ദുബായ്- മാതാവിനെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന ഇന്ത്യന്‍ ദമ്പതികള്‍ക്ക് ദുബായ് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. 29 വയസ്സുള്ള യുവാവും 28 വയസ്സുള്ള ഭാര്യയുമാണ് പ്രതികള്‍.
യുവാവിന്റെ മാതാവാണ് ക്രൂരമായി മരണപ്പെട്ടത്. അയല്‍ക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു.
2018 ഒക്ടോബര്‍ 31–നാണ് മകന്റെയും മരുമകളുടെയും പീഡനത്തിന് ഇരയായ സ്ത്രീ മരിച്ചത്. മകളെ ശരിയായ രീതിയില്‍ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്. മരിക്കുമ്പോള്‍ അമ്മക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. 2018 ജൂലൈ മുതല്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് കോടതി രേഖകള്‍.
ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എല്ലുകള്‍ക്കും വാരിയെല്ലുകള്‍ക്കും ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം.
ഇവരെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വിവസ്ത്രയായി അയല്‍വാസി കണ്ടതോടെയാണ് ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചത്. സ്ത്രീയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






