Sorry, you need to enable JavaScript to visit this website.

സഫലം, മിഥിലാജിന്റെ സകലകല

ഉംറയ്ക്കിടെ: ജലീൽ കണ്ണമംഗലം (ഫഌവേഴ്‌സ്-24) സമീപം
മിഥിലാജ് കമൽഹാസനൊപ്പം
റാണു മൊണ്ടാലിനൊപ്പം
സ്റ്റീഫൻ ദേവസ്സിക്കൊപ്പം   

കോമഡി ഉത്സവം എന്ന ജനകീയ റിയാലിറ്റി ഷോയിലൂടെ ഇതിനകം ഏഴായിരം ഇളംപ്രതിഭകളെ കണ്ടെടുത്ത് അവരുടെ സർഗവൈഭവം ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുമ്പിൽ അനാവരണം ചെയ്യുന്നതിന്റെ മാസ്റ്റർ ബ്രെയിൻ - അതാണ് കിളിമാനൂർ സ്വദേശി മിഥിലാജ്. അഞ്ഞൂറ് എപ്പിസോഡുകളുടെ അടുത്തെത്തി നിൽക്കുന്ന 'ഫഌവേഴ്‌സ് കോമഡി ഉത്സവ'ത്തെ ലോക റെക്കോർഡുകളുടെ ഗിന്നസിലേക്കുയർത്തിയതിന്റെ പ്രധാന ക്രെഡിറ്റും മറ്റാർക്കുമല്ല. പ്രവാസിയായി ജീവിതം തുടങ്ങി, ഇല്ലായ്മകളോട് പൊരുതി, മിമിക്രിയും നാടകവും ഹരമായി, ഇഛാബലം കൊണ്ട് അരങ്ങും അണിയറയും കീഴടക്കി. പ്രതിഭയുടെ തിളക്കത്തിൽ ബിഗ് സ്‌ക്രീൻ വരെ എത്തിനിൽക്കുന്ന മിഥിലാജിന്റെ മിന്നും വിജയങ്ങളുടെ വിസ്മയകഥ


മിഴിയിണകൾ നനയും മിഥിലാജിന്റെ കഥകൾക്ക് കാതോർത്തിരുന്നാൽ. കഴിഞ്ഞയാഴ്ച  ഉംറ നിർവഹണത്തി ന്റെ നിതാന്തശാന്തി തിളക്കമേറ്റിയ മുഖവുമായി ഈ ചെറുപ്പക്കാരൻ ജിദ്ദയിലെ ഹോട്ടൽ മുറിയിലിരുന്ന് അൽപനേരത്തെ 'ഗ്രൂമിംഗി'നു ശേഷം തന്റെ ദുബായ് പ്രവാസത്തിലെ അകംപൊള്ളിച്ച ഓർമച്ചെപ്പ് തുറന്ന് ജീവിതത്തിന്റെ റിയാലിറ്റി ഷോയുടെ ആദ്യ എപ്പിസോഡാരംഭിച്ചു. 
ബാപ്പയുടെ സുഹൃത്തിന്റെ മകനാണ് ദുബായിലേക്ക് വിസ ഏർപ്പാടാക്കിയത്. കൈയിൽ എൻജിനീയറിംഗ് ബിരുദവും പിന്നെ മിമിക്രി, അഭിനയം, കഥാപ്രസംഗം തുടങ്ങിയവയും. പഠനത്തിനിടെയും പഠന ശേഷവും കലയുമായി വിലസി നടക്കുന്നതിനിടെയാണ് ദുബായിലേക്ക് പറക്കേണ്ടി വന്നത്. 


ഒരു ഇറാനിയുടെ കളിക്കോപ്പ് കടയിലെ സെയിൽസ്മാന്റെ ജോലി കിട്ടി. പ്രയാസമേറിയതായിരുന്നു ജോലിയും താമസവുമൊക്കെ. കടയിലേക്ക് വരുന്ന സാധനങ്ങൾ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതൊക്കെ സെയിൽസ്മാന്റെ ജോലി തന്നെ. ഉച്ചഭക്ഷണത്തിന്റെ ഇടവേളകളിൽ ഖുബ്ബൂസും തൈരും കഴിച്ച് തൊട്ടടുത്ത പള്ളിയിൽ പോയി നിസ്‌കാരവും വിശ്രമവും. അസറിനു ശേഷം കടയിൽ തിരിച്ചെത്തി രാത്രി ഏറെ നീളുംവരെ ജോലി. എങ്ങനെയും പിടിച്ചുനിന്നേ പറ്റൂ. അതിനിടെ, ചില മലയാളി സുഹൃത്തുക്കളുമായി പരിചയപ്പെടുകയും അവരുടെ താമസ സ്ഥലത്ത് വെള്ളിയാഴ്ചകളിൽ ഒരുമിച്ച് കൂടി ചെറിയ തോതിൽ മിമിക്രിയും മറ്റ് കലാ പരിപാടികളുമൊക്കെയായി മനസ്സിന്റെ സംഘർഷം കുറയ്ക്കുകയും ചെയ്തു. കടയിലെ കാഷ് കൗണ്ടറിലെ കംപ്യൂട്ടറിന് എന്തോ കേട് സംഭവിച്ചപ്പോൾ, കംപ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദമുള്ള മിഥിലാജ് വെറുതെയൊരു ശ്രമം നടത്തിനോക്കി. ഭാഗ്യത്തിന് പലരും പരാജയപ്പെട്ട് മടങ്ങിയ ആ പരിശ്രമം വിജയം കണ്ടു. ഇത് മുതലാളിയെ തൃപ്തനാക്കി. ഈ സെയിൽസ്മാൻ വെറുമൊരു സെയിൽസ്മാനല്ലെന്നും എൻജിനീയറാണെന്നുമറിഞ്ഞപ്പോൾ നാളെ മുതൽ നീ കാഷ് കൗണ്ടറിലിരിക്ക് എന്നായി കടയുടമ. കാഷ്യറായി ജോലി ചെയ്തുകൊണ്ടിരുന്ന മലയാളിയുടെ ജോലി കളയുന്നത് ശരിയല്ലെന്ന് കരുതിയ മിഥിലാജ് ടോയ്‌സ് കടയിലെ ജോലി മതിയാക്കി. തുടർന്ന് പുതിയ ജോലി അന്വേഷണം. ആയിടയ്ക്ക് മിമിക്രിയിലും അഭിനയത്തിലും തന്റെ സിദ്ധി കണ്ടറിഞ്ഞ കൂട്ടുകാർ മുൻകൈയെടുത്ത് നടത്തിയ പൊതുപരിപാടിയിൽ ശ്രദ്ധേയമായ ചില പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഇത് ശ്രദ്ധയിൽപെട്ട ഏഷ്യാനെറ്റ് റേഡിയോയിലെ രമേശ് പയ്യന്നൂർ, മിഥിലാജുമായി നടത്തിയ അഭിമുഖം നിരവധി പേർ ശ്രദ്ധിക്കുകയും തുടർന്ന് ചെറുതും വലുതുമായ പല പരിപാടികൾക്കും ക്ഷണം ലഭിക്കുകയും ചെയ്തു. 


തൊഴിലന്വേഷണത്തിനൊടുവിൽ ദുബായ് സിറ്റി ബാങ്കിൽ ക്രെഡിറ്റ് സെയിൽസ് വിഭാഗത്തിൽ ആകർഷകമായൊരു ജോലി കിട്ടിയത് അനുഗ്രഹമായി. വിസിറ്റ് വിസ മാറ്റിയെടുക്കണം. അതിനായി കിഷ് ഐലന്റിലേക്ക് പോയി. വിസക്ക് വേണ്ടി കാത്തിരുന്നുവെങ്കിലും അത് നീളുകയായിരുന്നു. പതിമൂന്ന് ദിവസം നീണ്ട കാത്തിരിപ്പ്. വിരസവും ആശങ്കാകുലവുമായ ദിവസങ്ങൾ. കൈയിൽ ആകെയുള്ളത് 100 ദിർഹം മാത്രം. അതും തീർന്നതോടെ ജീവിതത്തിൽ ആദ്യമായി വിശപ്പ് എന്താണെന്നറിഞ്ഞു. ഭക്ഷണം കാണുമ്പോൾ കൊതിയൂറുക എന്ന് നമ്മൾ പറയാറില്ലേ, ആ അനുഭവം എനിക്കുണ്ടായി. ശരിക്കും പട്ടിണിയും കഷ്ടപ്പാടും. ഒടുവിൽ വിസ വന്നു. അനധികൃത താമസത്തിന് ജയിൽ ശിക്ഷ കിട്ടുമോ എന്നായിരുന്നു പേടി. ദുബായിൽ തിരിച്ചെത്തി വിസ ഏർപ്പാടാക്കിത്തന്ന സുഹൃത്തിനെ -ബാപ്പയുടെ അടുത്ത ചങ്ങാതിയുടെ മകൻ- അന്വേഷിച്ചെങ്കിലും കണ്ടില്ല. മൊബൈൽ ഫോണൊന്നുമില്ലാത്ത കാലം. ദുബായിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഓഫീസിലെ പ്രധാന സൂക്ഷിപ്പുകാരന്റെ ജോലി ചെയ്യുന്ന ആ നല്ല സുഹൃത്തിന്റെ ജഡം മൂന്നുനാൾക്ക് ശേഷം ജുമേറാ കടപ്പുറത്ത് കണ്ടെത്തിയെന്ന വാർത്തയാണ് മിഥിലാജ് കേട്ടത്. ഞെട്ടിത്തരിച്ചുപോയി, ഇത് കേട്ടപ്പോൾ. വിശ്വസിക്കാനാവാതെ തരിച്ചിരുന്നു. പോലീസന്വേഷണം എവിടെയുമെത്തിയില്ല. ആത്മഹത്യ ചെയ്യാൻ തക്ക കാരണമൊന്നുമില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മയ്യിത്ത് കുളിപ്പിച്ചത് മിഥിലാജായിരുന്നു. (അന്നേരമാണ് പ്രിയ സുഹൃത്തിന്റേത് സാധാരണ മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും മിഥിലാജിന് ബോധ്യമായത്). ഏതായാലും ആ ഇരുപത്തേഴുകാരന്റെ ഹ്രസ്വമായ ജീവിതം അവസാനിച്ചു.  തുടരന്വേഷണങ്ങളോ നടപടികളോ ഒന്നുമുണ്ടായില്ല. മയ്യിത്ത് നാട്ടിലേക്കയച്ചു. പിന്നീടുള്ള ദുബായ് ദിനരാത്രങ്ങൾ മിഥിലാജിന്റെ മനസ്സിൽ ഇരുട്ട് നിറച്ചു. മോർച്ചറി മേശയിലെ ചങ്ങാതിയുടെ മുഖം മനസ്സിനെ വേട്ടയാടി. ഇനി ദുബായിൽ നിൽക്കാനാവില്ലെന്ന് തീരുമാനമെടുത്ത് മിഥിലാജ് നാട്ടിലേക്ക് മടങ്ങി. സുഹൃത്തിന്റെ ഖബർ സിയാറത്തിനിടെ, അവന്റെ ബാപ്പയുടെ ചോദ്യത്തിനു മുന്നിൽ പലപ്പോഴും മറുപടി പറയാനാകാതെ, മിഥിലാജ് പതറി. അദ്ദേഹത്തന് ഒന്നേ അറിയാനുണ്ടായിരുന്നുള്ളൂ: നിനക്ക് മാത്രമേ അവന്റെ മരണകാരണമറിയൂ. സത്യമെന്താണ്? 
സുഹൃത്തിന്റെ ബാപ്പയുടെ കൈത്തലം അമർത്തിപ്പിടിച്ച് ഗദ്ഗദത്തോടെ മിഥിലാജ് പറഞ്ഞു: അത് സ്വാഭാവിക മരണമല്ല, അവനെ ആരോ കൊലപ്പെടുത്തിയതാണ് ബാപ്പാ...
(ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുന്നു)

***                    ***                    *** 


സൗദിയിലും ബഹ്‌റൈനിലും ജോലി ചെയ്തിരുന്ന അബ്ദുൽ ഗഫൂറിന്റേയും അധ്യാപികയായി പെൻഷൻ പറ്റിയ ഹലീമ ടീച്ചറുടേയും മകനായ മിഥിലാജ് ബാല്യത്തിലേ നാട്ടിലെ നാടകങ്ങളും സ്‌കൂൾ, കോളേജ് കലോൽസവങ്ങളും ഒന്നൊഴിയാതെ കണ്ടിരുന്നു. സ്‌കൂൾ യൂത്ത് ഫെസ്റ്റിവലുകളിൽ എല്ലാ ഇനങ്ങൾക്കും പേര് കൊടുക്കും. ഓവറോൾ ചാമ്പ്യൻഷിപ്പായിരുന്നു ലക്ഷ്യം. കിളിമാനൂർ രാജാ രവിവർമ ബോയ്‌സ് ഹൈസ്‌കൂളിലെ ചെറിയൊരു ഹീറോ ആയി മാറി മിഥിലാജ്. ഉമ്മ നല്ല വായനക്കാരിയായിരുന്നു. അതിന്റെ നന്മ മിഥിലാജിന് ലഭിച്ചു. വീട്ടിൽ നിറയെ പുസ്തകങ്ങൾ. വായന മിഥിലാജിനും ഹരമായി. അതിർത്തി പ്രദേശമായ തമിഴ്‌നാട് തക്കലയിലെ നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റിയിലെ തുടർ പഠനത്തിനിടെ തമിഴ് പഠിക്കാനായി. നിരവധി സിനിമകൾ കണ്ടു. തമിഴും മലയാളവും മാത്രമല്ല, തെലുങ്ക് സിനിമകളും. ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് നിൽക്കുന്നതിനിടെ, ദൂരദർശന്റെ ഒരു ടെലിഫിലിം ഷൂട്ട് കാണാൻ പോയപ്പോൾ ക്ലാപ് ബോയിയുടെ വേഷം കെട്ടാനുള്ള അവസരവും കൊച്ചു മിഥിലാജിന് ലഭിച്ചു.
ശബ്ദാനുകരണമായിരുന്നു മിഥിലാജിന്റെ കലാ ജീവിതത്തിലെ ഹൈലൈറ്റ്. പോലീസ് ഓഫീസറായി സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ള കെ.പി.എ.സി അസീസിനെ അനുകരിച്ചത് കണ്ട് അദ്ദേഹം തന്നെ നേരിട്ട് അഭിനന്ദിച്ചത് അവിസ്മരണീയാനുഭവമായി. കോളേജ് കാലത്ത് സ്വന്തമായി കുറേ സംഗീത ആൽബങ്ങൾ പുറത്തിറക്കുകയും അവയ്ക്ക് വ്യാപക പ്രചാരം ലഭിക്കുകയും ചെയ്തു. 
ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കളുമായിച്ചേർന്ന് അനിമേഷൻ ഡയമണ്ട്‌സ് എന്നൊരു സ്ഥാപനം തുടങ്ങി. മലയാളത്തിലെ ആദ്യത്തെ അനിമേഷൻ സിനിമയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സാധിച്ചത് ഇക്കാലത്താണ്. അതിനായി നല്ലൊരു പ്രൊഡ്യൂസറേയും ലഭിച്ചിരുന്നു. ആ പ്രൊജക്ട് പക്ഷേ പാതിവഴി മുടങ്ങി. ഇല്ലെങ്കിൽ അനിമേഷൻ ഫിലിം രംഗത്ത് അതൊരു പുതു ചരിത്രമാവുമായിരുന്നു. സിനിമാ-സീരിയൽ രംഗത്തെ നിരവധി പ്രമുഖരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം കൂടിയായിരുന്നു അനിമേഷൻ രംഗത്തേയും ഇവന്റ ്മാനേജ്‌മെന്റ് രംഗത്തേയും മിഥിലാജിന്റെ കാൽവെപ്പ്. ശ്രീഅയ്യപ്പനെക്കുറിച്ച് അമൃതാ ടി.വി സംപ്രേഷണം ചെയ്ത ടെലി സീരിയലിന്റെ പ്രധാന ശിൽപി മിഥിലാജായിരുന്നു. അതായിരുന്നു ടെലിവിഷൻ സ്റ്റുഡിയോ ഫ്‌ളോറിലേക്കുള്ള ആദ്യ എൻട്രി. ആംപിയന്റ് മീഡിയ എന്നൊരു പ്രൊഡക്ഷൻ ഹൗസിന്റെ പ്രവർത്തനവുമായി സഹകരിക്കാനും ഇതിനിടെ അവസരം ലഭിച്ചു. അതെ, ഗൾഫ് മോഹം സൈൻ ഓഫ് ചെയ്തതിനു ശേഷം, കല തന്നെയാണ് തന്റെ ജീവിതോപാധി എന്ന് തിരിച്ചറിയുകയായിരുന്നു, സകലകലയ്ക്കായി സമർപ്പണ ബുദ്ധിയോടെ ഇറങ്ങിത്തിരിച്ച ഈ യുവപ്രതിഭ. 
ഏഷ്യാനെറ്റിനു മാത്രമല്ല, ഒരു പക്ഷേ മലയാളത്തിൽ പിന്നീട് തുടങ്ങിയ എല്ലാ സ്വകാര്യ ടി.വി ചാനലുകളിലേയും എന്റർടെയ്ൻമെന്റ് ഷോകളുടെ ഉപജ്ഞാതാവ് എന്ന് നിസ്സംശയം പറയാവുന്ന ആർ.ശ്രീകണ്ഠൻ നായരുമായുള്ള സഹോദരതുല്യമായ അടുപ്പമാണ് മിഥിലാജിലെ യഥാർഥ സർഗപ്രതിഭയെ മിനുക്കിയെടുത്തത്. ഒരു അമ്പത് കൊല്ലം മുമ്പിലേക്ക് തന്റെ വിപുലവും അത്യാധുനികവുമായ ആശയ വൈപുല്യം മനസ്സ് കൊണ്ടും ശരീരം കൊണ്ടും വളർത്തിയെടുക്കുന്ന ഭാവനാ ശാലിയായ ക്രാഫ്റ്റ്‌സ്മാനാണ് ശ്രീകണ്ഠൻ നായരെന്ന് മിഥിലാജ് പറയുന്നു. അദ്ദേഹവുമായിച്ചേർന്ന് മഴവിൽ മനോരമയിലെ നിരവധി വിനോദ പരിപാടികളും മറ്റും മിഥിലാജ് അവതരിപ്പിച്ചു. മനോരമ ന്യൂസിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ ഏറ്റവും പുതിയ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനായത്. ശ്രീകണ്ഠൻ നായർ പൂർണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു. സൂര്യാ ടി.വിയിലെ 'ശ്രീകണ്ഠൻ നായർ ഷോ'യുടെ അണിയറയിലും മിഥിലാജിന്റെ മാജിക് പ്രകടമായി.
ഫഌവേഴ്‌സ് ചാനലിലെ 'കോമഡി ഉത്സവ'മാണ് മിഥിലാജിനെ കൂടുതൽ പ്രസിദ്ധനാക്കിയത്. അവതാരകൻ മിഥുൻ എന്നത് പോലെ പ്രൊഡ്യൂസർ മിഥിലാജും പ്രശസ്തിയിലേക്ക് കുതിച്ചു. ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന് നാട്ടിലും നഗരത്തിലും ചിതറിക്കിടക്കുന്ന ഇളം പ്രതിഭകളെ കണ്ടെത്തി അവരെ മുഴുവൻ വേദിയിൽ അണി നിരത്തി. ആർക്‌ലൈറ്റുകളുടെ കണ്ണഞ്ചിക്കും പ്രഭാ വലയത്തിലേക്ക് കുരുന്നു പ്രതിഭകളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന കോമഡി ഉൽസവം വരുന്ന ഡിസംബർ 23 ന് 500 എപ്പിസോഡുകൾ പൂർത്തിയാക്കുകയാണ്.


അവശ കലാകാരന്മാരേയും കലാകാരികളേയും സ്റ്റേജിലെത്തിക്കുക, മറന്നു പോയ പ്രതിഭകളെ തമസ്സിൽ നിന്ന് ജ്യോതിസ്സിലേക്ക് നയിക്കുക, കാസർകോട് എൻഡോസൾഫാൻ ബാധിത മേഖലയിലെ അവശരേയും രോഗബാധിതരേയും വയനാട്ടിലെ ആദിവാസികളേയും അരികുവൽക്കരിക്കപ്പെട്ട സർഗധനരേയും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക തുടങ്ങിയ മഹാദൗത്യം കൂടി കോമഡി ഉൽസവം ഏറ്റെടുത്തിരിക്കുന്നു. ഉൽസവയാത്ര എന്ന പേരിൽ കോമഡി ഉൽസവത്തിന്റെ ക്രൂ ഒന്നാകെ പതിനാലു ജില്ലകളിലും ഷൂട്ടിംഗ് നടത്തിയാണ് മറഞ്ഞിരിക്കുന്ന മഹാപ്രതിഭകളെ കണ്ടെത്തിയത്. അനന്തരം എന്ന പേരിലുള്ള ചാരിറ്റിയാണ് മറ്റൊരു ചാനൽ സേവനം. ജീവകാരുണ്യ രംഗത്തെ ഈ സേവനം കോമഡി ഷോയിലെ അതിഥിയായി അടൂർ ഗോപാലകൃഷ്ണൻ എടുത്ത് പറയുകയുണ്ടായി. കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്ന്  കണ്ടെടുത്ത ഗായിക റാണു മൊണ്ടാലിനെയും അതിഥിയായി കൊണ്ടുവന്നു. 
അവതാരകരും സാങ്കേതിക വിദഗ്ധരും മറ്റ് അണിയറ പ്രവർത്തകരുമായി മൊത്തം 1525 പേരുടെ അർപ്പണബോധത്തോടെയുള്ള പരിശ്രമമാണ് ഏറ്റവുമധികം കലാകാരന്മാരേയും കലാകാരികളേയും അണിനിരത്തിക്കൊണ്ട് മുന്നേറുന്ന തൽസമയ കോമഡി ഉൽസവം ലോക റെക്കോർഡുകളുടെ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കാൻ കാരണമായതെന്ന് മിഥിലാജ് അഭിമാനപുരസ്സരം അടിവരയിടുന്നു. 
ദിലീപിനെ നായകനാക്കി ഒരു മെഗാ ബജറ്റ് സിനിമയുടെ പണിപ്പുരയിലാണിപ്പോൾ മിഥിലാജ്. കോമഡി ഉൽസവത്തിന്റെ തിരക്കിനിടയിലും സിനിമയുടെ പ്രാഥമിക ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതായി മിഥിലാജ് പറഞ്ഞു. മിഥിലാജിന്റെ കലാ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഭാര്യ നാദിയയും ഒപ്പമുണ്ട്. മക്കൾ: ഫർഹാൻ, ഹാമി.

Latest News