ഇന്ത്യ-ഖത്തര്‍ മത്സരം കേരളത്തിന് കിട്ടുമോ?

കൊല്‍ക്കത്ത - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ-ഖത്തര്‍ മത്സരം നടത്താന്‍ കേരളം രംഗത്ത്. കൊല്‍ക്കത്ത, ഭുവനേശ്വര്‍ നഗരങ്ങളും മത്സരത്തിന് വേദിയൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്. 
ബംഗ്ലാദേശിനെതിരായ ചൊവ്വാഴ്ചയിലെ മത്സരത്തിന് 65,000 പേര്‍ സാക്ഷിയായ കൊല്‍ക്കത്തക്കാണ് മുന്‍ഗണന. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറുമായുള്ള ഇന്ത്യയുടെ റിട്ടേണ്‍ മത്സരം മാര്‍ച്ചിലാണ്. ഈ ടീമുകള്‍ തമ്മില്‍ കഴിഞ്ഞ മാസം ദോഹയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഖത്തറിനെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. എന്നാല്‍ ആ ആവേശം ബംഗ്ലാദേശിനെതിരെ നിലനിര്‍ത്താനായില്ല. കഷ്ടിച്ചാണ് ഇന്ത്യ അയല്‍ക്കാര്‍ക്കെതിരെ തോല്‍വി ഒഴിവാക്കിയത്. എങ്കിലും സാള്‍ട്‌ലെയ്ക് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഗാലറി മത്സരത്തിന് സാക്ഷിയായി. 
ഇന്ത്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇത്ര വലിയ ജനക്കൂട്ടം അപൂര്‍വമാണ്. ഗാലറിയുടെ ആവേശം തന്റെ മനസ്സില്‍ എന്നും പച്ചപിടിച്ചു നില്‍ക്കുമെന്ന് ഇന്ത്യയുടെ ക്രൊയേഷ്യക്കാരനായ കോച്ച് ഇഗോര്‍ സ്റ്റിമാച് പറഞ്ഞു. 

Latest News