Sorry, you need to enable JavaScript to visit this website.
Wednesday , June   03, 2020
Wednesday , June   03, 2020

'പാവക്കൂത്തി'ന്റെ പരമാചാര്യൻ 

പപ്പെറ്റ്‌ഷോ (പാവകളി) വിശ്വപ്രസിദ്ധ കലാരൂപമാണ്. നാടകങ്ങളുടെ ആദിമരൂപം. ഉൽസവരാവുകളിലുയരുന്ന കൂത്ത്മാടങ്ങളിൽ, നീട്ടിവലിച്ചുകെട്ടിയ തിരശ്ശീലയിൽ നിഴലിന്റേയും വെളിച്ചത്തിന്റേയും ഒളിച്ചുകളിയിൽ തെളിയുന്ന കഥകളുടെ നിഴലാട്ടമാണ് കേരളത്തിന്റെ പാവകളി. പാവക്കൂത്തിന് ദൃശ്യകലകളുടെ ലോക ഭൂപടത്തിൽ ഇടം നേടിക്കൊടുത്ത, അക്കാദമി അവാർഡ് ജേതാവ് ഷൊർണൂർ കൂനത്തറയിലെ രാമചന്ദ്രപുലവർ തന്റെ സർഗസപര്യയെക്കുറിച്ച് മലയാളം ന്യൂസുമായി സംസാരിക്കുന്നു.

നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ, കേന്ദ്രസംഗീത നാടക അക്കാദമി എന്നിവയുടെ സ്ഥാപകയും പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കമലാദേവി ചതോപാധ്യായയുമായുള്ള കൂടിക്കാഴ്ചയാണ് വള്ളുവനാടിന്റെ അമ്പലമുറ്റങ്ങളിൽ തോൽപ്പാവക്കൂത്തുമായി ആരോരുമറിയാതെ ഒതുങ്ങിക്കൂടിയിരുന്ന രാമചന്ദ്ര പുലവരുടെ നടനപ്രതിഭയെ അതിരുകളില്ലാത്ത ലോകത്തിന്റെ കലാവിഹായസ്സിലേക്ക് പറത്തിവിടാൻ നിമിത്തമായത്. 
ബാംഗ്ലൂർ നാഷനൽ ഫെസ്റ്റിവലിൽ പാവകളിക്ക് ആദ്യാവസരമുണ്ടാക്കിക്കൊടുത്ത കമലാദേവിയ്ക്ക് ഈ കലാരൂപം ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ) മുൻകൈയെടുത്ത് തോൽപ്പാവക്കൂത്തിന് ദേശീയാംഗീകാരം നേടിക്കൊടുത്തതിന് പിന്നിൽ കമലാദേവിയുടെ കനിവ് നിറഞ്ഞ കൈകളുണ്ടായിരുന്നുവെന്ന് തോൽപ്പാവക്കൂത്തിനായി റഷ്യയിലേക്ക് പോകാനൊരുങ്ങി നിൽക്കുന്ന രാമചന്ദ്രപുലവർ പറഞ്ഞു. കഥ പറയുന്ന പാവകളുമായി പുലവർ ലോകം ചുറ്റുന്നു. സ്വീഡൻ, ജർമനി, ഹോളണ്ട്, പോളണ്ട്, ഇസ്രായിൽ, ഒമാൻ, ഗ്രീസ്, സിംഗപ്പൂർ, ജപ്പാൻ, തായ്‌ലാന്റ്.. യാത്ര തുടരുക തന്നെയാണ്.  
കുറേ പാവകളുമായിട്ടാണ് അദ്ദേഹം കൂനത്തറയിൽനിന്ന് ഒറ്റപ്പാലത്തെത്തിയതും പാവകളിയുടെ കഥ സ്വാരസ്യത്തോടെ പറഞ്ഞുതുടങ്ങിയതും. മകൻ രാജീവും ഒപ്പമുണ്ടായിരുന്നു.   

തോൽപ്പാവക്കൂത്തിന്റെ ചരിത്രം 
കേരളത്തിലെ ഏക നിഴൽനാടക രൂപമായ തോൽപ്പാവക്കൂത്തിനു ഈ പേര് വരാൻ കാരണം മൃഗങ്ങളുടെ തോലു കൊണ്ടു നിർമ്മിച്ച പാവകൾ ഉപയോഗിച്ചുള്ള കളിയായത്് കൊണ്ടാണ്. ഈ കലാരൂപത്തിന്റെ പിറവി പാലക്കാട് കുത്തനൂരാണ്. അവിടത്തെ നെയ്ത്തുകാർ ആദ്യകാലത്ത് കുടപ്പനയുടെ ഓലകൊണ്ടു നിർമ്മിച്ച പാവകളായിരുന്നു കൂത്തിനു വേണ്ടിയുപയോഗിച്ചിരുന്നത്. അന്ന് ഈ കലാരൂപത്തിന്റെ പേര് ഓലപ്പാവക്കൂത്ത് എന്നായിരുന്നു. പെട്ടെന്നു കേടായിപ്പോകുമെന്നതിനാൽ ഓലപ്പാവകൾക്കു പകരം മാൻതോലുകൊണ്ടുണ്ടാക്കിയ പാവകൾ രംഗത്തെത്തി.
തോൽപാവക്കൂത്തെന്ന കലാരൂപം ക്ഷേത്രമുറ്റങ്ങളിലും കാവുകളിലും മറ്റും എത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്. തോലുകൊണ്ടുണ്ടാക്കിയ പാവകളെ രംഗത്തെത്തിച്ചതും കുത്തനൂർ സംഘക്കാർ തന്നെയാണ്. 

പാലപ്പുറത്തെ പുലവന്മാർ
ആദ്യകാലത്ത് തോൽക്കൊല്ലന്മാരായിരുന്നു പാവകൾ ഉണ്ടാക്കിയിരുന്നത്. ഒറ്റപ്പാലത്തിനടുത്ത പാലപ്പുറം സംഘമൊഴികെയുള്ളവർ കുത്തനൂർ പാവകളെ അനുകരിച്ചാണ് പാവകൾ നിർമിച്ചിരുന്നത്. പാലപ്പുറത്ത് അടുത്ത കാലം വരെ നിരവധി പുലവർവിഭാഗക്കാർ താമസിച്ചിരുന്നു.
ഷൊർണൂർ കവളപ്പാറ ആര്യങ്കാവിലെ പാവകളും കുത്തനൂർ പാവകളുടെ അനുകരണം തന്നെയാണ്. തൊഴുവാനൂർ കൃഷ്ണൻ എന്ന തോൽക്കൊല്ലനാണ് കവളപ്പാറ മൂപ്പിൽ നായരുടെ നിർദ്ദേശാനുസരണം ആര്യങ്കാവിലെ പാവകൾ നിർമിച്ചത്.
ഈ പാവകളുടെ പകർപ്പെടുത്താണ് ഈയടുത്ത കാലത്ത് കൂനത്തറയിലെ കലാകാരന്മാർ പാവകൾ നിർമിച്ചിരിക്കുന്നത്.
(രാമചന്ദ്രപുലവരുടെ അച്ഛൻ പ്രസിദ്ധ പാവക്കൂത്ത് കലാകാരൻ കൃഷ്ണൻകുട്ടി പുലവരുടെ സ്മരണ നിലനിർത്താൻ കൂനത്തറയിലെ വീട്ടിൽ പാവക്കൂത്ത് തിയേറ്റർ നിർമിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഇവിടെ പാവകളുടെ പ്രദർശനം നടത്തുകയും പാവനിർമാണത്തിലും പാവകളിയിലും പുതിയ തലമുറയ്ക്ക് പരിശീലനം നൽകുകയും ചെയ്ത് പോരുന്നു). 
ഒന്നോ രണ്ടോ കഥാപാത്രങ്ങളുടെ പാവകൾ ഒഴികെ ബാക്കി കഥാപാത്രങ്ങളുടെ പാവകളുടെ പാർശ്വരൂപം ദൃശ്യമാകുന്ന തരത്തിലാണ് പാവകളുടെ നിർമാണം.
പാലപ്പുറം സംഘത്തിന്റെ പാവകൾ ഒഴികെയുള്ള പാവകളിൽ രണ്ടു കണ്ണുകളും കൊത്തിയിട്ടുണ്ടാവും. പാലപ്പുറം പാവകളിൽ ഒരു കണ്ണു മാത്രമേ ദൃശ്യമാകുന്നുള്ളു.

തപാൽ ജോലി വിട്ട് പാവകളിയിലേക്ക് 
പുരോഹിതൻ എന്ന് അർഥം വരുന്ന തമിഴകത്തെ മതപ്രഭാഷകരുടെ കുലത്തിൽപ്പെട്ട പുലവർ വിഭാഗക്കാരാണ് കേരളത്തിൽ തോൽപ്പാവക്കൂത്തിന്റെ പ്രചാരകർ. ആഖ്യാനവൈഭവം, കഥ പറയാനുള്ള വൈഭവം, കണിശമായ രംഗബോധം, കൃത്യമായ അഭിനയശേഷി, അഗാധമായ സംഗീതാവബോധം എന്നിവയൊക്കെ പാവക്കൂത്തിന്റെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. 
ആറാം വയസ്സിൽ അച്ഛൻ കൃഷ്ണൻകുട്ടി പുലവരുടെ കീഴിലാണ് രാമചന്ദ്രപുലവർ പാവക്കൂത്ത് അഭ്യസിച്ചത്. അഞ്ചുവർഷത്തെ കഠിനമായ അഭ്യാസത്തിനു ശേഷം 1974 ൽ അരങ്ങേറ്റം. അച്ഛന്റെ വിയോഗശേഷം രാമചന്ദ്രപുലവർ ഇരുപതിലധികം കൂത്തുമാടങ്ങളുടെ അധിപനായി. തപാൽ വകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് പൂർണമായും കലാരംഗത്തേക്ക് തിരിഞ്ഞത്. തോൽപ്പാവക്കൂത്തിനെക്കുറിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിനു വേണ്ടി ആധികാരികമായ ഗ്രന്ഥവും രചിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരവും രാമചന്ദ്രപുലവരെത്തേടിയെത്തി. 1982-85 കാലത്ത് മഹാരാഷ്ട്രയിലെ കൂടാലിൽ പാവനിർമാണ അധ്യാപകനായി പ്രവർത്തിച്ചു. കമ്പരാമായണത്തിന്റെ കഥയും ഒപ്പം മഹാബലിക്കൂത്ത്, ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, ഒഥെല്ലോ എന്നീ അവതരണങ്ങളിലൂടേയും പാവക്കൂത്ത് കലയ്ക്ക് വൈവിധ്യം പകരാൻ രാമചന്ദ്രപുലവർ ശ്രദ്ധിച്ചിട്ടുണ്ട്. വ്യത്യസ്തതരം ആസ്വാദകരെ കൈയിലെടുക്കാൻ ഇത് മൂലം സാധിക്കുന്നു. 

അരങ്ങുണരുന്ന കൂത്ത്മാടങ്ങൾ
എല്ലാ ഉൽസവങ്ങളിലും പാവക്കൂത്തിനായി ഉയർന്ന പീഠത്തിൽ കൂത്ത്മാടങ്ങളുണരുന്നു. സാധാരണയായി കൂത്ത്മാടങ്ങൾക്ക് ദൈർഘ്യം 42 അടിയും വീതി 8 അടിയുമാണ്. ഇവയുടെ ഉപരിതലത്തിന്റെ മുകൾ ഭാഗം വെളുത്ത നിറമായിരിക്കും, താഴത്തെ ഭാഗം കറുത്തതും. പരവതാനികളിൽ മൂർച്ചയുള്ള നിഴലുകൾ വളർത്തിയെടുക്കാൻ പപ്പെറ്റുകൾ നടത്തുന്നു. പുള്ളിപ്പുലികളുടെ നിഴലുകൾ സ്‌ക്രീനിൽ കാണാം. ഒരു സസ്യമുള്ളുപയോഗിച്ചാണ് ഇതിന്റെ നിർമാണം.സാധാരണ പ്രധാന പാവക്കൂത്തുകാരനടക്കം എട്ടുപേർ ഒരു സംഘത്തിലുണ്ടാകും. 
നീണ്ട കാലത്തെ അധ്വാനമുണ്ട് ഈ കലയ്ക്ക്. മാത്രമല്ല ഏകദേശം 3000 ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കുകയും വേണം. ഇതിന്റെ ഗ്രന്ഥങ്ങളാകട്ടെ, ഒരു മഹാസാഗരം തന്നെയാണ്. കഠിനതപസ്യയിലൂടെയാണ് രാമചന്ദ്രപുലവർ പാവക്കൂത്ത് അഭ്യസിച്ചതും അത് പുതുതലമുറയ്ക്ക് കൈമാറിയതും. 
ദേശാന്തരങ്ങളിൽ ഈ കലയുടെ പെരുമയുമായി യാത്ര ചെയ്യുന്ന പുലവർക്ക് ഇസ്‌ലാമിക ചരിത്രത്തിലെ ഏതെങ്കിലും കഥയെ ആധാരമാക്കി ഒരു പാവക്കൂത്ത് അവതരിപ്പിക്കാനാഗ്രഹമുണ്ട്. ബദർ യുദ്ധചരിത്രമാണ് തന്റെ മനസ്സിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 
യൂറോപ്യൻ യാത്രക്കിടെ പരിചയപ്പെട്ട ചില മൊറോക്കൻ കലാകാരന്മാരാണ് ഈ ആശയം പറഞ്ഞുകൊടുത്തതെന്ന് രാമചന്ദ്രപുലവർ ചൂണ്ടിക്കാട്ടി. പുലവരുടെ പത്‌നി രാജലക്ഷ്മി, മക്കൾ രാജീവ്, രജിത, രാഹുൽ, സഹോദരന്മാരായ വിശ്വനാഥൻ, ലക്ഷ്മണൻ, മോഹനൻ എന്നിവരും പാവക്കൂത്തിൽ വിദഗ്ധരാണ്.
 

Latest News