Sorry, you need to enable JavaScript to visit this website.

യാത്രയുടെ ഹരം

എഴുത്തുകാരനും യാത്രികനുമായ രാധാകൃഷ്ണൻ ചെറുവല്ലിയുടെ യാത്രാനുഭവ ഗ്രന്ഥമാണ് 'കടലിലും കാട്ടിലും മണലാരണ്യത്തിലും'. രസംപിടിച്ച് യാത്ര ചെയ്യുന്നയാളാണ് രാധാകൃഷ്ണൻ ചെറുവല്ലിയെന്ന് ഈ പുസ്തകം അടിവരയിടുന്നു. ഗവേഷകന്റെ സൂക്ഷ്മതയോടെ കാഴ്ചകളെ വിശകലനം ചെയ്യുന്നത് വായനക്കാരന് കൂടുതൽ അറിവ് പകരുന്നതിന് സഹായകമാകുന്നു. ലളിതമായ ഭാഷാശൈലിയിലാണ് ചെറുവല്ലിയെഴുതിയിരിക്കുന്നത്. അതുകൊണ്ട് ആർക്കും ആയാസം കൂടാതെ വായിച്ചു രസിക്കാവുന്ന അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്.
ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും അതിന് മുമ്പുണ്ടായിരുന്നയാളായിരിക്കില്ല അയാളെന്ന് പറയാറുണ്ട്. അക്ഷരാർഥത്തിൽ ഇത് ശരിയാണ്. യാത്രകൾ നമ്മുടെ ചിന്തയെയും ജീവിത കാഴ്ചപ്പാടുകളെയും മാറ്റിമറിക്കും. ഓരോ യാത്രയും ഓരോ കണ്ടെത്തലാണ്. ഒപ്പം വീണ്ടെടുക്കലും. പുറമേക്കും ഉള്ളിലേക്കുമുള്ള യാത്രകളാണ് യാത്രികനെ പ്രചോദിപ്പിക്കുന്നത്. ലക്ഷദ്വീപ് മുതൽ ജയ്‌സാൽമീർ വരെയും സഹ്യസാനുക്കളിലെ വൈവിധ്യമാർന്ന പച്ചപ്പുകളിലൂടെയും നടത്തിയ യാത്രകളുടെ അനുഭവ വിവരണമാണ് കടലിലും കാട്ടിലും മണലാരണ്യത്തിലുമുള്ളത്.
അമിനി ദ്വീപിലെ വിശേഷങ്ങൾ എന്ന പേരിലുള്ള ആദ്യ ആധ്യായം ഈ ദ്വീപിനെക്കുറിച്ചും ലക്ഷദ്വീപുസമൂഹത്തെക്കുറിച്ചുമുള്ള പഠനം കൂടിയാണ്. ഭാരത് സീമയെന്ന ചെറിയൊരു കപ്പലിൽ കൊച്ചിയിൽനിന്ന് അമിനിയിലേക്കു പോകുന്നതു മുതലുള്ള അനുഭവങ്ങളാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. 'ഭാരത് സീമയിൽ നിന്ന് ടിപ്പു സുൽത്താനിൽ മടങ്ങി. കടലിൽ നങ്കൂരമിട്ടിരിക്കുന്ന ടിപ്പു സുൽത്താനിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ ഭാണ്ഡങ്ങളിൽ ദ്വീപ് അലുവയും അമിനി കടപ്പുറത്തു നിന്നു വാരിക്കൂട്ടിയ പവിഴപ്പുറ്റുകളുടെ തിരുശേഷിപ്പുകളും കടൽജീവികളുടെ ശിൽപ സമാനമായ പുറംതോടുകളുമുണ്ടായിരുന്നു. രണ്ട് ദ്വീപ് തെങ്ങിൻതൈകളും. വീണ്ടും വരണമെന്ന് ഓർമിപ്പിക്കുമ്പോൾ കോയാ സാഹിബിന്റെ കണ്ണുകൾ ഈറനണിഞ്ഞു. യാത്രാ വിവവിരണം ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നതിനിടയ്ക്ക് നമുക്ക് അറിയാവുന്നതും അറിയാത്തതുമായ നിരവധി ദ്വീപ് വിശേഷങ്ങൾ ചെറുവള്ളി എഴുതിയിട്ടുണ്ട്. ഭാണ്ഡക്കെട്ടിന് പുറമെ ഓർമകളുടെ വലിയൊരു സ്വീപും ഉള്ളിൽ സ്വീകരിച്ചുകൊണ്ടാണ് ചെറുവല്ലി കപ്പലിറങ്ങിയതെന്നതിന് ഈ പുസ്തകം തന്നെയാണ് തെളിവ്.
പതിനഞ്ച് ചെറു കുറിപ്പുകളായി തിരിച്ചാണ് ഇക്കാര്യങ്ങളൊക്കെ എഴുതിയിരിക്കുന്നത്. ഇതുമൂലം ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് മനസ്സിലാക്കാൻ ആ കുറിപ്പ് വായിച്ചാൽ മനസ്സിലാകും, വിവരങ്ങൾ കൂടിക്കലരുന്നുമില്ല. നാലാം കുറിപ്പ് തുടങ്ങുന്നതിങ്ങനെ: 32 സ്‌ക്വയർ കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന 22 ദ്വീപുകൾ അടങ്ങിയ പ്രദേശത്തെയാണ് ലക്ഷദ്വീപ് എന്നു വിളിക്കുന്നത്. ഇതിൽ 10 ദ്വീപുകളിൽമാത്രമെ ജനവാസമുള്ളൂ. മിനിക്കോയ് (4.4 ച.കി.മി), കൽപേനി (2.3), ആന്ത്രോത്ത്(4.8), ആഗതി(2.7), കവരത്തി(3.6), അമിനി (2.6), കടമത്ത്(3.1), കിൽത്തൽ(1.6), ചെത്ത്‌ലത്ത്(1.6), ബിത്ര(1) ഇങ്ങനെ ദ്വീപുകളെ പരിചയപ്പെടുത്തുന്നു.
ദ്വീപിന്റെ ചരിത്രവും ചേരമാൻ പെരുമാളിന്റെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കാര്യം ചെറുവല്ലി എഴുതുന്നുണ്ട്. ഇങ്ങനെയൊരു രാജാവിനെപ്പറ്റി സഞ്ചാരികളൊന്നും എഴുതിയിട്ടില്ലെന്ന് ചെറുവല്ലിയെഴുതിയത് ശരിയാണെന്ന് തോന്നുന്നില്ല. 
ചേരമാൻ പെരുമാൾ എന്നൊരു രാജാവ് കേരളം ഭരിച്ചിരുന്നില്ലെന്ന് എ.ശ്രീധരമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ മറ്റ് പ്രമുഖ ചരിത്രകാരന്മാരൊന്നും ഈ വാദം അംഗീകരിക്കുന്നില്ല. ഇസ്‌ലാം മതം സ്വീകരിച്ച ചേരമാൻ പെരുമാൾ രണ്ടാം ചേര സാമ്രാജ്യത്തിലാണോ ഒന്നാം ചേര സാമ്രാജ്യത്തിലാണോ എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. എം.ജി.എസ് നാരായണനെപ്പോലെയുള്ളവർ രണ്ടാം ചേര സാമ്രാജ്യത്തിലാണെന്ന് കരുതുന്നവരാണ്. എന്നാൽ ആറാം നൂറ്റാണ്ടിൽ തന്നെയുണ്ടായിരുന്ന ചേരമാൻ പെരുമാളാണ് മക്കയ്ക്ക് പോയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും മറ്റും ചരിത്രം ഈ ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ടതാണെന്നതിന്റെ രേഖകൾ ആചാരങ്ങളിലൂടെ വായിക്കാം. എന്തായാലും പോർചുഗീസ് സഞ്ചാരികളുടെ രചനകളിലും ഇക്കാര്യങ്ങളൊക്കെ വന്നിട്ടുണ്ട്. ചേരമാൻ പെരുമാളിന്റെ ഖബർ ഒമാനിലെ സലാലയിൽ ഇപ്പോഴുമുണ്ടെന്നുള്ളതും സത്യമാണ്. ചേരമാൻ പെരുമാളിന്റെ നിർദേശാനുസരണമാണ് ഇവിടെ മുസ്‌ലിം പള്ളികളൊക്കെ വ്യാപകമായി പണിതതെന്നതും ചരിത്രം.
ദ്വീപിന്റെ പ്രകൃതിവർണന വളരെ മനോഹരമായി ചെറുവല്ലി എഴുതിയിരിക്കുന്നു. 'സന്ധ്യക്ക് കടൽ കളവുപോയി. പകൽ മുങ്ങിക്കുളിച്ച കടലിനെ സന്ധ്യക്ക് നടക്കാനിറങ്ങുമ്പോൾ കാണുന്നില്ല. ലഗൂൺ കടന്ന് കടൽ ഉള്ളിലേക്ക് പോയിരിക്കുന്നു. തിരശ്ശീല ഉയർത്തിയും താഴ്ത്തിയും കടൽ നടത്തുന്ന നാടകങ്ങൾ വിസ്മയകരമാണ്. ഞങ്ങളുടെ വിസ്മയം കണ്ട് ഒരു കിഴവൻ സന്യാസി ഞണ്ട് തോടിനുള്ളിൽ കയറാൻ മറന്നു....' എന്നിങ്ങനെ ഒരു ചെറുകഥയുടെ കൈയടക്കത്തോടെയാണ് ചെറുവല്ലി എഴുതിയിരിക്കുന്നത്.
'അമിനി ദ്വീപിലെ കുട്ടികളും യുവതികളും സ്ത്രീകളും ഏറെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ദ്വീപുപര്യടനം കഴിഞ്ഞ് മടങ്ങുമ്പോൾ വഴിയരികിൽ നിന്ന് പ്രായംചെന്ന സ്ത്രീ റസാഖിനോടു ചോദിച്ചു.
മേലാബാ എല്ലാം കഴിഞ്ഞിച്ച് ബന്നതാ കീളാബ്‌യ്ക്ക് 
റസാഖ് ദ്വീപ് ഭാഷയിൽ മറുപടി നൽകി.
സംഗതി എന്താ.
റസാഖ് വിശദീകരിച്ചു.
പടിഞ്ഞാറ് കഴിഞ്ഞിട്ടാണോ കിഴക്കേക്ക് വന്നത് എന്ന് ചോദിക്കുകയായിരുന്നു.
മേലാബാ - പടിഞ്ഞാറ്. കീളാബാ- കിഴക്ക്. ബടക്കേബാ- വടക്ക്. തെക്കേബാ-തെക്ക്.'
ദ്വീപിലെ കാടു കാണുമ്പോൾ എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്നത് നോക്കൂ. യക്ഷിയുടെയും ജിന്നുകളുടെയും കഥ പറഞ്ഞിരിക്കുമ്പോഴാണ് റസാഖ് ആദ്യമായി കാടിന്റെ കാര്യം പരാമർശിക്കുന്നത്. 
കാടിന്റടുത്തൂടെ ബരുമ്പം ചങ്കു കിടുക്കും.
കാലു നീങ്ങൂല്ല
രാത്രി ചന്ദ്രനുള്ളപ്പോ നെഴലുകൾ ആളാവും
സൈക്കിളിലാണ് ബരവെങ്കി ഏറെ സൂക്ഷിക്കണം
പുറകി ബയറ്റു കൂടും
ഹാന്റിലു ബെട്ടും. അപ്പക്കരുതിക്കോളി പുറകി ജിന്നുണ്ടെന്ന് 
പിന്നെ ചബിട്ടോടു ചബിട്ട്. പോണ സ്ഥലത്തൂടെ പിന്നേം പിന്നേം
പോണതായി തോന്നും
രാത്രി മുഴുവൻ ചവിട്ടിയവരുണ്ട്...

ഇങ്ങനെ പല തരത്തിൽ ദ്വീപിനെ ചെറുവല്ലി ആദ്യ അധ്യായത്തിൽ മനോഹരമായി പരിചയപ്പെടുത്തുന്നു. കേരളത്തിൽ ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി അഗസ്ത്യർ വനത്തിലെ അഗസ്ത്യാർ കൂടമാണ്. ഉയരം സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ. അഗസ്ത്യാർകൂടത്തിലേക്ക് നടത്തിയ യാത്രയുടെ അനുഭവമാണ് അതിരുമലയിലെ ഏകാകി എന്ന അധ്യായത്തിലുള്ളത്. മുളങ്കാടുകൾക്കിടയിൽ ഒരാൾ, നീലക്കുറിഞ്ഞികൾ പിന്നെയും പൂത്തു, ഇടിഞ്ഞു തീരുന്ന ഹിമാലയം, തെരുവിൽ അഗ്നിപടർന്ന ഒരു ശിശിരത്തിൽ, കുടകു മലകളിൽ മഞ്ഞു പെയ്യുന്നു, പുലി വിഴുന്താൻ ചൂനയും ഭവാനി എന്ന പെൺപട്ടിയും, നീർത്തെറ്റികൾ പൂക്കുന്നിടത്തേക്ക്, അദൃശ്യ മതിലുകൾ, ഒരു പ്രണയത്തിന്റെ അന്ത്യം, ജയ്‌സാൽമീർ സ്‌കെച്ചുകൾ എന്നിങ്ങനെയുള്ള അധ്യായങ്ങളും ഈ പുസ്തകത്തെ സുഗന്ധ പൂരിതമാക്കുന്നു.


കടലിലും കാട്ടിലും 
മണലാരണ്യത്തിലും
രാധാകൃഷ്ണൻ ചെറുവല്ലി
ചിന്ത പബ്ലിഷേഴ്‌സ്
വില 160 രൂപവായന

 

Latest News