Sorry, you need to enable JavaScript to visit this website.

കരുതൽ വേണം കടലോളം 

ജിദ്ദയിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന മകൻ ചെറിയ ക്ലാസിൽനിന്നും വലിയ ക്ലാസിലേക്ക് ഈ വർഷം മാറുമ്പോൾ അവൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കൗമാരപ്രായത്തിലേക്ക് പ്രവേശിച്ച് തുടങ്ങുന്ന അവന്റെ സമഗ്ര വളർച്ചയ്ക്ക് രക്ഷിതാവെന്ന നിലയിൽ ഏതൊക്കെ രീതിയിലാണ് പിന്തുണയേകേണ്ടത് എന്നതുമെല്ലാമായിരുന്നു കഴിഞ്ഞ ദിവസം എന്നെ തേടിയെത്തിയ അൾജീരിയക്കാരനായ ഒരു രക്ഷിതാവിനറിയേണ്ടത്. 
സ്വന്തം ജീവിത കഥ പറഞ്ഞ് കൊണ്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്. വിശുദ്ധ ഖുർആൻ പൂർണമായും മനപ്പാഠമാക്കിയ അദ്ദേഹം ബിസിനസ് മാനേജ്‌മെന്റിൽ ഉന്നത വിദ്യാഭ്യാസം നേടി കീർത്തി കേട്ട ഒരു സ്ഥാപനത്തിൽ അസൂയാവഹമായ തസ്തികയിൽ ജോലി ചെയ്യുകയാണ് .
സ്‌നേഹനിധിയായ എന്നാൽ ഗൗരവ പ്രകൃതക്കാരനായ പിതാവിന്റെയും കുട്ടികളുടെ മനസ്സറിഞ്ഞ് അറിവ് പകർന്നേകിയ ഏതാനും അധ്യാപകരുടേയുമെല്ലാം സ്വാധീനം അദ്ദേഹം ഇതിനിടയിൽ കൃതജ്ഞതാ പൂർവ്വം സ്മരിച്ചു. 
മകന്റെ പഠനത്തിലെ മികവും പാഠ്യേതര രംഗത്തെ നേട്ടങ്ങളും ഏറെ സന്തോഷപൂർവ്വം റിപ്പോർട്ടുകളുടെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു. ഗണിത ശാസ്ത്രജ്ഞൻ എന്ന വാക്കുപയോഗിച്ചാണ് അവന്റെ കണക്കിലെ മികവിനെ വിദ്യാലയം പരിചയപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. ഭാഷയിലും ശാസ്ത്ര പഠനത്തിലും സർഗ രചനകളിലുമെല്ലാം മിടുമിടുക്കനായ കുട്ടി മുപ്പത് ഭാഗങ്ങളുള്ള ഖുർആനിലെ പതിമൂന്നോളം ഭാഗങ്ങൾ പൂർണ്ണമായും മനപ്പാഠമാക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് മകനെ കുറിച്ചുള്ള സ്വാഭാവികമായ ചില വേവലാതികൾ അയാൾ പങ്ക് വെച്ചു, ആ രക്ഷിതാവിൽ നിന്നും മകനിൽ നിന്നും ഒരു പാട് പുതിയ കാര്യങ്ങൾ ഞാൻ പഠിക്കുകയായിരുന്നു! 
മക്കളെ മികവുറ്റ വിദ്യയും സ്വഭാവ നിഷ്ഠയും നൽകി ഇഹപരലോക വിജയത്തിനുതകുന്നവരാക്കി വളർത്തിയെടുക്കാൻ കൊതിക്കാത്ത മാതാപിതാക്കൾ അധികം ഉണ്ടാവില്ല. കൊതിച്ചത് കൊണ്ട് മാത്രം കാര്യമില്ലല്ലോ? കടലോളം കരുണയും കരുതലും വേണം. ഒപ്പം അതിനുള്ള പ്രാർത്ഥനാനിർഭരമായ ആസൂത്രണവും വാൽസല്യമസൃണമായ പരിശ്രമവും ക്രിയാത്മകമായ ഇടപെടലും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. 
ഗ്രേഡിനു വേണ്ടി മാത്രം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരും അതിലേക്കു മാത്രം ശ്രദ്ധയൂന്നി കുട്ടികളെ സമർദ്ദത്തിലാക്കുന്ന രക്ഷിതാക്കളും നാൾക്ക് നാൾ കൂടി വരികയാണ്. മുൻ കാലങ്ങളിൽ നിന്നും ഭിന്നമായ പേടിപ്പെടുത്തുന്ന പല സംഭവങ്ങളും വാർത്തകളും ചുറ്റിലും അനുദിനം പെരുകി വരുന്നതിൽ ചെറുതല്ലാത്ത പങ്ക് ഇത്തരക്കാർ കൂടി വഹിക്കുന്നുണ്ട്. 
നിസ്സാരമായ കാര്യത്തിന് പോലും, അച്ചടക്കത്തിന്റെ പേരിലോ പരീക്ഷകളിലെ ഗ്രേഡ് കുറവിന്റെ പേരിലോ കുട്ടികളെ നിർദയമായി ശിക്ഷിക്കുന്ന രക്ഷിതാക്കളും അധ്യാപകരും കുട്ടിയുടെ ദീർഘകാല വളർച്ചയുടെ കാര്യത്തിൽ വിപരീതമായ സ്വാധീനമാണ് ചെലുത്തുന്നത്. കുട്ടികളോടുള്ള അതിക്രമം തടയുന്നതിനും അവർക്ക് ശാരീരികവും വൈകാരികവും സാമൂഹ്യവുമായ സുരക്ഷിതത്വം ഉറപ്പ് നൽകുന്നതിനുമായി പല നിയമനിർമ്മാണങ്ങളും മറ്റു നടപടികളും സർക്കാറുകളും ലോകാരോഗ്യ സംഘടനയും സ്വീകരിച്ചുവരുന്നുണ്ട്. എന്നിട്ടും വീട്ടിലും വിദ്യാലയങ്ങളിലും കുട്ടികളോടുള്ള അതിക്രമങ്ങൾ ഹൃദയ ഭേദകമായ രീതിയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.
വളരുന്നതിന്റെ ഭാഗമായി കുട്ടികളിൽ സ്വഭാവത്തിൽ ചില അനഭിലഷണീയമായ പ്രവണതകൾ കാണുന്നത് സ്വാഭാവികമാണ്. പല ഘടകങ്ങൾ ഇതിന് കാരണമാവുന്നുണ്ട്. രക്ഷിതാക്കളും അധ്യാപകരും പരസ്പരം സൃഷ്ടിപരമായ രീതിയിൽ കുട്ടികളുടെ സർവ്വതോമുഖമായ വളർച്ച കണക്കിലെടുത്ത് അവ തിരുത്തി അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും വൈകാരികമായ പിന്തുണയും നൽകണം. അതിനവർ പാകപ്പെടുമ്പോഴാണ് യഥാർത്ഥ ശിക്ഷണം സാധ്യമാവുകയുള്ളൂ. അപ്പോഴേ രക്ഷിതാക്കളും അധ്യാപകരും ഉത്തരവാദിത്തമുള്ളവരും തിരിച്ചറിവുള്ളവരുമാകുന്നുള്ളൂ.
കുട്ടിയിലെ സൽഗുണങ്ങളെ കണ്ടെത്തി പ്രോൽസാഹിപ്പിച്ചും ദുർവാസനകളെ കാര്യകാരണ സഹിതം അറിഞ്ഞ് നിരുൽസാഹപ്പെടുത്തിയും നേർവഴി നടത്തി പരിപാലിക്കേണ്ടവർ പലവിധത്തിലും കുട്ടിയുടെ വളർച്ചയ്ക്ക് വിഘാതമാവുന്ന ദുരവസ്ഥ കൂടിക്കൂടി വരികയാണ്. അവരെ, പലവിധേന ദുരുപയോഗം ചെയ്യുകയും ചൂഷണത്തിന് വിധേയമാക്കി ഉപദ്രവിക്കുകയും എന്തിനധികം കൊന്നു തള്ളുക പോലും ചെയ്യുന്ന പൈശാചികത ആരെയും അമ്പരപ്പിക്കുന്നതാണ്. ഇളം പ്രായത്തിൽ ആവശ്യമായ ശാരീരികവും മാനസികവുമായ പിന്തുണ നൽകാതിരിക്കുന്നത് കുറ്റാർഹമാണെന്ന് മാത്രമല്ല കുട്ടികളിൽ കുറ്റവാസന നാമ്പിടാനും ശക്തിപ്പെടാനും അതിടയാക്കുക കൂടി ചെയ്യുന്നു.
ശാരീരികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ മനപ്പൂർവ്വം കുട്ടിയെ ഉപദ്രവിച്ച് പരിക്കുകൾ ഏൽപ്പിക്കുകയും ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നതുൾപ്പെടെ, പൊള്ളിക്കുക, ശ്വാസം മുട്ടിക്കുക, കടിക്കുക, അതിശക്തമായി പിടിച്ചു കുലുക്കുക തുടങ്ങിയവയെല്ലാം കുട്ടികളിൽ ദൂരവ്യാപകമായ ശാരീരിക വൈകാരിക ആഘാതങ്ങൾക്ക് ഇടയാക്കുന്ന ശിക്ഷാ മുറകളാണ്.
കുട്ടികളുടെ പൂർണമായ വളർച്ചയ്ക്ക് മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്‌നേഹവും കരുതലും വേണ്ടുവോളം ലഭിക്കേണ്ടതുണ്ട്. കുട്ടിയെ ഒരു വ്യക്തിയായി പരിഗണിക്കുകയും വീഴ്ചകളെയും പോരായ്മകളേയും അനുകമ്പാ പൂർവ്വം തിരുത്തുകയുമാണ് വേണ്ടത്. പകരം, ആവശ്യമായ കരുതലോ പിന്തുണയോ നൽകാതിരിക്കുകയും കുട്ടിയെ നിരന്തരമായി കുറ്റപ്പെടുത്തുകയും, കളിയാക്കുകയും, വേർതിരിച്ചു കാണുകയും ചെറുതാക്കി കാണിക്കുകയും ചെയ്യുന്ന രക്ഷിതാക്കളും അധ്യാപകരും കുട്ടിയുടെ മാനസികമായ വളർച്ചയെ തകരാറിലാക്കുക മാത്രമല്ല ചിലപ്പോൾ ഇളം മനസ്സിന്റെ താളം തെറ്റിക്കാൻ കൂടി കാരണമാവുന്നുണ്ട്. 
ജന്മനായുള്ള ചില കാരണങ്ങൾ കൊണ്ടോ, കുട്ടിയുടെ അറിവില്ലായ്മ കൊണ്ടോ, രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ അധ്യാപകരുടേയോ പെരുമാറ്റങ്ങളിലും സമീപനങ്ങളിലുമുള്ള അരുതായ്മകൾ കൊണ്ടോ കുട്ടികളിൽ സ്ഥിരമായ പെരുമാറ്റ വൈകൃതങ്ങൾ കണ്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ പെട്ടെന്നെടുത്ത് ചാടി കുട്ടിയെ ശിക്ഷിക്കുന്നതിനും മാനസികമായി തളർത്തുന്നതിനും പകരം മനശ്ശാസ്ത്രപരമായി, അവധാനതയോടെ പ്രശ്‌നത്തെ പഠിച്ച് പരിഹരിക്കാനുള്ള ക്ഷമയും പക്വതയും അധ്യാപകരും രക്ഷിതാക്കളും കാണിക്കുകയാണ് വേണ്ടത്.
ഏഴു വയസ്സുവരെയുള്ള പ്രായം എഴുപതിലേക്കുള്ള അസ്തിവാരമിടുന്ന അതിനിർണായക ഘട്ടമാണ്. അതുപോലെ തന്നെയാണ് ഏഴാം ക്ലാസ് വരെയുള്ള അധ്യാപകരുടെ സ്വാധീനവും. ഒരു വിഷയത്തെ സ്‌നേഹിക്കാനും വെറുക്കാനും കുട്ടി പഠിച്ച് തുടങ്ങുന്നത് ആ ക്ലാസുകളിൽ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ കൊളുത്തിയോ അണച്ചോ വെക്കുന്ന ആവേശത്തിന്റെ ഇളം കൈത്തിരികളിലൂടെയാണ്.
കുട്ടിയുടെ പിൽക്കാല ജീവിത വിജയത്തിൽ അത്യന്താപേക്ഷിതമായ ആത്മവിശ്വാസം, പരസ്പര സഹകരണം, ബന്ധങ്ങളിലെ ഊഷ്മളത, സർഗ്ഗാത്മകത, വിമർശനാത്മക ചിന്താപരത തുടങ്ങിയ അടിസ്ഥാന ശേഷികൾക്ക് ഊനം തട്ടാത്ത തരത്തിൽ കുട്ടിയുടെ ക്ഷേമകരമായ സമഗ്രവളർച്ച സാധ്യമാക്കുന്ന സ്‌നേഹാദരാലയങ്ങളാവണം വീടും വിദ്യാലയങ്ങളും. അപ്പോഴേ നാട്ടിലും നഗരങ്ങളിലും കൂടുതൽ സുരക്ഷിതത്വവും അഭിവൃദ്ധിയും സാധ്യമാവൂ.
 

Latest News