ലണ്ടൻ - അവസാനം വരെ ആവേശം ഇളകിമറിഞ്ഞ വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് കപ്പിനും ചുണ്ടിനുമിടയിൽ കിരീട നഷ്ടം. കന്നി ലോകകപ്പ് സ്വന്തമാക്കാൻ അവസാന 15 പന്തിൽ മൂന്നു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 10 റൺസ് മതിയായിരുന്നു. എന്നാൽ ഒരു റൺ കൂടി ചേർക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകളും പിടിച്ചടക്കി ഇംഗ്ലണ്ട് മൂന്നാം തവണ ലോകകപ്പുയർത്തി. എട്ട് പന്ത് ശേഷിക്കെ ഇന്ത്യ ഓളൗട്ടായി. ആറു വിക്കറ്റെടുത്ത ആന്യ ഷ്‌റബ്‌സോളാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി. ആന്യ പ്ലയർ ഓഫ് ദ ഫൈനലും ഇംഗ്ലണ്ട് ഓപണർ താമി ബ്യൂമോണ്ട് പ്ലയർ ഓഫ് ദ ടൂർണമെന്റുമായി. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയിൽ നിന്നേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ഇത്.
രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിൽ തോൽക്കുന്നത്. 2005 ൽ ഓസ്‌ട്രേലിയയോടാണ് തോറ്റത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ നടന്ന ഫൈനലിൽ ലോഡ്‌സിലെ നിറഞ്ഞ ഗാലറി വനിതാ ലോകകപ്പിലെ പുതിയ യുഗപ്പിറവിയായി.
വൻ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ ജുലാൻ ഗോസ്വാമിയുടെ നേതൃത്വത്തിൽ ഏഴിന് 228 ലൊതുക്കിയപ്പോൾ ഇന്ത്യക്ക് പ്രതീക്ഷ മുളച്ചതായിരുന്നു. ഒരിക്കൽകൂടി താളം തെറ്റിയ തുടക്കത്തിനു ശേഷം ഓപണർ പൂനം റൗതും (115 പന്തിൽ 86) സെമിയിലെ വിജയശിൽപി ഹർമൻപ്രീത് കൗറും (80 പന്തിൽ 51) ഇന്ത്യയെ കൈപിടിച്ചു കയറ്റിയതായിരുന്നു. മുപ്പത്തിനാലാം ഓവറിൽ ഹർമൻപ്രീതിനെ ബൗണ്ടറി ലൈൻ ക്യാച്ചിൽ ഇംഗ്ലണ്ട് പുറത്താക്കിയെങ്കിലും 42.4 ഓവറിൽ മൂന്നിന് 191 ലെത്തി ഇന്ത്യ. ജയത്തിന് 38 റൺസ് മാത്രം അകലെ. എന്നാൽ പേശിവേദനയുമായി ബുദ്ധിമുട്ടിയ പൂനം പുറത്തായതോടെ കളി തിരിഞ്ഞു. സുഷമ വർമയും (0) വെടിക്കെട്ട് ബാറ്റ്‌സ്‌വുമൺ വേദ കൃഷ്ണമൂർത്തിയും (34 പന്തിൽ 35) ജുലാൻ ഗോസ്വാമിയും (0) തുടരെ പുറത്തായി. മൂന്നിന് 191 ൽനിന്ന് ഏഴിന് 201 ലേക്ക് ഇന്ത്യ തകർന്നു. തോൽവിയുറപ്പിച്ച ഘട്ടത്തിൽ ദീപ്തി ശർമയും (12 പന്തിൽ 14) ശിഖ പാണ്ഡെയും (4) പ്രതീക്ഷ നൽകി, ടീമിനെ ഏഴിന് 218 ലെത്തിച്ചു. ജയത്തിന് 10 റൺസ് അരികെ. എന്നാൽ ശിഖ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് തുലച്ചതോടെ ഇന്ത്യയുടെ കൈയിൽനിന്ന് കപ്പ് വഴുതി. ദീപ്തി ശർമയെയും നേരിട്ട ആദ്യ പന്തിൽ രാജേശ്വരി ഗെയ്ക്‌വാദിനെയും (0) പുറത്താക്കി ഇംഗ്ലണ്ട് കിരീടം പിടിച്ചു. ഓപണിംഗ് ബൗളറായ ആന്യ 9.4 ഓവറിൽ 46 റൺസിനാണ് ആറു വിക്കറ്റെടുത്തത്.
സെമിയിലെ ഉജ്വല ബാറ്റിംഗോടെ ഓപണർ സ്മൃതി മന്ദാനയെ (0) ആന്യ ബൗൾഡാക്കുന്നതു കണ്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സ് തുടങ്ങിയത്. ക്യാപ്റ്റൻ മിഥാലി രാജ് (17) പരാജയപ്പെട്ടതാണ് ടീമിന് വലിയ ക്ഷീണമായത്. ഹർമൻപ്രീതിന്റെ മേൽ കനത്ത സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും സാവധാനമാണ് ഓൾറൗണ്ടർ തുടങ്ങിയത്. നേരിട്ട ഒമ്പതാമത്തെ പന്തിലാണ് അക്കൗണ്ട് തുറന്നത്. രണ്ട് ഉജ്വ സിക്‌സറും മൂന്നു ബൗണ്ടറിയും പായിച്ചെങ്കിലും അനായാസം കുതിക്കാൻ ഹർമൻപ്രീതിനെ ഇംഗ്ലണ്ട് ബൗളർമാർ അനുവദിച്ചില്ല. മൂന്നാം വിക്കറ്റിൽ ഹർമൻപ്രീതും പൂനമും 95 റൺസ് ചേർത്തു, എട്ട് വിക്കറ്റ് ശേഷിക്കെ 100 പന്തിൽ 91 റൺസ് മതിയെന്ന നിലയിൽ അവർ കാര്യങ്ങളെത്തിച്ചു. 188 ഏകദിനങ്ങൾ കളിക്കുകയും ഏഴ് അർധ ശതകം നേടുകയും ചെയ്ത ദീപ്തി ശർമക്കു പകരം വിക്കറ്റ്കീപ്പർ സുഷമ വർമയെ സ്ഥാനക്കയറ്റം നൽകി അയച്ചത് ഇന്ത്യയുടെ തന്ത്രപരമായ പിഴവായി. ആ പഴുതിലൂടെ പെയ്‌സ്ബൗളർ ആന്യ തുളഞ്ഞുകയറി. 19 പന്തിൽ 11 റൺസിനിടെ ആന്യ അഞ്ചു വിക്കറ്റെടുത്തു. ഇന്ത്യക്ക് 28 റൺസിനിടെ അവസാന ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു. എട്ട് പന്ത് ശേഷിക്കെ 219 ന് ഓളൗട്ടായി. ഇംഗ്ലണ്ടിന്റെ പരിചയസമ്പത്താണ് അവരുടെ വിജയമുറപ്പിച്ചത്. അവരുടെ അഞ്ചാമത്തെ ഫൈനലായിരുന്നു ഇത്. അവസാന വേളയിൽ ജെന്നി ഗുൺ ക്യാച്ച് കൈവിട്ടപ്പോൾ ആന്യ സഹതാരങ്ങളെ ശാന്തരാക്കി നിർത്തി.
നേരത്തെ ജുലാനാണ് (10-3-23-3) ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. മുപ്പത്തിരണ്ടോവറിൽ മൂന്നിന് 146 ലെത്തിയതായിരുന്നു അവർ. ഓപണർമാരായ താമിയും (37 പന്തിൽ 23) ലോറൻ വിൻഫീൽഡും (35 പന്തിൽ 24) പതിനൊന്നോവറിൽ വിക്കറ്റ് പോവാതെ സ്‌കോർ 47 ലെത്തിച്ച് നല്ല തുടക്കം നൽകി. പിന്നീട് ആറ് റൺസെടുക്കുന്നതിനിടെ ഓപണർമാരെയും ക്യാപ്റ്റൻ ഹെതർ നൈറ്റിനെയും (1) ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു. സാറാ ടയ്‌ലർക്ക് (62 പന്തിൽ 45) നഥാലി സിവർ (68 പന്തിൽ 51) കൂട്ടെത്തിയതോടെ സ്‌കോറിംഗ് വേഗം കുതിച്ചു. എന്നാൽ പിന്നീട് ഇന്ത്യ ആതിഥേയർക്ക് മൂക്കുകയറിട്ടു. കാതറിൻ ബ്രണ്ടും (42 പന്തിൽ 34) ജെന്നി ഗുന്നുമാണ് (38 പന്തിൽ 25) സ്‌കോർ 200 കടത്തിയത്. പൂനം യാദവിന് രണ്ടു വിക്കറ്റ് കിട്ടി.