Sorry, you need to enable JavaScript to visit this website.

അഴിഞ്ഞാടുന്ന അവയവ മാഫിയ

ബൈക്കപകടത്തിൽ മരണപ്പെട്ട കുട്ടികൾ
അന്വേഷണ സംഘം
മണികണ്ഠൻ
മുത്തേടത്ത് ഉസ്മാൻ

സമ്പന്നന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ദരിദ്രന്റെ ജീവൻ കവരുക എന്ന അവസ്ഥയാണ് പല അവയവ ദാനത്തിന്റേയും പശ്ചാത്തലം. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങൾഗുരുതരമാണ്. പ്രധാനമായും അവയവ ദാനം മികച്ച കച്ചവട നിലയിലേക്ക് മാറിയ സാഹചര്യമാണ്. കേരളീയ ജീവിതത്തിൽ അതിശക്തമായി  പിടിമുറുക്കുന്ന അവയവ മാഫിയയെക്കുറിച്ച് 


2011 ൽ റിലീസ് ചെയ്ത ട്രാഫിക് എന്ന സിനിമയിൽ പോലീസ് മേധാവിയായ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. 'നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. എല്ലാ ദിവസവും പോലെ ഈ ദിവസവും കടന്നു പോകും. നിങ്ങളുടെ ഒരൊറ്റ എസ് ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാട് പേർക്ക് എസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.' ഈ ഡയലോഗിലെ അന്തസ്സത്ത വളരെ ആഴത്തിലാണ് കേരള ജനതയെ സ്വാധീനിച്ചത്. മരണാനന്തര അവയവ ദാനം വ്യക്തിയുടെ ഉത്തരവാദിത്തമാണെന്ന പ്രചോദനം. അത്യന്തം അപകട നിലയിലാകുന്ന രോഗികളെ അതിവേഗം ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതിനും ഈ ഡയലോഗ് വഹിച്ച പങ്ക് ഏറെ വലുതാണ്. അപകടങ്ങളിലോ മറ്റോ അകപ്പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുന്ന രോഗി, വെന്റിലേറ്ററിൽ നിന്ന് പുറത്തെടുത്താൽ പത്ത് മിനിട്ട് പോലും ജീവിക്കില്ലെന്നും രോഗിയുടെ അവയവങ്ങൾ ദാനം ചെയ്താൽ ഒമ്പത് പേരിലൂടെ അയാൾ ജിവിക്കുമെന്നും ഇതൊരു കാരുണ്യ പ്രവൃത്തിയാണെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുന്നത് സ്വാഭാവിക നിലയിൽ തന്നെയാണ്. ഇത് പ്രകാരം രോഗികളുടെ ബന്ധുക്കളിൽ നിന്ന്  സമ്മതപത്രം ഒപ്പിട്ട് വാങ്ങി ഉപയോഗപ്രദമായ അവയവങ്ങൾ അതാവശ്യമായ മറ്റു രോഗികൾക്ക് നൽകുന്നു. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ചില സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് മനുഷ്യാവയവങ്ങൾ വിൽപന നടത്തുന്നതായി ഇതിനകം പരാതി ഉയർന്നിട്ടുണ്ടെന്ന് മാത്രല്ല, ചില കേസുകളിൽ അത് പകൽ പോലെ വ്യക്തമായതുമാണ്. ആർക്കും ആരേയും വിശ്വസിക്കാനാകില്ല എന്ന തരത്തിലാണ് ഇത്തരം സംഭവങ്ങൾ. മലപ്പുറത്ത് മുത്തേടത്ത് ഉസ്മാൻ എന്ന വ്യക്തി അതീവ പ്രാധാന്യമർഹിക്കുന്ന ഒരു പരാതിയുമായി പോലീസ് അധികാരികളുടെ മുന്നിലെത്തിയിട്ട് മൂന്ന് വർഷമായി. ഉസ്മാൻ ഉന്നയിച്ച വിഷയത്തിൽ അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്താൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരിക്കുകയാണ്. ഉസ്മാൻ ഉന്നയിക്കുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമെന്ന് പോലീസ് കണ്ടെത്തിയാൽ കേരളത്തിന്റെ കേസന്വേഷണ ചരിത്രത്തിൽ അതൊരു പുതിയ അധ്യായം തന്നെയാകും.

 

ഒരപകടവും കുറെ ദുരൂഹതകളും
ബൈക്കപകടത്തെ തുടർന്ന് മൂന്ന് വർഷം മുമ്പ് പതിനാറുകാരനായ വിദ്യാർത്ഥി മരണപ്പെട്ടതിന് പിന്നിൽ 'അവയവ വ്യാപാരികളു'ണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പിതാവ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബൈക്കപകടത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളഴിക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്ത് പുറത്തിറങ്ങിയ 'ജോസഫ്' എന്ന സിനിമയിലേത് പോലുള്ള കൊലപാതകമാണിതെന്ന് ആരോപിച്ചാണ് മരണപ്പെട്ട നജീബുദ്ദീൻ എന്ന കുട്ടിയുടെ പിതാവ് മൂത്തേടത്ത് ഉസ്മാൻ പോലീസ് മേധാവിയെ സമീപിച്ചത്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ഈ കേസിന്റെ അന്വേഷണച്ചുമതല.
പൊന്നാനിക്കടുത്ത് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തായി 2016 നവംബർ 20 ന് രാത്രിയിലുണ്ടായ ബൈക്കപകടത്തിൽ പാലപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയും ചാവക്കാട് അവിയൂർ സ്വദേശിയുമായ നജീബുദ്ദീനും (16), സുഹൃത്ത് കോരുവളപ്പിൽ ഹനീഫയുടെ മകനും വന്നേരി സ്വദേശിയുമായ വാഹിദും (16) മരണപ്പെട്ടിരുന്നു. നവംബർ 20 ന് രാത്രി വന്നേരി സ്‌കൂൾ മൈതാനിയിലെ ഫുട്‌ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവേയാണ് ഇവരുടെ ബൈക്ക് അപകടത്തിൽ പെടുന്നത്. തുടർന്ന് ഇരുവരേയും രണ്ട് വാഹനങ്ങളിലായി ആരോ ആശുപത്രിയിലെത്തിച്ചു. കാര്യമായി പരിക്കേറ്റ വാഹിദ് ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണപ്പെട്ടു. ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത നജീബുദ്ദീന് മുഖത്ത് ചെറിയ മുറിവ് പറ്റി എന്നതല്ലാതെ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്ന് പറയുന്നു. ആദ്യം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട നജീബുദ്ദീൻ മൂന്നാം ദിവസമാണ് മരണപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടമാണെന്ന കണ്ടെത്തലോടെ പെരുമ്പടപ്പ് പോലീസ് ഈ കേസ് അവസാനിപ്പിക്കുകയും ചെയ്തു.


അപകടം നടക്കുമ്പോൾ താൻ സ്വകാര്യ ആവശ്യത്തിനായി തിരുവനന്തപുരത്തായിരുന്നുവെന്നും മകന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേട് കണ്ടെത്തിയതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ താൻ  ഇറങ്ങിത്തിരിച്ചതാണെന്നും പിതാവ് ഉസ്മാൻ പറയുന്നു. അപകട സമയത്ത് മകന്റെ ശരീരത്തിൽ ഇല്ലാതിരുന്ന മുറിവുകൾ പിന്നീട് കണ്ടെത്തിയതോടെ മകന്റെ മരണം അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്നാണ് നജീബുദ്ദീന്റെ പിതാവ് ഉസ്മാൻ ആരോപിക്കുന്നത്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച നജീബുദ്ദീന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നതിനാൽ സർജറി ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. ചികിത്സയുടെ ഒരു ഘട്ടത്തിലും മകന്റെ നില മോശമാണെന്ന് ഒരിക്കൽ പോലും ഡോക്ടർമാർ പറഞ്ഞിട്ടുമില്ല. കഴുത്തിലും വയറിന് ഇരുവശങ്ങളിലുമായി മകന്റെ ശരീരത്തിൽ എട്ടിടങ്ങളിൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകൾ ഉണ്ടായിരുന്നതായും ജഡത്തിന്റെ ഇരു കൈകളിലും കഴുത്തിലും കണ്ടെത്തിയ കറുത്ത അടയാളങ്ങളും എങ്ങനെ ഉണ്ടായി എന്നതും വ്യക്തമല്ല. നജീബുദ്ദീനെ ആദ്യം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ട് കൂടി, കുട്ടികളെ ആശുപത്രിയിൽ എത്തിച്ചവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് മാത്രമല്ല, അപകട വേളയിൽ കരച്ചിലോ, നിലവിളിയോ മറ്റു ശബ്ദങ്ങളോ ഒന്നും കേട്ടില്ലെന്ന പരിസരവാസികളുടെ മൊഴി അടിസ്ഥാനപ്പെടുത്തുമ്പോൾ ബോധപൂർവം ആരോ ഉണ്ടാക്കിയ അപകടമാണ് ഇതെന്ന സംശയം ബലപ്പെടുത്തുന്നതായും ഉസ്മാൻ വിശദീകരിക്കുന്നുണ്ട്. നജീബുദ്ദീന്റെ ജഡം മോർച്ചറിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചോ പോസ്റ്റ്‌മോർട്ടം സംബന്ധിച്ചോ പിതാവായ തന്നെ ആരും അറിയിച്ചില്ലെന്നും ഉസ്മാൻ പറയുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം ചെയ്യാമെന്നിരിക്കേ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം മതിയെന്ന് പോലീസ് നിർബന്ധം പിടിച്ചതിൽ ദുരൂഹതയുണ്ടെന്നും ഉസ്മാൻ ആരോപിക്കുന്നുണ്ട്. ജഡം ഇൻക്വസ്റ്റ് ചെയ്ത സമയത്തെടുത്ത ഫോട്ടോകൾ വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ബന്ധപ്പെട്ടവർ നൽകിയിട്ടില്ല. അപകട സമയത്തും പിന്നീട് മകന്റെ മരണ ശേഷവും എടുത്ത ഫോട്ടോകളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണ് ഉസ്മാൻ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയത്. മകന്റെ മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരിൽ തനിക്കെതിരെ ഫോണിൽ ഭീഷണിയുണ്ടെന്നും ഉസ്മാൻ നൽകിയ പരാതിയിലുണ്ട്.
മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഉസ്മാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബൈക്കപകടത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളഴിക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങൾ തൽക്കാലം വെളിപ്പെടുത്താനാകില്ലെന്ന് ഡിവൈ.എസ്.പി അബ്ദുൽ ഖാദർ പ്രതികരിച്ചു.

സമ്പന്നന്റെ പണവും ദരിദ്രന്റെ ജീവനും
സമ്പന്നന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ദരിദ്രന്റെ ജീവൻ കവരുക എന്ന അവസ്ഥയാണ് പല അവയവ ദാനത്തിന്റേയും പിന്നാമ്പുറ പശ്ചാത്തലം. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ ഗുരുതരമാണ്. പ്രധാനമായും അവയവ ദാനം മികച്ച കച്ചവട നിലയിലേക്ക് മാറിയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. അവയവ ദാനം നൽകാൻ സമ്മതദാന പത്രികയിൽ ഒപ്പു വെച്ച് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരാണ് പുതിയ തലമുറയിൽ നല്ലൊരു വിഭാഗം. അവയവ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പൊതുവെ ഘോഷിക്കപ്പെടുമ്പോൾ ഇതിന്റെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കച്ചവടത്തിനും  തീവെട്ടിക്കൊള്ളയ്ക്കുമെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയരുന്നില്ല എന്നതാണ് വസ്തുത. ഇതിനുള്ള കാരണവും വ്യക്തമാണ്. മിക്ക സ്വകാര്യ ആശുപത്രികളുടേയും ഉടമകൾ ഉന്നത ബന്ധമുള്ളവരാണ്. ഇക്കാരണം കൊണ്ട് തന്നെ ഇവിടങ്ങളിൽ നടക്കുന്ന ഏത് തരം കൊള്ളരുതായ്മകളും അത്ര വേഗത്തിൽ അറുതി വരുത്താനുമാകില്ല. അവയവ ദാനത്തിന് ഏറ്റവുമധികം പേർ മുന്നോട്ട് വരുന്നതും കൂടുതൽ അവയവ മാറ്റ ശസ്ത്രക്രിയകൾ നടക്കുന്നതും എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളുൾപ്പെടുന്ന മധ്യകേരളത്തിലാണ്. അവയവം നൽകുന്നവർക്ക് നൽകുന്ന പ്രതിഫലമാകട്ടെ, പല തരത്തിലുമാണ്. ഒരു ലക്ഷം മുതൽ 50 ഉം 60 ഉം ലക്ഷങ്ങൾ മനുഷ്യാവയവങ്ങൾക്ക് വിലയായി ലഭിക്കുന്നു. കൊച്ചിയിലെ പ്രശസ്തമായ ചില ആശുപത്രികളിൽ ഇതിനായി പ്രവർത്തിക്കുന്ന പ്രത്യേക വിംഗുകളും ആശുപത്രിക്ക് വെളിയിൽ കൊച്ചി നഗരത്തിൽ അവയവ കച്ചവടത്തിന്റെ ഇടനിലക്കാരായും ഏറെ പേരുണ്ട്. 
കരൾ, കിഡ്‌നി, മജ്ജ എന്നിവ ജീവിച്ചിരിക്കുമ്പോൾ തന്നെ ദാനം ചെയ്യാവുന്ന അവയവങ്ങളാണ്. എന്നാൽ കണ്ണ്, പാൻക്രിയാസ്. ശ്വാസകോശം, ഹൃദയം എന്നിവ മരണ ശേഷവും ദാനം ചെയ്യാം. മരണ ശേഷം എന്ന് വെച്ചാൽ മസ്തിഷ്‌ക മരണത്തിന് ശേഷം. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ബന്ധുക്കളിൽ നിന്ന് അനുമതി വാങ്ങിയാണ് മാറ്റിവെക്കുന്നത്. ഇതുകൊണ്ട് തന്നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിക്കുന്ന രോഗിയെ രക്ഷപ്പെടുത്തുന്നതിനേക്കാൾ ഇല്ലാതാക്കലാണ് പലയിടത്തും നടക്കുന്നതെന്ന ആരോപണം ശക്തമാണ്. വെന്റിലേറ്ററിൽ നിന്ന് പുറത്തെടുത്താൽ രോഗി ജീവിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുന്ന ആശുപത്രി അധികൃതർ, അയാളുടെ അവയവം ദാനം ചെയ്താൽ ഒമ്പത് പേരിലൂടെ അയാൾ ജീവിക്കുമെന്നും ഇതൊരു പുണ്യ പ്രവൃത്തിയാണെന്നും പറഞ്ഞ് ബന്ധുക്കളെ സമ്മർദത്തിലാക്കുന്നതോടെ അവയവ മാറ്റത്തിന് ബന്ധുക്കൾ സമ്മതിക്കുന്നു. രണ്ട് നേട്ടമാണ് ഇത് മൂലമുണ്ടാകുന്നത്. പണത്തിന് പുറമെ ചുളുവിൽ ലഭിക്കുന്ന വാർത്താ പ്രാധാന്യത്തിലൂടെയുള്ള പരസ്യവും അത് വഴി ആശുപത്രിയുടെ പെരുമയും ഉയരുന്നു. ഇത്തരത്തിൽ ആശുപത്രി മാഫിയകളുടെ കച്ചവടത്തിനെതിരെ ഒറ്റപ്പെട്ട സ്വരങ്ങൾ ഇടയ്ക്ക് ഉയർന്നുവരാറുണ്ട്. അവയവം മാറ്റിവെയ്ക്കൽ സർജറിക്ക് ശേഷം തുടർചികിത്സയിലാണ് ആശുപത്രികൾ ലാഭം കൊയ്യുന്നതെന്ന് നടൻ ശ്രീനിവാസൻ പരസ്യമായി പറഞ്ഞിരുന്നു. തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന രോഗികളുടെ വിഷമതകൾ അദ്ദേഹം ചൂണ്ടിക്കാട്ടിയതോടെ, പലരും അദ്ദേഹത്തിനെതിരെ ഉറഞ്ഞു തുള്ളി. ഇതോടെ ശ്രീനിവാസൻ പിന്നീട് നിശ്ശബ്ദനായി.
അവയവ കച്ചവടം നടന്നാൽ പിന്നീടുണ്ടാകുന്ന തുടർ ചികിത്സയിലൂടെ ആശുപത്രികൾക്ക് ഇരട്ട നേട്ടമുണ്ടാക്കാനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിൽ രോഗി മാത്രമല്ല, അവയവം നൽകിയ ദാതാവും ജീവൻ നില നിർത്താൻ ദീർഘകാലം മരുന്ന് കഴിക്കണമെന്നതാണ് പ്രധാന കാര്യം. അവയവം മാറ്റിവെക്കലിനോട് ചില ഭിഷഗ്വരൻമാരും ഇതിനകം അഭിപ്രായ ഭിന്നത പ്രകടമാക്കിയിട്ടുണ്ട്. മാറ്റിവെക്കുന്ന പുതിയ അവയവത്തെ ശരീരം സദാ പുറന്തള്ളാൻ ശ്രമിക്കുമെന്നും ഈ പുറന്തള്ളലിനെ അടിച്ചമർത്താനുള്ള മരുന്നുകളാണ് രോഗി പിന്നീട് കഴിക്കുന്നതെന്നും ഒരു വിഭാഗം ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. അവയവങ്ങൾ സ്വീകരിച്ചവരും അത് നൽകിയവരും ജീവിത കാലം മുഴുവൻ മരുന്നുകൾ കഴിക്കാൻ  നിർബന്ധിതരാകുന്നുവെന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ അവയവ മാഫിയ ശക്തമായി നിലകൊള്ളുന്നത് തമിഴ്‌നാട്ടിലാണ്. ചതിച്ചും കെണിയിൽ പെടുത്തിയും നടത്തുന്ന തമിഴ്‌നാട്ടിലെ അവയവ കച്ചവടത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി തന്നെ തമിഴ്‌നാട് സർക്കാരിനോട് കഴിഞ്ഞ വർഷം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില അന്വേഷണ പ്രഹസനങ്ങളൊക്കെ ഉണ്ടായി എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല. വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി മണികണ്ഠന്റെ ആന്തരികാവയവങ്ങൾ കവർന്നെടുത്ത സംഭവത്തിലായിരുന്നു ഇത്.

 

നരക പാതയാവുന്ന തമിഴ്‌നാട് ഹൈവേകൾ
2004 മുതൽ 2017 മെയ് വരെ തമിഴ്‌നാട്ടിലെ വിവിധ ദേശീയ പാതകളിലുണ്ടായ 97 അപകടങ്ങളിലായി മരണപ്പെട്ടത് 337 മലയാളികളാണ്. ഈ കേസുകളെല്ലാം തന്നെ അപകട മരണമായാണ് ബന്ധപ്പെട്ട രേഖകൾ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് ലഭിക്കുന്ന ജഡങ്ങളിൽ പലതിന്റെയും ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന ആശങ്ക ബന്ധുക്കൾ പ്രകടമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ അപകടത്തിൽ പെടുന്ന വാഹനങ്ങളിൽ ഏറിയ പങ്കും പളനി, വേളാങ്കണ്ണി, നാഗൂർ, ഏർവാടി, മുത്തുപ്പേട്ട തുടങ്ങിയ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കുടുംബമായി യാത്ര പോകുന്നവരാണ്. മിക്ക അപകടങ്ങളിലും വില്ലൻ വാഹനം ലോറിയോ, വലിയ ട്രക്കുകളോ ആണുതാനും. തമിഴ്‌നാട്ടിലെ ചില പ്രധാന ആശുപത്രികളിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെയുണ്ടായ അവയവ മാറ്റ ശസ്ത്രക്രിയയുടെ എണ്ണം വളരെ വലുതാണ്.  ഹൈവേകളിലുണ്ടായ വാഹനാപകടത്തിന്റെ എണ്ണവും വലുതാണ്. ഇവ തമ്മിൽ നിഗൂഢമായ ബന്ധമുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സേലം, ഈറോഡ്, തിരുനെൽവേലി, ട്രിച്ചി, മധുര എന്നിവിടങ്ങളിലെ ഹൈവേകളിൽ  നൂറുകണക്കിന് മലയാളികൾക്കാണ് ഏതാനും വർഷത്തിനിടെയായി അപകടങ്ങളിൽ കൂട്ടമരണം സംഭവിച്ചത്. ഈ ദുരൂഹ അപകടങ്ങളെല്ലാം തന്നെ അവയവ മാഫിയയുടെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നതും. അപകടത്തിൽ മരണപ്പെടുന്നവരുടെ ജഡങ്ങൾ പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമാവും പലപ്പോഴും ബന്ധുക്കൾക്ക് കാണാനാവുക. കിഡ്‌നി, ഹൃദയം, ശ്വാസകോശം, കരൾ എന്നിവയുടെയെല്ലാം ആവശ്യക്കാരായ മാച്ചിംഗ് രോഗികളുടെ വലിയ പട്ടിക തന്നെ ആശുപത്രി അധികൃതർ സൂക്ഷിക്കുകയും ചെയ്യുന്നു. ഇരകൾ ഒത്തുകിട്ടുന്നതോടെ ഇവയുടെ കച്ചവടവും നടക്കുന്നു. തമിഴ്‌നാട്ടിൽ അപകടങ്ങളിൽ മരണപ്പെടുന്നവരുടെ ജഡങ്ങൾ കേരളത്തിലെത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്യിക്കുക എന്നത് സാങ്കേതികമായും മറ്റും ഏറെ പണിപ്പെട്ട കാര്യവുമാണ്. ഇത്തരം നിയമ സാധ്യതകളിലേക്കൊന്നും ആരും ഇറങ്ങിച്ചെല്ലാത്തതാണ് അവയവ മാഫിയകളുടെ ആശ്വാസവും.
 തീർത്ഥാടകരുടെ വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധ, അല്ലെങ്കിൽ ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ടുള്ള അപകടം എന്നൊക്കെയാണ് ഒട്ടുമിക്ക കേസുകളിലും തമിഴ്നാട് പോലീസിന്റെ എഫ്.ഐ.ആർ. കേസ് ക്ലോസ് ചെയ്യാനുള്ള ഏറ്റവും ലളിതമായ വഴി കൂടിയാണിത്. അതോടൊപ്പം അപകടത്തിൽ പെടുന്ന ഒട്ടുമിക്ക വാഹനങ്ങളിൽ നിന്നും യാത്രികരുടെ പണം ഉൾപ്പടെയുള്ള വസ്തുക്കൾ തിരിച്ച് ലഭിക്കുന്നില്ലെന്ന വെളിപ്പെടുത്തലുകളുമുണ്ട്. ഏത് വാഹനമാണ് ഇടിച്ചിട്ടതെന്ന കാര്യം ചില സംഭവങ്ങളിൽ തെളിഞ്ഞിട്ടുമില്ല. ജഡം നാട്ടിലെത്തിക്കാൻ വെമ്പുന്ന ബന്ധുകളെ അവസരം മുതലെടുത്ത് അവിടങ്ങളിലെ ആംബുലൻസ് ഡ്രൈവർമാർ മുതൽ മഹസ്സർ തയാറാക്കുന്ന പോലീസുകാർ വരെ പിഴിയുന്ന പരാതി വേറെയുമുണ്ട്.

മണികണ്ഠന്റെ മരണം


2018 മെയ് മാസത്തിൽ സേലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പാലക്കാട് മീനാക്ഷിപുരം സ്വദേശി മണികണ്ഠന്റെ (22) ആന്തരികാവയവങ്ങൾ പൂർണമായും അടിച്ചുമാറ്റിയ സംഭവം സർക്കാർ തലത്തിൽ തന്നെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചിറ്റൂർ എം.എൽ.എ എ. കൃഷ്ണൻ കുട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നു. സേലം വിനായക മിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതരാണ് മണികണ്ഠന്റെ അവയവങ്ങൾ എടുത്ത് മാറ്റിയതത്രേ. മെയ് 18 ന് തമിഴ്നാട് മേൽമറവത്തൂരിൽ  ശിങ്കാരിമേളം അവതരിപ്പിക്കാൻ പോയ മണ്കണ്ഠനും സംഘവും സ്വദേശത്തേയ്ക്ക് തിരിച്ചുവരവേ ഇവർ സഞ്ചരിച്ച ടവേര കാർ സേലത്തിനു സമീപം കള്ളിക്കുറിശ്ശിയിൽ റോഡിന് നടുവിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറുൾപ്പെടെ 7 പേർ ഉണ്ടായിരുന്ന സംഘത്തിലെ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിലൊരാളായ മണികണ്ഠനെ വിദഗ്ധ ചികിത്സക്കായി സേലത്തുള്ള വിനായക മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണികണ്ഠന് മസ്തിഷ്‌ക മരണം സംഭവിച്ചതായി  20 ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സാ ചെലവിനത്തിൽ രണ്ടര ലക്ഷം രൂപ നൽകാതെ മൃതദേഹം വിട്ടുതരില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. നിർധനരായ മണികണ്ഠന്റെ കുടുംബത്തിന് അതിന് വഴിയുണ്ടായിരുന്നില്ല. ബില്ല് അടയ്ക്കാത്ത പക്ഷം മൃതദേഹത്തിലെ അവയവങ്ങൾ ദാനം നൽകി മൃതദേഹം കൊണ്ടുപോകാമെന്ന ഉപാധി ഇടനിലക്കാർ മുഖേന ആശുപത്രി അധികൃതർ മുന്നോട്ട് വെച്ചു. ഗത്യന്തരമില്ലാതെ മണികണ്ഠന്റെ സഹോദരൻ മനോജ് സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകി. തുടർന്ന് ജഡത്തിലെ ഇരു കിഡ്‌നികൾ, നേത്രപടലം, കരൾ, കുടൽ, ശ്വാസകോശം, പാൻക്രിയാസ് എന്നിവ ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നെത്തിയ വിദഗ്ധ സംഘം എടുത്ത് മാറ്റി. 20 ന് ഉച്ചക്കു മൂന്ന് മണിക്ക് മരണം രേഖപ്പെടുത്തിയ മണ്കണ്ഠന്റെ ജഡം പാതിരാത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി അടുത്ത ദിവസം പുലർച്ചെ ജഡം 'സൗജന്യമായി വീട്ടിലെത്തിക്കാനുള്ള സൗമനസ്യ'വും കാണിച്ചു. സ്വകാര്യ ആശുപത്രികളിൽ പോസ്റ്റ്‌മോർട്ടം പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അതൊന്നും ഇവിടെ ബാധകമല്ല. പരാതിയെ തുടർന്ന് ഈ വിഷയത്തിൽ മുഖ്യമന്ത്രി പാലക്കാട് ജില്ല കലക്ടറോട് റിപ്പോർട്ട് തേടി. അന്വേഷണം നടത്തിയ ചിറ്റൂർ തഹസിൽദാർ പാലക്കാട് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ മണികണ്ഠന്റെ ഏഴ് ആന്തരികാവയവങ്ങൾ ആശുപത്രി അധികൃതർ എടുത്തു മാറ്റിയതായി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷണം നടത്തി ആവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് പിണറായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് കത്തയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് സർക്കാർ നിയോഗിച്ച അന്വേഷണ സംഘം മണികണ്ഠന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തമിഴ്‌നാട് മെഡിക്കൽ ജോയന്റ് ഡയറക്ടർ മലർമിഴി, ഡോ. വെങ്കിടേഷ്, വിജിലൻസ് ഡിവൈ.എസ്.പി തോംസൺ പ്രകാശ്, പോലീസ് സൂപ്രണ്ട് കമലാ കണ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മണികണ്ഠന്റെ സഹോദരൻമാരായ മഹേഷ്, മനോജ്, അച്ഛൻ പേച്ചി മുത്തു എന്നിവരിൽ നിന്ന് സംഘം മൊഴിയെടുത്ത് പോയി എന്നല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല. മണികണ്ഠന്റെ മരണം സംബന്ധിച്ചുള്ള വാർത്തയുടെ അലയൊലികളും പിന്നീടില്ലാതായി. വാഹനാപകടത്തിൽ പെട്ട് തമിഴ്‌നാട്ടിൽ മരണമടയുന്ന നിരവധി സംഭവങ്ങളിൽ ഇത്തരം അവയവ മാഫിയകൾക്ക് പരോക്ഷമായ പങ്കുണ്ട് എന്ന കാര്യം ശരി വെക്കുന്നതാണ് മണികണ്ഠന്റെ മരണത്തിലൂടെ പുറത്ത് വന്ന വിഷയങ്ങൾ.

കഴിഞ്ഞ കാലങ്ങളിൽ തമിഴ്‌നാട്ടിൽ നടന്ന എല്ലാ അപകടങ്ങളിലും സമഗ്രമായ അന്തർ സംസ്ഥാന അന്വേഷണം നടത്താൻ സർക്കാർ മുന്നോട്ട് വരണം. രണ്ട് വർഷം മുമ്പ് ചെന്നൈക്കടുത്തുള്ള ഗ്രാമത്തിലെ വിജനമായ കുറ്റിക്കാട്ടിൽ ആന്തരികാവയവങ്ങൾ പൂർണമായും നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ജഡം കണ്ടെത്തിയത് തമിഴ് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ആന്തരികാവയവ കച്ചവടത്തിന്റെ ഞെട്ടിക്കുന്ന തെളിവായിരുന്നു ഈ കുട്ടിയുടെ ജഡം.

Latest News