Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

ആലുവാപ്പുഴ പിന്നെയുമൊഴുകി 

കായലുകളുടെ നാടായ കൊച്ചി വിട്ടു പോകാൻ ആർക്കാണ് മനസ്സ് വരിക? അൽപം കൂടി വടക്കോട്ട് സഞ്ചരിച്ചാൽ പെരിയാറിന് കുറുകെ മാർത്താണ്ഡം പാലമെത്തി. ആലുവ നഗരാതിർത്തിയിലാണ് ഈ പാലം. മലയാള സിനിമയുടെ സുവർണ കാലത്ത് എത്രയെത്ര മനോജ്ഞ ഗാനങ്ങളാണ് ഈ നദിയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ടത്? 
ഈസ്റ്റുമാൻ കളർ ചിത്രമായ നദിയിലെ പാട്ടുകൾ ഒന്നിനൊന്ന് മികച്ചത്. 
സത്യൻ അഭിനയിച്ച ഭാര്യയിലെ പെരിയാറേ... പർവത നിരയുടെ പനിനീരേ... എന്ന പാട്ട് മലയാളികളുള്ളിടത്തോളം കാലം നിലനിൽക്കും. കേരളത്തിന്റെ ഏകദേശം പാതിയോടടുത്തുള്ള പ്രദേശത്താണ്  ദേശീയപാതയിലെ ഈ പുരാതന പാലം സ്ഥിതി ചെയ്യുന്നത്. സമാന്തരമായി റെയിൽ പാതയുണ്ടെങ്കിലും വിദൂര ദിക്കുകളിലുള്ള പച്ചപ്പട്ടണിഞ്ഞ മലകളുടെ സൗന്ദര്യം നുകർന്ന് യാത്ര ചെയ്യാൻ റോഡാണ് ഉചിതം. കെ.എസ്.ആർ.ടി.സിയുടെ ഉയരം കൂടിയ ഫാസ്റ്റ് പാസഞ്ചറിലേതാണ് ഏറ്റവും കേമം. ആലുവ വീണ്ടും ദേശീയ മാധ്യമത്തിൽ വാർത്താ പ്രാധാന്യം നേടി. ഇതൊരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതിന്റെ പേരിലൊന്നുമല്ല. ഇന്ത്യാ ടുഡേ ടി.വിയിലാണ് ആലുവ റെയിൽവേ സ്റ്റേഷൻ ഇടം പിടിച്ചത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനാണ് ആലുവ. പ്രധാന സ്റ്റേഷനുകളിലെന്ന പോലെ ആലുവയിലും രണ്ട് പ്ലാറ്റ്‌ഫോമുകളുണ്ട്. പരസ്പരം ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ  ബ്രിഡ്ജും. തിരക്കുള്ള മനുഷ്യർ ഉയരത്തിലുള്ള നടപ്പാത ഉപയോഗിക്കാതെ റെയിൽ മുറിച്ചു കടന്ന് അപ്പുറത്തെ പ്ലാറ്റ്‌ഫോമിൽ എത്താറാണ് പതിവ്. നിയമ വിരുദ്ധമായ ഈ ചെയ്തി ജീവഹാനിയ്ക്ക് വരെ കാരണമാവും. റെയിൽപാളം മുറിച്ചു കടക്കുന്നത് തടയാൻ റെയിൽവേ അധികൃതർ ചെയ്ത നല്ല കാര്യമാണ് സ്റ്റേഷന്റെ കീർത്തിയ്ക്ക് കാരണമായത്. യാത്രക്കാർ അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളിൽ നിന്ന് റോസാപ്പൂ തോട്ടമാണ് ഇവിടെ റെയിൽ പാളങ്ങൾക്കിടയിലുണ്ടാക്കിയത്. സ്റ്റേഷനും പരിസരവും ഉദ്യാനമായി മാറിയെന്നത് മാത്രമല്ല ഇതിന്റെ നേട്ടം, തിരക്ക് പിടിച്ചെത്തുന്നവരുടെ അപകടം പിടിച്ച ഓട്ടവും ഇല്ലാതായി. ലേഖികയോട് കഷ്ടപ്പെട്ട് ഇംഗ്ലീഷ് മൊഴിയുന്ന റെയിൽവേ ഉദ്യോഗസ്ഥനുണ്ട്. സാഹസത്തിനൊന്നും നിൽക്കാതെ (ഇംഗ്ലീഷ് സബ് ടൈറ്റിലോടെ) ക്ലീനിംഗ് ജീവനക്കാരി മലയാളത്തിൽ കാര്യങ്ങൾ വിവരിച്ചു. 

                          ***      ***      ***

സീതയുടെ മാരൻ രാമന് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് വീട്ടിൽ വെച്ച് പറഞ്ഞാൽ പോരായിരുന്നുവോ? പത്രത്തിൽ ലേഖനമെഴുതി ആളാവാനാണ് ഭാവമെങ്കിൽ ചട്‌നി ഇല്ലാത്ത ഇഡ്‌ലിയും ദോശയുമുണ്ടാക്കാൻ വീട്ടിലെ പ്രധാനമന്ത്രിയ്ക്ക് അറിയാമെന്ന് ഓർത്തിരുന്നാൽ കൊള്ളാം. രാജ്യത്തെ സാമ്പത്തിക മുരടിപ്പിൽ ആശങ്ക പ്രകടിപ്പിച്ചാണ് ധനമന്ത്രി നിർമലാ സീതാരാമന്റെ ഭർത്താവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രഭാകർ ദ ഹിന്ദു ദിനപത്രത്തിൽ 'എ ലോഡ്സ്റ്റാർ ടു സ്റ്റിർ ദ എക്കണോമി' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ആശങ്ക പങ്കുവെച്ചിരിക്കുന്നത്. നെഹ്‌റുവിയൻ സോഷ്യലിസത്തെ വിമർശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മൻമോഹൻ സിംഗ് സാമ്പത്തിക മാതൃക ബി.ജെ.പി സ്വീകരിക്കണമെന്ന് ലേഖനത്തിൽ പറയുന്നു. നെഹ്‌റുവിയൻ മോഡലിനെ വിമർശിക്കുക എന്നതിലേക്കാണ് ബി.ജെ.പിയുടെ സാമ്പത്തിക തത്വശാസ്ത്രവും അതിന്റെ പ്രായോഗികതയും പ്രധാനമായും പരിമിതപ്പെട്ടിരിക്കുന്നത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ഇതല്ല എന്നതാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്താണ് തങ്ങളുടെ നയം എന്ന് വ്യക്തമാക്കാതെയാണിതെന്ന് പ്രഭാകർ ലേഖനത്തിൽ വിമർശിക്കുന്നു.
ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയിൽ ഒരോ മേഖലയും വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന വിവരം പൊതു ഇടങ്ങളിലേക്ക് അനുസ്യൂതം പ്രചരിക്കുന്നു. 
റാവു-സിംഗ് സാമ്പത്തിക രൂപകൽപന ബി.ജെ.പി സ്വീകരിക്കണം. ഈ മാതൃക പൂർണമായും അംഗീകരിക്കുന്നതിലൂടെയും ഉത്സാഹത്തോടെ പരിശ്രമിക്കുന്നതിലൂടെയും നിലവിൽ അകപ്പെട്ടിരിക്കുന്ന വിഷമസന്ധിയിൽ നിന്ന് പുറത്തു കടക്കാൻ ബി.ജെ.പിക്കും നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന സർക്കാരിനും മാർഗദീപം ലഭിക്കും -അദ്ദേഹം വിശദീകരിച്ചു. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. നിർമല മാഡം തിരിച്ചടിച്ചത് അങ്ങ് സ്റ്റേറ്റ്‌സിൽ വെച്ചാണ്. 
മൻമോഹൻ സിംഗ് പ്രധാനമന്ത്രിയും രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന സമയത്തായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശമായ കാലഘട്ടമെന്ന് ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. അടുത്തിടെ ബ്രൗൺ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രഘുറാം രാജൻ രൂക്ഷമായി വിമർശിച്ചിരുന്നു. 
ഇതെവിടെ ചെന്നവസാനിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോഴതാ ഇടിത്തീ പോലെ മറ്റൊരു വാർത്ത. നോട്ട് റദ്ദാക്കൽ കാലത്ത് നമ്മുടെയൊക്കെ ഹീറോ ആയി മാറിയ 2000 രൂപയുടെ നോട്ടുകൾ വിട പറയാനുള്ള തയാറെടുപ്പിലാണ് പോലും. 2000 രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തെ അറിയിച്ചത്. 2019-20 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ ഒരു നോട്ടു പോലും ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് അച്ചടിച്ചിട്ടില്ലെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. 2016-17 സാമ്പത്തിക വർഷത്തിൽ 2000 ന്റെ മില്യൺ കണക്കിന് നോട്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കിയത്. 
2017-18 സാമ്പത്തിക വർഷമാകട്ടെ ഇതിന്റെ അഞ്ച് ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആർ.ബി.ഐ വ്യക്തമാക്കി. 2016ൽ 500, 1000 നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ഏത് നരകത്തിലും പ്രവർത്തനക്ഷമമാകുന്ന ചിപ്പ് ഘടിപ്പിച്ച, പല പല നൂതന സൗകര്യങ്ങളുള്ള നോട്ടാണ് ഇല്ലാതാവുന്നത്. 

                          ***      ***      ***

കൂടത്തായി വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. കൂടത്തായിയിൽ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം ഇത്തരം കൊലപാതക പരമ്പരകൾ ആവർത്തിക്കുന്നതിന് കാരണമാകുമെന്നും അതുകൊണ്ട് മാധ്യമങ്ങൾ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടത്തായിയിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളാണ് ഓരോ മണിക്കൂറിലും മാധ്യമങ്ങളിലൂടെ നൽകുന്നത്. കൊലപാതകം നടന്ന വർഷങ്ങൾ, സംഭവം നടന്ന മണിക്കൂറുകൾ, പ്രതിചേർക്കപ്പെട്ടവർ എങ്ങനെ പെരുമാറുന്നു, എങ്ങനെ കുറ്റകൃത്യം ചെയ്തു എന്നതടക്കം വിശദമായ റിപ്പോർട്ടുകളാണ് അവയെല്ലാം. സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോർട്ടുകളിലൂടെ മാധ്യമങ്ങൾ നൽകുന്നത്. മാധ്യമധർമം പാലിക്കാതെയാണ് സംഭവങ്ങളെ വിശദമാക്കി വായനക്കാർക്ക് മുന്നിലെത്തിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഒരു നാൾ പാതിരാവിൽ മീഡിയ വൺ ചാനലിൽ ഒരു എക്‌സ്‌പ്ലോസീവ് വാർത്ത കണ്ടു. കൂടത്തായിയിലെ ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കുപ്പി കണ്ടെത്തിയെന്നതായിരുന്നു ഫഌഷ്. 

                            ***      ***      ***

'വാഷിംഗ്ടണിലേതു പോലെയാണ് മധ്യപ്രദേശിലെ റോഡുകൾ നിർമിച്ചത്. ഇവിടുത്തെ റോഡുകൾക്ക് എന്താണ് സംഭവിച്ചത്? കാലവർഷത്തിന് ശേഷം റോഡുകളിൽ മുഴുവൻ കുണ്ടും കുഴിയുമാണ്', സംസ്ഥാന മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.സി ശർമ്മ ഭോപാലിൽ പറഞ്ഞു. ദേശീയ ചാനലായ സീ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ, റോഡുകൾ മുഴുവൻ ചിക്കൻപോക്‌സ് വന്നതു പോലെയാണ്. ഇപ്പോഴത്തെ റോഡുകൾ ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വർഗീയയുടെ മുഖം പോലെയാണ്. ഈ റോഡുകളിലെ അറ്റകുറ്റപ്പണികൾ 15 ദിവസത്തിനകം പൂർത്തിയാക്കും. വളരെ പെട്ടെന്ന് തന്നെ സംസ്ഥനത്തെ റോഡുകൾ ഹേമമാലിനിയുടെ കവിൾത്തടം പോലെയാക്കും' -ശർമ്മ പറഞ്ഞു. മന്ത്രി നല്ല പ്രായത്തിൽ ഡ്രീം ഗേളിന്റെ ഫാനായിരിക്കും. 
2017ൽ അമേരിക്ക സന്ദർശിക്കവേ ശിവരാജ് സിംഗ് ചൗഹാൻ നടത്തിയ പരാമർശമാണ് മന്ത്രി ഓർമപ്പെടുത്തിയത്. ശിവരാജ് സിംഗ് ചൗഹാൻ അമേരിക്കയിലെ റോഡുകളേക്കാൾ നല്ലതാണ് മധ്യപ്രദേശിലേതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ കടുത്ത വിമർശനമാണ് ചൗഹാൻ കോൺഗ്രസിൽ നിന്നും നേരിട്ടത്
.
                              ***      ***      ***
  
വെയിൽ എന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജ് തനിക്ക് നേരെ  വധഭീഷണി മുഴക്കിയെന്ന് ഷെയിൻ നിഗം. നിർമാതാവ് ജോബി ജോർജ് മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നടി പാർവതിയെ അപമാനിക്കുന്ന പരാമർശങ്ങളുമായി നിരവധി ചർച്ചകളിലും, സോഷ്യൽ മീഡിയയിലും വന്നിരുന്ന ആളാണ് കസബ സിനിമയുടെ പ്രൊഡ്യൂസറായിരുന്ന ജോബി ജോർജ്.
മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ചുള്ള പാർവതിയുടെ അഭിപ്രായത്തിനെതിരെ വലിയ ചർച്ചകളാണ് നടന്നത്. അന്ന് സൈബർ ബുള്ളിയിങ്ങിന് പാർവതി പരാതി നൽകിയപ്പോൾ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാരന് ജോലി വാഗ്ദാനം ചെയ്തയാളാണ് ജോബി ജോർജ്.
'മുത്തേ നിനക്ക് ചേട്ടൻ ജോലി തരും ഡാ...' എന്നായിരുന്നു ജോബിയുടെ വാക്കുകൾ. അന്ന് ജോബിയുടെ വാക്കുകൾ ഏറ്റെടുത്ത വലിയൊരു കൂട്ടം ആളുകളുണ്ടായിരുന്നു സൈബർ ലോകത്ത്. എന്നാൽ ഇന്ന് ഷെയിൻ നിഗം പരാതി നൽകിയതോടെ അവർ ഷെയ്‌നിന് പിന്തുണയുമായെത്തി. 
ഏറ്റവുമൊടുവിൽ വിഷയത്തിൽ നിലപാട് അറിയിച്ച് സംവിധായകൻ മേജർ രവിയും രംഗത്തെത്തി. ജോബി ജോർജിന്റെ പത്രസമ്മേളനം കണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ സത്യം നിർമാതാവിനൊപ്പമാണെന്ന് മനസ്സിലായെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു. 'ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഷെയ്‌നെ ഞാൻ പിന്തുണയ്ക്കുന്നു. ജോബിയുടെ പത്രസമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, ജോബിയുടെ ഭാഗത്താണ് സത്യവും ന്യായവും. ഷെയിനു കുറച്ച് കൂടി അച്ചടക്കം ഉണ്ടാകേണ്ടതുണ്ട്. കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ ചുമതലകൾ നിർവഹിക്കുകയും വേണം. അതുകൊണ്ട് നല്ല കുട്ടിയായി വന്ന് ഉറപ്പു നൽകിയ പോലെ ജോബിയുടെ ചിത്രം പൂർത്തിയാക്കുക'. മലയാള സിനിമാ വ്യവസായത്തിൽ വിവാദങ്ങൾക്കാണല്ലോ ഇപ്പോൾ ഡിമാന്റ്.....

Latest News