ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വീട്ടുജോലി തേടിപ്പോകുന്നത് കേരളത്തിൽ നിന്നായിരുന്നു. എന്നാൽ അടുത്തിടെ ഈ പ്രവണത ആന്ധ്രയിൽ നിന്നാണ് കാണപ്പെടുന്നതെന്ന് പ്രവാസ ലോകം ടെലിവിഷൻ പരിപാടിയുടെ സംവിധായകൻ റഫീഖ് റാവുത്തർ പറയുന്നു. അഭ്യസ്തവിദ്യരായ തൊഴിലാളികൾ വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി വിദേശത്ത് എത്തി പറയുന്ന വേതനമോ, ഭക്ഷണ പാർപ്പിട സൗകര്യങ്ങളോ ലഭിക്കാതെ നരകയാതന അനുഭവിച്ചാണ് മടങ്ങുന്നത്. ഇവർ ദുരിതത്തിൽ ചെന്ന് പെടുമ്പോൾ മാത്രമാണ് സർക്കാരും പ്രവാസി സംഘടനകളും ഇക്കാര്യം അറിയുന്നത്.
വിശപ്പ് സഹിക്കാതെ വന്നപ്പോഴാണ് ഒരു ആപ്പിൾ എടുത്ത് ഞാൻ തിന്നത്. അത് കണ്ട് കലി തുള്ളിയെത്തിയ അർബാബ് (സ്‌പോൺസർ) ചാട്ടവാറ് കൊണ്ട് അടിച്ച് മുറിയിലിട്ട് പൂട്ടി. ദാഹിച്ചു തൊണ്ട വരണ്ട നിമിഷങ്ങൾ. ബോധക്ഷയമുണ്ടാകുമെന്നായപ്പോൾ ഞാൻ മുറിയിലുണ്ടായിരുന്ന ഹമ്മാമിലേക്ക് (ബാത്ത് റൂം) കയറി. പക്ഷേ, പൈപ്പുകളിലൊന്നും വെള്ളമില്ല. കോപിഷ്ഠനായ വീട്ടുടമ ജല വിതരണവും സ്തംഭിപ്പിച്ചിരുന്നു. നിവൃത്തിയില്ലാതെ വന്നപ്പോൾ ഞാൻ കൈക്കുമ്പിളിൽ ഹമ്മാമിലെ ക്ലോസറ്റിനടിയിലുയർന്നു നിൽക്കുന്ന വെള്ളം കോരിക്കുടിച്ചു...
കോഴിക്കോട് ബേപ്പൂർ സ്വദേശിനി അസ്മ തന്റെ പ്രവാസ ജീവിത ദുരിതത്തിലെ ഒരധ്യായം പറഞ്ഞു തീരും മുമ്പേ തുളുമ്പിയ മിഴികളോടെ അടുക്കളയിലേക്ക് കയറി. ഓർക്കാനാഗ്രഹിക്കാത്ത ദുരന്തത്തിന്റെ നാളുകളെ പഴിച്ച് അവരിന്നും ജീവിക്കുന്നു. ബേപ്പൂരിലെ അസ്മയിലൊതുങ്ങി നിൽക്കുന്നില്ല ഈ ദുരിത കഥ. ഗൾഫു ദുരിത ജീവിതത്തിന്റെ പൊള്ളുന്ന യാതനകൾ വിവരിക്കുന്ന സ്ത്രീകളായ ആയിരങ്ങൾ ഇന്നും കേരളക്കരയിൽ ജീവിക്കുന്നു
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സ്ത്രീകൾ വീട്ടുജോലിക്ക് പോയി തിരിച്ചെത്തിയത് കോഴിക്കോട് ജില്ലയിലെ കടലോര മേഖലയിലാണ്. വെള്ളയിൽ, പരപ്പിൽ, ബേപ്പൂർ, പുതിയങ്ങാടി, പുതിയാപ്പ, എലത്തൂർ, കുറ്റിച്ചിറ, പയ്യാനക്കൽ, പള്ളിക്കണ്ടി, നൈനാം വളപ്പ്, കുണ്ടുങ്ങൽ, മാത്തോട്ടം, മാറാട് തുടങ്ങി തീരദേശ മേഖലകളിൽ നിന്ന് വീട്ടുജോലിക്ക് പോയി ദുരിതം താണ്ടി എത്തിയവർ രണ്ടായിരത്തിലേറെ സ്ത്രീകളാണ് ഇവിടെയുള്ളത്.
മൂന്ന് വർഷം മുമ്പ് കേരള പ്രവാസി സംഘം കോഴിക്കോട്ട് സംഘടിപ്പിച്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയവരുടെ കൂട്ടായ്മയിൽ നാലായിരത്തോളം പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട്ടെത്തിയിരുന്നത്. ഇതിൽ കൂടുതൽ പേരും കോഴിക്കോട്ടെ കടലോര മേഖലയിൽ നിന്നെത്തിയവരായിരുന്നു. ട്രാവൽ ഏജന്റുമാരുടെ വഞ്ചനക്കപ്പുറം മനുഷ്യത്വം തീണ്ടാത്തവരുടെ ഇടയിൽ ചെന്ന് പെട്ടതാണ് പലർക്കും ദുരനുഭവങ്ങൾ പേറേണ്ടി വന്നത്. ജില്ലയിൽ തിരിച്ചെത്തിയ ഗദ്ദാമമാരിൽ ഭൂരിഭാഗവും രോഗികളായും പരിക്കേറ്റും ദുരിത പർവ്വം താണ്ടിയെത്തിയവരാണ്. മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ നൂറിലധികം പേർ ഈ കടലോര മേഖലയിൽ ജീവിക്കുന്നുണ്ട്. പലരും നൊമ്പരങ്ങൾ മറച്ചുവെച്ച് ഇപ്പോഴും ജോലിക്ക് പോകുന്നു. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജോലികൾക്ക് പോയാൽ മാത്രമേ ഇപ്പോഴും മിക്ക വീടുകളിലും പട്ടിണി അകലുകയുള്ളൂവെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു.

തല ചായ്ക്കാൻ ഇടം തേടി
കോഴിക്കോട് കുണ്ടുങ്ങൽ സി.എം പടന്നയിലെ 75 കാരി സി.പി ബിച്ച ആറ് വർഷം കുവൈത്തിൽ ജോലി ചെയ്ത് മടങ്ങി എത്തിയിട്ടും സ്വന്തമായി തല ചായ്ക്കാനൊരിടമുണ്ടായിട്ടില്ല. ഇന്നും മറ്റൊരാളുടെ പേരിലുള്ള വീട്ടിൽ കഴിയാനാണ് വിധി എന്ന് അവർ പറയുന്നു. 15 ലക്ഷം നൽകിയാൽ ചന്തുനായർ വകയിലുള്ള സ്ഥലം സ്വന്തമാക്കാം. അതിന് എവിടെപ്പോകുമെന്ന് പറഞ്ഞ് അവർ കൈമലർത്തുന്നു. ഭർത്താവിന്റെ വിയോഗത്തോടെ കുവൈത്തിലെത്തി യുദ്ധകാലത്ത് മടങ്ങിയെത്തിയ ബിച്ച അധികൃതരിൽ നിന്നുള്ള സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല.
പടന്നയിലെ എം.പി. നഫീസയുടെ സ്ഥിതി അതിലേറെ ഭീതിയിലാണ്. അറുപത് കഴിഞ്ഞ നഫീസ ദുബായിൽ വീട്ടുവേലക്കാരിയായത് 21 വർഷമാണ്. മാസ വേതനമായി ലഭിച്ച 4500 രൂപയിൽ നിന്ന് താമസ ഭക്ഷണച്ചെലവ് കഴിച്ചാൽ ബാക്കിയാവുന്ന തുച്ഛമായ വേതനം കുടുംബത്തിലേക്ക് അയക്കും. എന്നാൽ സ്വന്തമായി ഒരു വീട് വെക്കാൻ കഴിഞ്ഞതുമില്ല. രണ്ടു മക്കളിൽ മകൾ പാത്തീബിയുടെ കൂടെയാണ് നഫീസ കഴിഞ്ഞിരുന്നത്. മരുമകൻ മകളുടെ പേരിൽ നിർമ്മിച്ചതാണ് വീട്. വീടിന്റെ താഴെ നില പണയത്തിന് നൽകിയതിനാൽ മുകളിലാണ് താമസം. എന്നാൽ മകൾ മരിച്ചതോടെ നഫീസ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണിപ്പോൾ. ബാങ്കിലെ കടം തീർന്നിട്ടില്ല, മകൾക്ക് കുട്ടികളില്ലാത്തിനാൽ വീട് മരുമകനു മാത്രമാകും. കരഞ്ഞ് റബ്ബിനോട് പ്രാർത്ഥിക്കുന്നു -നഫീസ സങ്കടം കടിച്ചമർത്തി.
28 വർഷം ഷാർജയിലായിരുന്നു. കിട്ടുന്നതിൽ മിച്ചം വെച്ച് നാലര സെന്റിൽ ഒരു വീട് വെച്ചു. അതിപ്പോൾ മക്കൾക്ക് വീതവും വെച്ചു. മുട്ടുകാലിന് തേയ്മാനമാണ്. ഷുഗർ കൂടുന്നു. ജാറത്തൊടിക ചെമ്പങ്കാട് ജെ.ടി മറിയമ്പിക്കും ഗൾഫ് നൽകിയത് യാതനകൾ മാത്രമാണ്. ഭർത്താവ് മധുരക്കാരൻ സൈനുദ്ദീൻ വിട ചൊല്ലിയെങ്കിലും മക്കളെ പോറ്റാനാണ് മറിയമ്പി കടൽ കടന്നത്. വിശ്രമമില്ലാത്ത ജോലി അവരെ രോഗിയാക്കിയിരിക്കുന്നു. ഇനി തൊഴിലെടുക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതുകൊണ്ടാണ് അമ്പത് കഴിഞ്ഞ ഈ വീട്ടമ്മ തൊഴിലു തേടിപ്പറക്കാത്തത്. ഏഴ് വർഷം വീട്ടമ്മയായി ദുബായിൽ ജോലി ചെയ്ത സി.പി തച്ചിമ്പിയും ഇന്ന് ജീവിക്കാൻ വേണ്ടി പെടാപ്പാട് പെടുകയാണ്.
രണ്ടു മാസത്തെ കുവൈത്ത് ജീവിതം കൊണ്ട് യുവത്വം വാർധക്യത്തിലേക്ക് പൊടുന്നനവെ മറഞ്ഞ കഥയാണ് കോഴിക്കോട് പുതിയങ്ങാടിയിലെ ആയിശയുടേത്. വീട്ടുജോലികൾക്കിടയിൽ കൊടിയ പീഡനവും മർദ്ദനവുമായിരുന്നു. ഒടുവിൽ ഇന്ത്യൻ എംബസിയിൽ അഭയം തേടി. അവിടെനിന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ആയിശയുടെ ആക്ഷേപം. ഒടുവിൽ ചെന്നൈയിലേക്ക് കയറ്റി വിട്ടു. കുവൈത്തിലേക്കാളേറെ ദുരിതം ആയിശ അനുഭവിച്ചത് ചെന്നൈയിൽ വെച്ചായിരുന്നു. നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് സാമൂഹ്യ ദ്രോഹികൾ ആയിശയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. വഴിയാത്രക്കാരനായ ഒരു മലയാളിയുടെ കാരുണ്യത്താൽ ആശുപത്രിയിലേക്ക് മാറ്റി. കാലും ശരീരവും തളർന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. സംസ്ഥാന സർക്കാർ പോലും ഇടപെട്ട കേസായിരുന്നു അത്.

പെൺകരുത്തിൽ ഉയർന്ന കുടിലുകൾ
ദുരിത കഥയിൽ കുറഞ്ഞ ശമ്പളം നേടി ഗൾഫ് കൊണ്ട് അറബികളുടെ കാരുണ്യത്താൽ ജീവിതം കര പിടിപ്പിച്ചവരും ഈ കടലോരത്തുണ്ട്. മാറാട്ടെ ചില കുടിലുകൾ ഈ വിധത്തിൽ ഉയർന്നവയാണ്. മാറാട് കലാപത്തിനു ശേഷം ഗൃഹനാഥന്മാർ ജയിലിലായതോടെ കുടുംബം പുലർത്താൻ ഇവിടുത്തെ ഉമ്മമാർക്ക് ഗൾഫിലേക്ക് പറക്കേണ്ടി വന്നു. 200 ലധികം പേരാണ് ഈ വിധത്തിൽ ഗൾഫിൽ ജോലി ചെയ്തിട്ടുള്ളത്. കൂടുതൽ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും വീട് വെക്കാനും കുടുംബം പുലർത്താനും ഇവർക്ക് കഴിയുന്നു. നാട്ടിൽ തിരിച്ചെത്തിയിട്ടും അധ്വാനിക്കാനുള്ള ഊർജവും തന്റേടവും ഇവർ കാണിക്കുന്നു - കുടുംബത്തിന്റെ ഭാരം തോളിലേറിയതുകൊണ്ട് മാത്രം.
മുറിവുണങ്ങാത്ത ഗദ്ദാമമാരുടെ ജീവിത കഥകൾ ഈ കടലോരത്ത് അവസാനിക്കുന്നില്ല. പ്രായമായ പെൺമക്കളും തുടർന്നുള്ള ജീവിതവും അവരെ ജീവിത കഥ മറക്കാൻ നിർബന്ധിക്കുകയാണ്. പക്ഷേ മറക്കാനാഗ്രഹിക്കുന്നത് വീണ്ടും തുറക്കാൻ അവർ മടിക്കുന്നു. വീണ്ടും ദുരന്ത കഥകളുടെ ആവർത്തനമില്ലാതിരിക്കാൻ ചിലർ തുറന്നു പറഞ്ഞെന്നു മാത്രം. അത് ഇനിയുളള കാലത്ത് പുതിയവ തേടിപ്പോകുന്നവർക്ക് പാഠമാകും. തങ്ങൾ ഇവിടെ ഗത്യന്തരമില്ലാതെ ജീവിക്കുന്നുവെന്നതിന് അധികാരി വർഗങ്ങൾക്ക് ഓർമപ്പെടുത്തലും.
വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വീട്ടുജോലി തേടിപ്പോകുന്നത് കേരളത്തിൽ നിന്നായിരുന്നു. എന്നാൽ അടുത്തിടെ ഈ പ്രവണത ആന്ധ്രയിൽ നിന്നാണ് കാണപ്പെടുന്നതെന്ന് പ്രവാസ ലോകം ടെലിവിഷൻ പരിപാടിയുടെ സംവിധായകൻ റഫീഖ് റാവുത്തർ പറയുന്നു. അഭ്യസ്ത വിദ്യരായ തൊഴിലാളികൾ വ്യാജ റിക്രൂട്ട് മെന്റ് ഏജൻസികൾ വഴി വിദേശത്ത് എത്തി പറയുന്ന വേതനമോ, ഭക്ഷണ പാർപ്പിട സൗകര്യങ്ങളോ ലഭിക്കാതെ നരകയാതന അനുഭവിച്ചാണ് മടങ്ങുന്നത്. ഇവർ ദുരിതത്തിൽ ചെന്ന് പെടുമ്പോൾ മാത്രമാണ് സർക്കാരും പ്രവാസി സംഘടനകളും ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ 16 വർഷത്തിനിടെ ഏറ്റവും കൂടുതൽ പരാതികൾ വന്നതും 2016 ലാണ്. സൗദി, യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്. സൗദി അറേബ്യയെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും വെച്ചു നോക്കുമ്പോൾ യു.എ.ഇയിലെ പ്രവാസികൾക്കിടയിലാണ് ഇക്കാലത്ത് തിരിച്ചുവരാനുള്ള പ്രവണത ഏറെയുണ്ടായത്. പുരുഷൻമാരേക്കാൾ സ്ത്രീകളാണ് മടങ്ങിയതും. 15നും 19 നും ഇടയിൽ പ്രായമുള്ളവരും 50 വയസ്സ് കഴിഞ്ഞവരുമാണ് ഇവരിൽ ഏറെയും.
ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പേർ വീട്ടുവേലക്കാരികളായി പോകുന്നത് സൗദി അറേബ്യയിലേക്കാണ്. എന്നാൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് തൊഴിൽ തേടിപ്പോകുന്നവരുടെ കണക്ക് മാത്രം ആർക്കുമറിയില്ല. തൊഴിൽ പീഡനങ്ങൾ വർധിച്ചതോടെ ഇന്തോനേഷ്യയും ഫിലിപ്പൈൻസുമെല്ലാം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിയന്ത്രിച്ചു. പിന്നീട് നേപ്പാളും ഇന്ത്യയും നിയന്ത്രണങ്ങളും കൊണ്ടുവന്നു. എന്നാൽ ഇന്ത്യയിൽ നിയമങ്ങൾ കാറ്റിൽ പറത്തി ഇന്നും കുടിയേറ്റം തുടരുന്നു.
വിദേശ കുടിയേറ്റം തടയുന്നതിന് 2015 ൽ കേന്ദ്ര സർക്കാർ ഇമിഗ്രേറ്റ് സിസ്റ്റം കൊണ്ടുവന്നത്. വിദേശത്ത് തൊഴിൽ തേടിപ്പോകുന്നതിന് മുമ്പ് ഓൺലൈൻ വഴി രജിസ്ട്രർ ചെയ്യണമെന്നാണ് നിയമം. ഇതിനു പുറമെ സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ വിദേശ രാജ്യങ്ങളുമായി തൊഴിൽ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ത്യയിൽ നിന്ന് ഒരു വീട്ടുവേലക്കാരിയെ അയക്കുമ്പോൾ സ്‌പോൺസർ 1500 സൗദി റിയാലും യു.എ.ഇ 2500 ദിർഹവും സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെച്ചിരിക്കണം. തൊഴിലിനെത്തുന്നവരുടെ മാസ വേതനം, സുരക്ഷ എന്നിവ ഉറപ്പു വരുത്തണം. ഇത് നിഷേധിക്കപ്പെട്ടാൽ സെക്യൂരിറ്റി ഡെപ്പോസിറ്റിന് തൊഴിലാളി അർഹനാകും. സ്‌പോൺസർ നിയമപരമായി ആവശ്യപ്പെടുന്ന തൊഴിലാളികളെ ഇന്ത്യയിലെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി മാത്രമേ വിദേശത്തേക്ക് കടക്കാൻ കഴിയൂ. എന്നാൽ വ്യാജ ഏജന്റുമാരുടെ വാക്കുകളിൽ ആകൃഷ്ടരായി സ്ത്രീ കുടിയേറ്റമാണ് ഇന്നും രാജ്യത്ത് നടക്കുന്നത്. മനുഷ്യക്കടത്ത് തന്നെയാണ് ഇന്നും നടക്കുന്നതെന്ന് സാരം.






