്ഞത് ഒരർഥത്തിൽ ശരിയാണ്. രോഗത്തിന് എന്റെ ശരീരത്തെ മാത്രമേ തളർത്താൻ കഴിഞ്ഞുള്ളൂ. മനസ്സിപ്പോഴും തളരാതെ, കരുത്തോടെ പിടിച്ചു നിൽക്കുന്നുണ്ട്. നമുക്ക് അഭിമുഖത്തിലേക്കു തന്നെ വരാം. 
കൈതപ്രം കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയാണ് അച്ഛൻ. അമ്മ അതിഥി അന്തർജനം. അച്ഛൻ കണ്ണാടി ഭാഗവതർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ചെമ്പൈ ഭാഗവതരുടെ ശിഷ്യനായിരുന്നു. ഞങ്ങൾ അഞ്ചു മക്കളിൽ മൂത്തയാളാണ് ഞാൻ. അച്ഛൻ പലയിടങ്ങളിലായി സംഗീതം പഠിപ്പിച്ചു കിട്ടുന്ന തുഛമായ വരുമാനമായിരുന്നു വീട്ടിലെ ഏക വരായ്ക. ശാന്തിപ്പണിക്ക് പോയാൽ ഇടയ്ക്ക് നിവേദ്യ ചോറ് കിട്ടും. ഏഴു വയറുകളുടെ വിശപ്പകറ്റാൻ അതുകൊണ്ട് കഴിയുമായിരുന്നില്ല. പട്ടിണി ഉണ്ടും ഉറങ്ങിയും ജീവിച്ച കണ്ണീരുണങ്ങാത്ത കാലം. ദാരിദ്ര്യത്തിൽ ദഹിച്ചും ദ്രവിച്ചും പോയൊരു ബാല്യം എന്നും പറയാം.
പക്ഷേ, അക്കാലത്തു തന്നെ സംഗീതത്തോട് എനിക്ക് വലിയ കമ്പമായിരുന്നു. അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ പാരമ്പര്യ സിദ്ധിയാകണം. എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ തോന്നിയത്, പട്ടിണിയെ മറികടക്കാനുള്ള ഒരു സൂത്രപ്പണി കൂടിയായിരുന്നു അത് എന്നാണ്. സംഗീത പഠനത്തിൽ മുഴുകിയിരിക്കുമ്പോൾ വിശപ്പിനെ കുറിച്ച് മറന്നു പോകുമായിരുന്നു. അതേസമയം എന്നെ ഒരു സംഗീതജ്ഞനാക്കാൻ അച്ഛന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. സംഗീതം കൊണ്ട് അഷ്ടിക്ക് വക നേടാൻ കഴിയാത്ത അവസ്ഥ തന്നെപ്പോലെ മകനും വന്നു ചേരരുത് എന്നദ്ദേഹം ആഗ്രഹിച്ചിരിക്കണം. പക്ഷേ, ഞാൻ എന്റെ ആഗ്രഹത്തിൽ ഉറച്ചു നിന്നു.

അന്നേ കവിതകൾ കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ടായിരുന്നോ?

ഇല്ലില്ല. പക്ഷേ, സംസ്‌കൃത പഠനവും ശ്ലോകം ചൊല്ലലും മലയാള സാഹിത്യ വായനയും തകൃതിയായി ഉണ്ടായിരുന്നു. ആയിരക്കണക്കിന് സംസ്‌കൃത ശ്ലോകങ്ങൾ അന്ന് ഹൃദിസ്ഥമാക്കിയിരുന്നു. അക്കാലത്ത് വായനയിൽ താൽപര്യം വളർത്തിയത് വലിയമ്മയുടെ മകനായ നീലമന ഇല്ലം ഈശ്വരൻ നമ്പൂതിരിയാണ്. മാതമംഗലം ഭാരതി ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനായിരുന്ന അദ്ദേഹം തെരഞ്ഞെടുത്തു തരുന്നു പുസ്തകങ്ങൾ വായിച്ചാണ് പുറ ത്തുള്ള വലിയ ലോകത്തെ അറിയാൻ തുടങ്ങിയത്.

എപ്പോഴായിരുന്നു സംഗീത പഠനത്തിന്റെ വിശാലതയിലേക്കുള്ള യാത്രയുടെ തുടക്കം? 

അത് മാതമംഗലം ഗവ.ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി പഠനം കഴിഞ്ഞപ്പോഴാണ്. തുടർന്ന് പഠിക്കാനൊക്കെ വലിയ മോഹമായിരുന്നു. പക്ഷേ, ഇല്ലത്തിന്റെ ദരിദ്രാവസ്ഥയിൽ ഒന്നും നടക്കില്ലെന്ന് മനസ്സിലായി. അങ്ങനെ സംഗീതം പഠിക്കാൻ എന്ന പേര് പറഞ്ഞ് അവിടെ നിന്നും പുറത്തു ചാടി. വാസ്തവത്തിൽ രണ്ട് ഉദ്ദേശ്യങ്ങളായിരുന്നു അതിന് പിന്നിൽ. ഒന്ന് ഇല്ലത്തെ ദാരിദ്ര്യത്തിൽ നിന്നുള്ള രക്ഷപ്പെടൽ. മറ്റൊന്ന് ഒരു തൊഴിലെടുത്ത് കുടുംബത്തിന് ആശ്വാസമാകുന്ന രീതിയിൽ ചെറിയൊരു വരുമാനം കണ്ടെത്തൽ. ശാന്തിപ്പണി അന്നേ അറിയാം. കുടുംബ ക്ഷേത്രമായ കൈതപ്രം വാസുദേവപു രം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയതാണത്.

സംഗീത പഠന യാത്രയിലെ ആദ്യ ഇടത്താവളം പഴശ്ശി കോവിലകം?

അതെ. അവിടെ പടിഞ്ഞാറെ കോവിലകത്ത് താമസിച്ച് പി.എസ്.ശങ്കരവർമ രാജയുടെ കീഴിലായിരുന്നു പഠിച്ചത്. കാര്യമായ സംഗീത പഠനം നടന്നില്ലെങ്കിലും ഒരു വർഷം ഭക്ഷണത്തിന് മുട്ടുണ്ടായില്ല. കിടക്കാൻ ഇടവും കിട്ടി. അന്ന് അതൊരു വലിയ കാര്യമായിരുന്നു. അവിടെ നിന്നും നേരെ പോയത് പൂഞ്ഞാർ കോവിലകത്തേക്കാണ്. അതിന് ആലക്കോട് തമ്പുരാന്റെ സഹായം കിട്ടി. അവിടെ കാഞ്ഞിരമറ്റം കൊട്ടാരത്തിലായിരുന്നു താമസവും സംഗീത പഠനവും. അങ്ങനെ ഒരു ആറു വർഷം. സംഗീതത്തിൽ കാര്യമായ ശിക്ഷണം കിട്ടിയ ഒരു കാലമായിരുന്നു അത്. സംഗീതക്കച്ചേരികളിൽ പാടാൻ തുടങ്ങിയതും അക്കാലത്താണ്. ആ സമയത്ത് തന്നെ കൊട്ടാരത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശാന്തിപ്പണിയും ചെയ്തിരുന്നു.

ഇടയ്ക്ക് സംഗീത പഠനവുമായി തലശ്ശേരിയിലും ഉണ്ടായിരുന്നില്ലേ?

ഉണ്ടായിരുന്നു. അവിടെ മേലൂരിലെ പൈതൽ മാഷുടെ കീഴിലായിരുന്നു പഠിച്ചിരുന്നത്. അക്കാലത്ത് തലശ്ശേരിക്കടുത്ത് പൊന്ന്യം സ്രാമ്പിയിലെ  തെക്കേ വീട്ടിൽ ഭഗവതി ക്ഷേത്രത്തിൽ ശാന്തിപ്പണിയും ചെയ്തിരുന്നു. 10 രൂപയായിരുന്നു പ്രതിഫലം. അത് കൃത്യമായി കിട്ടിയിരുന്നുമില്ല. ദിവസവും കുറച്ച് അരിയും ഒരു തേങ്ങയും കിട്ടും. മറ്റു താമസ സൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ രാത്രി അമ്പലത്തിനകത്ത് തന്നെ കിടന്നോളാനാണ് വീട്ടുകാർ പറഞ്ഞത്. ഓല മേഞ്ഞ ഒരു ചെറിയ ക്ഷേത്രമാണത്. മഴ പെയ്താൽ മേൽക്കൂര ചോർന്നൊലിക്കും. അതിനകത്ത് രാത്രി ഒറ്റക്ക് കിടക്കാൻ പേടിയായിരുന്നു.
സന്ധ്യക്ക് പൂജ കഴിഞ്ഞാൽ ശ്രീകോവിലടച്ച് നേരെ തലശ്ശേരിക്ക് നടക്കും. ഒരു പത്ത് കിലോ മീറ്ററെങ്കിലും ഉണ്ടാകുമത്. അവിടെ റെയിൽവേ സ്റ്റേഷനിൽ ചെന്ന് പത്രം വിരിച്ചു കിടക്കും. അതിരാവിലെ ഈ ദൂരമത്രയും തിരിച്ചു നടന്ന് പ്രഭാത പൂജയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തും. ബസിന് അന്ന് പത്ത് പൈസയേ വേണ്ടൂ. പക്ഷേ, ശാന്തിപ്പണിക്ക് കിട്ടുന്ന 10 രൂപ മുഴുവനായും കുടുംബത്തിലേക്ക് നൽകുന്നതിനാൽ ബസിന് കൊടുക്കാൻ കൈയിൽ ആ തുഛമായ കാശ് പോലും ഉണ്ടായിരുന്നില്ല.  

തിരുവനന്തപുരത്ത് എത്തുന്നതെപ്പോഴാണ്? ഏറെക്കാലം പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കൈതപ്രത്തിന്റെ സംഗീത ലോകത്തെ വളർച്ചയുടെ ആരംഭം അവിടെ നിന്നാണ് എന്നറിയാം?

പൂഞ്ഞാർ കോവിലകത്ത് സംഗീത പഠനവുമായി കഴിയുന്ന കാലത്താണ് എസ്.വി.എസ്.നാരായണൻ എന്നൊരു സംഗീതജ്ഞനെ പരിചയപ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹമാണ് ജഗതിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ താമസിപ്പിച്ച് എനിക്ക് സംഗീതം കൂടുതലായി പഠിക്കാനുള്ള സൗകര്യം ഒരുക്കിയതും ഒപ്പം ആകാശവാണിയിൽ പാടാനുള്ള അവസരം തന്നതും. 1974 ലായിരുന്നു അത്. കാവാലം നാരായണപ്പണിക്കർ, ആർ. നരേന്ദ്ര പ്രസാദ് എന്നിവരൊക്കെ ജീവിതത്തിൽ ഗുരുസ്ഥാനീയരായി വരുന്നത് അക്കാലത്താണ്. നരേന്ദ്ര പ്രസാദിന്റെ നാട്യഗൃഹം എന്ന നാടക ട്രൂപ്പിന് വേണ്ടി ഗാനങ്ങൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തിരുന്നു.
ആകാശവാണിയിൽ പാടാൻ ചെന്ന ഞാൻ പതുക്കെ അവർക്കായി കവിതകളും ഗാനങ്ങളും എഴുതിത്തുടങ്ങിയതും അക്കാലത്താണ്. കാവാലമായിരുന്നു അതിന്റെ മുഴുവൻ പ്രേരണയും. അരവിന്ദൻ, നെടുമുടി വേണു, നടൻ മുരളി എന്നിവരുമായി സൗഹൃദത്തിലാകുന്നതും അതേ സമയത്തു തന്നെയാണ്. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയവരോടൊപ്പം കവിതകൾ അവതരിപ്പിക്കാൻ അക്കാലത്ത് എനിക്ക് ധാരാളം വേദികൾ കിട്ടി. അനേകം സംഗീതക്കച്ചേരികളും ആ സമയത്ത് നടത്തിയിരുന്നു. സംഗീത സംവിധായകരായ എം.ജി.രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്നിവരുടെ പ്രോത്സാഹനം അക്കാലത്ത് നിർലോഭമായി ലഭിച്ചു. ആ സമയത്താണ് എന്റെ കവിതകൾ കലാകൗമുദിയിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലും ഒക്കെ വരാൻ തുടങ്ങിയത്. 
ആയിടയ്ക്ക് മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലി കിട്ടി. ആഴ്ചപ്പതിപ്പിലായിരുന്നു പ്രധാനമായും പണി. അന്ന് ആഴ്ചപ്പതിപ്പ് തിരുവനന്തപുരത്തു നിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. പണി കിട്ടിയതോടെ ജീവിതത്തിലെ അലച്ചിലിന് താൽക്കാലിക വിരാമമായി. ജീവിതത്തിൽ ആദ്യമായാണ് ഒരു സ്ഥിരവരുമാനം ലഭിക്കുന്നത്. പിന്നീട് വീണ്ടും ആഴ്ചപ്പതിപ്പ് കോഴിക്കോട്ടേക്ക് മാറിയപ്പോൾ എനിക്ക് അങ്ങോട്ട് പോകാൻ അവസരം തന്നത് ആഴ്ചപ്പതിപ്പിലെ ചിത്രകാരൻ എ.എസ് ആയിരുന്നു. കോഴിക്കോടിനെ അന്നേ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വാസ്വേട്ടനൊക്കെ (എം.ടി.വാസുദേവൻ നായർ) അവിടെ ഉള്ളതായിരുന്നു അതിന് പ്രധാന കാരണം. 

സിനിമക്ക് വേണ്ടി പാട്ടുകൾ എഴുതിത്തുടങ്ങിയ സാഹചര്യം എന്തായിരുന്നു?

സിനിമ ധാരാളമായി കാണും എന്നതൊഴിച്ചാൽ അതിൽ പാട്ടെഴുതുക എന്നതൊന്നും അന്ന് ആലോചിച്ചിരുന്നില്ല. അതിന് സാധിക്കില്ല എന്ന ഉറച്ച ബോധ്യം തന്നെ കാരണം. അന്ന് മാതൃഭൂമിയിൽ ജോലിയുമായി കോഴിക്കോട്ടാണ്. അക്കാലത്ത് യേശുദാസിന്റെ തരംഗിണിക്ക് വേണ്ടി ചില ഗാനങ്ങളൊക്കെ എഴുതിയിട്ടുണ്ട്. അതു കേട്ടിട്ടാണെന്ന് തോന്നുന്നു, ഒരിക്കൽ ഫാസിൽ എന്നെ വിളിച്ചു. ഫാസിലിനെ മുമ്പേ അറിയാം. പക്ഷേ, അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നില്ല. ഫാസിലിനോടെന്നല്ല, സിനിമയിൽ ആരോടും  ഇതു വരെ ഞാൻ ചാൻസ് ചോദിച്ച് അങ്ങോട്ട് ചെന്നിട്ടില്ല. പാട്ട് ആവശ്യമുള്ളവർ ഇങ്ങോട്ട് വരികയായിരുന്നു. അതൊരു വലിയ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. 
അന്ന് ഫാസിൽ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയുടെ ജോലിയിലായിരുന്നു. അതിലേക്ക് ഗാനങ്ങൾ എഴുതാൻ അദ്ദേഹമെന്നോട് പറഞ്ഞു. ആലപ്പുഴയിലെ ബ്രദേഴ്‌സ് ടൂറിസ്റ്റ് ഹോമിൽ അതിനായി ഒരു മുറിയെടുത്തു തന്നു. അത്, വയലാർ, ഉദയക്ക് വേണ്ടി അനേകം പാട്ടുകളെഴുതാൻ ഉപയോഗിച്ച മുറിയായിരുന്നു. അവിടെയിരുന്നാണ് ഞാനെന്റെ ആദ്യ സിനിമാ പാട്ടെഴുതിയത്-ദേവദുന്ദുഭീ സാന്ദ്രലയം എന്ന ഗാനം. അത് പാടിയത് യേശുദാസും സംഗീതം നൽകിയത് ജെറി അമൽ ദേവുമായിരുന്നു. 

അതോടെ കൈതപ്രം സിനിമയിൽ തന്റെ ജൈത്രയാത്ര തുടങ്ങി?

എവിടെ? സിനിമ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെങ്കിലും അവയിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നതു സത്യം. എന്നിട്ടും ഒരു ഒന്നര വർഷത്തോളം സിനിമയിൽ എനിക്ക് ചാൻസൊന്നും കിട്ടിയില്ല. ഇടയ്ക്ക് ഒരിക്കൽ സത്യൻ അന്തിക്കാട് വിളിച്ച് ഒരു ചാൻസ് തരാം എന്നു പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. പിന്നെ പെട്ടെന്നൊരു ദിവസം സത്യൻ എന്റെ വീടു തേടി ഇവിടെ വന്നു. അന്നു ഞാൻ ഇതിനടുത്തൊരു വാടക വീട്ടിലായിരുന്നു. കുടുബ പുരാണം എന്നൊരു സിനിമ താൻ ചെയ്യുന്നുണ്ട് എന്നും അതിൽ തിരുമേനിയുടെ ചില ഗാനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മദ്രാസിൽ ചെന്ന് മ്യൂസിക് ഡയറക്ടർ മോഹൻ സിത്താരയെ കണ്ടു. താലോലം താനേ താരാട്ടും എന്ന ഗാനമെഴുതി. പടവും പാട്ടും ഹിറ്റായി. പിന്നീടെനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നതേയില്ല, ഈ നിമിഷം വരെ.  

മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരുടെ കൂടെയും സഹകരിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് താങ്കൾ. ജെറി അമൽദേവ്, മോഹൻ സിത്താര, രവീന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ജാസി ഗിഫ്റ്റ്... ആ പട്ടിക വളരെ നീണ്ടതാണ്. പക്ഷേ, ഇവരിൽ ഏറ്റവും കൂടതൽ പാട്ടുകളിൽ സഹകരിച്ചത് ജോൺസൺ മാഷുമായിട്ടാണ്. എന്താണ് ആ ഒരു മനപ്പൊരുത്തത്തിന്റെ രഹസ്യം?

അതിലങ്ങനെ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ല. ചിലപ്പോൾ അതങ്ങനെ സംഭവിച്ചു പോയതായിരിക്കും. 1989 ൽ സത്യൻ അന്തിക്കാടിന്റെ വരവേൽപിന് വേണ്ടിയാണ് ഞാൻ ആദ്യമായി ജോൺസണുമായി സഹകരിക്കുന്നത്. അതിലെ പാട്ടുകളൊക്കെ ഹിറ്റായപ്പോൾ തുടർന്നും അദ്ദേഹമെന്നെ വിളിക്കാൻ തുടങ്ങി. കിരീടം, വടക്കുനോക്കി യന്ത്രം, അർഥം, മഴവിൽക്കാവടി, ത ലയണ മന്ത്രം, പാവം പാവം രാജകുമാരൻ, ഞാൻ ഗന്ധർവൻ, സവിധം, കുടുംബസമേതം തുടങ്ങി 40 ഓളം ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും ജോൺസണ് എന്താണ് വേണ്ടത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. അതുപോലെ എന്നിലെ രച യിതാവിനെ മനസ്സിലാക്കാൻ അദ്ദേഹത്തിനും. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹായിച്ചുമുള്ള മ്യൂസിക് കമ്പോസിംഗായിരുന്നു ഞങ്ങളുടേത്. 

ഗാനരചയിതാവ് എന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ദേശാടനത്തിൽ സംഗീത സംവിധായകന്റെ കുപ്പായമണിഞ്ഞ് അവയിലെ പാട്ടുകളത്രയും ഹിറ്റുകളാക്കുന്നത്. എന്തായിരുന്നു അതിനിടയാക്കിയ സാഹചര്യം?

1990 ൽ പുറത്തിറങ്ങിയ ജയരാജിന്റെ വിദ്യാരംഭം എന്ന സിനിമ മുതൽ ഞാനദ്ദേഹവുമായി സഹകരിക്കുന്നുണ്ട്. തുടർന്ന് കുടുംബസമേതം, സോപാനം, പൈതൃകം തുടങ്ങി ഒരുപിടി സിനിമകൾ ഞങ്ങൾ ചെയ്തു. ഓരോ സിനിമക്കും ആവശ്യമായ സംഗീതം എന്താണെന്ന് ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. ഞാൻ സംഗീതക്കച്ചേരി നടത്തുന്നതിനെ കുറിച്ചും നരേന്ദ്ര പ്രസാദിന്റെ നാടകങ്ങളിൽ സംഗീതം നൽകുന്നതിനെ കുറിച്ചും ഒരുപക്ഷേ, അദ്ദേഹം അറിഞ്ഞിരിക്കണം. അതായിരിക്കണം ദേശാടനത്തിലെ സംഗീത സംവിധാന ചുമതല എന്നെ ഏൽപിക്കാൻ കാരണം എന്നു ഞാൻ കരുതുന്നു. ജയരാജിനെ പോലെ അസാമാന്യ തന്റേടമുള്ള ഒരാൾക്കേ ആ റിസ്‌ക് എടുക്കാൻ ചങ്കൂറ്റമുണ്ടാകൂ. ചിത്രത്തിന്റെ സംഗീത സംവിധാന ചുമതല ഏറ്റെടുക്കുമ്പോൾ ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു. ജയരാജ് ധൈര്യം നൽകിയപ്പോൾ അങ്ങ് ചെയ്തു. പാട്ടുകൾ ഹിറ്റായത് ദൈവ ഭാഗ്യം. അതോടെ ഉദയപുരം സുൽത്താൻ, അഗ്നിസാക്ഷി, എന്ന് സ്വന്തം ജാനകിക്കുട്ടി,  കളിയാട്ടം, തീർഥാടനം തുടങ്ങി പല സിനിമകളുടെയും സംഗീത സംവിധാനം നിർവഹിക്കാനുള്ള ഭാഗ്യം കിട്ടി. എല്ലാത്തിനും കടപ്പാട് ജയരാജിനോടാണ്.

ഇടയ്‌ക്കൊരിക്കൽ ജയരാജിന്റെ തന്നെ സോപാനം എന്ന ചിത്രത്തിലൂടെ കഥാ-തിരക്കഥാകൃത്തിന്റെ റോളിലും വന്നല്ലോ? 

1993 ലാണത്. അക്കുറി എന്റെ പതിവു മൂകാംബിക യാത്രയിൽ ജയരാജും ചേർന്നു. ക്ഷേത്രദർശനം കഴിഞ്ഞ് കുടജാദ്രി കയറി. ആ യാത്രകളിലെ വിശ്രമ വേളകളിലെപ്പൊഴോ ഞാൻ എന്റെ ഒരു ജീവിത കഥയുടെ ഏട് ജയരാജിനോട് പറഞ്ഞു-ഒരു വൺലൈൻ സ്റ്റോറി. ജയരാജിന് അതിഷ്ടപ്പെട്ടു. അത് തിരുമേനി തന്നെ ഒരു തിരക്കഥയാക്കൂ എന്നു പറഞ്ഞപ്പോൾ മൂകാംബിക ദേവിയെ മനസ്സിൽ ധ്യാനിച്ച് എഴുതിത്തുടങ്ങി. വെറും മൂന്നു ദിവസം കൊണ്ടാണ് അതിന്റെ തിരക്കഥ പൂർത്തിയായത്. സത്യത്തിൽ ഒരു മുന്നൊരുക്കവുമില്ലാതെ എടുപിടി എന്ന് തുടങ്ങിയ സിനിമയായിരുന്നു, സോപാനം.

സ്വാതി തിരുനാൾ, ആര്യൻ, ഹിസ് ഹൈനസ് അബ്ദുള്ള, തീർത്ഥാടനം, വൈശാലി തുടങ്ങി ഏതാനും പടങ്ങളിൽ അഭിനയിക്കുകയും ചെയ്തു?

അടുപ്പമുള്ള തിരക്കഥാകൃത്തുക്കളോ സംവിധായകരോ നിർമാതാക്കളോ നിർബന്ധിക്കുമ്പോൾ ചെയ്തു പോകുന്ന സാഹസമാണത്. അല്ലാതെ അഭിനയ മോഹം കലശലായതുകൊണ്ട് ചെയ്യുന്നതല്ല എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ അഭിനയമൊഴിച്ച് ഇപ്പോൾ ഞാൻ ചെയ്യുന്ന എല്ലാ പണിയും എനിക്കിഷ്ടമാണ്. 

മഴവില്ലിനറ്റം വരെ എന്നൊരു സിനിമ സംവിധാനം ചെയ്യുന്നതായി കുറേക്കാലമായി കേട്ടിരുന്നു?

ശരിയാണ്. പടം തുടങ്ങിയിട്ട് കുറച്ചു കാലമായി. പല പല കാരണങ്ങളാൽ വൈകിപ്പോയതാണ്. എന്റെ മകൻ, ദീപാങ്കുരനാണ് അതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ലാബ് പണികൾ പൂർത്തിയായി വരുന്നു. ഈ വർഷം തന്നെ എന്തു വന്നാലും അത് റിലീസ് ചെയ്യണമെന്ന വാശിയിലാണ് ഞാൻ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്.

കവി, ഗാനരചയിതാവ്, നടൻ, പാട്ടുകാരൻ, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, സംവിധായകൻ എന്നിങ്ങനെ നിരവധി റോളുകളിൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കൈതപ്രത്തിന് ഇനി എന്താവാനാണ് മോഹം? 

ഇനിയങ്ങനെ പ്രത്യേകിച്ച് മോഹങ്ങളൊന്നുമില്ല. എന്റെ വീഴ്ചകളിൽ താങ്ങായും ആഹ്ലാദങ്ങളിൽ അരികു പറ്റിയും ഭാര്യ ദേവിയും മക്കൾ ദീപാങ്കുരനും ദേവദർശനും അവരുടെ കുടംബവും ഒപ്പമുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ അർഹതപ്പെട്ടതിലും ഉയരത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. എനിക്കിതു മതി. ഞാൻ സംതൃപ്തനാണ്.

Latest News