ദുബായ്- വായ്പാത്തുക കൃത്യമായി അടച്ചുതീര്‍ത്തിട്ടും ചെക്ക് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളിക്ക് കോടതിയുടെ സാന്ത്വനം. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മൂന്നു ദിവസം ജയിലില്‍ കഴിഞ്ഞ കോട്ടയം പാമ്പാടി സ്വദേശി വിനോദ് പറയത്തോട്ടത്തിലിന് ഒരു ലക്ഷം ദിര്‍ഹം (19 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി.
2008 ല്‍ ദുബായ് മഷ്‌റിഖ് ബാങ്കില്‍നിന്ന് 83,000 ദിര്‍ഹം വായ്പയും 5,000 ദിര്‍ഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും എടുത്ത വിനോദ് ബാങ്കിന് കൃത്യമായി അടവ് അടച്ചിരുന്നെങ്കിലും ഒമാനിലേക്ക് സ്ഥലംമാറ്റമായതോടെ മുടങ്ങി. തുടര്‍ന്ന് നായിഫ്, മുറഖബാദ് പോലീസ് സ്റ്റേഷനുകളില്‍ ബാങ്ക് കേസ് ഫയല്‍ചെയ്തു. ഉടന്‍ മുഴുവന്‍ ബാധ്യതയും അടച്ചു തീര്‍ത്ത് ബാങ്കില്‍ നിന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയെങ്കിലും ചെക്ക് കേസ് ലൈവായി പോലീസ് രേഖയില്‍ തുടര്‍ന്നതാണ് വിനോദിന് വിനയായത്. 2016 ല്‍ വീണ്ടും ദുബായിലേക്കു മടങ്ങിയ വിനോദിനെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പിടികൂടി.
ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാണു കേസ് പിന്‍വലിപ്പിച്ച് മോചിതനായെങ്കിലും നഷ്ടപരിഹാരം തേടി വിനോദ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു.






