Sorry, you need to enable JavaScript to visit this website.

കോച്ചല്ല, ഞാൻ സുഹൃത്ത് -റെനാഡ്‌

ഒരു ദശകത്തോളം ആഫ്രിക്കൻ ടീമുകളെ ഒരുക്കിയെടുക്കുന്നതിൽ വ്യാപൃതനായ ഫ്രഞ്ചുകാരൻ ഹാർവി റെനാഡ് സൗദി അറേബ്യൻ ടീമിന്റെ പരിശീലക പദവി ഏറ്റെടുത്തിരിക്കുകയാണ്. സാംബിയ, ഐവറികോസ്റ്റ്, മൊറോക്കൊ ടീമുകളുടെ കോച്ചായിരുന്നു അദ്ദേഹം. രണ്ടു തവണ ആഫ്രിക്കൻ നാഷൻസ് കപ്പ് ചാമ്പ്യനാവുകയും ആഫ്രിക്കൻ ടീമുകൾക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് സൗദി അറേബ്യയുടെ പരിശീലകനായി ചുമതലയേറ്റത്. സൗദി അറേബ്യൻ ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയാണ് അമ്പത്തൊന്നുകാരന്റെ പ്രധാന ലക്ഷ്യം. കളിക്കാരുമായി ഉറ്റബന്ധം നിലനിർത്തുകയാണ് തന്റെ രീതിയെന്ന് റെനാഡ് പറയുന്നു. റെനാഡുമായി അഭിമുഖം.

ചോ: ദീർഘകാലമായി ആഫ്രിക്കൻ ടീമുകൾക്കൊപ്പം ചെലവിട്ട താങ്കൾ എന്തുകൊണ്ടാണ് സൗദി അറേബ്യയുടെ ഓഫർ സ്വീകരിക്കുകയും ഏഷ്യയിലേക്ക് ചുവട് മാറ്റുകയും ചെയ്തത്?
ഉ: പുതിയ അതിരുകൾ കീഴടക്കുകയും വിജയം വരിക്കുകയും ചെയ്യുകയെന്നത് ജീവിതത്തിന് എപ്പോഴും പുതുമ നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട ആഫ്രിക്കൻ അനുഭവം വിജയകരമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ദേശീയ ടീമുകൾക്കൊപ്പം തുടരാനായിരുന്നു തീരുമാനം. അപ്പോഴാണ് സൗദി അറേബ്യയിൽനിന്ന് ഓഫർ ലഭിക്കുന്നത്. സൗദി ടീമിനെ നന്നായി അറിയാമായിരുന്നു. ഏഷ്യയിലെ വമ്പൻ ടീമുകളിലൊന്നാണ് അത്. 
കഴിഞ്ഞ ലോകകപ്പിൽ അവർ കളിക്കുകയും ചെയ്തിരുന്നു. അത്തരമൊരു ടീമിൽ നിന്നുള്ള ഓഫർ അവഗണിക്കാൻ സാധിക്കുമായിരുന്നില്ല. ഫുട്‌ബോളിലെ വൻശക്തികളിലൊന്നാണ് സൗദി. കഠിനാധ്വാനം ചെയ്താൽ എല്ലാ ലക്ഷ്യങ്ങളും സാധ്യമാക്കാവുന്ന ടീമാണ് അത്. 

 

ചോ: മൂന്നു മാസമായി താങ്കൾ സൗദി ടീമിനൊപ്പം ചേർന്നിട്ട്. എങ്ങനെയാണ് കളിക്കാരുമായി എളുപ്പം പരിചയത്തിലായത്. എങ്ങനെയാണ് തുടക്കം പ്ലാൻ ചെയ്തത്?
ഉ: കളിക്കാരെ നിരീക്ഷിക്കാനാണ് ആദ്യം ശ്രമിച്ചത്. ഭാഗ്യത്തിന് സൗദി പ്രൊഫഷനൽ ലീഗ് വൈകാതെ ആരംഭിച്ചു. കൂടാതെ നാല് സൗദി ടീമുകൾ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നുണ്ടായിരുന്നു. ആദ്യം പത്തു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും പരസ്പരം അറിയാൻ ശ്രമിക്കുകയും ചെയ്തു. ക്രമേണ കാര്യങ്ങൾ സുഗമമായി. എല്ലാവർക്കും കളിയുടെ വിശദാംശങ്ങളിലേക്ക് പോകാൻ താൽപര്യമായി. കളിക്കളത്തിനു പുറത്തും സുഗമമായിരുന്നു കാര്യങ്ങൾ. ഊഷ്മളമായിരുന്നു കളിക്കാർ തമ്മിലുള്ള ബന്ധം. ആസ്വദിച്ചു കളിക്കണമെന്നായിരുന്നു എന്റെ ഉപദേശം. രാജ്യത്തിന്റെ കുപ്പായമിടുന്നത് വലിയ അംഗീകാരമാണെന്നും അതിനായി കഠിനാധ്വാനം ചെയ്യണമെന്നും അവരെ ഉണർത്തി. 

ചോ: സൗദി ടീം എത്രത്തോളം മുന്നേറുമെന്നാണ് കരുതുന്നത്?
ഉ: 2022 ലെ ലോകകപ്പിനും 2023 ലെ ഏഷ്യൻ കപ്പിനും യോഗ്യത നേടാനുള്ള പ്രയാണമാണ് ടീം തുടങ്ങിയിരിക്കുന്നത്. ഗ്രൂപ്പ് ഡി-യിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുകയാണ് പ്രഥമ ലക്ഷ്യം. മറ്റൊരു ഉന്നം ടീമിലേക്ക് പുതിയ കളിക്കാരെ കൊണ്ടുവരികയെന്നതാണ്. അത് സാവധാനമേ നടക്കൂ. നിരവധി യുവപ്രതിഭകൾ സൗദിയിലുണ്ട്. ഏഷ്യൻ അണ്ടർ-19 ചാമ്പ്യന്മാരാണ് സൗദി ടീം. ഈ വർഷം പോളണ്ടിൽ നടന്ന അണ്ടർ-20 ലോകകപ്പിൽ ഏഷ്യയെ പ്രതിനിധീകരിച്ചിരുന്നു സൗദി ടീം. ഈ കളിക്കാരെയൊക്കെ സീനിയർ ടീമിലേക്ക് കൊണ്ടുവരികയും ഭാവിയിലേക്ക് വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. 

ചോ: സൗദി കളിക്കാരുടെ ശക്തിയും ദൗർബല്യവും വിലയിരുത്തിയിട്ടുണ്ടോ?
ഉ: നല്ല കഴിവുള്ള കളിക്കാരാണ് സൗദി ടീമിലുള്ളത്. അതിനാൽ ഏത് ഭൂഖണ്ഡത്തിലും ഒപ്പത്തിനൊപ്പം പൊരുതാൻ അവർക്ക് കഴിയും. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നാല് സൗദി ടീമുകൾ കളിക്കുന്നുണ്ട്. അൽഹിലാൽ ഫൈനലിലെത്തി. ഹിലാൽ ടീമിലെ ഏഴ് കളിക്കാർ ദേശീയ ടീമിലുണ്ട്. ഹിലാൽ കിരീടം നേടുമെന്നാണ് പ്രതീക്ഷ. സൗദി ടീം ഈയിടെ മാലിയുമായി സന്നാഹ മത്സരം കളിച്ചു. നല്ല ഫിസിക്കൽ ഗെയിമായിരുന്നു അത്. 
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൂന്നു മത്സരങ്ങൾ കളിച്ചു. സിംഗപ്പൂരിനെ ഹോം മത്സരത്തിൽ തോൽപിച്ചു. എവേ മത്സരങ്ങളിൽ യെമനുമായും ഫലസ്തീനുമായും സമനില പാലിച്ചു. സൗദിയുൾപ്പെടുന്ന ഗ്രൂപ്പ് അത്ര എളുപ്പമുള്ളതല്ല. കഴിവിനൊത്ത പ്രകടനം കാഴ്ചവെക്കാൻ വൈകാതെ സൗദി ടീമിന് സാധിക്കുമെന്നും അവരുടെ കളി ആരാധകരെ ഹരം പിടിപ്പിക്കുമെന്നുമാണ് പ്രതീക്ഷ. 

ചോ: എന്താണ് താങ്കളുടെ കോച്ചിംഗ് ഫിലോസഫി. ടീം അടിസ്ഥാനമാക്കേണ്ട ഏതെങ്കിലും തന്ത്രങ്ങളുണ്ടോ?
ഉ: എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ടീമെന്ന നിലയിൽ കളിക്കുകയെന്നതാണ്. വിംഗുകൾ പരമാവധി ഉപയോഗിച്ച് പാസ് ചെയ്തു കളിക്കുകയും തന്ത്രപൂർവം മുന്നേറുകയുമാണ് വേണ്ടത്. ഇത് പാലിക്കുന്നേടത്തോളം ടെക്‌നിക്കലായി ടീമിന് പുരോഗതി പ്രാപിക്കാനാവും. വ്യത്യസ്ത തന്ത്രങ്ങൾ പരീക്ഷിക്കാനുമാവും. ഉദാഹരണത്തിന്, സിംഗപ്പൂരിനെതിരെ 4-2-3-1 രീതിയിലാണ് ഞങ്ങൾ തുടങ്ങിയത്. നല്ല ഏകോപനമുള്ളതായി തോന്നി. 3-0 ന് ജയിക്കുകയും ചെയ്തു. കഴിവുണ്ടെങ്കിൽ, സാങ്കേതിക പക്വതയുണ്ടെങ്കിൽ, ഒറ്റക്കെട്ടായി കളിക്കുമെങ്കിൽ കൂടുതൽ മെച്ചപ്പെടാൻ ടീമിന് സാധിക്കും. 
ചോ: ആഫ്രിക്കൻ ടീമുകൾക്കൊപ്പമുള്ള വിജയങ്ങൾ കാരണം സൗദി ആരാധകർ താങ്കളെ പ്രതീക്ഷയോടെ കാണുന്നുണ്ടോ, എന്താണ് തോന്നിയത്?
ഉ: സൗദി ആരാധകർക്ക് വിജയമാണ് പ്രധാനമെന്ന് അറിയാം. ടീം പറ്റാവുന്നതിന്റെ പരമാവധി ഉയരങ്ങളിലെത്തണം. ഖസീമിൽ സിംഗപ്പൂരിനെ നേരിടും മുമ്പ് ഞങ്ങൾ ദമാമിൽ സന്നാഹ മത്സരം കളിച്ചിരുന്നു. ആരാധകരുടെ ആവേശം കാണേണ്ടതു തന്നെയായിരുന്നു. യോഗ്യതാ റൗണ്ടിലെ അവശേഷിച്ച മത്സരങ്ങളിലും കാണികളുടെ ഈ പിന്തുണ വേണം. പ്രയാസകരമായ ഈ ദൗത്യത്തിൽ ഞങ്ങൾക്ക് ഏറ്റവും വലിയ പ്രചോദനമാവും അത്. 

ചോ: സൗദി ആരാധകർക്ക് എന്ത് വാഗ്ദാനമാണ് നൽകുക?
ഉ: വലിയ വാഗ്ദാനങ്ങൾ നൽകാൻ ഞാനില്ല. 2022 ലെ ലോകകപ്പിന് യോഗ്യത നേടുമെന്ന പ്രഖ്യാപനത്തോടെയാണ് ഞാൻ ചുമതലയേറ്റെടുത്തത്. ഇതാണ് പ്രധാന ലക്ഷ്യം. അത് സാധ്യമാക്കാൻ എല്ലാ ശ്രമവും നടത്തും. ഏതു ടീമിനൊപ്പമായാലും തുടങ്ങുമ്പോൾ തന്നെ ഞാൻ പറയുന്ന വാക്കുണ്ട് -ക്ലബ്ബുകളിൽ കിട്ടുന്ന സൗകര്യങ്ങൾ ഇവിടെ കിട്ടണമെന്നില്ല. എന്നാൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനെക്കാൾ വലിയ അംഗീകാരം നിങ്ങൾക്ക് വേറെ കിട്ടില്ല. അതിനാൽ കഴിവിന്റെ പരമാവധി പ്രയത്‌നം കാഴ്ചവെക്കുക. 

ചോ: മൊറോക്കോയെ താങ്കൾ ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലെത്തിച്ചു. അതെക്കുറിച്ച് വിവരിക്കാമോ?
ഉ: ഞങ്ങൾ ഒരു ലക്ഷ്യം നിർണയിക്കുകയും ആ ലക്ഷ്യം കരഗതമാക്കുകയും ചെയ്തു. അതാണ് 2018 ലെ ലോകകപ്പ് ഫൈനൽ റൗണ്ടിലെ സ്ഥാനം. എതിരാളികളെക്കാൾ നന്നായി കളിച്ചിട്ടും ലോകകപ്പിൽ ഉദ്ദേശിച്ച ഫലം നേടാൻ സാധിച്ചില്ലെന്നതു ശരിതന്നെ. വ്യക്തിപരമായി കളിക്കാരുമായി ഉറ്റ ബന്ധം നിലനിർത്തിയിരുന്നു. ടീം സ്പിരിറ്റ് ഉജ്വലമായിരുന്നു. 
പരിക്കുള്ള കളിക്കാർ പോലും ഇന്റർനാഷനൽ മത്സരങ്ങളുടെ ഇടവേളകളിൽ ഞങ്ങൾക്കൊപ്പം ടീം ക്യാമ്പിൽ വന്ന് താമസിക്കുമായിരുന്നു. അത് എനിക്ക് വലിയ ആഹ്ലാദമാണ് നൽകിയത്. 
ഒരു തവണ ലോകകപ്പിന്റെ ആഹ്ലാദമനുഭവിക്കുന്നവർ അവിടെ തിരിച്ചെത്താൻ കൊതിക്കും. ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനെക്കാൾ വലിയ ആഹ്ലാദം വേറെയില്ല. സൗദി ടീമിനൊപ്പം 2022 ലെ ലോകകപ്പിന് എത്താൻ ഞാൻ സാധ്യമായതെല്ലാം ചെയ്യും. 


 

Latest News