Sorry, you need to enable JavaScript to visit this website.

ഷിമിലിന്റെ ആശകൾക്ക് അശ്വവേഗം

കുതിരപ്പുറത്ത് സവാരി ചെയ്യുകയെന്നാൽ ചിറകില്ലാതെ പറക്കുന്നതിന് തുല്യമാണ് -ഇത് പറഞ്ഞത് പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ. മലപ്പുറം മേൽമുറി പെരുമ്പറമ്പിലെ അത്തോളി വീട്ടിൽ മുഹമ്മദ് ഷിമിൽ ഈ ഉദ്ധരണി കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ചിറകില്ലാതെ പറക്കുന്നതിലെ ത്രിൽ നേരിൽ അനുഭവിക്കാനായി ബാല്യം തൊട്ടേ കുതിരസവാരി പഠിച്ച ഈ സാഹസികൻ, വളർത്തുമൃഗങ്ങളുടെ ഉറ്റതോഴനുമാണ്. 
- ആളുകൾ എനിക്ക് 'പിരാന്താ'ണെന്ന് പറയും. പക്ഷേ ഞാൻ ഹാപ്പിയാണ്. ഈ ജീവികളോടൊപ്പം കഴിയുന്ന ഓരോ നിമിഷവും എന്റെ മനസ്സ് ശാന്തമാണ്. യാതൊരു ടെൻഷനുമില്ല.. അനിയൻ മുഹമ്മദ് ഷിബിനോടൊപ്പം അടുത്ത കുതിര സവാരിക്ക് പുറപ്പെടുന്നതിനുള്ള ഒരുക്കത്തിനിടെ, ഷിമിൽ മലയാളം ന്യൂസിനോട് പറഞ്ഞു. 
മൃഗ പരിപാലനം എനിക്ക് ഹോബിയല്ല, ജീവിതം തന്നെയാണ്... വിശാലമായ വീട്ടുവളപ്പിലെ കുതിരലായത്തിൽ തന്റെ കുതിരയുടെ പുറത്ത് സ്‌നേഹപൂർവം തലോടുകയായിരുന്നു, ഷിമിൽ. 

ഓഫ് റോഡ് ഡ്രൈവിംഗ് 

വലിയ അമ്മാവനും പിന്നെ ബാപ്പയും വഴി ഷിമിലിന്റെ മനസ്സിൽ കുട്ടിക്കാലം തൊട്ടേ കയറിയ കമ്പമാണ് വളർത്തുമൃഗങ്ങളും സ്പീഡ് വാഹനങ്ങളും. ഡ്രൈവിംഗ് ഷിമിൽ സ്വയം പഠിച്ചതാണ്. പ്രത്യേകിച്ച് പരിശീലകരൊന്നുമില്ല. കണ്ടു പഠിച്ചത് എന്ന് പറയാം. ഡ്രൈവിംഗിനോടുള്ള ഭ്രമം തിരിച്ചറിഞ്ഞ ബാപ്പ അബ്ദുൽ അസീസ് തന്നെ ചെറിയൊരു കാർ വാങ്ങിക്കൊടുത്തു - മാരുതി 800. പിന്നീടാണ് ലൈസൻസെടുത്തത്. ചെറിയ കാറുകളിൽ നിന്ന് ക്രമേണ വലിയ കാറുകളിലേക്കും ലോറികളിലേക്കും ബസുകളിലേക്കും. കൊച്ചു പയ്യൻ ബസോടിക്കുന്നത് മലപ്പുറത്തുകാർ അതിശയത്തോടെ നോക്കിനിന്നു. പിന്നെ നീണ്ട ട്രക്കുകളുടെ വളയം പിടിക്കാൻ തുടങ്ങി. ആ താൽപര്യം അങ്ങനെ വളർന്ന് പന്തലിച്ചു. ഷിമിലിന്റെ ഓവർസ്പീഡ് ചിലപ്പോഴെങ്കിലും ട്രാഫിക് പോലീസിന് തലവേദനയായി. 


വേഗത, ഷിമിലിന്റെ ജീവിതത്തിന്റെ ഭാഗമായി. എന്തിലും ഏതിലും സ്പീഡ്. സ്പീഡ് എന്ന് പറഞ്ഞാൽ പോരാ ഓവർസ്പീഡ്. റോഡുകളൊഴിവാക്കി മലയും കുന്നും തേടിയായി പിന്നെയുള്ള യാത്ര. ഓഫ് റോഡ് ഡ്രൈവിംഗ് അങ്ങനെ തുടങ്ങിയതാണ്. ഇതിനായി സമാന മനസ്‌കരായ കൂട്ടുകാരേയും കിട്ടി. ബാംഗ്ലൂരിലെ സഹപാഠികളോടൊപ്പം ഡ്രൈവിംഗിനും ട്രക്കിംഗിനും പോയിത്തുടങ്ങി. ഫോർവീലറിലായി പിന്നീടുള്ള സാഹസിക യാത്രകൾ. ഹൈറേഞ്ച് ക്ലബ് എന്ന കൂട്ടായ്മ അങ്ങനെ രൂപമെടുത്തതാണ്. റോഡുകളിലൂടെയോ ഓഫ് റോഡുകളിലൂടെയോ വാഹനങ്ങളുമായി കുതിച്ചു പാഞ്ഞാൽ മാത്രം പോരെന്നും ജീവകാരുണ്യ-സാമൂഹിക രംഗങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിക്കണമെന്നും ഹൈറേഞ്ച് ക്ലബിലെ അംഗങ്ങളുമായി ഇടപഴകുമ്പോഴാണ് മനസ്സിലേക്ക് ഇരമ്പിയെത്തിയത്. ഇക്കഴിഞ്ഞ രണ്ടു പ്രളയ കാലത്തും ഷിമിലും കൂട്ടുകാരും നിലമ്പൂർ, വയനാട് ഭാഗങ്ങളിൽ പ്രളയ ദുരിതാശ്വാസ സാമഗ്രികളുമായി ചുരവും മലയും താണ്ടിയെത്തിയത് അവിടങ്ങളിലെ സന്നദ്ധ പ്രവർത്തകരിലും ദുരിതബാധിതർക്കിടയിലും വലിയ ആവേശമാണ് വിതച്ചതെന്ന് ഷിമിൽ ഓർക്കുന്നു. ഇക്കാര്യത്തിൽ നിലമ്പൂരിലേയും വയനാട്ടിലേയും ട്രാഫിക് അധികൃതരിൽ നിന്ന് നല്ല പ്രോൽസാഹനവും ലഭിച്ചു. ചാരിറ്റി പ്രവർത്തനത്തിന് ശാസ്ത്രീയവും വിപുലവുമായ പ്ലാറ്റ്‌ഫോം രൂപീകരിക്കുകയെന്നതാണ് ഹൈറേഞ്ച് ക്ലബിന്റെ അടുത്ത ലക്ഷ്യമെന്ന് ഷിമിൽ ചൂണ്ടിക്കാട്ടി.

ഫാമുകൾ, പക്ഷിക്കൂടുകൾ, 
കാലിത്തൊഴുത്ത്

പശുക്കൾക്കും ആടുകൾക്കുമായി വലിയൊരു ഫാം ഷിമിൽ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും നല്ല പിന്തുണയാണ് ഈ കാര്യങ്ങൾക്കൊക്കെ കിട്ടുന്നത്. പണച്ചെലവുള്ള സംഗതിയായത് കൊണ്ട് കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് സഹായം അനിവാര്യമാണെന്ന് ഷിമിലിനറിയാം. വാഹനങ്ങളോടുള്ള അമിത താൽപര്യം കാരണം സംസ്ഥാനത്ത് നിന്ന് പുറത്ത് പോയി ഏറ്റവും പുതിയ മോഡൽ സ്‌പോർട്‌സ്, ആഡംബര കാറുകൾ വിലയ്‌ക്കെടുക്കുകയും ആവശ്യക്കാർക്ക് വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. 
മൃഗങ്ങളോടും വാഹനങ്ങളോടും ഒരേ സമയം അഭിനിവേശമുണ്ടാകുന്നത് ഷിമിലിന്റെ ദിനരാത്രങ്ങളെ വൈവിധ്യപൂർണമാക്കുന്നു. കുതിര സവാരി പഠിച്ചതിനാൽ അതിൽ താൽപര്യമുള്ളവർക്ക് ആവശ്യമായ പരിശീലനം നൽകാനും ഷിമിൽ സന്നദ്ധമാണ്. പന്തയക്കുതിരകളെ പരിശീലിപ്പിക്കുന്നതിനുള്ള നാഷണൽ ട്രെയിനർമാരേയും ഷിമിൽ ബന്ധപ്പെടുത്തിക്കൊടുക്കുന്നു. കുതിര സവാരിയും കുതിരപ്പന്തയവും വിട്ടൊഴിയാത്ത ഹരമായത് കൊണ്ട് ബാംഗ്ലൂർ ഹോഴ്‌സ് ക്ലബിന്റെ പരിപാടികളിൽ ഷിമിൽ പലപ്പോഴും ക്ഷണിതാവാണ്. 

മൃഗസ്‌നേഹം, മൃഗ പരിപാലനം

തീരെ ചെറിയ കുട്ടിയാകുമ്പോൾ മുറ്റത്തെ മാവിൻചുവട്ടിലെ അണ്ണാറക്കണ്ണനിൽ നിന്ന് തുടങ്ങിയ ഷിമിലിന്റെ മിണ്ടാപ്രാണികളോടുള്ള വാൽസല്യം പൂച്ചക്കുട്ടികൾ, പ്രാവുകൾ, തത്തകൾ, മുയൽ എന്നിവയിലേക്ക് വളരെ വേഗം വളർന്നു. പിന്നെ വലിയ വളർത്തു മൃഗങ്ങളിലേക്കും. പക്ഷികളുടെ കൂട്ടുകാരനായി മാറിയ ഷിമിൽ മുന്തിയ ഇനം നായ്ക്കളുമായുള്ള സഹവാസം തുടങ്ങി. മലപ്പുറം ഇസ്‌ലാഹിയ സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ടേ വീട്ടിൽ 'പെറ്റ് ഡോഗുകൾക്ക്' ഭക്ഷണവും പാർപ്പിടവും നൽകി ഷിമിൽ മൃഗസ്‌നേഹിയായി. വീട്ടുവളപ്പിൽ മൃഗങ്ങൾക്കായി വിശാലമായ കൂടുകളും തൊഴുത്തും സ്ഥാപിച്ചു. പക്ഷികൾക്ക് പലയിടങ്ങളിലായി പലവിധം കൂടുകളും നിർമിച്ചു. എല്ലാം പണച്ചെലവുള്ള കാര്യമാണ്. പക്ഷേ ഇതിൽ നിന്ന് കിട്ടുന്ന ആത്മസംതൃപ്തിയാലോചിക്കുമ്പോൾ ചെലവ് പ്രശ്‌നമാക്കാറില്ല, ഷിമിലും ബാപ്പയും. 


(മനേകാ ഗാന്ധി എന്നാണ് ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള അനിയത്തി, ഷിമിലിനെ വിളിച്ചിരുന്നത്). 
പക്ഷികളോടുള്ള പ്രണയം, പക്ഷിരാജനായ പരുന്തിലെത്തി നിൽക്കുന്നു. എത്ര ഉയരത്തിൽ നിത്യവും പറത്തി വിട്ടാലും സൂര്യാസ്തമയത്തോടെ ഈ പരുന്ത് മലപ്പുറം മേൽമുറിയിൽ ഷിമിലിന്റെ വീട്ടുവളപ്പിൽ കൃത്യമായി തിരിച്ചെത്തും. മയിലുകളുമുണ്ടായിരുന്നു. പക്ഷേ നിയമം പാലിച്ച് കൊണ്ട് ഇപ്പോൾ മയിലുകളെ വളർത്താറില്ല. പകരം നാല് 'എമു'ക്കൾ ഷിമിലിന്റെ അതിഥികളായി എത്തിയിട്ടുണ്ട്. ഇതിനിടെയാണ് രാജസ്ഥാനിൽ നിന്ന് ഒരു ജോഡി ഒട്ടകത്തെ വാങ്ങിയത്. ഒട്ടകങ്ങൾക്ക് തീറ്റപ്പുല്ല് കൊടുക്കലും പരിപാലിക്കലുമൊക്കെ പ്രശ്‌നമാണെങ്കിലും ഷിമിലിനെ സംബന്ധിച്ച് ഇതൊക്കെ ആത്മസംതൃപ്തി നൽകുന്നു. 'കത്തിയവാറി' ഇനത്തിലുള്ള രണ്ടു കുതിരകൾ, മാർവാറി ഇനത്തിലുള്ള മറ്റൊരു കുതിര, നാലു ജർമൻ ഷെപ്പേഡ് നായ്ക്കൾ, വെച്ചൂർ പശുവും കുട്ടിയും, പേർഷ്യൻ പൂച്ചകൾ (ഫാത്തു ബ്രാൻഡ്) എന്നിവയ്ക്ക് പുറമെ പല തരം കോഴികളും കുളത്തിൽ നിരവധി മൽസ്യങ്ങളും ഷിമിലിന് സ്വന്തം. എല്ലാം വലിയ വില കൊടുത്ത് വാങ്ങിയ മികച്ച ഇനങ്ങൾ. 
ഷിമിലിന്റെ ഗാരേജിൽ കിടക്കുന്ന വാഹനങ്ങൾ: മഹീന്ദ്ര സീലോ, മഹീന്ദ്ര ജീപ്പ്, മഹീന്ദ്ര താർ, സ്വിഫ്റ്റ് ഡിസയർ, മാരുതി-800...(ഈ മാരുതി 800 ൽ നിന്നാണ് ഷിമിൽ ഡ്രൈവിംഗിന്റെ ആദ്യപാഠം പഠിച്ചത്). 
മലപ്പുറത്തെ ഏറ്റവും വലിയ ഫ്രഷ്-ഫ്രോസൺ കോഴിമാംസ വ്യാപാരി (റസീന ചിക്കൻ) അത്തോളി അബ്ദുൽ അസീസിന്റേയും സാജിദയുടേയും മകനാണ് മുഹമ്മദ് ഷിമിൽ. മേൽമുറി എം.എം.ഇ.ടി സ്‌കൂൾ, ഇസ്‌ലാഹിയ സ്‌കൂൾ, ബാംഗ്ലൂർ സെന്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഷിമിൽ വിവാഹിതനാണ്. ഭാര്യ റുഷ്‌നയ്ക്കും വാഹനങ്ങളോടും വളർത്തു മൃഗങ്ങളോടും അതിയായ കമ്പം തന്നെയെന്ന് ഷിമിൽ പറയുന്നു. ഇല്ലെങ്കിൽ വീട്ടിൽ അടി നടക്കില്ലേയെന്നും ഷിമിൽ. അനിയൻ മുഹമ്മദ് ഷിബിനാകട്ടെ, ടൂ വീലർ ഭ്രമക്കാരനാണ്. വിലയേറിയ ടൂ വീലറുകൾ വാങ്ങുകയും വിൽക്കുകയും ഒപ്പം അവയിൽ സാഹസിക യാത്ര നടത്തുകയുമാണ് ഷിബിന്റെ ഹോബി.  


സ്പീഡ് വാഹനങ്ങളും വളർത്തു മൃഗങ്ങളുമില്ലാത്ത ജീവിതമില്ല, ഈ കുടുംബത്തിന്. അതിവേഗതയിൽ കുതിക്കുന്ന കുതിരകളും സ്‌പോർട്‌സ് വാഹനങ്ങളും. അവയോടൊപ്പം കുതിച്ചുപായുന്ന സ്വപ്‌നങ്ങളും.
പ്രായത്തിന്റെ പാരവശ്യം തളർത്തി, തെരുവിലേക്ക് തള്ളപ്പെടുന്നതും മുറിവേറ്റ് ക്ഷീണിച്ചതുമായ തെരുവ് മൃഗങ്ങൾക്ക് വേണ്ടി ഒരു സൗജന്യ വെറ്ററിനറി ക്ലിനിക്കും വെറ്ററിനറി ഫാർമസിയും മലപ്പുറത്ത് ആരംഭിക്കുകയെന്നതാണ് ഷിമിലിന്റെ ആഗ്രഹം. മൃഗ പരിപാലനവും ഓഫ് റോഡ് ഡ്രൈവിംഗും ജീവിതവ്രതമായി കൊണ്ടുനടക്കുന്ന ഈ ചെറുപ്പക്കാരന്റെ കുതിരവേഗതയിലുള്ള ആശകൾ സഫലമാകട്ടെ. 

Latest News