മുംബൈ - ലോകകപ്പ് വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ വൻ താൽപര്യം സൃഷ്ടിച്ചതോടെ അത് സാമ്പത്തികമായി മുതലാക്കാനൊരുങ്ങി ബി.സി.സി.ഐ. പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായതാണ് ഐ.എ.എല്ലിന്റെ ആവിർഭാവത്തിന് കാരണമായതെങ്കിൽ വനിതാ ടീമിന്റെ പ്രകടനം വനിതാ ഐ.പി.എല്ലിന് നാന്ദി കുറിക്കുമെന്നാണ് സൂചന. കന്നി ലോകകപ്പ് വെറും ഒമ്പത് റൺസിന്റെ വ്യത്യാസത്തിലാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മൂന്നിന് 191 ലെത്തിയ ശേഷം 28 റൺസിനിടെ ഏഴ് വിക്കറ്റ് വലിച്ചെറിഞ്ഞ ടീം 48.4 ഓവറിൽ 219 ന് ഓളൗട്ടാവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത പെയ്‌സ്ബൗളർ ആന്യ ഷ്‌റബ്‌സോൾ കളി തിരിക്കുകയായിരുന്നു.
തോറ്റെങ്കിലും ഇന്ത്യയുടെ യാത്ര അവിസ്മരണീയമായിരുന്നുവെന്ന് ക്യാപ്റ്റൻ മിഥാലി രാജ് പറഞ്ഞു. പരിചയക്കുറവാണ് ഫൈനലിലെ തകർച്ചക്കു കാരണം. സർവ ശ്രമവും നടത്തിയിട്ടും തോറ്റതിൽ എല്ലാവർക്കും വലിയ നിരാശയുണ്ട്. പക്ഷേ അവർ വനിതാ ക്രിക്കറ്റിനായി തുറന്നത് വലിയ വാതിലാണ്. അതിൽ അഭിമാനിക്കണം -ക്യാപ്റ്റൻ പറഞ്ഞു.
മധ്യനിരയുടെയും വാലറ്റത്തിന്റെയും പിരിമുറുക്കമാണ് തോൽവിയിലേക്ക് നയിച്ചത്. അനാവശ്യ ഷോട്ടിന് ശ്രമിച്ച് വേദ കൃഷ്ണമൂർത്തി പുറത്തായി, ആത്മവിശ്വാസമില്ലാത്ത സ്വീപാണ് സുഷമ വർമക്ക് പതനമൊരുക്കിയത്, ഇല്ലാത്ത റണ്ണിനോട് ശിഖ പാണ്ഡെ റണ്ണൗട്ടായി. പൂനം റൗത്തും (86) ഹർമൻപ്രീത് കൗറും (51) ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടതായിരുന്നു.
വനിതാ ഐ.പി.എൽ ആരംഭിക്കാൻ ബി.സി.സി.ഐ മുൻകൈയെടുക്കണമെന്ന് മിഥാലി ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ ബിഗ്ബാഷിൽ കളിച്ചത് ഹർമൻപ്രീതിനും സ്മൃതി മന്ദാനക്കും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഇപ്പോഴാണ് വനിതാ ഐ.പി.എൽ തുടങ്ങാനുള്ള ഉചിതമായ സമയം -മിഥാലി ചൂണ്ടിക്കാട്ടി.
ഹൃദയം കീഴടക്കി നീലപ്പട,പരവതാനി വിരിച്ച് രാജ്യം
ന്യൂദൽഹി - വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ അവസാനം വരെ പൊരുതി ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യൻ പെൺപടക്ക് വൻ സ്വീകരണമൊരുക്കാൻ ബി.സി.സി.ഐ ഒരുങ്ങുന്നു. ഫൈനലിൽ തോറ്റെങ്കിലും ടൂർണമെന്റിൽ മിഥാലി രാജിന്റെയും കൂട്ടരുടെയും പ്രകടനം രാജ്യത്തിന് അഭിമാനമായിരുന്നു. നാളെ മുതൽ പല ഗ്രൂപ്പുകളായാണ് കളിക്കാർ തിരിച്ചെത്തുക. എല്ലാ കളിക്കാരികളുടെയും സൗകര്യം പരിഗണിച്ചായിരിക്കും സ്വീകരണം തീരുമാനിക്കുക.
ഓരോ കളിക്കാരിക്കും ബി.സി.സി.ഐ 50 ലക്ഷം രൂപ വീതം സമ്മാനിക്കും. കോച്ചിംഗ് സ്റ്റാഫിന് 25 ലക്ഷം രൂപ വീതം നൽകും. കളിക്കാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ റെയിൽവേസിൽ ജോലി ചെയ്യുന്ന പത്ത് കളിക്കാർക്ക് പ്രൊമോഷൻ നൽകും. ക്യാപ്റ്റൻ മിഥാലി രാജിന് ഹൈദരാബാദിലെ ഒരു ക്രിക്കറ്റർ ബി.എം.ഡബ്ല്യൂ കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കളിക്കാരികളുടെ സ്വന്തം പ്രദേശങ്ങളും ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. കൊൽക്കത്തയിൽനിന്ന് 70 കി.മീ അകലെ നദിയ ജില്ലയിലെ ചക്ദ പ്രദേശം ജുലാൻ ഗോസ്വാമി എന്ന പെയ്‌സ്ബൗളറെ കാത്തിരിക്കുകയാണ്. കൂറ്റൻ സ്‌ക്രീനിൽ നാട് മുഴുവൻ ഫൈനൽ കാണാൻ ഒരുമിച്ചിരുന്നു. കളി കഴിഞ്ഞപ്പോൾ ജുലാന്റെ അമ്മ ജാർനയും സഹോദരി ജുംപയും കണ്ണീരടക്കാനാവാതെ തേങ്ങി.
ഹർമൻപ്രീത് കൗറിന്റെ നാടായ പഞ്ചാബിലെ മോഗയിൽ ഫൈനലിനു ശേഷം വൻ ആഘോഷത്തിന് പദ്ധതിയിട്ടിരുന്നു.
ടീം തോറ്റതിന്റെ ദുഃഖത്തിൽനിന്ന് അവർ ഇപ്പോഴും കരകയറിയിട്ടില്ല. സഹോദരി ഹേംജിതിന് മാധ്യമങ്ങളുമായി സംസാരിക്കാൻ സാധിച്ചില്ല. എന്നാൽ അഭിമാനം തോന്നുന്നുവെന്ന് പിതാവ് ഹർമന്ദർ സിംഗ് പറഞ്ഞു. സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, വി.വി.എസ് ലക്ഷ്മൺ, ബിഷൻ സിംഗ് ബേദി, കപിൽദേവ്, ഒളിംപിക് ഷൂട്ടർ ഗഗൻ നാരംഗ്, ബോക്‌സിംഗ് ചാമ്പ്യൻ എം.സി മേരികോം തുടങ്ങിയ കായികതാരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു.






