Sorry, you need to enable JavaScript to visit this website.

മുഗ്ധമീ, മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച്

ഏഷ്യാ വൻകരയിൽ വെച്ചു തന്നെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ ബീച്ച്!
അത് ഇന്ത്യയിലാണെന്നറിയുക!
അതും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ! 
കൈത്തറിക്കും കശുവണ്ടിക്കും ഏറെ പേരുകേട്ട കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ടാണ് അനുദിനം അനേകം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വശ്യമനോഹരമായ ഈ കടൽത്തീരം.
രാജ്യാന്തര യാത്രാ മാഗസിനായ ലോൺലി പ്ലാനറ്റ്, ഏഷ്യയിലെ യാത്രാ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട 10 വിനോദ സഞ്ചാര കേന്ദ്രങ്ങളി ൽ ഒന്നായാണ് ഈ ഡ്രൈവ്-ഇൻ ബീച്ചിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായാണ് 'ബി.ബി.സി ഓട്ടോ' മുഴപ്പിലങ്ങാട് ബീച്ചിനെ വിശേഷിപ്പിക്കുന്നത്. ഈ കടൽത്തീരം അവരുടെ പട്ടികയിൽ 3-ാം സ്ഥാനത്താണ് ഇടം പിടിച്ചിട്ടുള്ളത്. അമേരിക്കയിലെ വടക്കൻ കരോലിനയിലുള്ള കൊറോള, ടെക്‌സസിലെ പദ്രെ ഐലന്റ്, ഓസ്‌ട്രേലിയയിലെ ക്വീൻ സ്‌ലാന്റിലുള്ള ഫ്രേസർ കോസ്റ്റ്, ബ്രസീലിലെ നദാൽ മുതൽ ഫോർട്ടാലെസ വരെയുള്ള കടൽതീരം, ഐസ്‌ലാന്റിലെ സോൾ ഹീമസാൻദുർ എന്നിവയാണ് അവർ തെരഞ്ഞെടുത്ത മറ്റു ഡ്രൈവ്-ഇൻ ബീച്ചുകൾ. മുംബൈയും ഗോവയും ചെന്നൈയും കോവളവുമൊക്കെ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന നിലയിൽ മുമ്പേതന്നെ പേരെടുത്ത് പ്രസിദ്ധങ്ങളായ സ്ഥലങ്ങളാണ്. 
എന്നാൽ അവയ്‌ക്കൊന്നും നൽകാൻ കഴിയാത്ത ഒരു വലിയ സൗകര്യമുണ്ട് മുഴപ്പിലങ്ങാട്ടെ ഈ കടൽതീരത്തിന്. അതാണ് ഇതിനെ മറ്റു കടൽതീരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. അതു തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷതയും. അതെന്താണെന്നല്ലേ? ഇവിടെ നിങ്ങൾക്ക്, നിങ്ങളുടെ സ്വകാര്യ വാഹനമായാലും വാടകക്കെടുത്ത വാഹനമായാലും ഇഷ്ടാനുസരണം കടൽതീരത്തേക്കിറക്കാം!
കടലിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു കൊണ്ട് തീരത്തു കൂടി തടസ്സങ്ങളൊന്നുമില്ലാതെ എത്ര നേരം വേണമെങ്കിലും നിങ്ങൾക്ക് വാഹനമോടിച്ച് രസിക്കാം. പക്ഷേ ഒരു നിശ്ചിത വേഗതയെ പാടുള്ളൂ എന്നൊരു നിബന്ധന പാലിക്കാൻ നിങ്ങൾ നിർബന്ധിതരാണെന്നു മാത്രം. അത് വാഹനത്തിനും കടൽതീരത്ത് സഞ്ചരിക്കുന്നവർക്കും അപകടം പറ്റാതിരിക്കാനുള്ള ടൂറിസം വകുപ്പിന്റെ മുൻകരുതലാണ്. വാഹനങ്ങളിൽ സഞ്ചരിച്ചു കൊണ്ട്, കരയിലേക്ക് നിരന്തരം നുരയിട്ട് കയറി വരുന്ന തിരമാലകളെ ചീറ്റിത്തെറിപ്പിച്ച് ത്രില്ലടിക്കാം. നിങ്ങൾക്ക് മാത്രമല്ല, കാഴ്ചക്കാരായി തീരത്തു നിൽക്കുന്നവരിലും അത് കൗതുകമുണർത്തുന്ന കാഴ്ചയാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. ഒരിക്കൽ ഇവിടെ വന്നാൽ തുടർന്ന് വന്നുകൊണ്ടേയിരിക്കാൻ ഈ കടൽതീരം സന്ദർശകരെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും.
കണ്ണൂരിൽ നിന്നും ഏതാണ്ട് 12-13 കിലോമീറ്റർ ദൂരമുണ്ട് മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിലേക്ക്. തലശ്ശേരിയിൽ നിന്നും 9 കിലോമീറ്റർ ദൂരം. കണ്ണൂർ-തലശ്ശേരി ദേശീയപാത-66 ന് സമാന്തരമായിട്ടാണ് ഈ കടൽ തീരത്തിന്റെ കിടപ്പ്. ദേശീയപാതയിൽ നിന്നും വെറും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തേക്കു നടന്നാൽ സഞ്ചാരികളെ ഇന്ന് ഏറെ മോഹിപ്പിക്കുന്ന ഈ കടൽ തീരത്തെത്താം.
വാഹനമെടുത്തു വരുന്നവർക്ക് ഡ്രൈവ്-ഇൻ ബീച്ചിൽ എത്താൻ പ്രധാനമായും മൂന്നു വഴികളുണ്ട്. ഒന്ന് എടക്കാട് ബസാറിൽ നിന്നും പടിഞ്ഞാറേക്കു പോകുന്ന റോഡ്. മറ്റൊന്ന് മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നും ആരംഭിക്കുന്ന ബീച്ച് റോഡ്. മൂന്നാമത്തേത് മുഴപ്പിലങ്ങാട്ടെ പഴയ കൂടക്കടവ് ഗേറ്റിൽ നിന്നും കടൽതീരത്തേക്കു പോകുന്ന റോഡ്. ഈ മൂന്നു റോഡുകളിൽ ഏതിലൂടെ പോയാലും കഷ്ടിച്ച് ഒന്നര കിലോമീറ്റർ ദൂരമേ വരൂ ബീച്ചിലേക്ക്.
അറബിക്കടലിന്റെ തോഴി എന്ന വിളിപ്പേരുണ്ട് മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിന്. അറബിക്കടൽ സദാ തഴുകിയും താലോടിയും കിടക്കുന്ന ഈ കടൽ തീരത്തിന് വിദൂര വീക്ഷണത്തിൽ ഏതാണ്ടൊരു 'റ' ആകൃതിയാണുള്ളത്. വടക്ക് 'കിഴുന്ന' എന്ന പ്രദേശം മുതൽ തെക്ക് 'ധർമ്മടം' വരെ നീണ്ടു കിടക്കുന്ന കടൽ തീരത്തിന് ഏകദേശം അഞ്ചര കിലോ മീറ്ററോളം നീളമുണ്ട്. ശരാശരി 50 മീറ്ററോളം വീതിയും. പലയിടങ്ങളിലും വീതി ഇതിൽ കൂടുതലും വരും. വേലിയേറ്റ സമയത്ത് തിരകൾ കയറിയിറങ്ങി നനഞ്ഞ് ഉറച്ചതാണ് തീരത്തിന്റെ കുറേ ഭാഗം. അതുകൊണ്ട് പൂഴിയിൽ ആണ്ടു പോകാതെ വാഹനങ്ങളിൽ അനായാസം ഇവിടെ ഡ്രൈവ് ചെയ്ത് സഞ്ചരിക്കാൻ കഴിയും. സഞ്ചാരികൾക്ക് അത് ഏറെ പുതുമയും ആഹ്ലാദവും സമ്മാനിക്കുന്നു.
ചെറു തിരകൾ ഊഴമിട്ട് കരയെ പുണരുന്ന കടലാണ് ബീച്ചിന്റെ പ്രധാന മനോഹാരിതകളിലൊന്ന്. കടൽ പൊതുവെ ശാന്തമാണ്. തീരത്തിനോട് ചേർന്നു കിടക്കുന്ന കടലിന്റെ കുറേ ഭാഗം ആഴം കുറഞ്ഞവയാണ്. ഇവിടെ വലിയ തിരയിളക്കമില്ല. അതുകൊണ്ട് ഭയപ്പാട് ഒട്ടുമില്ലാതെ സന്ദർശകർക്ക് കടലിലിറങ്ങാം. നീന്തിത്തുടിക്കാം. മുങ്ങിക്കുളിക്കാം. ഈ സൗകര്യങ്ങളൊക്കെ ഉള്ളതു കൊണ്ട് സന്ദർശകരിൽ അധികവും എത്തുന്നത് കുടുംബ സമേതമാണ്. കൂട്ടുകാരുമായി എത്തുന്നവരും ഒറ്റക്ക് വരുന്നവരും കുറവല്ല. തീരത്തും കടൽ വെള്ളത്തിലേക്കും വാഹനമിറക്കാനുള്ള സൗകര്യം അവർക്കൊക്കെ ഏറെ ഹരം പകരുന്നുണ്ട്.
കടൽതീരം വളരെ വിശാലമാണ്. അതിന് പിന്നിൽ തീരത്തിന് സമാന്തരമായി പച്ചപ്പിന്റെ മേലാപ്പ് പുതച്ച കാറ്റാടി മരക്കാടുകളുടെ നീണ്ട നിരയാണ്. അവയ്ക്ക് താഴെ പ്രകൃതി വെളുത്ത പഞ്ചാര മണൽ വിതറിയിട്ട് പരവതാനി ഒരുക്കിയിരിക്കുന്നു. അഴുക്ക് ഒട്ടുമില്ലാത്ത പൂഴിപ്പരപ്പാണിത്. കടലിൽ കുളിച്ച,് മദിച്ച്, മടുക്കുമ്പോൾ കരയിലേക്ക് കയറിവന്ന് ഈ മണലിൽ വിശ്രമിക്കാം. കടൽ തീരം ചുട്ടു പൊള്ളുന്ന ഉച്ചവെയിലിലും ഇവിടെ കാറ്റാടി മരങ്ങൾ നൽകുന്ന തണൽ സന്ദർശകരെ തണുപ്പിന്റെ സുഖശീതളിമയിൽ കുളിർപ്പിക്കും. അവരുടെ മനസ്സും ശരീരവും അതിന്റെ സുഖാലസ്യത്തിൽ ഉൻമേഷഭരിതമാവും.


കാറ്റാടി മരങ്ങളിൽ കാറ്റു പിടിക്കുമ്പോഴുള്ള നേരിയ മർമരം ഹൃദ്യമായ ഒരു താരാട്ടു പാട്ടിന്റെ ഈണമായി അവിടെ വിശ്രമിക്കുന്നവരുടെ കാതുകളിൽ പതഞ്ഞൊഴുകും. അപ്പോൾ അറിയാതെ അവരുടെ കണ്ണുകളിൽ ഉറക്കത്തിന്റെ ലാഞ്ചന പടരും. ഇങ്ങനെ ഉറങ്ങിയും പാതിയുറങ്ങിയും ഉറങ്ങാതെയും ഉച്ച നേരത്ത് വിശ്രമിക്കുന്ന നിരവധി സന്ദർശകരെ ഇവിടെ കാണാം. അവരിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്നവരും കേരളത്തിനു പുറത്തുള്ളവരും ഇന്ത്യക്കു വെളിയിൽ നിന്നു വരുന്ന വിദേശികളുമുണ്ട്. വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ അവരൊക്കെ ഇടകലർന്ന് വിശ്രമിക്കുന്നതും കാണാം. ഒരുപക്ഷേ, ഇന്ത്യയിൽ മറ്റൊരു കടൽതീര സുഖവാസ കേന്ദ്രങ്ങളിലും കാണാൻ കഴിയാത്ത അപൂർവ കാഴ്ചയാണത്.
മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിന്റെ തെക്കേ അറ്റം തൊട്ടു കിടക്കുന്ന പ്രദേശം 'ധർമ്മട'മാണ്. അവിടെ അഞ്ചരക്കണ്ടി പുഴയും ധർമ്മടം അഴിമുഖവും ചേരുന്നിടത്തു നിന്നും ഏകദേശം 200 മീറ്റർ പടിഞ്ഞാറു മാറി കടലിനു നടുവിലായി ഒരു കൊച്ചു തുരുത്തുണ്ട്. 'ധർമ്മടം ദ്വീപ്' എന്നാണത് അറിയപ്പെടുന്നത്. ഏകദേശം 6 ഏക്കറിൽ പരന്നു കിടക്കുന്ന ഇവിടം തെങ്ങും കവുങ്ങും പലതരം വൃക്ഷങ്ങളും ചെടികളും നിറഞ്ഞതാണ്. ഔഷധ ഗുണമുള്ള അപൂർവ ഇനം പച്ചമരുന്നുകളുടെ കലവറ കൂടിയാണ് ഈ ദ്വീപ്. ഏത് ചൂടുകാലത്തും സുഖകരമായ തണുപ്പു കാലവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അതുകൊണ്ടു തന്നെ മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിലെത്തുന്ന സഞ്ചാരികളിൽ വലിയൊരു വിഭാഗം ഇവിടെയുമെത്തുന്നുണ്ട്. പ്രത്യേകിച്ചും വിദേശ വിനോദ സഞ്ചാരികൾ. 
ദ്വീപിനകത്ത് ഒരു കിണറുണ്ട്. ചുറ്റും ഉപ്പ് രസം നിറഞ്ഞ കടൽ വെള്ളമാണെങ്കിലും ഈ കിണറിലെ വെള്ളം ഉപ്പു രസമില്ലാത്തതാണ് എന്നത് ഏറെ ആശ്ചര്യകരമാണ്. നല്ല തണുപ്പുള്ള ശുദ്ധ ജലമാണ് കിണറ്റിലുള്ളത്. വേലിയിറക്ക സമയത്ത് കടൽ നന്നായി ഉൾവലിയും. ആ സമയത്ത് സന്ദർശകർക്ക് ദ്വീപിലേക്ക് നടന്നു ചെല്ലാം. എന്നാൽ വേലിയേറ്റ സമയത്ത് ഇവിടെ എത്താൻ ബോട്ടോ വള്ളമോ ചെറുതോണികളെയോ അശ്രയിക്കേണ്ടി വരും. ചെറിയ പ്രതിഫലത്തിന് സന്ദർശകരെ ദ്വീപിലെത്തിക്കാൻ സദാ സന്നദ്ധരായി ചെറുതോണികളിൽ തുഴയ്ക്കാർ കടൽ തീരത്ത് കാത്തു കിടക്കുന്നുണ്ടാവും.
സ്വകാര്യ വ്യക്തികളുടെ കൈകളിലായിരുന്നു മുമ്പ് ഈ ദ്വീപ്. എന്നാൽ ടൂറിസത്തിന്റെ വമ്പിച്ച സാധ്യതകൾ മുന്നിൽ കണ്ട് സർക്കാർ ദ്വീപിനെ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ഹെർബൽ പാർക്ക്, ഓഷ്യാനേറിയം (സമുദ്ര വിജ്ഞാന പഠനകേന്ദ്രം) കരയിൽ നിന്നും ദ്വീപിലേക്ക് സുഗമമായി എത്തിപ്പെടാൻ റോപ്‌വേ, റസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിങ്ങനെ വമ്പിച്ച വികസന പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. ടൂറിസം വകുപ്പിന്റെ ജില്ല-സംസ്ഥാന നേതൃത്വത്തിൽ അരങ്ങേറുന്ന ഈ പരിപാടികൾ എല്ലാം തന്നെ ദ്വീപിനെ മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചുമായി ബന്ധിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. അതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും എന്നാണ് കണക്കു കൂട്ടൽ.
കേരളത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും, കൂടാതെ വിദേശത്തു നിന്നും ധാരാളം സഞ്ചാരികൾ ഡ്രൈവ്-ഇൻ ബീച്ചിലെത്തുന്നുണ്ട്. ജനുവരി മുതൽ മെയ് വരെയാണ് സാധാരണ സീസൺ. എന്നാൽ മഴ കുറഞ്ഞതോടെ കഴിഞ്ഞ വർഷം മുതൽ ഒക്‌ടോബർ അവസാനം തൊട്ടേ ഇവിടേക്ക് സന്ദർശകർ വന്നു തുടങ്ങി. സീസണായാൽ ശനി-ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും സന്ദർശകരുടെ അഭൂതപൂർവമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. സന്ദർശകരും അവരെ വഹിച്ചെത്തുന്ന വാഹനങ്ങളും ഈ സമയങ്ങളിൽ ധാരാളമായിരിക്കും. എങ്കിലും കടൽ തീരത്തിന്റെ വിശാലത നിലവിൽ ഈ തിരക്കിനെയെല്ലാം ഉൾക്കൊള്ളാൻ പര്യാപ്തമാണ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനക്ഷമമായതോടെ ഉത്തരേന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ.ടി.ഡി.സി, പഞ്ചനക്ഷത്ര ഹോട്ടലുകളും മറ്റും ഇവിടെ തുടങ്ങാനുള്ള പദ്ധതികളുമായി തകൃതിയായി മുന്നോട്ട് പോവുകയാണ്.


വർഷാവർഷങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിലായി നടത്തപ്പെടുന്ന 'ബീച്ച് ഫെസ്റ്റ്' അനേകം സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പ്രധാന പരിപാടിയാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഡി.ടി.പി.സി) മുഴപ്പിലങ്ങാട്ടുള്ള 'സ്വപ്‌നതീരം ടൂർസ് ആന്റ് ട്രാവൽസും' സംയുക്തമായാണ് 'ബീച്ച് ഫെസ്റ്റ്' സംഘടിപ്പിക്കുന്നത്. രണ്ടാഴ്ചയിലേറെ നീണ്ടു നിൽക്കു ന്ന ഉത്സവ മാമാങ്ക രാവുകളാണിത്. ഘോഷയാത്രകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, നാടകം, ഗാനമേള, നൃത്തം, മിമിക്‌സ് പരേഡ്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാ രിപാടികളാണ് 'ബീച്ച് ഫെസ്റ്റി'ന്റെ ദിന-രാത്രങ്ങളെ കൊഴുപ്പിക്കുന്നത്. വൈകുന്നേരത്തോടെ ആരംഭിക്കുന്ന കലാപരിപാടികൾ രാത്രി ഏറെ വൈകുവോളം നീളും. ഈ സമയത്ത് ഇവിടെ എത്തുന്നവർക്ക് കടലും കലാ പരിപാടികളും കൺകുളിർക്കെ കണ്ടാസ്വദിക്കാം. മനം കുളിർത്തു മടങ്ങാം.
'ബീച്ച് ഫെസ്റ്റി'ന്റെ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദ പരിപാടികളും ഇവിടെ ഒരുങ്ങാറുണ്ട്. ജയന്റ് ീലുകൾ, ചിത്ര-ഫോട്ടോ പ്രദർശനങ്ങൾ, സ്റ്റേജ് ഷോകൾ, ജലോത്സവങ്ങൾ, കളരി പ്രദർശനങ്ങൾ, മാജിക് ഷോകൾ, പുഷ്പമേളകൾ എന്നിവ അവയിൽ ചിലതാണ്. വടക്കേ മലബാറിന്റെ തനതു പാരമ്പര്യ രുചിയുമായി അരങ്ങേറുന്ന ഭക്ഷണ മേളകളാണ് മറ്റൊരു പ്രധാന ആകർഷണം. പ്രസിദ്ധമായ 'തലശ്ശേരി ബിരിയാണി' കഴിക്കാനായി മാത്രം ഈ സമയത്ത് ഇവിടെ എത്തുന്നവർ നിരവധിയാണ്. എത്ര ഴിച്ചാലും മതിവരാത്ത കൊതിയൂറുന്ന 'കല്ലുമ്മക്കായ' പൊരിച്ചതാണ് മറ്റൊരു പ്രധാന ഭക്ഷണ വിഭവം. 'മുരു' എന്നറിയപ്പെടുന്ന ഒരിനം കക്കയിറിച്ചി വറുത്തതും ഞണ്ടു വിഭവങ്ങളും ധാരാളം ഭക്ഷണ പ്രിയരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. വിവിധയിനം മാമ്പഴങ്ങൾ, ചക്ക, ജാം, അച്ചാർ, ചമ്മന്തിപ്പൊടി, കപ്പ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ ഇഷ്ടാനുസരണം ഈ സമയത്ത് ഇവിടെ ലഭിക്കും. കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഇതിനോടനുബന്ധിച്ച് നടക്കാറുണ്ട്. 'ബീച്ച് ഫെസ്റ്റി'ന്റെ കാലത്ത് മാത്രമായി പരിമിതപ്പെടുത്താതെ സീസൺ മുഴുവനായി ഇതൊക്കെ നിലനിർത്താനുള്ള സാധ്യതയാണ് ടൂറിസം വകുപ്പ് ഇപ്പോൾ ആലോചിക്കുന്നത്. അത് ഡ്രൈവ്-ഇൻ ബീച്ചിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കും എന്നുറപ്പ്. 
ബീച്ച് ഫെസ്റ്റിന്റെ കാലത്തെ മറ്റൊരു പ്രധാന ആകർഷണം ഇവിടെ അരങ്ങേറുന്ന സാഹസിക സംരംഭമായ പാരാഗ്ലൈഡിംഗ് ആണ്. ഗ്ലൈഡറിൽ പറക്കുന്നതും അതു കണ്ടു നിൽക്കുന്നതും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന കാര്യമാണ്. ഗ്ലൈഡറിൽ പറന്ന് ബീച്ചും പരിസരവും കാണാനും കടലിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനും അനേകരാണ് എത്തുന്നത്. പ്രായം, ശാരീരിക ക്ഷമത, ധൈര്യം, ആരോഗ്യസ്ഥിതി എന്നിവ പരിശോധിച്ച ശേഷം മാത്രമെ ഗ്ലൈഡിങ്ങിനായി ആളുകളെ തെരഞ്ഞെടുക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ആശിക്കുന്നവർക്കെല്ലാം ഗ്ലൈഡറിൽ പറക്കാൻ കഴിയാറില്ല; പ്രത്യേകിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രായമായവർക്കും. ഒരു ഗ്ലൈഡ ർ മാത്രമെ ഉണ്ടാകൂ. ഒരു സമയം ഒരാൾക്ക് മാത്രം പറക്കാം. കൂടെ ഒരു പൈലറ്റുമുണ്ടാകും. 20 മിനുട്ടാണ് പറക്കുന്ന സമയം. അതിന് ചെലവ് അൽപം കൂടുതലാണ് -2000 രൂപ! കൂടുതൽ ഗ്ലൈഡറുകൾ ഒരേ സമയം പറത്താനുള്ള സാധ്യതയും ടൂറിസം വകുപ്പ് ഇപ്പോൾ ആരായുന്നുണ്ട്. അധികമായി സന്ദർശകരെ ഇങ്ങോട്ടേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
ടൂ വീലറുകൾക്ക് ബീച്ചിലിറങ്ങാൻ 10 രൂപയാണ് ചാർജ്. ഓട്ടോകൾക്ക് 20 രൂപയും, കാറുകൾക്ക് 30 രൂപയും ഇടത്തരം വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ഡി.ടി.പി.സി ഈടാക്കുന്ന നിരക്കുകൾ. വർഷം തോറും ബീച്ച് സന്ദർശിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് ജില്ലാ ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. അതിനനുസരിച്ച് സന്ദർശകർക്ക് നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളും വിനോദ പരിപാടികളും ആവിഷ്‌കരിക്കാനും അവർ പദ്ധതികൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
ഇപ്പൊഴുള്ള ചിൽഡ്രൻസ് പാർക്ക് കൂടുതൽ സൗകര്യമൊരുക്കി വിപുലപ്പെടുത്താനുള്ള പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കടലിൽ സ്പീഡ് ബോട്ടിംഗിനും ഒപ്പം ഉല്ലാസ ബോട്ടിംഗിനുമുള്ള സാധ്യതകളും ടൂറിസം വകുപ്പ് ആരായുന്നുണ്ട്. വാട്ടർ സ്‌കീയിംഗ്, കയാക്കിംഗ് തുടങ്ങിയ വിനോദങ്ങളും ഏർപ്പെടുത്താൻ ആലോചനയുണ്ട്. കുടാതെ ധർമടം തുരുത്തുമായി ബന്ധിപ്പിച്ച് കൊണ്ട് കടലിന് സമാന്തരമായി റോപ്‌വേ നിർമാണത്തിനുള്ള പദ്ധതിയും നടക്കുന്നു. ഇവയ്ക്ക് പുറമെ റേസ്റ്ററന്റുകൾ, സന്ദർശകർക്ക് താമസിക്കാനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകൾ, കോട്ടേജുകൾ, റിസോർട്ടുകൾ, ഹെലിപ്പാഡ് എന്നിവയും വരാൻ പോകുന്നുണ്ട്. ഇവയൊക്കെ യാഥാർഥ്യമാകുന്ന മുറയ്ക്ക് ഇവിടെ എത്തുന്ന സന്ദർശകരുടെ ബാഹുല്യവും വർധിക്കും. അതുവഴി മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച് ഏഷ്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ടൂറിസം ഭൂപടത്തിൽ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറാൻ പോവുകയാണ്.മിനീഷ് മുഴപ്പിലങ്ങാട്
 

Latest News