Monday , October   14, 2019
Monday , October   14, 2019

റൊമാന്‍സോ പീഡനമോ, ഭാര്യയോട് സ്‌റ്റോക്‌സ് ചെയ്തത്

ലണ്ടന്‍ - ഒരു അവാര്‍ഡ് ചടങ്ങിനിടെ താനും ഭാര്യ ക്ലയറും കൈയാങ്കളിയിലേര്‍പ്പെട്ടുവെന്ന വാര്‍ത്ത തീര്‍ത്തും നിരുത്തരവാദപരമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ബെന്‍ സ്റ്റോക്‌സ്. പ്രൊഫഷനല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞയാഴ്ച ഇരുപത്തെട്ടുകാരനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തിരുന്നു. അവാര്‍ഡ് ദാനച്ചടങ്ങിനിടെ സ്റ്റോക്‌സും ഭാര്യയും കൈയാങ്കളിയിലേര്‍പ്പെടുന്നതു പോലുള്ള ചിത്രങ്ങള്‍ ചൊവ്വാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തമാശ പറഞ്ഞിട്ടെന്നോണം സ്‌റ്റോക്‌സിന്റെ മുഖത്തു തള്ളുന്ന മറ്റൊരു ഫോട്ടോയുമായി ക്ലയര്‍ സ്‌റ്റോക്‌സ് ഭര്‍ത്താവിനെ പിന്താങ്ങി. ചിലര്‍ എന്തൊക്കെ തോന്ന്യാസങ്ങളാണ് മെനഞ്ഞുകൂട്ടുന്നതെന്ന് അവര്‍ ചോദിച്ചു.
ഞാന്‍ ഇഷ്ടം പ്രകടപ്പിച്ചതിനെയാണ് കൈയാങ്കളിയായി ചിത്രീകരിച്ചത്. ചില പപ്പരാസികള്‍ അതിനെ വൃത്തികെട്ട വാര്‍ത്തയാക്കി വളച്ചൊടിക്കുകയാണ്. അതിന് 20 മിനിറ്റിനു ശേഷം ഞങ്ങള്‍ പ്രണയപുരസ്സരം മക്‌ഡൊണാള്‍ഡ്‌സ് പങ്കിട്ട കാര്യം അവരറിയുന്നുണ്ടോ? - ക്ലയര്‍ ചോദിച്ചു. ഭാര്യയുടെ പോസ്റ്റിന് ചുംബനത്തിന്റെ ഇമോജി നല്‍കിയാണ് സ്‌റ്റോക്‌സ് പ്രതികരിച്ചത്. താനും ഭാര്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് ഡെയിലി മെയില്‍ പത്രത്തില്‍ സ്റ്റോക്‌സ് എഴുതുകയും ചെയ്തു. പലരും എന്നെക്കുറിച്ച് കഥകളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും വൃത്തികെട്ടതായി ഞാന്‍ ഭാര്യയെ പീഡിപ്പിക്കുന്നുവെന്ന കണ്ടെത്തല്‍ -സ്റ്റോക്‌സ് എഴുതി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്‌റ്റോക്‌സിന്റെ കുടുംബത്തിലുണ്ടായ കൂട്ടക്കൊലയെക്കുറിച്ച് കഴിഞ്ഞയാഴ്ച സണ്‍ പത്രം മുന്‍ പേജില്‍ വാര്‍ത്ത നല്‍കിയത് വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.