Sorry, you need to enable JavaScript to visit this website.

ഇഹപര ചാരുതയുടെ  തിരുസന്നിധിയിൽ

ജീവിതാഭിലാഷത്തിന്റെ ജന്മസായൂജ്യത്തിലേക്കായിരുന്നു ആ വീൽചെയറുകളത്രയും പരിശുദ്ധ ഹറം ലക്ഷ്യമാക്കി ഉരുണ്ട് നീങ്ങിയത്. 'ചേർത്തു നിർത്താം' എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ തണലിൽ ഉംറ നിർവഹിക്കാനായി പുണ്യ നഗരിയിലെത്തിയ അമ്പതോളം വരുന്ന ഭിന്നശേഷിക്കാരായ സഹോദരീ സഹോദരന്മാരുമായാണ് മക്ക കെ.എം.സി.സിയുടെ ത്വവാഫ് വിംഗ് വളണ്ടിയർമാരുൾപ്പെടെ മറ്റു സാംസ്‌കാരിക കൂട്ടായ്മകളുടേയും മുഖ്യധാരാ സംഘടനകളുടേയും സന്നദ്ധ സേവകർ വിശുദ്ധ ഹറമിലേക്ക് നീങ്ങിയത്. 
പരിശുദ്ധ കഅ്ബാലയം വലം വെക്കാനും ഹജറുൽ അസ്‌വദ് മുത്താനും പലർക്കും ഭാഗ്യമുണ്ടായി. വൈകല്യം മറികടന്ന് കൈവല്യം പുൽകിയുള്ള ദൃഢവിശ്വാസത്തിന്റെ വിളംബരമായിരുന്നു അത്.
ഹാജറാ ബീവിയുടെ പാദസ്പർശമേറ്റ് അനുഗൃഹീതമായ സഫ-മർവ മലനിരകൾക്കിടയിലൂടെ ലയമാധുരിയുടെ ലബ്ബൈക വിളിയോടെ ഉന്തു വണ്ടികൾ വേഗത്തിൽ ഉരുണ്ടു. സഅ്‌യ് കർമം പൂർത്തിയാക്കി മർവ മലയുടെ മുകളിൽ ഉസ്താദിന്റെ ഉള്ളുരുകുന്ന പ്രാർഥനയിൽ മുഴുകി അൽപ നേരം.  ഉംറ പൂർത്തീകരിച്ചു മക്ക കെ.എം.സി.സിയുടെ ആതിഥേയത്വം നുകരാൻ ഹവാലി ബൈത്തുന്നദവിയിലേക്ക് നീങ്ങി. 
ശാരീരിക വൈകല്യമായിരുന്നു പലരുടേയും പ്രശ്‌നം. ജന്മനാ വൈകല്യം നേരിട്ടവരും അല്ലാത്തവരും. ചികിൽസക്ക് മുമ്പിൽ പരാജയപ്പെട്ടവർ. ചികിൽസ തുടരുന്നവർ. പ്രപഞ്ചനാഥനു മുമ്പിൽ അവർ ജീവിതത്തിലെ പ്രയാസങ്ങളുടെ പഴയ പുസ്തകത്താളുകൾ നിവർത്തി, കരുണയ്ക്കായി കേണു.
മുൻകൂട്ടി സർവസജ്ജരായി നിന്നിരുന്ന ഹറം ടാക്‌സി മലയാളി കൂട്ടായ്മയുടെയും മക്ക കെ.എം.സി.സി വളണ്ടിയർമാരുടെയും അകമ്പടിയോടെ ആതിഥേയ നഗരിയായ ബൈത്തുന്നദ്‌വിയുടെ മുറ്റത്ത് വന്നിറങ്ങി. കാത്തിരുന്ന വീട്ടുകാരും നാട്ടുകാരും വമ്പിച്ച വരവേൽപ്പ് നൽകി പ്രത്യേകം സജ്ജമാക്കിയ 
വേദിയിലേക്ക്. പ്രാർഥനയോടെ തുടങ്ങി. ശ്രവണസുന്ദര നാദം കൊണ്ട്  ഖിസ്സപ്പാട്ടിന്റെയും മാലപ്പാട്ടിന്റെയും ഭക്തിനിർഭരമായ ഈരടികൾ തീർത്ത് ഉസ്താദ് അഷ്‌റഫ് പൊൻമുഖം ശ്രോതാക്കളുടെ ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങി. പലരും ഏറ്റു ചൊല്ലി. വികാരാധീനരായി ആനന്ദാശ്രുക്കൾ ഒഴുകി.
രുചി വൈഭവങ്ങളുടെ കലവറ തുറന്നുവെച്ച സൽക്കാരം. നിറഞ്ഞ തളികകളിൽ അറേബ്യൻ വിഭവങ്ങളുടെ വൈവിധ്യങ്ങൾ തീന്മേശയിൽ നിറഞ്ഞു. മനസ്സു നിറഞ്ഞ് മദീനാ യാത്ര. 
ജീവിതാഭിലാഷത്തിന്റെ നെറുകയിൽ നിന്നാണ് പ്രിയപ്പെട്ട ജലീൽ മരണത്തിലേക്ക് കുതറി വീണത്. ആദ്യ ഉംറ നിർവഹിക്കാനായി കുളിച്ചൊരുങ്ങി പവിത്രമായ ഉംറയുടെ ശുഭ്ര വസ്ത്രമണിഞ് ഉന്തു വണ്ടിയിൽ ഹറമിന്റെ പടിവാതിൽക്കൽ എത്തിയ ജലീൽ പരവശനായി കുഴഞ്ഞു വീണു. 


താങ്ങിപ്പിടിച്ച  മക്ക കെ.എം.സി.സി വളണ്ടിയർമാർ ആ വീൽ ചെയറുമായി തൊട്ടടുത്തുള്ള അജ്‌യാദ് എമർജൻസി ഹോസ്പിറ്റലിലേക്ക് നീങ്ങി. ഉള്ള് പൊള്ളുന്ന പനിയിൽ വിറങ്ങലിച്ച ജലീൽ നേരിയ ശബ്ദങ്ങൾ മാത്രം പുറപ്പെടുവിക്കുന്നുണ്ട്. മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തി. നാൽപത് ഡിഗ്രിക്ക് മുകളിൽ പനിയുണ്ട്. ശരീരത്തിൽ പ്രാണ വായുവിന്റെ അളവും കുറഞ്ഞു വരുന്നു. തണുത്ത വെള്ളത്തിൽ ശരീരം മുഴുവൻ നനയുമാറ് നഴ്‌സുമാരും ഡോക്ടർമാരും വെള്ളം കോരി ഒഴിച്ചു കൊണ്ടേയിരുന്നു. 
പത്തു മിനിറ്റിനു ശേഷം താപനില കുറഞ്ഞു വന്നു. ഉള്ളിലേക്ക് ഇരച്ചു കയറിയ ഗ്ലൂക്കോസ് കുപ്പികൾ ആ കുഞ്ഞു ശരീരം തണുപ്പിച്ചിരിക്കണം. ചെസ്റ്റ് എക്‌സറേയിലാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ബ്രോങ്കോ ന്യൂമോണിയ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിട്ടുണ്ട്. ഉടനെ ഐ.സി.യുവിലേക്ക് മാറ്റി. ശ്വാസോഛ്വാസം കുറഞ്ഞു വരുന്നത് കണ്ട് വെന്റിലേറ്ററിലേക്ക് മാറ്റി. ഒന്നിനും അയാളെ രക്ഷിക്കാനായില്ല. സർവശക്തന്റെ അലംഘനീയമായ വിളിക്കുത്തരം നൽകി ഉംറയുടെ നിയ്യത്തിൽ ഇഹ്‌റാമിലായി ജീവിതത്തിൽ നിന്ന് മടങ്ങി, മലപ്പുറം പൂക്കോട്ടൂർ പിലാക്കൽ സ്വദേശി ജലീൽ. 
മസ്ജിദുൽ ഹറാമിൽ പതിനായിരങ്ങൾ മയ്യിത്ത് നമസ്‌കരിച്ചു വൻ ജനാവലിയുടെ അകമ്പടിയോടെ ഇസ്‌ലാമിക ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഖബർസ്ഥാനുകളിൽ ഒന്നായ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. 


എല്ലാറ്റിനുമപ്പുറം നമ്മെ  അത്ഭുതപ്പെടുത്തുന്ന മറ്റു ചിലരുണ്ട്. അമ്പതോളം വരുന്ന ഭിന്നേശഷിക്കാരെ നെഞ്ചോട് ചേർത്തുപിടിച്ച് അവർക്ക് താങ്ങും തണലുമായി നിൽക്കുന്ന അവർക്കൊപ്പമുള്ള വളണ്ടിയർമാർ. ഇവരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കാൻ വാക്കുകളില്ല. സ്വന്തമായി പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കാത്തവർ പോലും അക്കൂട്ടത്തിലുണ്ട്. ഈ ആവശ്യങ്ങൾ നിറവേറ്റാൻ അവരെയെല്ലാം സ്വന്തം സഹോദരനെ പോലെ, സഹോദരിയെ പോലെ ചെയ്ത് കൊടുക്കുന്നത് ഇവരാണ്.
നൂർജഹാൻ, മുബി, റൈഹാന എന്നിവരടങ്ങുന്ന ലേഡീസ് വളണ്ടിയർമാരും സാജിയും നിയാസും നാണിപ്പയും നൗഷാക്കുവും മൻസൂറും മറ്റുമടങ്ങുന്ന മറ്റൊരു ടീമും. ഇങ്ങനെ പതിനഞ്ച് വളണ്ടിയർമാർ.
രാവും പകലും ഊണും ഉറക്കവുമില്ലാതെയുള്ള  ഇവരുടെയൊക്കെ പ്രവർത്തനങ്ങൾ കാണുമ്പോൾ വിസ്മയാധീനരാകും. നിസ്വാർഥ സേവനത്തിന്റെ പുതിയ ചരിത്രമെഴുതുകയായിരുന്നു അവർ. 
മക്കയുടെ ചരിത്രത്താളുകളിൽ മറ്റൊരു പൊൻചരിതം രചിച്ച്, സേവനം ജീവിത മന്ത്രമാക്കിയവരുടെ സഹായത്തോടെ തീർഥാടകർ സിയാറത്തിനായി മദീനയിലേക്ക് നീങ്ങി. അവരെല്ലാമിപ്പോൾ പ്രവാചകനഗരിയിലാണ്. 

Latest News