ഇരുൾ ജീവിതത്തിൽ വെളിച്ചത്തിന്റെ തുരുത്ത്

കാഴ്ചയുള്ള ഉമർ ജിദ്ദയിലെ ജോലിസ്ഥലത്ത്
കാഴ്ചയുള്ള ഉമർ ജിദ്ദയിലെ ജോലിസ്ഥലത്ത്

വീണ്ടും ജിദ്ദയിലിറങ്ങുമ്പോൾ ഉമറിനു മുന്നിൽ ഇരുട്ട് നിറഞ്ഞ നഗരവും നഗരത്തിന്റെ ശബ്ദങ്ങളും മാത്രം. പൂർണമായും അന്ധത ബാധിച്ച അവസ്ഥയിൽ അല്ലാഹുവിന്റെ തിരുഭവനത്തിനു മുന്നിൽ പ്രാർഥിക്കെ, ആ മിഴികളിൽ നിന്ന് കണ്ണീർ ധാരധാരയായി പെയ്തിറങ്ങി. സാമീപ്യം കൊണ്ട് ആൾസാന്നിധ്യം അനുഭവിക്കേണ്ടി വന്ന ഈ പ്രവാസിയുടെ കണ്ണും കരളുമായി വർത്തിച്ചത് ഭാര്യ സുഹ്‌റ. നല്ലവനായ സ്‌പോൺസർ മഹ്‌റൂഫ് ബുഖാരി പറഞ്ഞു: ഉമർ ഇവിടെത്തന്നെ നിന്നോളൂ. ഇത് ഉമറിന്റെ കൂടി കമ്പനിയാണ്. സഹായത്തിന് ഒരാളെ വെച്ച് തരാം..എന്താണ് പറയേണ്ടതെന്നറിയാതെ ഉമർ വീണ്ടും കരഞ്ഞു- ചെറുപ്പത്തിലേ പിതാവ് നഷ്ടമായ ഉമർ തന്റെ സ്‌പോൺസറെ കെട്ടിപ്പിടിച്ചു. പിതൃതുല്യമായ സ്‌നേഹത്തോടെ സ്‌പോൺസർ ഉമറിന്റെ നെറ്റിയിൽ ഉമ്മ വെച്ചു. 

നീണ്ട മുപ്പത്തൊമ്പത് വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് മലപ്പുറം ഇരുമ്പുഴി സ്വദേശി വടക്കേതലയ്ക്കൽ ഉമർ (61) മറ്റന്നാൾ നാട്ടിലേക്കു മടങ്ങുമ്പോൾ, ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ, നിരവധി സവിശേഷതകൾ ചൂഴ്ന്നു നിൽക്കുന്ന അസാധാരണമായ ഒരു ഗൾഫധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
രണ്ടു കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ട്, ജീവിതം പൂർണമായി ഇരുട്ടിലായിട്ടും കഴിഞ്ഞ നാലു പതിറ്റോണ്ടോളം ഒരേ സ്‌പോൺസറുടെ കീഴിൽ, കാഴ്ചയുള്ളവരെപ്പോലും അമ്പരപ്പിക്കും വിധം ജോലി ചെയ്ത ശേഷമാണ്, ഉമർ തിരിച്ചുപോകുന്നത്. അന്ധതയെ അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് കീഴടക്കി ഉമർ, തന്റെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട 1987 മുതൽ ജിദ്ദ ഡെന്റൽ മെറ്റീരിയൽ സ്‌റ്റോറിൽ (ഡി.എം.എസ്) ജോലി ചെയ്യുന്നു. കാണുന്നവർക്കും കേൾക്കുന്നവർക്കും ഉമറിന്റെ കഴിവിൽ വിസ്മയം തോന്നുക സ്വാഭാവികം. കണ്ണുള്ളവരെപ്പോലും അൽഭുതപ്പെടുത്തുന്ന അനായാസ വേഗതയിലും ചടുലതയോടുമാണ് ഉമർ ജോലി ചെയ്ത് പോന്നത്. അത് കൊണ്ട് തന്നെ സ്‌പോൺസർ മഹ്‌റൂഫ് മൂസ ബുഖാരിയും അദ്ദേഹത്തിന്റെ മരണശേഷം മകൻ മാസിൻ മൂസ ബുഖാരിയും ഉമറിനെ സ്വന്തം കുടുംബാംഗത്തെപ്പോലെ ആവോളം സ്‌നേഹവാൽസല്യങ്ങൾ ചൊരിഞ്ഞ് പരിചരിച്ചുപോന്നു. പലപ്പോഴും നാട്ടിലേക്ക് മടങ്ങാൻ തീരുമാനമെടുക്കുമ്പോഴും സ്‌പോൺസറും സഹ പ്രവർത്തകരും ഉമറിനെ പിന്തിരിപ്പിച്ചു. കാഴ്ചാവൈകല്യത്തിനിടയിലും തന്നെ വീണ്ടും ഇവിടെ പിടിച്ചുനിർത്തിയത് ഇവരുടെയൊക്കെ ആത്മാർഥത സ്ഫുരിക്കുന്ന, വിവരണാതീതമായ സ്‌നേഹമാണെന്ന് ഉമർ പറയുന്നു.
ഇരുമ്പുഴി പുളിയേങ്ങൽ വടക്കേതലയ്ക്കൽ അബ്ദുറഹ്മാൻ ഹാജിയുടേയും മലപ്പുറം കുന്നുമ്മൽ തറയിൽ ഫാത്തിമയുടേയും മകനായ ഉമർ മലപ്പുറം ഗവ. കോളേജിലെ പഠനശേഷം നാട്ടിൽ നിൽക്കുമ്പോഴാണ് ജിദ്ദയിലുള്ള ജ്യേഷ്ടൻ ഖാലിദ് അയച്ചുകൊടുത്ത വിസയിൽ ഇവിടെയെത്തുന്നത്. 1978 ജൂലൈയിലായിരുന്നു അത്. ഖാലിദ് അതിനും ഒരു വർഷം മുമ്പ് ജിദ്ദയിലെത്തി അറേബ്യൻ എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ട്രേഡ് ആന്റ് ഷിപ്പിംഗ് കമ്പനിയിൽ ജോലി നേടിയിരുന്നു. ഖാലിദ് പാർട്ട്‌ടൈമായി ജോലിക്ക് പോയിരുന്ന കമ്പനിയായിരുന്നു ഡി.എം.എസ്. അവിടേക്ക് ഒരാളെ വേണമെന്ന് പറഞ്ഞപ്പോൾ സഹോദരനെ ആ വിസയിൽ കൊണ്ടു വരികയായിരുന്നു. അന്നത്തെ ശമ്പളം വെറും 800 റിയാൽ. (1000 ഇന്ത്യൻ രൂപയ്ക്ക് 440 റിയാൽ കൊടുക്കണമായിരുന്നു അന്ന് എന്നോർക്കുക). ഏതായാലും നാട്ടിൽ വെറുതെ നിൽക്കണ്ടല്ലോ എന്ന് കരുതി ഉമർ ഇവിടെയെത്തി ജിദ്ദ ബലദിലുള്ള ഡി.എം.എസിൽ ജോലിക്ക് ചേർന്നു. മലയാളികൾ വളരെ കുറവ്. സാമൂഹിക സാംസ്‌കാരിക സദസ്സുകളൊന്നുമില്ല. അത്യാവശ്യം സംഗീതവും സാഹിത്യവുമൊക്കെയുണ്ടായിരുന്നു ഉമറിന്. ജ്യേഷ്ടൻ ഖാലിദ് പാട്ടുകാരനും സംഘാടകനുമായിരുന്നു. പിന്നീട് ജിദ്ദയിലെത്തി ഇവിടെത്തെ മാധ്യമലോകത്ത് ശ്രദ്ധയേനായ, എഴുത്തുകാരനും കാർട്ടൂണിസ്റ്റുമൊക്കെയായ ഉസ്മാൻ ഇരുമ്പുഴി, ഉമറിന്റേയും ഖാലിദിന്റേയും ഇളയ സഹോദരനാണ്. ഇവരും മറ്റു സുഹൃത്തുക്കളുമൊക്കെ ചേർന്നാണ് പിന്നീട് അരങ്ങ് എന്ന ജിദ്ദയിലെ ആദ്യത്തെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മക്ക് 1984 ൽ രൂപം നൽകിയത്. 1980 - ൽ ഉമർ ആദ്യത്തെ അവധിക്ക് നാട്ടിൽപ്പോയി.

ജനനത്തിൽത്തന്നെ രണ്ടു കണ്ണുകളിലും ചെറിയ രണ്ടു വെളുത്ത പുള്ളികൾ ഉമറിനുണ്ടായിരുന്നു. പക്ഷേ അത് കാഴ്ചയെ ബാധിച്ചിരുന്നില്ല. സ്‌കൂൾ, കോളേജ് കാലങ്ങളിലൊക്കെ കണ്ണുകളിലെ പുള്ളി ഉമറിനൊരു ആകർഷണവുമായിരുന്നു. 
1982 ൽ ഉമറിന്റെ കല്യാണം കഴിഞ്ഞു. മലപ്പുറം വള്ളിക്കാപറ്റ കരങ്ങാടൻ സുഹ്‌റയാണ് ഭാര്യ. കല്യാണശേഷം സുഹ്‌റയും ജിദ്ദയിലെത്തി. അതിനിടെ ഒരു കണ്ണിന് വേദന അനുഭവപ്പെട്ട ഉമർ നാട്ടിൽ തിമിര ശസ്ത്രക്രിയക്ക് വിധേയനായി. കണ്ണൂരിൽ ഡോ. ഉമ്മനായിരുന്നു തിമിര ശസ്ത്രക്രിയ നടത്തിയത്. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച ഉമറിന് ആദ്യത്തെ ആറുമാസം പ്രശ്‌നമൊന്നുമുണ്ടായില്ല. പക്ഷേ പിന്നീട് വലത് കണ്ണിൽ ഒരു കറുത്ത പുള്ളി കൃഷ്ണമണിക്കു മുമ്പിൽ മൂടലായി നിന്നത് പോലെ. അത് ക്രമേണ വലുതാവുന്നതായും പിന്നീട് കാഴ്ചയെ അത് മറയ്ക്കുന്നതായും തോന്നി. വീണ്ടും ജിദ്ദ മഗ്‌രിബി ഹോസ്പിറ്റലിൽ വിദഗ്ധ പരിശോധന. പാക്കിസ്ഥാനിയായ ഡോ. അൻവർ ഉപദേശിച്ചു: ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരും.
ഉമറിന് ഇത് വല്ലാത്ത ആഘാതമായി. ആറുമാസം മുമ്പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തി വീണ്ടുമൊരു സർജറി. ഏതായാലും ഡോക്ടറുടെ ഉപദേശപ്രകാരം ശസ്ത്രക്രിയ നാട്ടിൽ നിന്ന് ചെയ്യാമെന്ന തീരുമാനത്തിൽ മദ്രാസ് ശങ്കരനേത്രാലയയിൽ. അതിനു ശേഷം വീണ്ടും ആറുമാസം പിന്നിട്ടപ്പോൾ കാഴ്ചയ്ക്ക് വീണ്ടും പ്രശ്‌നമായി. വലത് കണ്ണ് പൂർണമായും അന്ധമായി. അധികം താമസിയാതെ ഇടത് കണ്ണിനേയും ഇത് ബാധിക്കുകയും ആ കണ്ണിന്റേയും കാഴ്ച പൂർണമായി നഷ്ടപ്പെടുകയും ചെയ്തു. സാധാരണഗതിയിൽ ഏത് മനുഷ്യനും തളർന്നു പോകുന്ന അവസ്ഥ. അന്നോളം ജീവിതത്തിൽ കണ്ട എല്ലാ സൗന്ദര്യങ്ങളും അസ്തമിച്ചുപോയ ദുരന്തം. ചേതോഹരമായ ഈ ജീവിതത്തിനു മുന്നിൽ ഇരുട്ട് പരന്നു. ഇനി വെളിച്ചത്തിന്റെ വാതിൽ തനിക്കു മുമ്പിൽ തുറക്കപ്പെടില്ലെന്ന് ഉറപ്പായ ഉമർ പക്ഷേ നിശ്ചയദാർഢ്യം കൈവിട്ടില്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധി ഏറ്റുവാങ്ങാൻ തയാറായി. നാട്ടിൽതന്നെ നിൽക്കാം എന്ന തീരുമാനത്തെ മാറ്റി മറിച്ചത് ജ്യേഷ്ഠൻ ഖാലിദ് തന്നെയായിരുന്നു. റി എൻട്രിയുടെ കാലാവധി, സ്‌പോൺസർ പുതുക്കിക്കൊടുത്തു. ഖാലിദ് പറഞ്ഞു: ഒരു ഉംറ ചെയ്ത് മടങ്ങിപ്പൊയ്‌ക്കോളൂ.

ഏതായാലും വീണ്ടും ജിദ്ദയിലിറങ്ങുമ്പോൾ ഉമറിനു മുന്നിൽ ഇരുട്ട് നിറഞ്ഞ നഗരവും നഗരത്തിന്റെ ശബ്ദങ്ങളും മാത്രം. പൂർണമായും അന്ധത ബാധിച്ച അവസ്ഥയിൽ അല്ലാഹുവിന്റെ തിരുഭവനത്തിനു മുന്നിൽ പ്രാർഥിക്കെ, ആ മിഴികളിൽ നിന്ന് കണ്ണീർ ധാരധാരയായി പെയ്തിറങ്ങി. സാമീപ്യം കൊണ്ട് ആൾസാന്നിധ്യം അനുഭവിക്കേണ്ടി വന്ന ഈ പ്രവാസിയുടെ കണ്ണും കരളുമായി വർത്തിച്ചത് ഭാര്യ സുഹ്‌റ. 
നല്ലവനായ സ്‌പോൺസർ മഹ്‌റൂഫ് ബുഖാരി പറഞ്ഞു: ഉമർ ഇവിടെത്തന്നെ നിന്നോളൂ. ഇത് ഉമറിന്റെ കൂടി കമ്പനിയാണ്. സഹായത്തിന് ഒരാളെ വെച്ച് തരാം..
എന്താണ് പറയേണ്ടതെന്നറിയാതെ ഉമർ വീണ്ടും കരഞ്ഞു- ചെറുപ്പത്തിലേ പിതാവ് നഷ്ടമായ ഉമർ തന്റെ സ്‌പോൺസറെ കെട്ടിപ്പിടിച്ചു. പിതൃതുല്യമായ സ്‌നേഹത്തോടെ സ്‌പോൺസർ ഉമറിന്റെ നെറ്റിയിൽ ഉമ്മ വെച്ചു. ഇവിടെത്തന്നെ തുടരാൻ ഉമർ തീരുമാനിച്ചു. 
മലപ്പുറം കൊടിഞ്ഞി സ്വദേശി മൊയ്തീൻ മാസ്റ്ററെ, ഉമറിനെ സഹായിക്കാൻ വേണ്ടി കമ്പനിയിൽ നിയമിച്ചു. ദന്തചികിൽസാലയങ്ങളിലേക്ക് ആവശ്യമുള്ള സാമഗ്രികൾ ഇംപോർട്ട് ചെയ്ത് വിതരണം നടത്തുന്ന ഈ കമ്പനിയിലെ എല്ലാ കത്തിടപാടുകളും ( ഫാക്‌സ്, ഇ മെയിൽ) മൊയ്തീൻ മാസ്റ്ററുടെ സഹായത്തോടെ ഉമർ നടത്തിപ്പോന്നു. കാഴ്ചക്ക് കുഴപ്പമില്ലാത്ത പതിനഞ്ചോളം ജീവനക്കാരുള്ള കമ്പനിയിൽ, കാഴ്ചയില്ലാത്ത ഉമർ ഒരനിവാര്യഘടകമായി. എല്ലാതരം ഇലക്ട്രിക്, ഇലക്‌ട്രോണിക് റിപ്പയറിംഗ് ജോലികളും ഉമറിന് ചെയ്യാനാവും. കണ്ണില്ലെങ്കിലും കൈയും ബുദ്ധിയുമുപയോഗിച്ച് എല്ലാതരം ജോലികളും ചെയ്യാൻ വല്ലാത്തൊരിഷ്ടവുമാണ്. കാഴ്ചയില്ലാത്ത മുപ്പത് വർഷത്തെ ജോലിക്കിടയിൽ മില്യൺ കണക്കിന് റിയാലിന്റെ ഇടപാട് ഉമറിന്റെ കൈയിലൂടെ നിർവഹിക്കപ്പെട്ടു. അഞ്ഞൂറോളം ടെലിഫോൺ നമ്പറുകൾ ഉമറിന് കാണാപ്പാഠമാണ്. വിരൽചലനത്തിലൂടെ അതിദ്രുതം ഉമർ ഫോൺ നമ്പറുകൾ ഡയൽ ചെയ്യുന്നത് ആശ്ചര്യം നിറഞ്ഞ ദൃശ്യമാണ്.
അറബി അനായാസം സംസാരിക്കുന്ന ഉമറിന് ഉർദുവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനാകും. ശ്രുതിമധുരമായി ഖുർആൻ ആലപിക്കുന്ന ഉമറായിരിക്കും കമ്പനിയിലെ നിസ്‌കാരങ്ങളിലൊക്കെ ഇമാമായി നിൽക്കാറുള്ളത്. അരങ്ങ് കലാസാഹിത്യവേദി ആയിടയ്ക്ക് പുറത്തിറക്കിയ ചക്രം എന്ന ഇൻലന്റ് മാഗസിനിൽ 'എന്തെങ്കിലുമൊക്കെ' എന്ന പേരിൽ ഒരു ചെറിയ കോളവും ഉമർ എഴുതിയിരുന്നു. പറഞ്ഞ് കൊടുത്താണ് എഴുതിച്ചിരുന്നത്. നാലുവർഷത്തോളം തുടർച്ചയായി ചെയ്തിരുന്നു, സാമൂഹ്യ ആക്ഷേപഹാസ്യം നിറഞ്ഞ ഈ കോളം.
ഓഫീസിൽ മൊയ്തീൻ മാസ്റ്റർ, വീട്ടിൽ ഭാര്യ എന്നത് പോലെ കണ്ണില്ലാത്ത ഉമറിന്റെ 'കരം പിടിച്ച കൺമണി'യായിരുന്നു അമ്മാവന്റെ മകനായ തറയിൽ മുഹമ്മദലി. കഴിഞ്ഞ മുപ്പത് വർഷവും മുഹമ്മദലിയാണ് ഉമറിന്റെ കണ്ണ്. ഓഫീസിൽ കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും പല പരിപാടികൾക്കും അനുഗമിക്കുന്നതുമൊക്കെ മുഹമ്മദലി. നാട്ടിൽ പോകുമ്പോൾ സഹയാത്രികനും മുഹമ്മദലിയായിരുന്നു. പക്ഷേ ആദ്യം മൊയ്തീൻ മാസ്റ്ററും പിന്നീട് മുഹമ്മദലിയും പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതോടെ ഉമറിന് ഇടംവലംകൈകൾ നഷ്ടമായത് പോലെ. 
- എന്തായാലും ജിദ്ദയാണ് എനിക്ക് ഇങ്ങനെയൊരു സംതൃപ്ത ജീവിതം സമ്മാനിച്ചത്. കണ്ണില്ലാത്ത അവസ്ഥയിൽ നാട്ടിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഈ വിധത്തിലാകുമായിരുന്നില്ല എന്റെ ജീവിതം. ഇപ്പോൾ അൽഹംദുലില്ലാ.. ഞാൻ പൂർണമായും ഹാപ്പി. സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.. - ഉമർ പറഞ്ഞു.
ഉമർ -സുഹ്‌റ ദമ്പതികൾക്ക് രണ്ടു പെൺമക്കൾ. മൂത്ത മകൾ നൂർബാനു കാനഡയിൽ ഭർത്താവ് അനസിനോടൊപ്പം. ഇവർക്കൊരു പെൺകുഞ്ഞ്- മിശായിൽ. രണ്ടാമത്തെ മകൾ നൂറയും ഭർത്താവ് സജീറും ജിദ്ദയിൽ.  

Latest News