Sorry, you need to enable JavaScript to visit this website.
Sunday , May   31, 2020
Sunday , May   31, 2020

അശ്വതി നടനം

എം.ടി വാസുദേവൻ നായരുടേയും കലാമണ്ഡലം സരസ്വതിയുടേയും മകൾ അശ്വതി ശ്രീകാന്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നർത്തകിയ്ക്കുള്ള പുരസ്‌കാരം. മൂന്നര പതിറ്റാണ്ട് മുമ്പ് അമ്മയെത്തേടിയെത്തിയ അതേ അംഗീകാരമാണ് ഇപ്പോൾ മകൾക്ക് ലഭിച്ചത്. അശ്വതിയുടെ കലാജീവിതത്തിലൂടെ...  

മലയാള സാഹിത്യനഭസ്സിൽ മഹാവിസ്മയമായി ജ്ഞാനപീഠം കയറിയ അച്ഛൻ. അമ്മയാണെങ്കിൽ നടനവൈഭവത്തിന്റെ മഹാമേരു. സാഹിത്യത്തിലൂടെ നടനവേദിയിലെത്തിയ മകൾ. മലയാളത്തിന്റെ മഹാപ്രതിഭയായ എം.ടി. വാസുദേവൻ നായരുടെയും പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയുടെയും മകൾ അശ്വതിക്കാണ് മികച്ച നർത്തകിക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. നാട്യശാസ്ത്രത്തിന്റെ പാരമ്പര്യ വഴികൾക്ക് പുതിയ ഭാഷ്യം ചമച്ച ഈ നർത്തകിക്ക് ഭരതനാട്യത്തിലെ മികവിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
കുട്ടിക്കാലം തൊട്ടേ അച്ഛന്റെ പാതയിലൂടെയായിരുന്നു അശ്വതിയുടെ സഞ്ചാരം. വായനയെ കൂട്ടുപിടിച്ച് എഴുത്തിന്റെ ലോകത്ത് ചുവടുവെച്ച കാലം. സാഹിത്യമായിരുന്നു പഠന വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദമെടുത്തു. കർണാട്ടിക് സംഗീതവും അഭ്യസിച്ചു. എന്നാൽ പിന്നീടെപ്പോഴോ അമ്മയുടെ പാതയിലേയ്ക്ക് വഴിമാറുകയായിരുന്നു. 


'അമ്മയുടെ നൃത്തം കണ്ടുകൊണ്ടാണ് വളർന്നത്. നൃത്തഗുരുവും അമ്മ തന്നെയായിരുന്നു. നാലാം വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഒരു ജോലി തെരഞ്ഞെടുക്കുന്ന ഘട്ടം വന്നപ്പോൾ നൃത്തം ജീവിതമാർഗമായി സ്വീകരിക്കുകയായിരുന്നു.' -അശ്വതി പറയുന്നു.
അശ്വതിയുടെ ലക്ഷ്യം തെറ്റിയില്ല. ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുഡിയും അഭ്യസിച്ച അശ്വതി നൃത്തരംഗത്തു തന്നെ ചുവടുറപ്പിച്ചു. നിരന്തരമായ സാധകത്തിലൂടെ ആർജിച്ചെടുത്ത ചടുലതയും രസങ്ങൾ സ്ഫുരിക്കുന്ന കണ്ണുകളും വിരലുകളിൽ തെളിയുന്ന മുദ്രകളും സമർപ്പിത മനസ്സുമായി വേദികളെ ഹരം കൊള്ളിക്കുന്ന ഈ നർത്തകി കലയുടെ അരങ്ങിൽ കൈരളിയുടെ കളിവിളക്കായി തെളിഞ്ഞു കത്തുകയാണ്.
അമ്മ കലാമണ്ഡലം സരസ്വതിക്ക് മൂന്നര പതിറ്റാണ്ട് മുൻപ് ലഭിച്ച അംഗീകാരമാണ് ഇപ്പോൾ മകളെയും തേടിയെത്തിയിരിക്കുന്നത്. അക്കാദമി അവാർഡുകളെല്ലാം സ്വന്തമാക്കി ഒടുവിൽ ജ്ഞാനപീഠം വരെ നേടിയ എഴുത്തുകാരനാണ് അച്ഛൻ എം.ടി.വാസുദേവൻ നായർ. വീട്ടിലെ ഇളമുറക്കാരിയും ഇപ്പോൾ അക്കാദമി അവാർഡിന് അർഹമായിരിക്കുന്നു എന്നത് കലാ സ്‌നേഹികൾക്കും ഏറെ സന്തോഷം പകരുന്നുണ്ട്. അടുത്തയാഴ്ച കൊല്ലത്തു നടക്കുന്ന ചടങ്ങിൽ െവച്ച് അശ്വതി പുരസ്‌കാരം ഏറ്റുവാങ്ങും. ഇതിനു മുമ്പ് കലാരട അവാർഡും മയിൽപ്പീലി പുരസ്‌കാരവുമെല്ലാം ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.
'നർത്തകി എന്ന നിലയിൽ ഈ അംഗീകാരം ഏറെ സന്തോഷം നൽകുന്നുണ്ട്. മാത്രമല്ല, കലാജീവിതത്തിന് കൂടുതൽ ഉത്തരവാദിത്തവും കരുത്തും പകരാൻ ഈ അംഗീകാരം സഹായകമായി.' അശ്വതി പറയുന്നു.
നൃത്തവേദിയിൽനിന്നു തന്നെയാണ് അശ്വതി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. കുട്ടിക്കാലംതൊട്ടേ നൃത്തം ഉപാസിച്ചു പോരുന്ന ശ്രീകാന്ത് ചെന്നൈ സ്വദേശിയാണ്. വിവാഹശേഷം ഇരുവരും ഒന്നിച്ചാണ് നൃത്ത പരിപാടികൾ അവതരിപ്പിച്ചു പോരുന്നത്.
കലാമണ്ഡലം സരസ്വതി 1972 ൽ ആരംഭിച്ച നൃത്താലയ സ്‌കൂൾ ഓഫ് ഡാൻസ് സ്‌കൂളിന്റെ അമരത്ത് ഇപ്പോൾ അശ്വതിയും ശ്രീകാന്തുമാണ് ഗുരുക്കന്മാരായി ഉള്ളത്. കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമാണ് ഈ ഗുരുക്കന്മാർ. ഒപ്പം തങ്ങളുടേതായ നിരവധി നൃത്ത വിരുന്നുകളും രാജ്യത്തിനകത്തും പുറത്തുമായി ഇവർ ഒരുക്കുന്നുണ്ട്.
കാനഡയിലെ ടൊറന്റോയിലെ അന്താരാഷ്ട്ര നൃത്തവേദിയിൽനിന്നും നാട്ടിലെത്തിയിട്ട് അധികനാളായിട്ടില്ല. അടുത്ത വേദി അമേരിക്കയിലാണ്. വാഷിംഗ്ടൺ ഡി.സിയിലെ ഡാൻസ് പാലസിലും വെർജീനിയയിലെ ഏഷ്യൻ ഫെസ്റ്റിവലിലും റീയൂനിയൻ ഐലന്റിൽ നടക്കുന്ന ഫാൾ ഫെസ്റ്റിവലിലുമെല്ലാം അശ്വതി-ശ്രീകാന്ത് ജോഡി നൃത്തമവതരിപ്പിക്കാറുണ്ട്. കൂടാതെ തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലിലും നിശാഗന്ധി ഫെസ്റ്റിവലിലും മുദ്ര ഫെസ്റ്റിവലിലും സംഗീത നാടക അക്കാദമി നൃത്ത പരിപാടികളിലും പാലക്കാട് സ്വരലയയിലും ചെന്നൈയിലെ സ്വാതിസ്മൃതി ഫെസ്റ്റിവലിലും ആന്ധ്രപ്രദേശ് നാഷണൽ ഫെസ്റ്റിവലിലും നാട്യാഞ്ജലി ഫെസ്റ്റിവലിലും ചെന്നൈയിൽ നടക്കുന്ന ഭാഗവത മേള ഫെസ്റ്റിവലിലും കോയമ്പത്തൂരിലെ മുത്തുകൃഷ്ണ മിഷൻ ഫെസ്റ്റിവലിലുമെല്ലാം സജീവ സാന്നിധ്യമായി ഈ നൃത്ത ജോഡികളെത്താറുണ്ട്.
സംസ്ഥാന സർക്കാർ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഒരുക്കിയ കലാപാഠം പദ്ധതിയിൽ അംഗമാകാനും അശ്വതിക്ക് കഴിഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും ചേർന്ന് നടത്തുന്ന കുട്ടികൾക്കുള്ള ഒരു കലാ പരിശീലന കളരിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായാണ് അശ്വതി കരുതുന്നത്. എല്ലാ ജില്ലകളിലുമുള്ള വിദ്യാർഥികൾക്ക് നൃത്തം പരിശീലിപ്പിക്കുക മാത്രമല്ല, യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അവർ എന്താണ് പഠിക്കുന്നതെന്ന് ശരിയായ ധാരണയുണ്ടാവില്ല. നൃത്ത പ്രകടനത്തെ ഇത് ബാധിക്കുന്നുണ്ട്. നൃത്തത്തെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കാൻ വേണ്ടി ഞങ്ങളെപ്പോലുള്ള പ്രൊഫഷണൽസിനെ കൊണ്ടുവന്ന് കുട്ടികൾക്ക് ഒരു ദിവസത്തെ ക്ലാസ് നൽകുകയാണ് പ്രാരംഭ പദ്ധതി. അവർ പഠിക്കുന്ന കലയ്ക്ക് എന്തൊക്കെ സാധ്യതകളുണ്ട്, എന്തൊക്കെയാണ് അതിന്റെ സാങ്കേതിക വശങ്ങൾ എന്നിവ അവർക്ക് പറഞ്ഞു കൊടുക്കാനാണ് ഈ ഉദ്യമംകൊണ്ട് ഉദ്ദേശിക്കുന്നത്. നൃത്തത്തെ ഒരു മത്സര ഇനമായി മാത്രം കാണാതെ ജീവിതത്തിൽ ഇനിയും ഒട്ടേറെ സാധ്യതകളുണ്ട് എന്നുകൂടി മനസ്സിലാക്കിക്കൊടുക്കാനാണ് കലാപീഠത്തിലൂടെ ലക്ഷ്യമിടുന്നത്. നൃത്തത്തിൽ മാത്രമല്ല, സംഗീതത്തിലും കഥകളിയിലുമെല്ലാം ഇത്തരം ശിൽപശാലകൾ നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ നമ്മുടെ സാംസ്‌കാരിക അന്തരീക്ഷം തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ദേശാന്തരങ്ങൾ കടന്നുള്ള നൃത്ത പരിപാടികൾക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ കലയോട് കൂടുതൽ അടുക്കാൻ പ്രേരിപ്പിക്കുന്നത്. ശ്രീകാന്തുമൊത്തുള്ള നൃത്ത പരിപാടികളിൽ പ്രേക്ഷകരുടെ പ്രതികരണങ്ങൾ പല ദേശത്തും വ്യത്യസ്തമാണ്. ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള പ്രേക്ഷകരാണ്. ചില സ്ഥലങ്ങളിൽ സഭാ കച്ചേരി പോലുള്ള പ്രകടനങ്ങൾക്കാണ് പ്രാധാന്യം. ചിട്ടയായിട്ടുള്ള അവതരണ രീതിയാണ് അവർക്കു വേണ്ടത്. മറ്റു ചില സ്ഥലങ്ങളിൽ പ്രത്യേക വിഷയങ്ങളോ സംഭവങ്ങളോ ആധാരമാക്കിയുള്ള നൃത്ത പ്രകടനമായിരിക്കും ആവശ്യപ്പെടുക. പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ചുള്ള വിഷയങ്ങളും നൃത്തത്തിന് വിഷയമാകാറുണ്ട്. രണ്ടുപേർ ചേർന്നുള്ള നൃത്ത പരിപാടികൾ ഒറ്റയ്ക്കുള്ള പ്രകടനത്തേക്കാൾ ആളുകൾക്ക് ഇഷ്ടമാണ്. സ്ത്രീയും പുരുഷനും ഒന്നിച്ചുള്ള പ്രകടനം ഒരേ സമയത്ത് നേരിട്ട് കാണാൻ കഴിയുക എന്നത് കാണികൾക്ക് ഏറെ രസകരമാണ്. സഭാകച്ചേരി പോലുള്ള നൃത്ത പരിപാടികൾ അവതരിപ്പിക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നാറുണ്ട്. കാരണം ഒരു പാരമ്പര്യത്തിന്റെ ഭാഗമായി അത് നാം പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുകയാണ്. എന്നാൽ ഒരു പ്രത്യേക വിഷയം നൃത്ത രൂപത്തിൽ അവതരിപ്പിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള ഒരു കലാകാരിയിലെ പരിമിതികളെ എടുത്തു കളയുകയാണ്. ഒരു കലാകാരിയുടെ വളർച്ചയ്ക്ക് ഇത് സഹായകമാണ്.
നൃത്തരംഗത്ത് പുതുമകൾക്ക് പ്രാമുഖ്യം നൽകുന്നവരാണ് ഈ ദമ്പതികൾ. വർഷങ്ങൾക്കു മുൻപ് ഒരുക്കിയ അമൃതവർഷിണി എന്ന നൃത്താവിഷ്‌കാരം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുതുമഴയുടെ സുഗന്ധവും പുൽക്കൊടിത്തുമ്പിലെ മഴത്തുള്ളികളുമെല്ലാമായി ആസ്വാദക മനസ്സിൽ സന്തോഷവും സന്താപവും സ്‌നേഹവും വിരഹവും കോപവും നിറയ്ക്കുകയായിരുന്നു ഈ നൃത്ത രൂപത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. രണ്ടു വർഷത്തെ പരിശ്രമത്തിലൂടെയാണ് തൊണ്ണൂറു മിനുട്ട് ദൈർഘ്യമുള്ള ഈ നൃത്തരൂപം ചിട്ടപ്പെടുത്തിയത്. ശ്രീകൃഷ്ണ ജനനം മുതൽ ഗീതോപദേശം വരെയുള്ള ഭക്തിമഞ്ജരി അവതരിപ്പിക്കാനാണ് അടുത്ത ലക്ഷ്യം. കൂടാതെ ആംഗലേയ കവിയായ ടി.എസ്.എലിയട്ടിന്റെ വേസ്റ്റ്‌ലാന്റിന് നൃത്താവിഷ്‌കാരം ചമയ്ക്കണമെന്ന മോഹവും അശ്വതിക്കുണ്ട്.
അച്ഛന്റെ കഥകൾക്ക് നൃത്താവിഷ്‌കാരം പകരാൻ ഈ മകൾ ഒരുക്കമല്ല. കാരണം വായനയിലൂടെ അനുഭവിക്കാവുന്ന അത്തരം കഥകൾക്ക് നൃത്താവിഷ്‌കാരം നൽകുക എന്ന പരീക്ഷണത്തിന് താനില്ലെന്ന് അശ്വതി തീർത്തു പറയുന്നു. 
അച്ഛന്റെ മഞ്ഞും രണ്ടാമൂഴവുമെല്ലാം ഏറെ ആകർഷിച്ച കഥകളാണ്. എന്നാൽ അവ നടനവേദിയിൽ അവതരിപ്പിക്കാനുള്ള ശക്തിയും ധൈര്യവുമില്ല -അശ്വതി പറഞ്ഞു നിർത്തുന്നു.

Latest News