മെന്റര്‍, സംരംഭകന്‍, മനുഷ്യസ്‌നേഹി... പണം തട്ടിപ്പിന് ഒടുവില്‍ പിടിയില്‍

ദുബായ്- വേഗം സമ്പന്നനാകാനുള്ള മനുഷ്യന്റെ അതിമോഹം ചൂഷണം ചെയ്ത് കോടികള്‍ വെട്ടിച്ച പാക്‌വംശജനായ കനേഡിയന്‍ പൗരന്‍ ദുബായില്‍ അറസ്റ്റിലായി. ബുര്‍ജ് ഖലീഫയില്‍ താമസക്കാരനായിരുന്ന അസീസ് കോം മിര്‍സയാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. വന്‍ തുക തട്ടിയെന്ന് കാണിച്ച് യു.എ.ഇ പൗരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
ഇല്ലാത്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചും ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിപ്പിച്ചുമാണ് ഇയാള്‍ പണം തട്ടിയത്. അമേരിക്ക, യു.കെ. കാനഡ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ തട്ടിപ്പിനിരയിട്ടുണ്ട്.
യു.കെ. കേന്ദ്രമായുള്ള മുസ്‌ലിം എന്‍ട്രപ്രോണേഴ്‌സ് നെറ്റ് വര്‍ക്ക് എന്ന ഓണ്‍ലൈന്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായവരാണ് വഞ്ചിക്കപ്പെട്ടവരില്‍ അധികവും. മിര്‍സയുടെ സഹോദരന്‍ റഫാഖത്ത് മിര്‍സയും ഈ പ്ലാറ്റ്‌ഫോമില്‍ അംഗങ്ങളായി ചേരുകയും തുടര്‍ന്ന് തട്ടിപ്പ് നടത്തുകയുമായിരുന്നു.
സംരംഭകന്‍, മെന്റര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ സ്വയം പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. വാക്ചാതുരിയില്‍ മയങ്ങിയാണ് ആളുകള്‍ ഇയാളെ പണമേല്‍പിക്കുന്നത്. ആഡംബരജീവിതമാണ് ഇയാള്‍ ദുബായില്‍ നയിച്ചിരുന്നത്. അല്‍ അവീര്‍ ജയിലിലാണ് മിര്‍സ ഇപ്പോഴുള്ളത്.

 

Latest News