Sorry, you need to enable JavaScript to visit this website.

വടക്കേ മലബാറിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ജോളി

വടകര എം.പി കെ.മുരളീധരന്റെ അഭിമുഖം കേരളകൗമുദി ചാനലിൽ ഇക്കഴിഞ്ഞ ഞായറാഴ്ച സംപ്രേഷണം ചെയ്തിരുന്നു. കേരളത്തിന്റെ പതിവു രീതിയനുസരിച്ച് യു.ഡി.എഫിന്റെ ഭരണം വരാൻ അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന ഭരണത്തിൽ പ്രധാന പങ്ക് വഹിക്കാനാവുന്ന രണ്ട് പേരെങ്കിലും ഇപ്പോൾ പാർലമെന്റിലുണ്ട്. വടകര, മലപ്പുറം പാർലമെന്റ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയാലും അത്ഭുതപ്പെടാനില്ല. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.എസ് രാജേഷാണ് മുരളിയെ ഇന്റർവ്യൂ ചെയ്തത്. കേരള രാഷ്ട്രീയത്തിൽ പ്രമുഖ സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയെ കുറിച്ചും മുരളിയോട് ചോദിച്ചു. വടകരയിൽ മത്സരിക്കാനിടയായത് അദ്ദേഹം വിശദീകരിച്ചു. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായ വടകരയിൽ നിൽക്കാൻ ആരും സന്നദ്ധമാവാത്ത സാഹചര്യമായിരുന്നു. അപ്പോഴാണ് ആർ.എം.പി നേതാവ് കെ.കെ രമയും യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്റെ നേതാക്കളും കോൺഗ്രസ് നേതാക്കളും തന്നോട് വടകരയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്. വട്ടിയൂർക്കാവിലെ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വന്നതിൽ വിഷമമുണ്ടെങ്കിലും വടകരയിലെ തിളക്കമാർന്ന വിജയം ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. വ്യക്തിപരമായി സന്തോഷിപ്പിച്ച ഒരു ഘടകം കൂടിയുണ്ട്. കേരള ചരിത്രത്തിൽ ഒരു മന്ത്രി ഉപതെരഞ്ഞെടുപ്പിൽ തോറ്റുവെന്ന മാനക്കേട് തൃശൂർ വടക്കാഞ്ചേരിയിൽ തന്റെ പേരിലുണ്ട്. അതൊഴിവായെന്ന് മാത്രമല്ല, മത്സരിക്കാൻ ആളുകൾ മടിച്ചുനിന്ന എതിരാളിയുടെ ശക്തികേന്ദ്രത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടുവെന്നത് നേട്ടം തന്നെയാണെന്നും മുരളി വ്യക്തമാക്കി. അര മണിക്കൂർ നീണ്ട അഭിമുഖം ഒട്ടും വിരസത തോന്നാത്ത വിധം അവതരിപ്പിച്ചിട്ടുണ്ട്. മംഗളം ടി.വിയിൽ പ്രതിപക്ഷം എന്ന ശീർഷകത്തിൽ ഷാജഹാൻ അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിക്കുന്നതാണ് കേട്ടത്. ഈ പ്രോഗ്രാമിന്റെ ശീർഷകത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന അവതരണം. 

*** *** ***

2015ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് ഒരു വടക്കൻ സെൽഫി. വിനീത് ശ്രീനിവാസൻ രചിച്ച ചിത്രത്തിൽ നിവിൻ പോളിയും പുതുമുഖം മഞ്ജിമ മോഹനും അജു വർഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സെൽഫി കാരണം ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളാണ് സിനിമ അനാവരണം ചെയ്തത്. ഇതിൽ ചെന്നൈയിൽ വെച്ച് മാതൃഭൂമി പത്രം നിവർത്തിപ്പിടിച്ച് നിവിനും അജുവും വായിക്കുന്ന ഒരു സീനുണ്ട്. രണ്ടാളേയും പോലീസ് പൊക്കാനുള്ള സാധ്യതകൾ തെളിഞ്ഞപ്പോഴായിരുന്നു ഇത്. ഇവർ പോലീസിന്റെ വലയിലാകുന്നതോടെ വടക്കേ മലബാറിൽ തുമ്പില്ലാതെ കിടക്കുന്ന എല്ലാ പീഡന കേസുകളും തെളിയുമെന്നാണ് അജു പത്രത്തിൽ വായിച്ചത്. ഏതാണ്ട് അതേ സ്ഥിതിയിലാണ് മലയാളം ന്യൂസ് ചാനലുകളിലെ കൂടത്തായി കവറേജ്. തുടർച്ചയായി വാർത്താ ചാനലുകൾ കാണുന്ന ആളുകൾ നല്ല ക്ഷമയുള്ളവരായിരിക്കും. സനാതന ധർമക്കാരനും മൂല്യാധിഷ്ഠിതനും ഇതേ പടി തന്നെ. 
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് കൈരളി വി, ഏഷ്യാനെറ്റ് എന്റർടെയ്ൻമെന്റ്, മഴവിൽ മനോരമ, സഫാരി ടി.വി, കപ്പ ടി.വി എന്നീ ചാനലുകളുടെ പ്രയോജനം മനസ്സിലായത്. സഫാരിയിൽ സംപ്രേഷണം ചെയ്യുന്നതെല്ലാം വളരെ ഇൻഫർമേറ്റീവായ കാര്യങ്ങൾ. 
ബോറടി എല്ലാ പരിധിയും വിട്ടപ്പോൾ കപ്പയിലേക്ക് മാറ്റി.കൊച്ചി കലൂരിൽ ദേശാഭിമാനിയ്ക്കടുത്ത ഹോട്ടലിലാണ് അവതാരക. കുഴിമന്തി മാത്രം വിൽക്കുന്ന മലപ്പുറത്തുകാരന്റെ സ്ഥാപനമാണ്. 520 രൂപയ്ക്ക് ഫുൾ പ്ലേറ്റും 260 ന് ഹാഫും 130ന് ക്വാർട്ടറും ലഭിക്കുമവിടെ. കുഴിമന്തി തയാറാക്കുന്നതിന്റെ ദൃശ്യങ്ങൾ വളരെ പ്രയോജനപ്രദവുമായി. മലയോര ഗ്രാമത്തിൽ തിളച്ചു മറിയുന്ന ആട്ടിൻ സൂപ്പിനേക്കാൾ എത്ര ഭേദം. കൂടത്തായി വാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തപ്പോൾ ഏറ്റവും പുതിയ ന്യൂസ് ചാനലിലെ ജഡ്ജിയാണ് കേമൻ. ഇദ്ദേഹത്തെ കഴിവതും വേഗം കോഴിക്കോട്ട് ജില്ലാ സെഷൻസ് ജഡ്ജിയായി നിയമിക്കണം. ദൃശ്യ മാധ്യമങ്ങളുടെ അതിരുവിട്ട ആവേശം കാണുമ്പോഴാണ് ഈ വാർത്ത പൊട്ടിപ്പുറപ്പെട്ട നാളിലെ കാര്യം ഓർത്തു പോയത്. 
രണ്ടാമത്തെ പത്രത്തിന്റെ ചാനലിൽ സൗദി സമയം രാവിലെ പതിനൊന്നിന് അര മണിക്കൂർ നേരത്തെ പ്രാദേശിക വാർത്തയുണ്ട്. ഇതിൽ പ്രാധാന്യമില്ലാത്ത സംഭവമായി പറഞ്ഞ ഒരു കാര്യമുണ്ട്. കൂടത്തായിയിലെ അസ്വാഭാവിക മരണം സംബന്ധിച്ച പരാതി അന്വേഷിച്ചു വരുന്നതായി റൂറൽ എസ്.പി. അറിയിച്ചു. അടുത്ത മുഖ്യ ബുള്ളറ്റിൻ വരുമ്പോഴേക്ക് ഇത് പ്രധാന വാർത്തയായി. ആവേശത്തോടെ എല്ലാ മലയാളം ചാനലുകളും പൊടിപ്പും തൊങ്ങലും വെച്ച് മത്സരിച്ച് കാണികൾക്ക് വിളമ്പി. പോലീസ് സമർഥമായി മാസങ്ങളായി നടത്തുന്ന രഹസ്യാന്വേഷണം മണത്തറിയാൻ പ്രാദേശിക ലേഖകർക്ക് പോലും കഴിഞ്ഞില്ല. അപ്പോഴാണ് പോലീസിന്റെ പണി ഏറ്റെടുക്കുന്ന തരത്തിലേക്ക് മാറിയത്. സിണ്ടിക്കേറ്റ് കാലത്തെ ഒരു ആം ചെയർ ദുരന്തമെന്ന് പറയാം. കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് സമാന്തര അന്വേഷണം നടത്തുന്നവർക്ക് റൂറൽ എസ്.പി കെ.ജി സൈമൺ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാക്ഷികളിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ തേടിയവർക്കെതിരെയാണ് വാണിംഗ്. സംസ്ഥാന സ്‌കൂൾ യുവജനോത്സവം നടക്കുമ്പോൾ കലാകാരന്മാരും കലാകാരികളും സ്റ്റേജ് പെർഫോമൻസിന് പുറമേ ചാനൽ സ്റ്റുഡിയോകളിലും മാറി മാറി പ്രോഗ്രാം അവതരിപ്പിക്കേണ്ടി വരാറുണ്ട്. ഏതാണ്ട് അത് പോലെയാണ് പോലീസ് ചോദ്യം ചെയ്യലിന് ശേഷമുള്ള ചാനലുകളിലെ പ്രകടനം.

*** *** ***

അച്ചടി-ദൃശ്യ മാധ്യമങ്ങൾ പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പുതിയ നൂറ്റാണ്ട് ആരംഭിച്ച ശേഷം മലയാളത്തിൽ അടച്ചുപൂട്ടിയ ദിനപത്രങ്ങളേക്കാൾ കൂടുതലാണ് നിർത്തിയ ടെലിവിഷൻ ചാനലുകളുടെ എണ്ണം. വായിക്കാനും കാണാനും ആളില്ലാത്തത് കൊണ്ട് മാത്രമാണ് ഇവ നിലച്ചു പോയതെന്ന് പറയുന്നതിൽ അർഥമില്ല. പത്രത്തിന്റെ ഡിജിറ്റൽ പതിപ്പുകളാണല്ലോ ആളുകൾ മൊബൈൽ ഫോണിലും മറ്റും വായിക്കുന്നത്. നിത്യേന നാൽപത് ലക്ഷം കോപ്പികൾ അച്ചടിച്ചിറക്കുന്ന ദിനപത്രവും ഇന്ത്യയിൽ നിന്നാണെന്നത് വിസ്മരിക്കാനാവില്ല. 
പിന്നിട്ട വാരത്തിൽ മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് സായാഹ്ന പത്രം പ്രസിദ്ധീകരണം നിർത്തി. സീ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡി.എൻ.എയാണ് അച്ചടി നിർത്തിയത്. വായനക്കാരുടെ താൽപര്യങ്ങൾ പത്രങ്ങളിൽ നിന്നും ഡിജിറ്റൽ മീഡിയകളിലേക്ക് മാറിയതോടെയാണ് പത്രം അച്ചടി അവസാനിപ്പിക്കുന്നതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. 14 വർഷം മുമ്പാണ് ഡി.എൻ.എ പ്രസിദ്ധീകരണം ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യ പോലും മഹാനഗരത്തിൽ എതിരാളിയായി കാണുന്ന മുംബൈയിലെ മിഡ് ഡേ പോലുള്ള പത്രങ്ങൾക്കിടയിലാണ് ഡി.എൻ.എ കടന്നു വന്നത്. ദൽഹിയിലും മറ്റു ചില കേന്ദ്രങ്ങളിൽ നിന്നുമുള്ള ഡി.എൻ.എ പത്രത്തിന്റെ അച്ചടി നേരത്തെ തന്നെ നിർത്തിയിരുന്നു. സീ ഗ്രൂപ്പിനെ നയിക്കുന്ന സുഭാഷ് ചന്ദ്ര കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഡി.എൻ.എ ദിനപത്രത്തിന്റെ അച്ചടി നിർത്തലാക്കാനുള്ള പ്രധാന കാരണം. ഏകദേശം 7000 കോടിയുടെ കടബാധ്യത സീ ഗ്രൂപ്പിനുണ്ടെന്നാണ് കണക്കുകൾ. ദീർഘകാല വരിക്കാർക്ക് പണം തിരികെ നൽകുമെന്ന് പത്രാധിപർ വ്യക്തമാക്കിയിട്ടുണ്ട്. നല്ല കാര്യം. മൂന്ന് മാസമായാലും ഫലം ലഭിക്കാത്ത ഏർപ്പാടിന്റെ പേരൊക്കെ പത്രത്തിനിടുമ്പോഴേ ചിന്തിക്കണമായിരുന്നു. 
സീ ഗ്രൂപ്പെന്നത് നിസ്സാരക്കാരല്ല. ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ ഗ്രൂപ്പാണിത്. പ്രയാഗ് രാജ് ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇവർക്ക് ജേണലിസം ഇൻസ്റ്റിറ്റിയൂട്ടുണ്ട്. പ്രവേശന ടിക്കറ്റായി 2000 രൂപയോളം ഈടാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്കായ മുംബൈക്കടുത്ത ഗോരായിലെ എസ്സെൽ വേൾഡ് സീ ഗ്രൂപ്പിന്റേതാണ്. മലയാളത്തിൽ എന്റർടെയ്ൻമെന്റ് ചാനൽ തുടങ്ങിയപ്പോൾ മലയാള പത്രങ്ങൾക്കും ടെലിവിഷൻ ചാനലുകൾക്കും ഇക്കൂട്ടർ വാരിക്കോരി പരസ്യം നൽകിയിരുന്നു. 

*** *** ***

തമിഴ് നടൻ വിജയ് കുറച്ചു കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. ഇളയ ദളപതി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ സാമി രംഗത്തെത്തി. ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തിൽ വിജയ് നല്ലൊരു നടനാണെന്നും സാമി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് സാമിയുടെ വിവാദ പ്രതികരണം. '
നിങ്ങൾ ജീവിതത്തിൽ വലിയ നടനാണ്. നിങ്ങൾ ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കും, ആരാധകരാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് പറയും. എന്നാൽ ആരാധകർക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയും കൊടുത്തതിന് ശേഷം നിങ്ങൾ അകത്തു ചെന്ന് ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുന്നത് ഞാൻ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാർഥ അഭിനയം. എത്രകാലം നിങ്ങൾക്ക് തമിഴരെ പറ്റിക്കാൻ കഴിയും. ദയവ് ചെയ്ത സ്‌റ്റേജിൽ എത്തി ആളുകളെ പറ്റിക്കരുത്.' -വീഡിയോയിൽ സാമി പറയുന്നു. സാമിയുടെ വീഡിയോയ്‌ക്കെതിരേ ആരാധകരുടെ പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തിൽ കുറച്ച് മുമ്പ് ഇടതുപക്ഷത്തിന്റെ ഒരു സ്ഥാനാർഥി വോട്ട് തേടലിന് ശേഷം ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകിയേ വീട്ടിൽ തിരിച്ചു കയറാറുള്ളൂവെന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

Latest News