Sorry, you need to enable JavaScript to visit this website.

പട്ടു പോലൊരു പാട്ടുകാരൻ...

വെയിൽ വന്നു വീണാലും നനവ് മാറാതെ കുളിര് ചേർത്തു പിടിക്കുന്നൊരു വഴിയുടെ കുളിരുണ്ട് ഈ പാട്ടുകാരന്. പട്ടു പോലെ മൃദുലമായ സംഗീത നാരിഴകളുടെ മഴക്കുളിര് സമ്മാനിക്കുന്നൊരാൾ. ഹാർമോണിയത്തിനരികെ ധ്യാനാത്മക ഭാവത്തിലിരുന്ന് അയാൾ പാട്ടിന്റെ പാലാഴി ഒഴുക്കുന്നു. പാട്ടോർമയുടെ കലവറയിൽ നിന്ന് ചോദിക്കുന്നവർക്കൊക്കെ എടുത്തുകൊടുത്ത് കൊച്ചിക്കാരൻ അബ്ദുൽ മജീദ് പാടുന്നു. ഒരു മാസത്തോളമായി ജിദ്ദയിലെ ഏതെങ്കിലും ഒരു ഭാഗത്തിരുന്ന് കാതോർത്താൽ കേൾക്കാവുന്ന അത്രയും അടുത്തിരുന്ന് മജീദ് ഭായ് പാടിക്കൊണ്ടിരിക്കുകയായിരുന്നു. മജീദ് പാടി നിർത്തിയ സിൽക്കി വോയ്‌സ്- പട്ടുപോലൊരു ശബ്ദം ഈ നഗരത്തിൽ ഇനിയുമേറെക്കാലം അലയടിച്ചു കൊണ്ടേയിരിക്കും. പാട്ടൊഴിഞ്ഞിട്ടും നിലയ്ക്കാത്തൊരു രാഗധാര പോൽ. മറ്റൊരു പാട്ടുകാരനും സ്വന്തമാക്കാനാകാത്ത വിധം സംഗീതത്തിനൊപ്പം കേൾവിക്കാരുടെ ഹൃദയവും കയ്യടക്കിയാണ് മജീദ് ഭായ് ഫോർട്ടു കൊച്ചിയിലെ വീട്ടിലേക്ക് മടങ്ങുന്നത്. 
പ്രസിദ്ധമായ കൊച്ചി സംഗീത പാരമ്പര്യത്തിന്റെ കൈവഴികളിലൂടെയാണ് മജീദ് ഭായിയും ഒഴുകിയെത്തുന്നത്. ആ വേരുകളിലേക്ക് തിരിച്ചുപോയാൽ മെഹ്ദി ഹസനെയും ഉമ്പായിയെയും എച്ച്.മെഹബൂബിനെയും കാണാം. 

1970-കളുടെ അവസാനത്തിലാണ് ഉമ്പായിയുടെ സംഘത്തിൽ മജീദ് ഭായ് എത്തിപ്പെടുന്നത്. അത് തികച്ചും സ്വാഭാവികമായി സംഭവിച്ചതായിരുന്നു. കല്യാണ വീടുകളിലും മറ്റും സംഗീതസന്ധ്യ നടത്തുന്ന ഉമ്പായിക്കൊപ്പം തബലയടക്കമുള്ള സംഗീതോപകരണങ്ങൾ കയറ്റാനും ഇറക്കാനുമൊക്കെയായിരുന്നു ആ യാത്ര. കൊച്ചിൻ ഫിഷറീസിൽ മീൻ ലേലത്തിൽ വിൽക്കുന്ന തൊഴിലാളിയായിരുന്നു അക്കാലത്ത്. മീൻവില വിളിച്ചു പറഞ്ഞ് തളർന്നിരിക്കുന്നതിന്റെ ക്ഷീണം ഉമ്പായിക്കൊപ്പമുള്ള യാത്രയിൽ അലിഞ്ഞില്ലാതാകും. 
ഈ യാത്രക്കിടെ ഒരിക്കൽ ഉമ്പായി പറഞ്ഞു. 
''മജീദ്, നീയിങ്ങനെ തബല ഇറക്കാനും കയറ്റാനും മാത്രമായി നടന്നിട്ടെന്ത് കാര്യം. തബല വായിക്കാൻ പഠിക്കണം.'' തബലക്ക് മേൽ ഉമ്പായിയുടെ താളപ്പെരുക്കം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്. ഉമ്പായിയുടെ കീഴിൽ മജീദ് ഭായിയുടെ വിരലുകളും അധികം വൈകാതെ തബലയിൽ ചിത്രം വരയ്ക്കാൻ തുടങ്ങി. തബലയിൽ നിന്ന് ഉമ്പായി പതുക്കെ ഹാർമോണിയത്തിലേക്ക് കൂട് മാറി. 
പിന്നീടൊരിക്കൽ ഉമ്പായിയുടെ നിർദേശം വീണ്ടും വന്നു. ഹാർമോണിയം പഠിക്കാനുള്ള ഉപദേശമായിരുന്നു അത്. സംഗീത സംവിധായകൻ നൈന മാസ്റ്റർക്ക് കീഴിൽ ഹാർമോണിയം അഭ്യസിച്ചു. ഏകദേശം രണ്ടു വർഷത്തോളം ഈ പഠനം തുടർന്നു. 
ഉമ്പായീ, നീ നിന്നെ മുത്തിന് വിൽക്കൂ, ഉപ്പിന് വിൽക്കല്ലേ എന്ന് ഒരു പ്രമുഖ സംഗീത സംവിധായകനൊരിക്കൽ ഉമ്പായിയോട് പറഞ്ഞത് മജീദ് ഭായ് അടക്കമുള്ളവരെ സംഗീതം പഠിപ്പിക്കുന്നതിലെ പാഴ്ശ്രമത്തെ ഓർമിപ്പിച്ചായിരുന്നു. മുത്തിന് വിലയുണ്ടെങ്കിലും അത് കോരിയെടുക്കാൻ പോകുന്നത് മുക്കുവൻമാരാണെന്നായിരുന്നു ഇതിന് ഉമ്പായിയുടെ മറുപടി. അങ്ങനെ ഉമ്പായി കോരിയെടുത്ത മുത്തുകളിൽ ഒന്നായിരുന്നു മജീദ് ഭായിയും.
കാലം പിന്നെയും മുന്നോട്ടു പോകവേ ഉമ്പായി ഒരിക്കൽ മജീദിനോട് പറഞ്ഞു. ''നീ ഹാർമോണിയം വായിച്ച് പാട്ടു പാടണം.'' ഞാനോ എന്ന ഞെട്ടലിനെ ഉമ്പായി തനിക്ക് മാത്രം നൽകാവുന്ന ആത്മവിശ്വാസത്തിന്റെ കോട്ട മജീദിന് സമ്മാനിച്ചു. ഉമ്പായി നൽകിയ ധൈര്യത്തിൽ മജീദ് ഭായ് ഹാർമോണിയത്തിനടുത്തിരുന്ന് പാട്ടു തുടങ്ങി. ആ പാട്ടിപ്പോഴും തുടരുന്നു.


മജീദ് ഭായിയുടെ പാട്ടു വഴികളിൽ മെഹ്ദി ഹസനുണ്ട്. ആ ഓർമ ഇങ്ങനെയാണ്. കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സക്ക് വന്നതായിരുന്നു മെഹ്ദി. ചികിത്സ കഴിഞ്ഞ് തിരിച്ചു പോകുന്നതിന് മുമ്പേ കേരളത്തിന് മെഹ്ദിയുടെ ഗസൽ സമ്മാനവുമുണ്ട്. ഏഷ്യാനെറ്റിന് വേണ്ടി മെഹ്ദിയെ ഇന്റർവ്യൂ ചെയ്യാനുള്ള നിയോഗം ലഭിച്ചത് എഴുത്തുകാരൻ എം.ഇഖ്ബാലിനായിരുന്നു. ഇഖ്ബാൽ തനിക്കൊപ്പം കൂട്ടുകാരൻ കൂടിയായ മജീദിനെയും കൂട്ടി. മെഹ്ദി സാബിനെ കാണാൻ കോട്ടക്കലിൽ എത്തിയെങ്കിലും അപ്പോഴേക്കും മെഹ്ദി നിലമ്പൂരിൽ പി.വി അബ്ദുൽ വഹാബിന്റെ വീട്ടിലെത്തിയിരുന്നു. വഹാബിന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളം ഗസലിനോട് കാണിക്കുന്ന സ്‌നേഹത്തെ പറ്റിയുള്ള മെഹ്ദിയുടെ ചർച്ചയിൽ മജീദ് തന്റെ അറിവ് കൂടി പങ്കുവെച്ചു. മധ്യപ്രദേശിലെ റായ്ഗഢിൽ സ്ഥിരതാമസമാക്കിയ സാഹിത്യകാരൻ ഖാലിദ് സമ്മാനിച്ച മെഹ്ദിയുടെ പഴയകാല പാട്ടുകളുടെ പുസ്തകം മെഹ്ദിക്ക് മജീദ് കാണിച്ചു. താൻ പോലും മറന്നുപോയ പാട്ടുകളുടെ ശേഖരം കണ്ടു മനസ്സ് നിറഞ്ഞ മെഹ്ദിക്ക് മുന്നിൽ മജീദ് രഫ്ത രഫ്ത പാടി. പിന്നീടും കുറെ നേരം അവർ അടുത്തടുത്തിരുന്ന് പാട്ടുകൾ പാടിത്തിമിർത്തു. പാട്ടു പുസ്തകത്തിൽ തന്റെ കയ്യൊപ്പിട്ട് സമ്മാനിച്ചു. ഈ പുസ്തകമൊരിക്കലും കളയരുതെന്ന് സ്‌നേഹത്തോടെ പറഞ്ഞു. കൊല്ലങ്ങൾ എത്രയോ പിന്നിട്ടെങ്കിലും ഇപ്പോഴും മജീദിന്റെ കയ്യിൽ മെഹ്ദിയുടെ കയ്യൊപ്പ് പതിഞ്ഞ ആ പുസ്തകമുണ്ട്. മറ്റൊരു നിധിയില്ല തനിക്ക് സൂക്ഷിക്കാനെന്ന് മജീദ് ഭായ് പറയുന്നു. 


പിറ്റേന്ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന തന്റെ ഗസൽ കേൾക്കാതെ കോഴിക്കോട് വിടരുതെന്ന് മെഹ്ദി സ്‌നേഹത്തോടെ വാശി പിടിച്ചു. താജ് ഹോട്ടലിൽനിന്ന് ഭക്ഷണം ഒന്നിച്ചു കഴിച്ച ശേഷം മെഹ്ദി തന്റെ വാഹനത്തിൽ തന്നെ മജീദിനെ ടാഗോറിലേക്ക് കൊണ്ടുപോയി. മുൻനിരയിൽ സീറ്റ് നൽകണമെന്ന് സംഘാടകരോട് നിർദേശിച്ചു. മുൻനിരയിലിരിക്കാനുള്ള വലിപ്പം തനിക്കില്ലെന്ന് തിരിച്ചറിഞ്ഞ് മജീദ് തന്റെ സീറ്റ് പിറകിലേക്കാക്കാൻ സംഘാടകരോട് കെഞ്ചി. നാലാം നിരയിലിരുന്ന് അന്ന് കേട്ട മെഹ്ദിയുടെ പാട്ടുകൾ ഇപ്പോഴും ഓർത്തെടുത്ത് പാടും മജീദ്. 
ജ്യേഷ്ഠൻ അബ്ദുറഹ്മാനാണ് മജീദിനെ സംഗീതത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നത്. പഴയ പാട്ടുകളുടെ അതിബൃഹത്തായ സൂക്ഷിപ്പുകളുണ്ടായിരുന്നു അദ്ദേഹത്തിന്. ആ പാട്ടുകൾ കേട്ടാണ് കാതിൽ സംഗീതമുറച്ചത്. കസിൻ ബ്രദർ കെ.അബു എന്ന ചെറിയ അബുവിന് കൽവത്തിയിലൊരു പാട്ടുമുറിയുണ്ടായിരുന്നു. അവിടെയിരുന്ന ഒഴിവു നേരങ്ങളിലെല്ലാം പാട്ടു പാടിക്കൊണ്ടേയിരുന്നു. ഈ സംഘത്തിൽ ഉമ്പായിയുമുണ്ടായിരുന്നു. തന്റെ ബോംബെക്കാലം കഴിഞ്ഞായിരുന്നു ഉമ്പായിയുടെ വരവ്. 1979-ൽ എല്ലാവരും ചേർന്ന് രാഗ് എന്ന പേരിൽ ട്രൂപ്പുണ്ടാക്കി. കേരളത്തിലെ ആദ്യത്തെ ഗസൽ ട്രൂപ്പായിരുന്നു അത്. കൊച്ചിൻ നേവിയിലടക്കം ദിവസവും പരിപാടികളുണ്ടായിരുന്നു. വിഖ്യാത ഗായകൻ എച്ച്.മെഹബൂബിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണക്ക് എം.എം ഓർക്കസ്ട്ര രൂപീകരിച്ചു. ഉമ്പായി, കെ.അബു, അബ്ദുൽ റഹ്മാൻ, കെ.എ ഹുസൈൻ, കെ.എം അബ്ദുൽ അസീസ്, ജൂനിയർ മെഹബൂബ്, കിഷോർ അബു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കേരളത്തിലങ്ങോളം ഈ ഓർക്കസ്ട്ര പരിപാടികൾ അവതരിപ്പിച്ചു. മുഹമ്മദ് റഫി മരിച്ച ശേഷം 81 മുതൽ മുഴുവൻ വർഷങ്ങളിലും റഫി നൈറ്റ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ മുഖസംഗീതത്തിന് നൽകുന്ന ഓർമാർച്ചന.
ജിദ്ദയിൽ എസ്.ടി.സിയിൽ ജോലി ചെയ്യുന്ന മുഷ്താഖ്, മുഹ്‌സിൻ എന്നീ മക്കളുടെ അടുത്തേക്കാണ് മജീദ് ഭായിയും ഭാര്യ മെഹ്‌റുന്നിസയും എത്തിയത്. ഉംറ നിർവഹിക്കുകയും മകന്റെ ഭാര്യ ആസിയ മുഷ്താഖിനെയുമായി നാട്ടിലേക്ക് മടങ്ങാനുമായിരുന്നു എത്തിയത്. മജീദ്-മെഹ്‌റുന്നിസ ദമ്പതികളുടെ മറ്റൊരു മകൻ മിറാഷ് കൊച്ചിയിലാണ്. തന്റെ ബാല്യകാല സുഹൃത്ത് മുഹമ്മദ് സിറാജാണ് ജിദ്ദയിലെ സംഗീത വേദികൾക്ക് മജീദ് ഭായിയെ പരിചയപ്പെടുത്തിയത്. അതോടെ നിരവധി വേദികളിൽ മജീദ് ഭായി സംഗീത മഴ പെയ്യിച്ചു. ദിവസവും പരിപാടികളുടെ തിരക്ക്. ഏത് തിരക്കിലും മറന്നുപോകാത്ത ഒരു പേര് ഉമ്പായിയുടേതായിരുന്നു. ഓരോ പാട്ടിന്റെ ഇടവേളയിലും ഉമ്പായി കടന്നുവരും. തോളിലെ വലിയ ഷാൾ മുഖത്ത് തുടച്ച് ഉമ്പായി പറയുന്ന പോലെ തോന്നും. 

പാടുക സൈഗാൾ പാടൂ...
പാടിപ്പാടിയുറക്കൂ...

ആ ഓർമകൾ ചിലപ്പോൾ ഉമ്പായിക്കൊപ്പമുള്ള കാലത്തിലേക്ക് തിരിച്ചെത്തും. 

ചെറുപ്പത്തിൽ നമ്മൾ രണ്ടും...
മണ്ണുവാരി കളിച്ചപ്പോൾ...
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ... 
കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പൂ പറിച്ചിട്ട്
കറിവെച്ച് കളിച്ചതും മറന്നുപോയോ...

ഉമ്പായി തന്നെയാണ് മജീദ് ഭായിയുടെ സംസാരത്തിലും പാട്ടിലും ഏറെയും കടന്നുവരിക. ഹൃദയത്തിൽ നിന്നുള്ള ആ വാക്കിന്റെ ആഴം കണ്ണുകളിലെ ചുവപ്പ് അടയാളപ്പെടുത്തും. ഉമ്പായി മരിക്കുന്നതിന് മുമ്പ് വീട്ടുകാരെ ഒരു മോതിരം ഏൽപിച്ചിരുന്നു. ഇത് മജീദിന് കൊടുക്കണം എന്ന് പറഞ്ഞായിരുന്നു അത് നൽകിയത്. ഉമ്പായി സമ്മാനിച്ച ആ മോതിരം ഇപ്പോഴും മജീദ് ഭായിയുടെ വിരലുകളിലുണ്ട്. ഉമ്പായിയെ കേട്ടവർ, കേട്ടിട്ടും കേട്ടിട്ടും മതിയാകാത്തവർ മജീദ് ഭായിയിലൂടെ ഉമ്പായിയെ കേട്ടുകൊണ്ടേയിരിക്കുന്നു..

ഉമ്പായിയുടെ ജീവന്റെ തുടിപ്പറിഞ്ഞ മോതിരം മജീദിന്റെ വിരലിലിരുന്നു പുതിയ പാട്ട് കേൾക്കുന്നു.

ആയിരത്തൊന്നു രാവിൽ നീളും കഥകൾ പോലെ
ഗായകാ നിർത്തരുതേ നിൻ ഗാനം...

Latest News