Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലെ കനത്ത മഴക്ക് പിന്നില്‍ ക്ലൗഡ് സീഡിംഗ്

അബുദാബി- കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന കനത്ത മഴക്ക് പിന്നില്‍ ക്ലൗഡ് സീഡിംഗ്. തിങ്കളാഴ്ച വരെ ക്ലൗഡ് സീഡിംഗ് തുടരുമെന്നും അതിനാല്‍ കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ആകാശം മേഘാവൃതമായിരിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് ക്ലൗഡ് സീഡിംഗ് പ്രക്രിയ ആരംഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ക്ലൗഡ് സീഡിംഗ് ഓപറേഷന്‍സ് ഹെഡ് ഖാലിദ് അല്‍ ഒബൈലി അറിയിച്ചു.

എന്താണ് ക്ലൗഡ് സീഡിംഗ്?
കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. കൃത്രിമമായി മഴ പെയ്യിക്കുക, മഞ്ഞുണ്ടാക്കുക, മൂടല്‍ മഞ്ഞ് കുറയ്ക്കുക തുടങ്ങിയവയാണ് ക്ലൗഡ് സീഡിംഗ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍. 1946 ല്‍ അമേരിക്കല്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫറാണ് ആദ്യമായി ക്ലൗഡ് സീഡിംഗ് അവതരിപ്പിക്കുന്നത്. മഴമേഘങ്ങളില്‍ സ്വാഭാവികമായി നടക്കേണ്ട ഭൗതിക പ്രവര്‍ത്തനങ്ങള്‍ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിംഗില്‍ ചെയ്യുന്നത്.
സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, െ്രെഡ ഐസ് (ഖരാവസ്ഥയിലുളള കാര്‍ബണ്‍ ഡയോക്‌സൈഡ്), ലിക്വിഡ് പ്രൊപെയ്ന്‍ എന്നീ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്നത്.

എങ്ങനെയാണ് മഴ പെയ്യിക്കുന്നത്?
ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മഴ പെയ്യിക്കേണ്ട പ്രദേശത്തിന് മുകളിലായി മേഘങ്ങളെ എത്തിക്കും. തുടര്‍ന്ന് സില്‍വര്‍ അയഡൈഡ്, െ്രെഡ ഐസ് എന്നിവ മേഘങ്ങളില്‍ വിതറും. വിമാനങ്ങള്‍ ഉപയോഗിച്ചാണ് മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറുന്നത്. ഭൂമിയില്‍നിന്ന് ജനറേറ്ററുകള്‍ ഉപയോഗിച്ചും റോക്കറ്റുകള്‍ ഉപയോഗിച്ചും സീഡിംഗ് നടത്താറുണ്ട്.
മേഘങ്ങളില്‍ എത്തുന്ന രാസവസ്തുക്കള്‍ അവിടയെുളള നീരാവിയെ ഖനീഭവിപ്പിച്ച് വെളളത്തുളളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയില്‍നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുളള മേഘങ്ങളാണ് ക്ലൗഡ് സീഡിംഗിന് കൂടുതല്‍ യോജ്യമായുളളത്. റഡാറുകള്‍ ഉപയോഗിച്ചാണ് യോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നത്.
ദ്രവീക്യത പ്രൊപേയ്ന്‍ ആണ് മേഘങ്ങളില്‍ ഐസ് പാരലുകള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ ഫലപ്രദം. കറിയുപ്പ് ഉപയോഗിച്ചും ക്ലൗഡ് സീഡിംഗ് നടത്താറുണ്ട്. 2010 ല്‍ ജനീവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സള്‍ഫര്‍ ഡയോക്‌സൈഡും നൈട്രജന്‍ ഡയോക്‌സൈഡും ഉപയോഗിച്ചുള്ള  ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയിരുന്നു.

അപകടമുണ്ടോ?
കാലാവസ്ഥയെ നിയന്ത്രിക്കുന്ന തരത്തിലുളള മനുഷ്യന്റെ ഇടപെടലുകള്‍ ആഗോളതാപത്തിനും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുമെന്ന ആരോപണം നിലവിലുണ്ട്. എങ്കിലും കടുത്ത വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഇന്ന് ലോക രാഷ്ട്രങ്ങള്‍ ആശ്രയിക്കുന്നത് ക്ലൗഡ് സീഡിംഗിലൂടെയുളള കൃത്രിമ മഴയെ തന്നെയാണ്. അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായ ഉപയോഗം ആവശ്യമാണ്. കൂടാതെ അന്തരീക്ഷത്തില്‍ കുമുലോനിംബസ് മേഘങ്ങളുടെ സാന്നിധ്യവും അനിവാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ നല്ല പണച്ചെലവുളള പദ്ധതിയാണ് ക്ലൗഡ് സീഡിംഗ്.

 

Latest News