Sorry, you need to enable JavaScript to visit this website.

അദ്‌നാൻ, ചിറക് വിരിച്ച കിനാവ് 

അദ്‌നാൻ ജാബിർ
അദ്‌നാൻ ജാബിർ സുഹൃത്തുക്കളായ റംഷാദ്, നിഖിൽ എന്നിവർക്കൊപ്പം. 
ഇൻസ്ട്രക്ടറിൽ നിന്ന് മൾട്ടി എൻജിൻ ലൈസൻസ് സ്വീകരിക്കുന്നു.  
മലയാളി സുഹൃത്ത് സഈദ് അബ്ദുൽ മജീദിനൊപ്പം 

യു.എസിലെ പരിശീലന വേളയിലെ ഏറ്റവും ആഹ്ലാദകരമായ അനുഭവം മാതാപിതാക്കളെ യാത്രക്കാരാക്കി പറക്കാനായെന്നതാണെന്ന് അദ്‌നാൻ പറഞ്ഞു. കോഴ്‌സിന്റെ ഭാഗമായി യാത്രക്കാരെ ഇരുത്തി വിമാനം പറത്തേണ്ടതുണ്ട്. 2018 നവംബറിലായിരുന്നു പ്രാക്ടിക്കൽ സെഷൻ. അപ്പോഴാണ് ജിദ്ദയിൽ നിന്ന് വാപ്പയും ഉമ്മയും യു.എസ് സന്ദർശിക്കാനെത്തുന്നുവെന്ന വിവരം ലഭിച്ചത്. എങ്കിൽ അവർ തന്നെയാവട്ടെ ആദ്യ യാത്രക്കാരെന്ന് കരുതി. രണ്ട് പേരെയും ഇരുത്തി ചെറുവിമാനം അമേരിക്കയിലെ മെൽബൺ വിമാനത്താവളത്തിലേക്ക് പറത്തി.


മലയാളികളുടെ വിദ്യാഭ്യാസ സങ്കൽപത്തിൽ ഇപ്പോഴും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇടത്തരം കുടുംബങ്ങളിലെ കുട്ടി പ്ലസ് ടു പൂർത്തിയാക്കുമ്പോൾ മിക്കവരും ആലോചിക്കുന്നത് മകനെയോ, മകളെയോ മെഡിസിൻ, എൻജിനീയറിംഗ് കോഴ്‌സുകൾക്ക് ചേർക്കുന്നതിനെ കുറിച്ചാണ്. അപൂർവം ചിലർ എം.ബി.എ ബിരുദമെടുക്കുന്നു. തൊഴിൽ വിപണിയിൽ ആഗോള തലത്തിൽ അനന്ത സാധ്യതകളുള്ള വിമാന പൈലറ്റ് പോലുള്ള ജോലികളിൽ മലയാളി സാന്നിധ്യം തീരെ കുറവാണ്. ജിദ്ദയിലെ അൽവുറൂദ് ഇന്റർനാഷണൽ സ്‌കൂളിൽ 2015 ൽ പ്ലസ് ടു സയൻസ് പഠനം പൂർത്തിയാക്കിയ അദ്‌നാൻ ജാബിർ വ്യത്യസ്തനാവുന്നത് അഭിരുചിക്കൊത്ത തൊഴിൽ തെരഞ്ഞെടുത്തതിലൂടെയാണ്. 


ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ജാബിർ വലിയകത്തിന്റെ മകനാണ് അദ്‌നാൻ. ഹുനൈസ ജാബിറാണ് മാതാവ്. ജുമൈജയും ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി അഫ്‌റാ ജാബിറും സഹോദരങ്ങൾ. 
ജിദ്ദയിൽ വിദ്യാർഥിയായിരിക്കേ വാപ്പയും ഉമ്മയും ഒരു നാൾ മകനോട് ചോദിച്ചു: ജീവിതത്തിൽ ആരായിത്തീരാനാണ് അഭിലാഷം. എനിക്കൊന്നുകിൽ പട്ടാളക്കാരനാവണം, അല്ലെങ്കിൽ വിമാനം പറത്താനാവണം. ആദ്യത്തെ ചോയ്‌സ് കേട്ട പാടെ മാതാപിതാക്കൾ ഉപേക്ഷിച്ചു. പൈലറ്റ് സ്വപ്‌നവുമായി അദ്‌നാൻ കഴിഞ്ഞു വരുമ്പോഴാണ് നാട്ടിലെ വല്യുമ്മ കൊച്ചു മകനെ ഡോക്ടറായി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. മെഡിസിൻ എൻട്രൻസ് കോഴ്‌സിന് ചേരുകയെന്നതായി അടുത്ത ദൗത്യം. കോഴിക്കോട്ട് ഒരു സ്ഥാപനത്തിൽ ഇതിനായി പ്രവേശനം നേടി. വെറുതെ ഒരു വർഷം പാഴായി. തുടർന്ന് ആകാശ യാത്രയിലെ സാരഥിയെന്ന സ്വപ്‌നത്തിന് വീണ്ടും ചിറക് മുളക്കുകയായി. അങ്ങനെയാണ് ചെന്നൈ എഗ്‌മോറിലെ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്ന്  അടിസ്ഥാന കാര്യങ്ങളിൽ അറിവ് നേടിയത്. അത് കഴിഞ്ഞ് മാസങ്ങൾക്കകം ജിദ്ദയിലെ യു.എസ് കോൺസുലേറ്റിൽ സ്റ്റുഡന്റ് വിസക്ക് അപേക്ഷിച്ചു. പൈലറ്റ് പരിശീലനത്തിനുള്ള സാധ്യതകൾ എവിടെയെല്ലാം എന്ന വിഷയത്തിൽ ഇന്റർനെറ്റിൽ വിശദമായ തെരച്ചിൽ നടത്തിയാണ് അമേരിക്കയുടെ പ്രത്യേകതകൾ മനസ്സിലാക്കിയത്.

നമ്മുടെ നാട്ടിൽ ചെറിയ പട്ടണങ്ങളിലെ ബസ് സ്റ്റാന്റുകൾ പോലെ ധാരാളം വിമാനങ്ങളും വിമാനത്താവളങ്ങളുമുള്ള ഏഴാം കടലിനക്കരെ ചെന്നെത്താൻ തീരുമാനിച്ചത് അങ്ങനെയാണ്. വൈമാനികന്റെ പരിശീലനത്തിന് ലോകത്ത് ഏറ്റവും മികച്ച രാജ്യങ്ങൾ യു.എസും കാനഡയുമാണെന്ന് ഇതിനകം മനസ്സിലാക്കിയിരുന്നു. യു.എസിലെ ടെന്നിസി സ്റ്റേറ്റിലെ  അക്കാദമിയിൽ ആറ് മാസം തുടർന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ പരിശീലനം തുടർന്നത് ഫ്‌ളോറിഡയിൽ. 2 ഫ്‌ളൈ എയർഗോ എന്ന ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു വർഷം. ഫ്‌ളോറിഡയിൽ പോക്കോ ബീച്ചിലാണ് വൈമാനിക പരിശീലന സ്ഥാപനം. പരിശീലനത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഗ്രൗണ്ടും ഫഌയിംഗും. ഫ്‌ളോറിഡ സ്‌കൂളിൽ കൂടുതൽ സമയവും ചെലവഴിച്ചത് പറപ്പിക്കലിൽ വൈദഗ്ധ്യം നേടാനാണ്. ആറ് സീറ്റുകളുള്ള വിമാനത്തിൽ 12,500 അടി ഉയരത്തിൽ വരെ പറന്നാണ് പരിശീലനം. മൾട്ടി എൻജിൻ, സിംഗിൾ എൻജിൻ വിമാനങ്ങളിലെ പരിശീലനങ്ങൾ പൂർത്തീകരിച്ചതിന്റെ സാക്ഷ്യപത്രങ്ങൾ ഈ വർഷം ഓഗസ്റ്റിനിടയ്ക്ക് ലഭിച്ചപ്പോൾ ജീവിത ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയായിരുന്നുവെന്ന് അദ്‌നാൻ പറഞ്ഞു.

കൊമേസ്യൽ മൾട്ടി എൻജിൻ ലൈസൻസ് 2019 ജൂണിലാണ് ലഭിച്ചത്. ഫ്‌ളൈയിംഗ് സ്‌കൂളിൽ ചേർന്നപ്പോൾ മലയാളി കൂട്ടുകാരെ ലഭിച്ചത് രസകരമായി. മലപ്പുറം സ്വദേശി സഈദ് അബ്ദുൽ മജീദായിരുന്നു റൂം മേറ്റ്. ദുബായിയിൽ നിന്നാണ് സഈദ് പൈലറ്റാവാനെത്തിയത്. റംഷാദ്, നിഖിൽ, വിഷ്ണു എന്നീ മലയാളികളും  ഗുജറാത്തിൽ നിന്നുള്ള റോഹനും അടുത്ത സുഹൃത്തുക്കൾ. ഇന്ത്യക്കാരായ 40 പേർ ഇൻസ്റ്റിറ്റിയൂട്ടിൽ പൈലറ്റ് പരിശീലനത്തിനെത്തിയിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ധാരാളം യുവാക്കളും ഫ്‌ളോറിഡയിൽ പൈലറ്റ് പരിശീലനത്തിനെത്തിയിട്ടുണ്ട്. യു.എസിലെ ഫെഡറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഏവിയേഷനാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. അമേരിക്കയിലെ പരിശീലനത്തിനിടെ നയാഗ്ര വെള്ളച്ചാട്ടം, ന്യൂയോർക്ക്, ഷിക്കാഗോ നഗരങ്ങൾ സന്ദർശിച്ചു.  ഒരു ലക്ഷം യു.എസ് ഡോളറാണ് പഠനത്തിന് ചെലവായത്. 


യു.എസിലെ പരിശീലന വേളയിലെ ഏറ്റവും ആഹ്ലാദകരമായ അനുഭവം മാതാപിതാക്കളെ യാത്രക്കാരാക്കി പറക്കാനായെന്നതാണെന്ന് അദ്‌നാൻ പറഞ്ഞു. കോഴ്‌സിന്റെ ഭാഗമായി യാത്രക്കാരെ ഇരുത്തി വിമാനം പറത്തേണ്ടതുണ്ട്. 2018 നവംബറിലായിരുന്നു പ്രാക്ടിക്കൽ സെഷൻ. അപ്പോഴാണ് ജിദ്ദയിൽ നിന്ന് വാപ്പയും ഉമ്മയും യു.എസ് സന്ദർശിക്കാനെത്തുന്നുവെന്ന വിവരം ലഭിച്ചത്. എങ്കിൽ അവർ തന്നെയാവട്ടെ ആദ്യ യാത്രക്കാരെന്ന് കരുതി. രണ്ട് പേരെയും ഇരുത്തി ചെറുവിമാനം അമേരിക്കയിലെ മെൽബൺ വിമാനത്താവളത്തിലേക്ക് പറത്തി. രണ്ട് മണിക്കൂർ പറന്നാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. ഉമ്മയുടെ മുഖത്ത് പരിഭ്രാന്തി പ്രകടമായിരുന്നെങ്കിലും ആദ്യ യാത്രയിൽ രണ്ട് പേരെയും പാസഞ്ചറായി ലഭിച്ചത് അവിസ്മരണീയ അനുഭവമാണെന്ന് അദ്‌നാൻ പറഞ്ഞു. ഫ്‌ളോറിഡയിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് പറത്തിയത്. താഴ്ന്നു പറന്നതിനാൽ ഇരുവർക്കും യു.എസിലെ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ സൗകര്യ പ്രദവുമായി. 
അദ്‌നാൻ ഇതിനകം 300 ഫ്‌ളൈയിംഗ് ഹവറുകളാണ് പൂർത്തിയാക്കിയത്. ആയിരം മണിക്കൂറുകൾ പൂർത്തിയാക്കുന്നതോടെ യാത്രാ വിമാനങ്ങൾ പറത്താൻ കഴിയും. ഈ ലക്ഷ്യം നിറവേറ്റാനായി നവംബറിൽ വീണ്ടും യു.എസിലേക്ക് തിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിയായ അദ്‌നാൻ. 



 

Latest News