കാഴ്ചയുടെ ലോകം; കാഴ്ചയില്ലാത്ത ലോകം

കാഴ്ചയുള്ളവർക്ക് പോലും പിടിച്ചുനിൽക്കാനാവാത്ത പ്രവാസത്തിൽ എങ്ങനെ കണ്ണുകളുടെ പിൻബലമില്ലാതെ ഒരാൾ ജീവിതത്തെ ആഘോഷിച്ചുവെന്നത് പ്രസക്തമായ ചോദ്യമാണ്. ആഘോഷം ഇവിടെ മനഃപൂർവം പ്രയോഗിച്ചതാണ്. അൽപനേരം കണ്ണടച്ചു പിടിച്ചാൽ മതി കണ്ണില്ലാത്തതിന്റെ നൊമ്പരം അനുഭവിച്ചറിയാം. അതിനു മറ്റൊരാളുടെ ജീവിതം പകർത്തേണ്ടതില്ല. കാഴ്ച ശക്തി തിരിച്ചു തരുമെങ്കിൽ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ത്യജിക്കാൻ നാം തയാറാവുകയും ചെയ്യും. 

ചില ജീവിതങ്ങൾ അങ്ങനെയുണ്ട്. നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു ജീവിത മാതൃക സമ്മാനിച്ചുകൊണ്ടാണ് ഇരുമ്പുഴി സ്വദേശി ഉമർ പ്രവാസ ലോകത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ കാലത്തെ ത്യാഗോജ്വല ജീവിത മാതൃകകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് നാം പൊതുവെ പറയാറുണ്ട്. ചരിത്രത്തിലേക്കുളള തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യകതയും അതു തന്നെയാണ്.ഒരിക്കലും അവസാനിക്കാനിടയില്ലാത്ത മലയാളി പ്രവാസത്തിന് മുന്നിൽ ഒരു ഡോക്യുമെന്ററി പോലെ പ്രകാശിപ്പിക്കേണ്ടതാണ് ഈ ഉമറിന്റെ ജീവിതം. അതിനുള്ള ശ്രമമുണ്ടാകുമെന്നും പ്രതീക്ഷിക്കാം. കാഴ്ചയുള്ളവർക്ക് പോലും പിടിച്ചുനിൽക്കാനാവാത്ത പ്രവാസത്തിൽ എങ്ങനെ കണ്ണുകളുടെ പിൻബലമില്ലാതെ ഒരാൾ ജീവിതത്തെ ആഘോഷിച്ചുവെന്നത് പ്രസക്തമായ ചോദ്യമാണ്. ആഘോഷം ഇവിടെ മനഃപൂർവം പ്രയോഗിച്ചതാണ്. അൽപനേരം കണ്ണടച്ചു പിടിച്ചാൽ മതി കണ്ണില്ലാത്തതിന്റെ നൊമ്പരം അനുഭവിച്ചറിയാം. അതിനു മറ്റൊരാളുടെ ജീവിതം പകർത്തേണ്ടതില്ല. കാഴ്ച ശക്തി തിരിച്ചു തരുമെങ്കിൽ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ത്യജിക്കാൻ നാം തയാറാവുകയും ചെയ്യും. 
പ്രവാസം ഒരിക്കലും ആഘോഷത്തിന്റേതല്ല. മടക്കയാത്ര പ്രതീക്ഷിച്ചുകൊണ്ട് അതിജീവനത്തിലൂടെയുള്ള അനുഭവിച്ചു തീർക്കൽ മാത്രമാണ്. ഇവിടെ സർവസൗകര്യങ്ങളോടെ ജീവിക്കുന്നവർക്കുമുന്നിലും മടക്കം ഒരു അനിവാര്യതയാണ്.അടിച്ചേൽപിക്കപ്പെട്ടതായിരിക്കും മിക്കവരുടേയും പ്രവാസം. അതുകൊണ്ടുതന്നെ ചെറിയ അസ്വസ്ഥതകൾ പോലും മുഖത്തു പ്രകടമാവുക സ്വാഭാവികം. സമ്മർദങ്ങൾക്കും പിരിമുറുക്കങ്ങൾക്കുമിടയിൽ സമാധാനത്തോടെ പ്രവാസം അനുഭവിക്കാൻ സാധിക്കുന്നവർ മഹാഭാഗ്യവാന്മാരാണ്. ഉമറിനോട് സംസാരിച്ചപ്പോഴൊക്കെ, ലഭ്യമായ ജീവിതം ആഘോഷിക്കുന്ന ഒരാളായിട്ടാണ് കാണാൻ കഴിഞ്ഞത്. കാഴ്ചയില്ലാത്തവരുടെ ലോകത്ത് ജന്മനാ എത്തിപ്പെട്ടയാളല്ല ഇദ്ദേഹം. കാഴ്ചയുടെ ലോകത്തുനിന്ന് കാഴ്ചയില്ലാത്തവരുടെ ലോകത്തേക്ക് എടുത്തെറിയപ്പെട്ടയാളാണ്. കണ്ണുകളെ കുറിച്ച് നാം വർണിക്കാറുണ്ട്. പലരും അസൂയപ്പെട്ടിരുന്ന കണ്ണുകളുടെ ഉടമയായിരുന്നു ഉമറും.  അസൂയക്ക് കാരണമായിരുന്ന കണ്ണുകളിലെ ആ സൗന്ദര്യം തന്നെയാണ് പിന്നീട് അത് നഷ്ടപ്പെടാൻ ഇടയാക്കിയതെന്നത് മറ്റൊരു കാര്യം. എന്താണ് നിരാശയുടെ ചെറിയ സൂചന പോലുമില്ലാത്ത ജീവിത രഹസ്യമെന്ന് ചോദിക്കാൻ ഞാൻ മുതിർന്നിട്ടില്ല. കാരണം അദ്ദേഹത്തിന്റെ ഓരോ വാക്കും സമൂഹത്തെ കുറിച്ചും സ്വന്തത്തെ കുറിച്ചുമുള്ള വിലയിരുത്തലുകളും മതി അതു മനസ്സിലാക്കാൻ. 
ഉമർ ഒരു വിശ്വാസിയാണ്. കാരുണ്യവാനായ ദൈവത്തിൽ അങ്ങേയറ്റത്തെ പ്രതീക്ഷ പുലർത്തുന്ന ഒരു വിശ്വാസി. കരുത്തും കാഴ്ചയുമുള്ളവർ പോലും പുറന്തള്ളപ്പെടുന്ന പ്രവാസലോകത്ത് ഒരാൾ കാഴ്ചയില്ലാതെ പതിറ്റാണ്ടുകൾ കാലം ഒരേ സ്ഥാപനത്തിൽ എങ്ങനെ ജോലി ചെയ്തുവന്നതു മാത്രമല്ല, അദ്ദേഹം എങ്ങനെ സ്ഥാപനത്തിന്റെ ഉടമകൾക്ക് സ്വീകാര്യനായി എന്നതും എക്കാലത്തേക്കും പ്രവാസികൾക്ക് പഠനാർഹമാണ്. ഗൾഫിലെ ശൈഖുമാർക്ക് ഇപ്പോൾ മലയാളികളിൽ പണ്ടത്തെ പോലെ വിശ്വാസമില്ലെന്ന പരാതി വ്യാപകമാണ്. അനേകം സാമ്പത്തിക തിരിമറികളിലൂടെയും ഒളിച്ചോട്ടത്തിലൂടെയും നാം നേടിയെടുത്തതാണിത്.
ജിദ്ദ ഖാലിദ്ബ്‌നു വലീദ് റോഡിൽ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികൾ വിൽക്കുന്ന ഡെന്റൽ മെറ്റീരിയൽ സ്റ്റോറിലാണ് ഉമറിന്റെ ജോലി. അവിടെ ചെന്നപ്പോൾ, കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകാനിരുന്ന ഉമറിനെ ജിദ്ദയിൽതന്നെ പിടിച്ചുനിർത്തിയ കഫീലിന്റെ മകൻ മാസിം മഅ്‌റൂഫിനയാണ് കണ്ടത്. ഉമറിനെ കുറിച്ച് ചോദിച്ചപ്പോൾ അറബിയിലും ഇംഗ്ലീഷിലുമായി വിവരിക്കാൻ അദ്ദേഹത്തിനു നൂറു നാവ്. അതൊക്കെ ശരിവെച്ചുകൊണ്ട് മറ്റൊരു ഉദ്യോഗസ്ഥനായ സുഡാൻ സ്വദേശി അൻവറും. 
വിസ്മയ ജീവിതം നയിക്കുന്ന ഉമർ എന്റെ ചിന്തകളിലേക്ക് കടന്നുവന്നതും എന്നെ പ്രചോദിപ്പിച്ചതും മറ്റൊരു സംഭവത്തിലൂടെയാണ്. ജിദ്ദയിലെ അരങ്ങ് കലാസാഹിത്യവേദി എനിക്ക് നൽകിയ പുരസ്‌കാരം സമ്മാനിച്ചത് ഇദ്ദേഹമായിരുന്നു. സർഗ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നതും അന്നു തന്നെ. കലാസാഹിത്യ പ്രവർത്തനങ്ങളെ അങ്ങേയറ്റം ഇഷടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉമർ വായനയുടെ നഷ്ടത്തെ എങ്ങനെയാവും ഇപ്പോൾ അതിജീവിക്കുന്നുണ്ടാവുക. ചോദ്യം ന്യായമാണ്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരക ശിലകളാണ് അദ്ദേഹം അവസാനമായി വായിച്ച പുസ്തകം. ഇപ്പോൾ റെക്കോർഡ് ചെയ്യുന്ന ടി.വി പരിപാടികൾ കേൾക്കുന്നു. പ്രത്യേകിച്ച് പ്രകൃതിയും ചരിത്രവുമായി ബന്ധപ്പെട്ട പരിപാടികൾ. വാർത്താധിഷ്ടിത പരിപാടികൾ കുറവാണെങ്കിലും അദ്ദേഹം ഉന്നയിക്കുന്ന ഒരു ചോദ്യം പ്രവാസി സമൂഹത്തിനുനേരെ തുറന്നുവെച്ചിരിക്കുന്ന മനസ്സിന്റെ പ്രതിഫലനമാണ്. ഇവിടെ മരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ എന്തുകൊണ്ട് വിമാനക്കമ്പനികൾ ഭീമമായ തുക ഈടാക്കുന്നു? എന്തുകൊണ്ട് നമ്മുടെ സംഘടനകൾ ഇക്കാര്യം ഉയർത്തിക്കൊണ്ടുവരുന്നില്ല?
കാഴ്ചയുടെ ലോകവും കാഴ്ചയില്ലാത്ത ലോകവും കണ്ടയാളാണ് ഉമർ. അദ്ദേഹത്തോട് അതൊന്നു താരതമ്യം ചെയ്യാൻ പറഞ്ഞുനോക്കി. അതൊരിക്കലും സാധ്യമല്ലെന്ന് മറുപടി.ശരിയാണ്, ജന്മനാ കാഴ്ചയില്ലാത്തയാളുമായി പിന്നീട് കാഴ്ച നഷ്ടപ്പെടുന്നയാളെ ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. അതറിയാൻ നമ്മൾ ഒരു മിനിറ്റ് കണ്ണടച്ചു പിടിച്ചാൽ മാത്രം മതി. 
 

Latest News