നാടകാഭിനയം സ്വപ്‌നം കണ്ടു കഴിഞ്ഞിരുന്ന ഈ കലാകാരി ബിരുദ പഠനത്തിനായി തൃശൂർ കേരളവർമ കോളേജിലെത്തിയപ്പോഴാണ് അരങ്ങിലേക്കുള്ള വഴി തെളിഞ്ഞത്. കലാഭിരുചികൾക്ക് തികഞ്ഞ പിന്തുണ നൽകിയിരുന്ന കോളേജിലെ സുഹൃത്തുക്കൾ മേഖയുടെ കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയായിരുന്നു. കാലിക്കറ്റ് സർവകലാശാലാ ബി-സോൺ കലോത്സവത്തിൽ അരങ്ങേറിയ ഹിന്ദി നാടകമായ ക്രാന്തിയിലായിരുന്നു ആദ്യമായി അഭിനയിച്ചത്.
പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിനടുത്ത കൃഷ്ണപുരിയിലെ മയൂഖത്തിൽനിന്നാണ് മേഖ എന്ന ഇളമുറക്കാരി അരങ്ങിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് കടന്നുവന്നത്. കുട്ടിക്കാലംതൊട്ടേ അരങ്ങിനെ ജീവിതത്തോടു ചേർത്തു നിർത്തിയ ഈ കലാകാരി ആദ്യമായി വേഷമിട്ട മാളി എന്ന അമേച്വർ നാടകം അംഗീകാരത്തിന്റെ തിളക്കത്തിലാണിപ്പോൾ. നിഖിൽദാസ് സംവിധാനം ചെയ്ത മാളിയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനാണ് മേഖ അർഹയായിരിക്കുന്നത്. കാടിന്റെ സംസ്‌കാരവും കാട് കാക്കുന്ന ഗോത്ര വർഗക്കാരുടെ പ്രകൃതിയോടിണങ്ങിയുള്ള ജീവിതവുമാണ് നാടകത്തിൽ ആവിഷ്‌കരിക്കുന്നത്. ആരോ നദിയിലൊഴുക്കിവിട്ട കുഞ്ഞിനെ മകനായി വളർത്തി. നേര് കാക്കാൻ പോരിനയക്കുന്ന വളർത്തച്ഛൻ അവന് ചാപ്പൻ എന്നു പേരിട്ടു. ആയോധന കലകൾ അഭ്യസിച്ച് തികഞ്ഞ പോരാളിയായി. താഴ്ന്ന കുലത്തിൽപെട്ട അജയ്യയായ മഹീഷി എന്ന പെൺകുട്ടിയുമായി ഏറ്റുമുട്ടി അവളെ വധിക്കുന്നിടത്താണ് നാടകത്തിന്റെ ടേണിംഗ് പോയന്റ്. ചേരരാജാക്കന്മാരുടെ അനീതികളെ ചോദ്യം ചെയ്ത് മഹീഷിയെ വധിക്കാനായി പറഞ്ഞയച്ചതായിരുന്നു ചാപ്പനെ. ഒടുവിൽ ദൗത്യം പൂർത്തിയാക്കി നാടകാന്ത്യത്തിലെത്തുമ്പോൾ ചാപ്പൻ അയ്യപ്പനായും മാളി മാളികപ്പുറവുമായി രൂപപരിണാമം സംഭവിക്കുകയല്ല, മറിച്ച് കാലം ചരിത്രത്തിന്റെ ഭംഗി കൂട്ടാൻ പുതിയ പേരുകളും അടയാളങ്ങളും ചേരുംപോലെ മാറ്റിയെഴുതുന്ന കഥകൾക്ക് പുതിയ വ്യാഖ്യാനം നൽകുകയാണ്. പറഞ്ഞുകേട്ട കഥയിൽ നിന്നും വ്യത്യസ്തമായി മലയരയന്മാരുടെ ജീവിതവുമായി ഇണക്കിച്ചേർത്ത് അയ്യപ്പന്റെ ജീവിതത്തിന് നാടകാവിഷ്‌കാരം നൽകിയപ്പോൾ കാഴ്ചക്കാർക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ അമേച്വർ നാടക മത്സരത്തിൽ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട മാളി അയ്യപ്പന്റെ ജീവിതമാണ് വരഞ്ഞിടുന്നത്. തൃശൂരിലെ അടാട്ട് പഞ്ചമി തിയേറ്റേഴ്‌സ് അരങ്ങിലെത്തിച്ച ഈ നാടകം, മികച്ച നാടകമെന്നതിലുപരി, സംവിധായകനും നടിക്കും രചനയ്ക്കുമുള്ള പുരസ്‌കാരങ്ങൾക്കും അർഹമായി.
നാടകങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത പഞ്ചമി തിയേറ്റേഴ്‌സ് അരങ്ങിലെത്തിച്ച ആദ്യ നാടകത്തിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. കുട്ടിക്കാലം തൊട്ടേ നാടകങ്ങളുമായി സഹകരിക്കുന്ന ഈ കൂട്ടായ്മയിലുള്ള പലരും പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമാണ്. അടുപ്പം സൗഹൃദത്തിനപ്പുറം വളരണമെന്ന ചിന്തയാണ് ഒരു നാടക ട്രൂപ്പിന് രൂപം നൽകാൻ അവരെ പ്രേരിപ്പിച്ചത്.
മാളിയിൽ രണ്ടു കഥാപാത്രങ്ങളെയാണ് മേഖ അവതരിപ്പിച്ചത്. ആദ്യപകുതിയിൽ അമ്മൂമ്മയുടെ വേഷം അവതരിപ്പിച്ച മേഖ നാടകത്തിന്റെ രണ്ടാം പകുതിയിൽ മഹീഷി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമായിരുന്നു മഹീഷിയുടേതെന്ന് മേഖ പറയുന്നു. അനീതിക്കെതിരെ പടപൊരുതുന്ന, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. എങ്കിലും നാൽപതു ദിവസത്തോളം നീണ്ട കഠിന പരിശീലനത്തിലൂടെ ഈ കഥാപാത്രങ്ങളെ തന്റെ വരുതിയിൽ നിർത്തുകയായിരുന്നു ഈ കലാകാരി.
കുട്ടിക്കാലം തൊട്ടേ കലാരംഗത്ത് വിരാജിച്ചിരുന്ന മേഖ നൃത്തരംഗത്തായിരുന്നു തുടക്കം കുറിച്ചത്. കലാമണ്ഡലം ലീലാമ്മയായിരുന്നു നൃത്ത ഗുരു. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിരുന്ന മേഖ സ്‌കൂൾ കലോത്സവങ്ങളിലെ നിത്യസാന്നിധ്യമായി. പത്താം ക്ലാസിലെത്തിയപ്പോഴാണ് കൂടിയാട്ടത്തിലേയ്ക്കു വഴിമാറിയത്. പൈങ്കുളം നാരായണ ചാക്യാരിൽ നിന്നാണ് കൂടിയാട്ടം അഭ്യസിച്ചത്. ബാലി വധത്തിൽ സുഗ്രീവനായി ആട്ടവിളക്കിനു മുന്നിൽ കൂടിയാട്ടമാടാനും ഈ കലാകാരിക്ക് കഴിഞ്ഞു.
നാടകാഭിനയം സ്വപ്‌നം കണ്ടു കഴിഞ്ഞിരുന്ന ഈ കലാകാരി ബിരുദ പഠനത്തിനായി തൃശൂർ കേരളവർമ കോളേജിലെത്തിയപ്പോഴാണ് അരങ്ങിലേക്കുള്ള വഴി തെളിഞ്ഞത്. കലാഭിരുചികൾക്ക് തികഞ്ഞ പിന്തുണ നൽകിയിരുന്ന കോളേജിലെ സുഹൃത്തുക്കൾ മേഖയുടെ കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയായിരുന്നു. കാലിക്കറ്റ് സർവകലാശാലാ ബി - സോൺ കലോത്സവത്തിൽ അരങ്ങേറിയ ഹിന്ദി നാടകമായ ക്രാന്തിയിലായിരുന്നു ആദ്യമായി അഭിനയിച്ചത്. നാടകത്തിൽ ഒരു കഴുകന്റെ വേഷത്തിലായിരുന്നു മേഖയെത്തിയത്. അടുത്ത വർഷവും 'ഉപദ്വീജ്വാല' എന്ന ഹിന്ദി നാടകത്തിലൂടെ അരങ്ങിലെത്തി. ഇതിൽ ഗിദ്ദ് എന്ന പ്രതിനായികാ വേഷമായിരുന്നു മേഖയെ കാത്തിരുന്നത്. അനായാസമായ അഭിനയ മികവിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റാനും ഈ കലാകാരിക്ക് കഴിഞ്ഞു.
കലോത്സവ വേദിയിലെത്തിയ രണ്ടു നാടകങ്ങളും സംവിധാനം ചെയ്തത് നിഖിൽ ദാസായിരുന്നു. ഈ അടുപ്പമാണ് മേഖയ്ക്ക് മാളിയിൽ അവസരം ഒരുക്കിയത്. മലയാള നാടകമായതു കൊണ്ട് ഏതു വേഷവും തനിക്കിണങ്ങുമെന്ന് അവൾ മനസ്സിലാക്കി. സംവിധായകൻ മേഖയുടെ കഴിവ് കണ്ടറിഞ്ഞ് രണ്ടു വേഷങ്ങൾ നൽകുകയായിരുന്നു. എന്നാൽ രണ്ടു കഥാപാത്രങ്ങളും മേഖയിൽ ഭദ്രമായിരുന്നു.

അൻപത്തിയാറ് എൻട്രികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് നാടകങ്ങളായിരുന്നു മത്സരത്തിനെത്തിയത്. അവയിൽ നിന്നും ഒടുവിൽ ആറെണ്ണമാണ് സാഹിത്യ അക്കാദമിയുടെ റീജണൽ തിയേറ്ററിൽ മാറ്റുരച്ചത്. സമകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ നാടകത്തിന് വിഷയമായപ്പോൾ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഒന്നര മണിക്കൂർ നീണ്ട അഭിനയം പൂർണമായപ്പോൾ കാണികളുടെ നിലയ്ക്കാത്ത കരഘോഷം. ഒടുവിൽ ഫലം വന്നപ്പോൾ നാടകത്തിലെ പ്രധാന രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച മേഖയ്ക്കു തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.
കഥ അയ്യപ്പനിലേയ്ക്കു നീളുന്നുവെന്നറിഞ്ഞപ്പോൾ സദസ്സിൽ പോലീസും എത്തി. കാണികൾ ബഹളം വെക്കുമോ എന്നായിരുന്നു പേടി. ഒടുവിൽ എല്ലാവരും വളരെ ഇഷ്ടത്തോടെ കയ്യടിച്ചപ്പോൾ സ്വതസിദ്ധമായ അഭിനയ മികവിലൂടെ തന്റെ കഥാപാത്രങ്ങളെ ഉജ്വലമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു മേഖ.
പബ്ലിക് സർവീസ് കമ്മീഷന്റെ തൃശൂർ ഓഫീസിൽ അണ്ടർ സെക്രട്ടറിയായ സി.വി.മനോജിന്റെയും കലാമണ്ഡലം കൽപിത സർവകലാശാലയിലെ ലൈബ്രേറിയനായ ഡോ. എ.ലേഖയുടെയും മകളായ മേഖയ്ക്ക് കലാരംഗത്ത് എല്ലാ പിന്തുണയും ലഭിക്കുന്നത് വീട്ടിൽനിന്നു തന്നെയാണ്. പാരമ്പര്യത്തിന്റെ പിൻബലമില്ലെങ്കിലും മകളുടെ കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ആ മാതാപിതാക്കൾ മുൻപന്തിയിലുണ്ട്. ഏതു കാര്യവും കണിശതയോടെയും ക്ഷമയോടെയും ശ്രദ്ധയോടെയും ചെയ്തു തീർക്കാറുള്ള മകളുടെ കഴിവിനെ അഭിനന്ദിക്കാനും അവർക്ക് മടിയില്ല. നൃത്ത പഠനത്തിനിടയിലും സ്വന്തമായി നൃത്തം സംവിധാനം ചെയ്യാനും അയൽപക്കത്തെ കുട്ടികൾക്ക് അഭ്യസിപ്പിക്കാനും മേഖ സമയം കണ്ടെത്തുന്നു.
കേരളവർമ കോളേജിലെ അവസാന വർഷ ഫിസിക്‌സ് വിദ്യാർഥിയായ മേഖയ്ക്ക് ഉന്നത പഠനത്തിലൂടെ ഒരു ജോലി സ്വന്തമാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനിടയിൽ അരങ്ങിന്റെ ഭാഗമാകാനും മടിക്കില്ല. അവസരങ്ങൾ ഒത്തുചേർന്നാൽ അരങ്ങിൽ താനുണ്ടാകുമെന്നും മേഖ കൂട്ടിച്ചേർക്കുന്നു. പഠനവും നാടകാഭിനയവും ഒന്നിച്ചു കൊണ്ടുപോകാൻ താൽപര്യപ്പെടുന്ന മേഖയ്ക്ക് കൂട്ടായി അനുജത്തി മിഥുനയുമുണ്ട്. സേക്രഡ് ഹാർട്ട് സ്‌കൂളിലെ പത്താം ക്ലാസുകാരിയായ മിഥുനയും ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
മലയാള നാടകങ്ങളിൽ വേഷമിടാനാണ് മേഖയ്ക്ക് ഏറെ പ്രിയം. കഥയറിഞ്ഞ് കാണികൾ നൽകുന്ന പിന്തുണയാണ് പ്രധാനം. അഭിനയ വേദിയിൽ നേരിട്ട് അനുഭവിച്ചറിയുന്ന ഈ പ്രോത്സാഹനം കലാകാരനെ ഉന്നതിയിലേക്ക് നയിക്കുമെന്നും മേഖ സാക്ഷ്യപ്പെടുത്തുന്നു.






