Sorry, you need to enable JavaScript to visit this website.

വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിക്കുംമുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

റിയാദ്- വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിന് കർശന വ്യവസ്ഥകൾ ബാധകമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ചില്ലുകളിൽ ഉപയോഗിക്കുന്ന കൂളിംഗ് ഫിലിമുകൾ സുതാര്യമായിരിക്കണം. ഉൾവശത്തെ കാഴ്ച മറയ്ക്കുന്ന കൂളിംഗ് ഫിലിമുകൾ ചില്ലുകളിൽ ഒട്ടിക്കുന്നതിന് വിലക്കുണ്ട്. ചിത്രം പ്രതിഫലിപ്പിക്കുന്ന കണ്ണാടി രൂപത്തിലുള്ള കൂളിംഗ് ഫിലിമുകളും പാടില്ല.

സുതാര്യത കുറക്കുന്ന കൂളിംഗ് ഫിലിമുകളിൽ അലങ്കാര പണികളും ചിത്രങ്ങളും ഉണ്ടാകാൻ പാടില്ല. ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിക്കുന്നതു പ്രകാരം മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമല്ലാത്ത, സൗദിയിൽ ഉപയോഗിക്കുന്നതിന് അനുമതിയുള്ള കൂളിംഗ് ഫിലിമുകളാണ് ഉപയോഗിക്കേണ്ടത്. 


വാഹനങ്ങൾക്കകത്തുള്ളവരെ കാണാൻ കഴിയുന്ന നിലക്ക് സുതാര്യമായിരിക്കണം കൂളിംഗ് ഫിലിമുകൾ. കാറുകളുടെ പിൻസീറ്റിന്റെ വശങ്ങളിലെ ചില്ലുകളിൽ മാത്രമാണ് കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിന് അനുമതിയുള്ളത്. കാറുകളുടെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകളിൽ ഒരു തരത്തിലുള്ള കൂളിംഗ് ഫിലിമും അനുവദിക്കില്ല. പ്രത്യേക രോഗം ബാധിച്ച സാഹചര്യങ്ങളിൽ മാത്രം നിശ്ചിത വ്യവസ്ഥകൾ പാലിച്ച് കാറുകളിലെ മുൻസീറ്റുകളിലെ വശങ്ങളുടെ ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാവുന്നതാണ്.


ടാക്‌സികളുടെ ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിന് വിലക്കുണ്ട്. ഡ്രൈവർക്കും സഹയാത്രികനും മാത്രം സീറ്റുള്ള, സിംഗിൾ ഡോർ സ്‌പോർട്‌സ് കാറുകളുടെ ചില്ലുകളിലും ഇതേപോലെ കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ല. സിംഗിൾ ഡോർ സ്‌പോർട്‌സ് കാറുകളുടെ പിൻവശത്ത് സീറ്റുകളും അവക്ക് വേറിട്ട ചില്ലുകളുമുണ്ടെങ്കിൽ ആ ഭാഗത്തു മാത്രം കൂളിംഗ് ഫിലിം ഒട്ടിക്കാവുന്നതാണ്. ചരക്ക് വാഹനങ്ങളിലും നഗരങ്ങൾക്കകത്ത് സർവീസ് നടത്തുന്ന ബസുകളിലും കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനു വിലക്കുണ്ടെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

Latest News