Sorry, you need to enable JavaScript to visit this website.

ഐ.എസ് ഭീകരരുടെ എണ്ണൂറോളം ബന്ധുക്കൾ രക്ഷപ്പെട്ടു

  • ഉത്തര സിറിയയിൽനിന്ന് 1000 യു.എസ് സൈനികരെ പിൻവലിക്കുമെന്ന് ട്രംപ്

ഖമിഷ്‌ലി, സിറിയ- സമ്മർദങ്ങൾക്ക് വഴങ്ങാതെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കുർദുകൾക്കെതിരായ നീക്കം ശക്തമാക്കിയതിനിടെ, ആയിരത്തോളം സൈനികരെ സിറിയയിൽനിന്ന് പിൻവലിക്കുമെന്ന് അമേരിക്ക. വടക്കുകിഴക്കൻ സിറിയയിലെ കുർദ് മേഖലയിൽ തുർക്കി നടത്തുന്ന അധിനിവേശത്തിന്റെ ആദ്യഘട്ടം വിജയകരമായ പരിസമാപ്തിയിലേക്കെത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. 


തുർക്കിയുടെ ബോംബാക്രമണത്തെ തുടർന്ന് അതിർത്തിക്ക് സമീപമുള്ള ക്യാമ്പിൽനിന്ന് ഐ.എസ് ഭീകരരുടെ എണ്ണൂറോളം ബന്ധുക്കൾ രക്ഷപ്പെട്ടതായി ഉത്തര സിറിയയിലെ കുർദിഷ് ഭരണകൂടം പറഞ്ഞു. കടുത്ത പോരാട്ടം തുടരുന്നുവെങ്കിലും തുർക്കി സൈന്യം കാര്യമായ മുന്നേറ്റം കൈവരിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ചു ദിവസത്തെ ആക്രമണം വലിയ തോതിൽ രാജ്യാന്തര വിമർശം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. നൂറുകണക്കിന് സാധാരണ പൗരന്മാർക്ക് നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നു. നിരവധി പേർ കൊല്ലപ്പെട്ടു.
ഇന്നലെ മാത്രം തുർക്കി ആക്രമണത്തിൽ 26 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തെ തുർക്കിയുടെ അധിനിവേശം ദുർബലപ്പെടുത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലും ഒരു തരത്തിലുള്ള രാജ്യാന്തര സമ്മർദത്തിനും വഴങ്ങില്ലെന്ന നിലപാടിലാണ് ഉർദുഗാൻ. ഉപരോധമോ ആയുധം നൽകാതിരിക്കലോ ഒന്നും തന്റെ തീരുമാനം മാറ്റാൻ പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. 


തുർക്കിയിലെ തീവ്രവാദികൾക്ക് പിന്തുണ നൽകുന്നുവെന്ന പേരിലാണ് കുർദുകൾ നയിക്കുന്ന സിറിയൻ ഡമോക്രാറ്റിക് ഫോഴ്‌സസിനെതിരെ അങ്കാറ ആക്രമണം ആരംഭിച്ചത്. അതിനിടെ, അമേരിക്ക സൈനികരെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത് തുർക്കിക്ക് സഹായകമാകും. ഉത്തര സിറിയയിൽനിന്ന് ആയിരം സൈനികരെ പിൻവലിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ഐ.എസിനെതിരായ പോരാട്ടത്തിൽ അമേരിക്കയെ ഏറെ സഹായിച്ച കുർദുകളെ സന്നിഗ്ധ ഘട്ടത്തിൽ കൈയൊഴിയുന്നതിൽ ട്രംപിനെതിരെ വലിയ വിമർശനം ഉണ്ടായിട്ടുണ്ട്. സിറിയക്കുള്ളിലേക്ക് 35 കിലോമീറ്റർ വരെ കടന്ന് ഒരു സുരക്ഷാ പ്രദേശം സൃഷ്ടിക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഉർദുഗാൻ പറഞ്ഞു. 

 

Latest News