Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ നാല്‍പത് പിന്നിട്ട തൊഴിലാളികളെ നാടുകടത്തണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി - നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന നാല്‍പത് പിന്നിട്ട വിദേശ തൊഴിലാളികളെ നാടുകടത്തണമെന്ന് ആവശ്യപ്പെടുന്ന കരടു നിര്‍ദേശം കുവൈത്തിലെ വനിതാ എം.പി സ്വഫാ അല്‍ഹാശിം പാര്‍ലമെന്റിന് സമര്‍പ്പിച്ചു. ഇഖാമ കാലാവധി അവസാനിച്ച വിദേശികളെയും രാജ്യത്തു നിന്ന് നാടുകടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വിദേശികളുടെ വര്‍ധിച്ച ആധിക്യം രാജ്യത്തെ ജനസംഖ്യാ ഘടനയിലുണ്ടാക്കുന്ന അപകടങ്ങളും സമൂഹത്തിലുണ്ടാക്കുന്ന പരിഭ്രാന്തിയും ഇഖാമ നിയമ ലംഘകര്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ പെരുകലുമാണ് ഇത്തരമൊരു നിര്‍ദേശം പാര്‍ലമെന്റിനു മുന്നില്‍ സമര്‍പ്പിക്കുന്നതിന് പ്രേരകമെന്ന് സ്വഫാ അല്‍ഹാശിം പറഞ്ഞു. തൊഴില്‍ കരാറുകള്‍ ലംഘിച്ച് വിദേശികള്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങളില്‍ നിന്ന് സ്വദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുമില്ല.
സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്ന വിദേശികളെയും ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായ ജോലികള്‍ ചെയ്യുന്നവരെയും നാടുകടത്തണമെന്ന് കരടു നിര്‍ദേശം ആവശ്യപ്പെടുന്നു. സ്ഥാപനങ്ങളില്‍ ആവശ്യത്തില്‍ കൂടുതലുള്ള തൊഴിലാളികളെയും നാടുകടത്തണം. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന നാല്‍പതു വയസ് പിന്നിട്ടവരെയും രോഗികളെയും വികലാംഗരെയും നാടുകടത്തണം.
പദ്ധതികള്‍ പൂര്‍ത്തിയായാലുടന്‍ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് കരാറുകാരെ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശമുണ്ട്. സ്‌പോണ്‍സര്‍ മാറി സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരെയും അധ്യാപികമാരെയും ഇതേപോലെ നാടുകടത്തണം. ജോലി ചെയ്യുന്ന അതേ സ്‌കൂളുകളുടെ ഉടമകളുടെ പേരിലുള്ള ഇഖാമയില്ലാത്ത വിദേശികളെ നാടുകടത്തണമെന്നാണ് ആവശ്യം.

 

Latest News