ഗാംഗുലി ബി.ജെ.പി ആയാല്‍ സന്തോഷം -അമിത് ഷാ

ന്യൂദല്‍ഹി - സൗരവ് ഗാംഗുലി ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സന്തോഷമെന്നും എന്നാല്‍ ക്രിക്കറ്റ് ഭരണരംഗത്തുള്ള ആളെന്ന നിലയിലാണ് അദ്ദേഹം താനുമായി കൂടിക്കാഴ്ച നടത്തിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയില്‍ ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സൗരവ് ഗാംഗുലിക്ക് ബി.സി.സി.ഐ അധ്യക്ഷ പദവിയില്‍ 10 മാസം മാത്രമേ ഇരിക്കാനാവൂ എന്നിരിക്കെ ഭരണത്തില്‍ ബി.ജെ.പിക്ക് പിടിമുറുക്കാനാവും. 
അമിത് ഷായുടെ പുത്രന്‍ ജയ് ഷായാണ് പുതിയ സെക്രട്ടറി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമല്ലാത്ത ജയ് ഷായെ സംസ്ഥാന അസോസിയേഷനാണ് നിര്‍ദേശിച്ചത്. മുന്‍ ബി.സി.സി.ഐ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ അനുജനാണ് പുതിയ ട്രഷറര്‍.
മറ്റു പാര്‍ട്ടിക്കാരും പേരിന് പുതിയ പട്ടികയിലുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോടും മുന്‍ കോണ്‍ഗ്രസ് നേതാവ് ഡി.വൈ പാട്ടീലിന്റെ മകന്‍ വിജയ് പാട്ടീലും ഉദാഹരണമാണ്. 

Latest News