Sorry, you need to enable JavaScript to visit this website.

പിഞ്ചുകുഞ്ഞുങ്ങളുടെ മരണ കാരണം സ്ഥിരീകരിച്ചില്ല, ഖബറടക്കം ദോഹയില്‍

ദോഹ- കഴിഞ്ഞ ദിവസം ദോഹയില്‍ മരിച്ച റിഹാന്‍, റിദ എന്നിവരുടെ മരണകാരണം ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഖബറടക്കം ഖത്തറില്‍ തന്നെ നടക്കും. ദോഹയിലെ മലയാളി നഴ്‌സ് ദമ്പതികളായ കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (7 മാസം) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
കടുത്ത ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്  ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹമദ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഖബറടക്കം നടത്തുക. അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാരിസിന്റെയും ഷമീമയുടേയും നില മെച്ചപ്പെട്ടു. ഷമീമയുടെ മാതാപിതാക്കളായ വാണിയൂര്‍ മമ്മൂട്ടി, ആയിഷ എന്നിവരും ഹാരിസിന്റെ മാതാവ് നസീമ, പെങ്ങളുടെ ഭര്‍ത്താവ് ആരിഫ് എന്നിവരും നാട്ടില്‍നിന്ന് ദോഹയില്‍ എത്തി.
കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍  ഇന്നലെ ഹമദ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.  കുട്ടികളു!ടെ അപ്രതീക്ഷിത മരണം പ്രവാസി സമൂഹത്തെ ഒന്നടക്കം ദുഃഖത്തിലാഴ്ത്തി. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക  സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദമായ പരിശോധനകളും അന്വേഷണവും നടത്തിവരികയാണ്.  അതിന് ശേഷമേ റിപ്പോര്‍ട്ട് പുറത്തുവിടുകയുള്ളു. ഭക്ഷ്യവിഷബാധയാണെന്ന സംശയത്താല്‍ ഒരു റസ്റ്റോറന്റില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. അയല്‍ ഫ്‌ളാറ്റില്‍ ഉപയോഗിച്ച കീടനാശിനിയാണോ മരണകാരണം എന്നും സംശയമുയര്‍ന്നിരുന്നു.

 

Latest News