പ്രസിഡന്റോ ക്യാപ്റ്റനോ, വലിയ വെല്ലുവിളി ഏത്

മുംബൈ - ലോകത്തിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ബോര്‍ഡിനെ ഭരിക്കുക വെല്ലുവിളിയാണെന്നും എന്നാല്‍ ഇന്ത്യന്‍ നായകനാവുകയെന്ന വെല്ലുവിളി തന്നെയാണ് ഏറ്റവും വലുതെന്നും സൗരവ് ഗാംഗുലി. അടിയന്തരാവസ്ഥയിലൂടെയെന്ന പോലെ സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ സാധാരണ നില പുനഃസ്ഥാപിക്കുകയാണ് ബി.സി.സി.ഐ അധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രഥമ ദൗത്യമെന്ന് സൗരവ് പറഞ്ഞു. തന്റെ ശ്രദ്ധ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിലായിരിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന വാദമാണ് ഞാന്‍ ഉന്നയിച്ചിരുന്നത്. അതാണ് അടിത്തറ, അതാണ് കരുത്ത്. അവരുടെ പ്രതിഫലം പലമടങ്ങ് കൂട്ടണം -സൗരവ് പറഞ്ഞു. 
ബി.സി.സി.ഐ എന്നാല്‍ അതിന്റെ അംഗങ്ങളാണ്. അവര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷം. എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. 
ഭിന്നതാല്‍പര്യത്തിന്റെ പേരില്‍ കളിക്കാരെ മാറ്റിനിര്‍ത്തുന്ന അവസ്ഥ ഗുരുതരമാണെന്ന് സൗരവ് അഭിപ്രായപ്പെട്ടു. കളിക്കാര്‍ക്ക് പല സാധ്യതകളുണ്ട്. ഭിന്നതാല്‍പര്യത്തിന്റെ പേരു പറഞ്ഞ് അവരെ അകറ്റരുത്. ബി.സി.സി.ഐ സേവനമനുഷ്ഠിക്കുന്നതിന്റെ പേരില്‍ സ്വന്തം ജീവിതമാര്‍ഗം ഉപേക്ഷിക്കാന്‍ കളിക്കാരെ നിര്‍ബന്ധിക്കരുത്. ഇത് ഗുരുതരമായ പ്രശ്‌നമാണ് -സൗരവ് വിശദീകരിച്ചു. ഇരട്ടപ്പദവിയുടെ പേരില്‍ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്ന് സൗരവിനും സചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണിനും പിന്മാറേണ്ടി വന്നിരുന്നു.  

Latest News