ദുബായ്- വിസ്മയ നഗരമായ ദുബായില്‍ നിര്‍മാണ ചാരുതയുടെ പുതിയ കെട്ടിടം തലയുയര്‍ത്തുന്നു. ലോകത്തെ ഏറ്റവും വലിയ ത്രി–ഡി പ്രിന്റഡ് കെട്ടിടം നഗരപ്രാന്തത്തിലെ വര്സാനില് നിര്‍മാണം പൂര്‍ത്തിയായി. 640 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ വൃത്താകൃതിയിലുള്ള ഇരുനില കെട്ടിടത്തിന് 9.5 മീറ്റര്‍ ആണ് ഉയരം. ദുബായ് മുനിസിപ്പാലിറ്റിയാണ് നിര്‍മാതാക്കള്‍.
ലോകത്തെ ഏറ്റവും വലിയ ത്രി–ഡി പ്രിന്റിംഗ് കെട്ടിടമാണിതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജ്രി പറഞ്ഞു. കെട്ടിടം ഗിന്നസ് ലോക റെക്കോര്‍ഡില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷം കൊണ്ടാണ് ഹരിത കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എട്ടു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് നിര്‍മാണ ചെലവ്. പരമ്പരാഗത രീതിയിലേതിനേക്കാള്‍ ഇത് 50 ശതമാനം കുറവാണ്.
ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് കെട്ടിടം 2016 മെയില്‍ ദുബായില്‍ ഉദ്ങാടനം ചെയ്തിരുന്നു. 20 അടി ഉയരവും 120 അടി നീളവും 40 അടി വീതിയുമുള്ള പ്രിന്റര്‍ ഉപയോഗിച്ച് അക്ഷരാര്‍ഥത്തില്‍ പ്രിന്റ് ചെയ്ത് എടുക്കുകയായിരുന്നു ഈ കെട്ടിടം. സിമന്റും മറ്റ് അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
അകംപുറം വശങ്ങളിലെ ഡിസൈനുകള്‍ അടക്കം മുഴുവന്‍ കെട്ടിടം 17 ദിവസങ്ങള്‍ കൊണ്ടാണ് ഇങ്ങനെ ത്രീഡി പ്രിന്റിംഗ് ചെയ്തെടുത്തത്. പിന്നീട് ഇവ എമിറേറ്റ്സ് ടവേഴ്സ് പ്രദേശത്ത് കൊണ്ടുവന്നു സ്ഥാപിക്കുകയായിരുന്നു. രണ്ടു ദിവസം മാത്രമെടുത്താണ് കെട്ടിട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. സാധാരണ കെട്ടിട നിര്‍മാണത്തില്‍നിന്നു വ്യത്യസ്തമായി തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ അധികം കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിച്ചിട്ടുണ്ട്.






