Sorry, you need to enable JavaScript to visit this website.

സൗദി ടാക്‌സി നിയമാവലിയില്‍ മാറ്റം; ഫാമിലി ടാക്‌സിയില്‍ പുരുഷന്മാരെ കയറ്റിയാല്‍ 1000 റിയാല്‍ പിഴ

റിയാദ്- ഫാമിലി ടാക്‌സിയിൽ സ്ത്രീകൾ ഒപ്പമില്ലാതെ പുരുഷ യാത്രക്കാരെ കയറ്റിയാൽ ടാക്‌സി കമ്പനികൾക്ക് ആയിരം റിയാൽ പിഴ ചുമത്തും. ഇതടക്കം ടാക്‌സി നിയമാവലിയിൽ ഏതാനും നിയമ ലംഘനങ്ങൾ പൊതുഗതാഗത അതോറിറ്റി പുതുതായി ഉൾപ്പെടുത്തി. പൊതുഗതാഗത അതോറിറ്റി പ്രസിഡന്റും ഗതാഗത മന്ത്രിയുമായ ഡോ. നബീൽ അൽആമൂദി ഇവ അംഗീകരിച്ചു. 


സൗദി വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്‌സികളിൽ പുരുഷ യാത്രക്കാരെ ഒറ്റക്ക് കയറ്റിയാലാണ് കമ്പനികൾക്ക് ആയിരം റിയാൽ പിഴ. ടാക്‌സികൾക്കത്ത് ഡ്രൈവർമാർ പുകവലിച്ചാലും യാത്രക്കാരെ പുകവലിക്കുന്നതിന് അനുവദിച്ചാലും 500 റിയാൽ പിഴ ചുമത്തും. ഡ്രൈവർമാർ പൊതുമര്യാദയും വ്യക്തിശുചിത്വവും വൃത്തിയും പാലിക്കാതിരുന്നാലും ഇതേ തുക പിഴ ലഭിക്കും. കാറുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വികലാംഗരെ ഡ്രൈവർമാർ സഹായിക്കാതിരുന്നാലും 500 റിയാൽ പിഴ ചുമത്തും. യാത്രക്കാരില്ലാതെ ലഗേജുകൾ മാത്രം കയറ്റുന്നതിനും പിഴ ലഭിക്കും. ഈ നിയമ ലംഘനത്തിന് 500 റിയാലാണ് പിഴ. 


ടാക്‌സി കാറുകളിൽ നിശ്ചിത ശതമാനം എണ്ണം വികലാംഗ സൗഹൃദമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആകെ ടാക്‌സി കാറുകളിൽ ചുരുങ്ങിയത് രണ്ടു ശതമാനത്തിലെങ്കിലും വികലാംഗർക്കുള്ള പ്രത്യേക സൗകര്യങ്ങളുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. മിനിമം എണ്ണം വികലാംഗ സൗഹൃദ ടാക്‌സികൾ സർവീസിന് ഏർപ്പെടുത്താത്ത കമ്പനികൾക്ക് 5,000 റിയാൽ പിഴ ചുമത്തും. അംഗീകരിക്കപ്പെട്ട പ്രവർത്തന കാലാവധിയിൽ കൂടുതൽ കാലം കാറുകൾ സർവീസിന് ഉപയോഗിക്കുന്ന കമ്പനികൾക്കും പിഴ ലഭിക്കും. നിശ്ചിത കാലത്തിലധികം പഴക്കമുള്ള കാറുകൾ സർവീസിന് ഉപയോഗിക്കുന്ന കമ്പനികൾക്കും 5,000 റിയാലാണ് പിഴ ചുമത്തുക. 


ഡ്രൈവർ കാർഡില്ലാത്തവരെ ഡ്രൈവർമാരായി ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് 3,000 റിയാൽ പിഴ ലഭിക്കും. യാത്ര ആരംഭിക്കുമ്പോൾ മീറ്റർ പ്രവർത്തിപ്പിക്കാത്തതിനും ഇതേ തുകയാണ് പിഴ ലഭിക്കുക. കാലാവധി തീർന്ന ഡ്രൈവർ കാർഡുള്ള ഡ്രൈവർമാരെ ജോലിക്കു വെക്കുന്നതിന് 1,000 റിയാൽ പിഴ ലഭിക്കും. ഡ്രൈവർമാർ കാർഡ് കൈവശം വെക്കാത്തതിന് 500 റിയാലാണ് പിഴ ചുമത്തുക. ടാക്‌സി ഓർഡർ സ്വീകരിക്കുന്നതിനും സേവനം നൽകുന്നതിനുമുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകാത്ത ടാക്‌സി കമ്പനികൾക്ക് 2,000 റിയാൽ പിഴ ചുമത്തും. 


ലൈസൻസില്ലാതെ ടാക്‌സി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തുന്ന കമ്പനികൾക്കും 5,000 റിയാൽ പിഴ ലഭിക്കും. ലൈസൻസ് സസ്‌പെന്റ് ചെയ്ത സമയത്ത് ടാക്‌സി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 4,000 റിയാൽ പിഴ ലഭിക്കും. ടാക്‌സി കാറുകൾ കൃത്യമായ ഇടവേളകളിൽ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കാത്ത പക്ഷം 2,000 റിയാലാണ് പിഴ ലഭിക്കുക. ഡ്രൈവർക്ക് യൂനിഫോം ലഭ്യമാക്കാതിരുന്നാൽ 500 റിയാലും കമ്പനികൾക്ക് പിഴ ലഭിക്കും. 
മക്കയിലും ജിദ്ദയിലും റിയാദിലും ടാക്‌സി സേവന മേഖയലിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ മിനിമം 250 കാറുകളുണ്ടായിരിക്കണെന്ന് പരിഷ്‌കരിച്ച നിയമാവലി അനുശാസിക്കുന്നു. മദീനയിലും ദമാമിലും പ്രവർത്തിക്കുന്ന ടാക്‌സി കമ്പനികൾക്കു കീഴിലെ കാറുകളുടെ എണ്ണം 100 ൽ കുറയാൻ പാടില്ല. മറ്റു നഗരങ്ങളുടെ ജനസംഖ്യക്കും ആവശ്യത്തിനുമനുസരിച്ച് ടാക്‌സി കമ്പനികൾക്കു കീഴിലെ കാറുകളുടെ മിനിമം എണ്ണം നിശ്ചയിക്കും. 

 

Latest News