ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ തെരുവീഥികളിൽ മുഴങ്ങിക്കേട്ട ഒരു ഗാനമായിരുന്നു വഴി കാട്ടാൻ ബി.ജെ.പി എന്ന് തുടങ്ങുന്നത്. ഗുജറാത്ത് മോഡലിൽ ഇതിനെ നന്നായി മാർക്കറ്റ് ചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് പെട്ട ഒരു മനുഷ്യൻ താമരശ്ശേരിയിലേക്ക് പോകാൻ വഴി അന്വേഷിച്ച് ബി.ജെ.പി ഓഫീസിലേക്ക് ഫോൺ ചെയ്യുന്ന ഓഡിയോ ക്ലിപ്പും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ജാലിയൻ കണാരന്റെ സ്ലാംഗിനോട് അടുത്തു നിൽക്കുന്ന ഉച്ചാരണ രീതിയുമായി ഇറങ്ങിയ ഫോൺ സംഭാഷണം കാട്ടുതീയേക്കാൾ വേഗത്തിൽ ആളിപ്പടർന്നു. നല്ല ആസൂത്രണത്തോടെ തയാറാക്കിയ മുദ്രാവാക്യം യു.ഡി.എഫ്-എൽ.ഡി.എഫ് ഭരണത്തിൽ വീർപ്പുമുട്ടി കഴിയുന്ന മലയാളികളെ രക്ഷപ്പെടുത്താൻ താമര മാർഗം മാത്രമേയുള്ളൂവെന്ന് വോട്ടർമാരെ ഓർമപ്പെടുത്തി. എല്ലാം നശിപ്പിച്ചുകൊണ്ടാണ് പിന്നിട്ട വാരത്തിൽ മെഡിക്കൽ ഭൂതം കുടം പൊട്ടിച്ചിറങ്ങിയത്. നഴ്‌സറി സ്‌കൂൾ പ്രവേശനത്തിന് പോലും ശുപാർശ പറയാൻ സാധിക്കാത്ത നേതാക്കൾ കോഴയുടെ കോടിയണിഞ്ഞ് ചാനലുകളിൽ നിന്ന് അപ്രത്യക്ഷരായി. പാലക്കാട്ടെ എന്തോ ലോക്കൽ ഏർപ്പാട് അല്ലേ സാരമില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴതാ വേരുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ. സാമ്പത്തിക രംഗം ശുദ്ധീകരിക്കാൻ നോട്ട് നിരോധനം കൊണ്ടു വന്ന കേന്ദ്രന്റെ ആസ്ഥാനത്തേക്ക് കുഴൽ വിട്ടതോടെ എല്ലാ സമാധാനവും നഷ്ടമായി. കൊടുങ്ങല്ലൂരിലെ റിസർവ് ബാങ്കിന്റെ ഡാമേജ് കൺട്രോൾ ചെയ്തു വരുന്നതിനിടയ്ക്കാണ് പുതിയ കുരിശ്. പാർലമെന്റിൽ വിഷയം ഉന്നയിച്ചത് പാലക്കാട് നിന്നുള്ള രാജേഷ്. തൊട്ടടുത്ത ദിവസം ദേശീയ പത്രങ്ങൾ ഉയർത്തിക്കാട്ടി ചോദ്യോത്തര വേളയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് എ. സമ്പത്ത്. അതും എൽ.ഡി.എഫിന്റെ എം.പി. സമ്പത്തിനെ സുമിത്ര തടയുന്നതെല്ലാം വിശദമായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ ചിന്തൻ ബൈഠക് ചേരുന്ന തിരക്കിലായിരിക്കും. ഇന്ത്യക്ക് വെളിയിൽ രാജ്യത്തിനൊരു സൽപേരുണ്ടായിരുന്നു. ആണവ ശാസ്ത്രജ്ഞനായിരുന്നു നമ്മുടെ രാഷ്ട്രപതി. യു.എസ് പ്രസിഡന്റായിരുന്ന ഒബാമ പോലും പ്രസംഗം ശ്രവിക്കാൻ സമയം മാറ്റി വെച്ച ധനശാസ്ത്ര വിദഗ്ദധനായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ ആനുകൂല്യം പ്രവാസി ഇന്ത്യക്കാർ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യയെന്നാൽ ദരിദ്ര കോടികളുടെ രാജ്യമല്ലെന്നും ലോകത്തിലെ തലയെടുപ്പുള്ള ശക്തിയാണെന്നും മറ്റു രാജ്യക്കാർ മനസ്സിലാക്കിയിരുന്നു. അത് കഴിഞ്ഞാണ് മോഡി യുഗം പിറന്നത്. അസഹിഷ്ണുത, ബീഫ്, ആൾക്കൂട്ട കൊലപാതകങ്ങൾ, ഗോ രക്ഷ തുടങ്ങിയ കലാപരിപാടികൾ മുടങ്ങാതെ അരങ്ങേറുമ്പോഴും മുകളിലെ സർക്കാരിനെ കുറിച്ച് ഒരു മതിപ്പുണ്ടായിരുന്നു. അഴിമതി ആരോപണങ്ങളൊന്നുമില്ലാതെ പോയെന്നായിരുന്നു പൊതുവേയുള്ള ധാരണ. മുൻ വാജ്‌പേയി സർക്കാരിന്റെ കാലത്തെ പെട്രോൾ പമ്പ് ദാനമായിരുന്നു കേരള ബി.ജെ.പിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം സംഘടിപ്പിക്കാൻ കോഴ വിഴുങ്ങിയത് പമ്പ് ഉദാരവൽക്കരണത്തിലും മികച്ചു നിൽക്കുന്നു. കൈക്കൂലി പണത്തിന്റെ വിഹിതം ലഭിക്കാത്തവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. വഴി കാട്ടാൻ വന്ന കാലത്തെ ആത്മമിത്രമാണ്. കൂടെ കിടന്ന് രാപ്പനി അറിഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല.
*** *** ***
ദിലീപ് ശരിയല്ലെന്ന് പറഞ്ഞിരുന്ന രണ്ട് പേരാണ് സിനിമാ രംഗത്തുള്ളത്. അന്തരിച്ച പ്രമുഖ നടൻ തിലകനും സംവിധായകൻ വിനയനും. താരം അഴിക്കുള്ളിലായതോടെ ആക്ഷേപവുമായി പുതുതായി പലരും രംഗത്തിറങ്ങി. തിരക്കഥാ കൃത്താവാൻ അനുവദിച്ചില്ല, സംവിധായകന്റെ സാധ്യത ഇല്ലാതാക്കി, നിർമാതാക്കളെ സ്വാധീനിച്ച് അവസരങ്ങൾ കുറച്ചു എന്നിങ്ങനെ പലതും. ദിലീപിനെ അറസ്റ്റ് ചെയ്തത് ചാലക്കുടിയിലെ ഡി സിനിമാസ് നിർമിക്കാൻ ഭൂമി കൈയേറിയതിന്റെ പേരിലാണെന്ന് സംശയിക്കാവുന്ന വിധത്തിലും ചർച്ച പുരോഗമിക്കുകയുണ്ടായി. 2006 ലാണ് ദിലീപിന്റെ സിനിമാ ശാല നിർമാണം തുടങ്ങുന്നത്. പുറമ്പോക്ക് ഭൂമി കൈയേറിയ വേളയിൽ ഭരണം എൽ.ഡി.എഫിന്റേത്. തിയേറ്റർ ഉദ്ഘാടനം ചെയ്തപ്പോൾ യു.ഡി.എഫ് ഭരണവും. ഇതെല്ലാം മറന്നാണ് ചാനൽ ചർച്ചകളിൽ വിദഗ്ധർ അഭിപ്രായങ്ങൾ പറയുന്നത്. ദിലീപിനെ ന്യായീകരിച്ച് ഒരു ചാനലിന്റെ ഹോട്ട് സീറ്റിൽ പി.സി ജോർജ് എം.എൽ.എ. പൂഞ്ഞാർ പുലി ഭരണകക്ഷിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമുന്നയിച്ചു. തോക്ക് സ്വാമി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ അവർകൾ മംഗളം ചാനലിന്റെ ഡിബേറ്റ് അവറിൽ ഭയങ്കര വെളിപ്പെടുത്തൽ നടത്തി. നടി അക്രമിക്കപ്പെട്ടതിന്റെ തലേ ദിവസം കാക്കനാട് ജയിൽ പരിസരത്തെ ഫ്‌ളാറ്റിൽ ഗൂഢാലോചന നടന്നുവെന്നും ഇതിൽ ദൽഹിയിലുള്ള വൻ സ്രാവുകൾക്ക് പങ്കുണ്ടെന്നുമാണ് സ്വാമിജി പറയുന്നത്. കടലില്ലാത്ത ദൽഹിയിലെവിടെ നിന്ന് സ്രാവെത്തിയെന്ന് പാനലിലെ അതിഥികൾ ആരും ചോദിക്കാതിരുന്നത് ഭാഗ്യം. ഹിമവൽ ആ സമയത്ത് ജയിലിലായതുകൊണ്ട് പ്രതികളിൽ പലരേയും നേരിട്ടറിയാം. ഹിമവലിന്റെ എൻജിനിയേഡ് എന്ന ഇംഗ്‌ളീഷ് പ്രയോഗം എത്ര പെട്ടെന്നാണ് സംഭവത്തിന് പിന്നിലെ എൻജിനീയറായി മാറിയത്.
കൊച്ചി സംഭവത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പഴയ പല കേസുകൾക്കും തുമ്പുണ്ടാകുമെന്ന പ്രതീക്ഷ ചില കേന്ദ്രങ്ങൾക്കുണ്ട്. കലാഭവൻ മണിയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിച്ചവരെല്ലാം ഇരുട്ടിൽ തപ്പുകയാണ്. കോട്ടയത്തെ ഒരു പത്രം ചാലക്കുടിയിലെ ഡി സിനിമാസ് യഥാർഥത്തിൽ ഡി.എം സിനിമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീടെങ്ങനെ എം അപ്രത്യക്ഷമായെന്ന അവരുടെ ചൂണ്ടയിൽ കൊത്തി ടി.വി നിലയങ്ങൾ ആ രാത്രിയിലെ ചർച്ചാ വിഷയം അതാക്കി. നടൻ ശ്രീനാഥിന്റെ മരണം, ജഗതിയുടെ വാഹനാപകടം, തിലകന്റെ മരണം അങ്ങനെ പലതും തെളിയാനിരിക്കുന്നു. മലയാള സിനിമയുടെ ഒരു കാലത്തെ ആവേശമായിരുന്ന ജയൻ ഒരു ഹെലികോപ്റ്റർ അപകടത്തിലാണല്ലോ മരിച്ചത്. ഐ.വി ശശി സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക്. സ്‌കൂൾ വിദ്യാർഥിയായിരുന്ന ദിലീപ് പറത്തി വിട്ട പട്ടമായിരിക്കും ഇതിന് പിന്നിലെന്ന് സമൂഹ മാധ്യമത്തിൽ സംശയം പ്രകടിപ്പിച്ച വിരുതന്മാരുണ്ട്. മോനിഷ ഉണ്ണിയുടെ വാഹനാപകടം, റാണിചന്ദ്രയുടെ വിമാന അപകടം തുടങ്ങിയ പല കാര്യങ്ങളും പുനരന്വേഷിക്കണം. അതിന് മുമ്പ് 2015 ൽ പുറത്തിറങ്ങിയ വടക്കൻ സെൽഫിയെന്ന സിനിമ കാണുന്നത് നല്ലതാണ്. ചിത്രത്തിൽ കഥാനായകൻ നിവിൻ പോളിക്ക് സുഹൃത്ത് അജു വർഗീസ് ചെന്നൈയിൽ ഒളിച്ചു കഴിയുന്നിടത്ത് ലഭിച്ച പത്രത്തിന്റെ ഒന്നാം പേജിൽ അച്ചടിച്ചു വന്ന ഫോട്ടോ സഹിതമുള്ള ഒരു വാർത്ത വായിച്ചു കൊടുക്കുന്നുണ്ട്. തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട നായിക മഞ്ജിമ മോഹനെ തട്ടിക്കൊണ്ടു പോയെന്നാണ് സംശയം. അതിനുള്ള തെളിവ് ചെന്നൈ മെയിലിൽ യാത്ര പുറപ്പെടുന്ന സമയത്ത് ചെന്നൈയിൽ ഇന്റർവ്യൂവിന് പോകുന്ന കഥാനായികയ്ക്ക് ഒപ്പം ഇവരെടുത്ത സെൽഫിയും. പ്രതികൾ പിടിയിലാവുന്നതോടെ വടക്ക മലബാറിലെ തെളിയക്കപ്പെടാത്ത സകല സ്ത്രീ പീഡന കേസുകൾക്കും തുമ്പുണ്ടാവുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ആ വാർത്ത.
*** *** ***
കടുത്ത മത്സരം നിലനിൽക്കുന്ന മലയാള ദൃശ്യ മാധ്യമ രംഗം ലഭ്യമായ ഏത് അവസരവും നിലനിൽപ് ഉറപ്പാക്കാൻ ഉപയോഗപ്പെടുത്തുമെന്നതിൽ സംശയമില്ല. ദിലീപിനെ പോലൊരു സെലിബ്രിറ്റിയെ കിട്ടിയാൽ രണ്ട് മാസം ന്യൂസ് അവർ നടത്താനും മടിക്കില്ല. റേറ്റിംഗ് ഉയർത്തി പരസ്യ വരുമാനം കൂട്ടുകയെന്നതാണ് ഏവരുടേയും നോട്ടം. ഇന്ത്യാ വിഷൻ, ടി.വി ന്യൂ തുടങ്ങിയ ചാനലുകളെ ഓർക്കാതിരിക്കുന്നതെങ്ങനെ? തുടർച്ചയായി 24 മണിക്കൂറും ഒരേ വിഷയം ചർച്ച ചെയ്യുമ്പോൾ പ്രേക്ഷകന് മടുക്കുമെന്ന ധാരണ വെച്ചു പുലർത്തിയിട്ടൊന്നും കാര്യമില്ല. കണ്ണുനീർ പരമ്പരകൾ സംപ്രേഷണം ചെയ്യുന്ന സൂര്യ, അമൃത, മഴവിൽ മനോരമ, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ റേറ്റിംഗ് അടുത്തിടെ കുറഞ്ഞു വരികയാണ്. എന്നും അമ്മായി അമ്മയും ക്രൂരതയും അവിഹിതവും മതിലുചാട്ടവും തന്നെ വിവരിച്ചിരുന്നാൽ ആർക്കാണ് ബോറടിക്കാത്തത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഇന്ത്യ (ബാർക്) കണക്ക് പ്രകാരം മലയാളത്തിലെ ന്യൂസ് ചാനലുകൾ മികച്ച മുന്നേറ്റം നടത്തി. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ, പീപ്പിൾ, മംഗളം, റിപ്പോർട്ടർ, മീഡിയ വൺ എന്നീ ന്യൂസ് ചാനലുകളുടെ ചാകര സീസണായിരുന്നു പിന്നിട്ട വാരം. റിലയൻസ് മലയാളത്തിൽ തുടങ്ങിയ ന്യൂസ് 18 കേരളത്തിനും നേട്ടമുണ്ടാക്കാൻ സാധിച്ചുവെന്നത് പ്രേക്ഷകരുടെ നിലപാടിൽ വന്ന മാറ്റം സൂചിപ്പിക്കുന്നു. 25,000 കോടി രൂപയുടെ ടിവി പരസ്യങ്ങൾ ലഭിക്കുന്നത് ബാർക് റേറ്റിംഗ് നിരീക്ഷിച്ചാണ്. ഇതിൽ തമിഴുനാട്, കർണാടക സംസ്ഥാനങ്ങളിൽ അടുത്ത കാലത്ത് കൃത്രിമം കാണിക്കാൻ ശ്രമമുണ്ടായത് കൗൺസിൽ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണ്.
*** *** ***
മധ്യപ്രദേശിലെ രോഗികൾ ഭാഗ്യവാന്മാരാണ്. ആശുപത്രി ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ സർക്കാർ മുൻകൈയെടുത്ത് ജ്യോത്സ്യന്മാരെയും ഏർപ്പാടാക്കിയിട്ടുണ്ട്. ഒ.പി ടിക്കറ്റെടുക്കുമ്പോൾ അഞ്ച് രൂപ ഇതിനായി നൽകുക. ഭാവിയെ പറ്റി വ്യക്തമായ ധാരണ ലഭിച്ചിട്ട് ചികിത്സിച്ചാൽ മതിയെന്ന് സാരം. ഇന്ത്യയിലെ ഗോമാതാക്കൾ കൂട്ടത്തോടെ ബ്രഹ്മപുത്ര നദിയിലൂടെ എത്തി ബംഗ്ലാദേശിന്റെ സമ്പദ്ഘടനയെ ബാധിക്കുന്നുവെന്ന് അയൽ രാജ്യം. അവിടത്തെ ലോക്കൽ പശുവിനെ വിൽക്കാനാവുന്നില്ലെന്നാണ് ആക്ഷേപം. തങ്ങളുടെ പേരിൽ മനുഷ്യർ തമ്മിൽ തല്ലുന്നത് കണ്ട് സഹികെട്ടുള്ള പ്രയാണമായിരിക്കും.