Sorry, you need to enable JavaScript to visit this website.

ഹസ്സ അല്‍ മന്‍സൂരിക്ക് യു.എ.ഇയില്‍ വീരോചിത വരവേല്‍പ്

അബുദാബി- യു.എ.ഇയുടെ പെരുമ വാനോളമുയര്‍ത്തിയ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് നാട്ടില്‍ വീരോചിത വരവേല്‍പ്. രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ എട്ട് ദിവസം ചെലവഴിച്ച് തിരിച്ചെത്തിയ ഹസ്സയെ സ്വീകരിക്കാന്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേരിട്ടെത്തി. ബഹിരാകാശ യാത്രക്ക് ഹസ്സയോടൊപ്പം തയാറായ സുല്‍ത്താന്‍ അല്‍ നെയാദിയും ഒപ്പമുണ്ടായിരുന്നു.
അബുദാബിയിലെ അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച വൈകിട്ടാണ് ഹസ്സ വിമാനമിറങ്ങിയത്. ഹസ്സയും സംഘവും പ്രസിഡന്റിന്റെ വിമാനത്തില്‍നിന്ന് താഴേക്കിറങ്ങുമ്പോള്‍ സൈനിക വിമാനങ്ങള്‍ നീലാകാശത്ത് വര്‍ണാഭിഷേകം നടത്തി. ആകാശത്ത് വിരിഞ്ഞ യു.എ.ഇ പതാകയുടെ പശ്ചാത്തലത്തിലാണ് ഹസ്സ ഭൂമിയില്‍ കാല്‍ കുത്തിയത്.
യു.എ.ഇ പതാക കഴുത്തില്‍ ചുറ്റിയാണ് ഹസ്സ വിമാനമിറങ്ങിയത്. വ്യോമസഞ്ചാരികളുടെ നീലക്കുപ്പായമണിഞ്ഞെത്തിയ അദ്ദേഹത്തെ ആശ്ലേഷത്തോടെയാണ് ശൈഖ് മുഹമ്മദ് സ്വീകരിച്ചത്. ബഹിരാകാശത്തേക്ക് താന്‍ കൊണ്ടുപോയ യു.എ.ഇ പതാക ഹസ്സ അദ്ദേഹത്തിന് സമ്മാനിച്ചു. ഹസ്സയുടെ മക്കളും ബൊക്കെകളുമായി പിതാവിനെ സ്വീകരിക്കാനെത്തിയിരുന്നു.
രണ്ട് സഞ്ചാരികളേയും പാരമ്പര്യസംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ആളുകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചത്. ഹസ്സയുടേയും സുല്‍ത്താന്റേയും കൂറ്റന്‍ ചിത്രങ്ങളാല്‍ വിമാനത്താവളം അലങ്കരിച്ചിരുന്നു. യു.എ.ഇയുടെ ബഹിരാകാശ പര്യവേഷണം സ്വപ്നം കണ്ട രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഛായാചിത്രവും വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്നു.

 

Latest News